പത്മജയുടെ കൂടുമാറ്റം: ഷോക്കേറ്റ് കോണ്‍ഗ്രസ്, ആത്മവിശ്വാസത്തില്‍ ബിജെപി, അവസരം മുതലെടുക്കാന്‍ സിപിഎം

പത്മജയുടെ കൂടുമാറ്റം: ഷോക്കേറ്റ് കോണ്‍ഗ്രസ്, ആത്മവിശ്വാസത്തില്‍ ബിജെപി, അവസരം മുതലെടുക്കാന്‍ സിപിഎം

ഉപാധികളില്ലാതെയാണ് പത്മജയുടെ ബിജെപി പ്രവേശമെന്ന് പറയുമ്പോഴും ചാലക്കുടി സീറ്റ് എന്ന സാധ്യത ബിജെപി തള്ളിക്കളയുന്നില്ല

ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമെന്ന് കരുതിയിരിക്കെ കോണ്‍ഗ്രസ് ക്യാംപിന് ഷോക്കായി മാറുകയാണ് പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റം. കോണ്‍ഗ്രസിന്റെ ജനകീയ നേതാക്കളുടെ പട്ടികയിലുള്ള നേതാവല്ല പത്മജയെങ്കിലും കെ കരുണാകരന്‍ എന്ന അതികായന്റെ മകള്‍ എന്ന ഒറ്റലേബല്‍ മതി കോണ്‍ഗ്രസിനേറ്റ ഈ ഷോക്കിന്റെ ആഴം എത്രയെന്ന് വ്യക്തമാകാന്‍.

പാർട്ടി വിടാനുള്ള തീരുമാനം അപ്രതീക്ഷതമായിരുന്നെങ്കിലും ബിജെപി നേതാക്കളുമായി മാസങ്ങള്‍ക്കു മുന്‍പു തന്നെ പത്മജ ആശയവിനിമയം നടത്തിയിരുന്നെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചാലക്കുടി ലോക്‌സഭ സീറ്റ്, അല്ലെങ്കില്‍ രാജ്യസഭ സീറ്റ് എന്നതായിരുന്നു പത്മജ കോണ്‍ഗ്രസിനു മുന്നില്‍വച്ച നിബന്ധന. എന്നാല്‍, ചാലക്കുടി സീറ്റ് നിഷേധിച്ചതിനു പിന്നാലെ, ഒഴിവുവരുന്ന ആദ്യ രാജ്യസഭ സീറ്റ് മുസ്ലിംലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ പത്മജ മനസില്‍ കരുതിയിരുന്ന തീരുമാനം പ്രാവര്‍ത്തികമാക്കുകയായിരുന്നു.

പത്മജയുടെ കൂടുമാറ്റം: ഷോക്കേറ്റ് കോണ്‍ഗ്രസ്, ആത്മവിശ്വാസത്തില്‍ ബിജെപി, അവസരം മുതലെടുക്കാന്‍ സിപിഎം
ജെ പി നദ്ദയെ കണ്ട് പദ്മജ വേണുഗോപാല്‍; ബിജെപിയിലേക്കെന്ന് സൂചന

പത്മജയുടെ വരവ് കൊണ്ടു ബിജെപി കാര്യമായ രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്നില്ലെങ്കിലും എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകള്‍ കൂടി എത്തുന്നതോടെ പൊതുസ്വീകാര്യത വര്‍ധിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. അതേസമയം, പത്മജ ബിജെപിയില്‍ ചേക്കേറുന്നതോടെ കേരളത്തില്‍ വലിയ രാഷ്ട്രീയനേട്ടമാണ് സിപിഎം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസുകാര്‍ വരുംകാലത്ത് ബിജെപിക്ക് ഒപ്പം ചേരുമെന്ന പ്രചാരണം കുറേകാലമായി സിപിഎം ശക്തമാക്കുന്നുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ എത്തുന്നതോടെ പാര്‍ട്ടിയുടെ പ്രചാരണം യഥാര്‍ഥ്യമാണെന്ന പൊതുബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ സിപിഎമ്മിന് സാധിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം ബിജെപി വിരുദ്ധ വോട്ടുകള്‍ കൂടാതെ, മതേതര, ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ സ്വരൂപിക്കാന്‍ സിപിഎമ്മിന് സാധിക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍.

കോണ്‍ഗ്രസ് വച്ചുപുലര്‍ത്തുന്ന മൃദുഹിന്ദുത്വയുടെ ബാക്കിപത്രമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പാളയത്തിലേക്കുള്ള ഒഴുക്കെന്ന പ്രചാരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സിപിഎം തയാറെടുക്കുകയുമാണ്. കേരളത്തില്‍ സിപിഎമ്മിന്റെ പ്രധാന എതിരാളിയായതിനാല്‍ ഏതുവിധേനയും കോണ്‍ഗ്രസിനെ തളര്‍ത്താന്‍ ബിജെപി ബാന്ധവമെന്ന ആയുധം പരമാവധി പാര്‍ട്ടി പ്രയോഗിക്കുമെന്നും ഉറപ്പാണ്.

പത്മജയുടെ കൂടുമാറ്റം: ഷോക്കേറ്റ് കോണ്‍ഗ്രസ്, ആത്മവിശ്വാസത്തില്‍ ബിജെപി, അവസരം മുതലെടുക്കാന്‍ സിപിഎം
അമേഠി പഴയ അമേഠിയല്ല; സ്മൃതി ഇറാനി തകര്‍ത്ത കോണ്‍ഗ്രസ് കോട്ട, രാഹുലിന് എളുപ്പമാകുമോ?

കോണ്‍ഗ്രസിനുവേണ്ടി മൂന്നു തവണ തിരഞ്ഞെടുപ്പിനെ നേരിട്ട നേതാവാണ് പത്മജ. കരുണാകരന്റെ മകള്‍ എന്ന ലേബലില്‍ മാത്രമാണ് 2004 മുകുന്ദപുരം ലോക്‌സഭ സീറ്റ് പത്മജയെ തേടിയെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന സഹോദരന്‍ കെ മുരളീധരന്‍ വരെ പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ ശക്തനായിരുന്ന കരുണാകരന്റെ വാശിയില്‍ പത്മജ സീറ്റ് ഉറപ്പിച്ചു.

എന്നാല്‍, ലോനപ്പന്‍ നമ്പാടനോട് പരാജയപ്പെട്ടു. 2016ല്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ വി എസ് സുനില്‍ കുമാറിനോടും 2021ല്‍ പി ബാലചന്ദ്രനോടും പത്മജ പരാജയപ്പെട്ടു. മുകുന്ദപുരം മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരി തോല്‍പ്പിച്ചതാണെന്ന ആരോപണം പത്മജ ആവര്‍ത്തിച്ചിരുന്നു. ഈ നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പലപ്പോഴും പത്മജ പാര്‍ട്ടിയോട് കലഹിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടില്‍ അത്ര സ്വാധീനമുള്ള നേതാവല്ലാത്തതിനാല്‍ പത്മജയുടെ ആവശ്യങ്ങളോട് പാര്‍ട്ടി അത്രകണ്ട് അനുകൂല സമീപനം കൈക്കൊണ്ടിരുന്നില്ല.

ഉപാധികളില്ലാതെയാണ് പത്മജയുടെ ബിജെപി പ്രവേശമെന്ന് പറയുമ്പോഴും ചാലക്കുടി സീറ്റ് എന്ന സാധ്യത ബിജെപി തള്ളിക്കളയുന്നില്ല. നിലവില്‍ ബിഡിജെഎസ് സീറ്റാണ് ചാലക്കുടി. എന്നാല്‍, പത്മജയെ മത്സരിപ്പിക്കുമെന്ന് ഉറപ്പിച്ചാല്‍ എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കി പകരം ചാലക്കുടി ബിജെപി ഏറ്റെടുത്തേക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ പത്മജ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

logo
The Fourth
www.thefourthnews.in