ഷാജഹാന്‍
ഷാജഹാന്‍

കൊലപാതകത്തിന് പിന്നില്‍ മുന്‍ പാർട്ടി പ്രവര്‍ത്തകരെന്ന മൊഴിയിൽ രാഷ്ട്രീയ വിവാദം; സിപിഎമ്മിനെതിരെ സുധാകരനും ആർഎസ് എസ്സും

വ്യാജ പ്രചാരണം കൊടുംക്രൂരതയെന്ന് സിപിഎം

പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്റെ കൊലപാതക കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്‌ഐആര്‍. കാലിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റ ഷാജഹാന്‍ അമിതമായി രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി സംഘമാണെന്ന് സിപിഎം ആരോപിച്ചു. സിപിഎമ്മുകാരാണ് കൊലപാതകം നടത്തിയതെന്നും എല്ലാം ബിജെപിയുടെ തലയില്‍ വെയ്ക്കാന്‍ കഴിയുമോ എന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. നിഷ്ഠൂരമായി കൊല നടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടുംക്രൂരതയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പാലക്കാട് മരുതറോഡ് ലോക്കല്‍കമ്മിറ്റി അംഗവും കുന്നങ്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ ഇന്നലെ രാത്രിയാണ് ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഒന്‍പതരയോടെ കുന്നങ്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പത്തോളം ആളുകള്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ ശബരി, അനീഷ് എന്നീ രണ്ടുപേരാണ് ഷാജഹാനെ വെട്ടിയതെന്നും സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുരേഷ് പറഞ്ഞു.

ഷാജഹാന്‍
പാലക്കാട് ഷാജഹാന്‍ വധം ആസൂത്രിതം; ആര്‍എസ്എസിന്റെ വധഭീഷണി ഉണ്ടായിരുന്നെന്ന് സിപിഎം, ഇന്ന് ഹർത്താൽ

ശബരിയും അനീഷും നേരത്തെ ഡിവൈഎഫ്‌ഐ- സിപിഐഎം പ്രവര്‍ത്തകയായിരുന്നു. കഴിഞ്ഞ ബ്രാഞ്ച് സമ്മേളനകാലം മുതല്‍ ഇവര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു. ഇരുവരും ബിജെപിയില്‍ ചേര്‍ന്നെന്നും പാർട്ടിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം. പാലക്കാട് നടന്ന രക്ഷാബന്ധന്‍ പരിപാടിയിലും കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വിലാപയാത്രയിലും പ്രതികള്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇത് അവരുടെ ബിജെപി ബന്ധത്തിന് തെളിവാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു വ്യക്തമാക്കി. അതേസമയം സിപിഎമ്മിലെ വിഭാഗീയതയാണ് കൊലപാതകത്തിന് കാരണമെന്നാണ് ആര്‍എസ്എസ് - ബിജെപി നേതാക്കളുടെ പ്രതികരണം.

ദൃക്‌സാക്ഷി പറയുന്നു

കൊലപാതകം നടക്കുമ്പോള്‍ ഷാജഹാനൊപ്പമുണ്ടായിരുന്ന സുരേഷ് പറയുന്നത് ഇങ്ങനെ:

''ഞാനും ഷാജഹാനും വന്നുകൊണ്ടിരുക്കുന്ന സമയത്താണ് വാളും വടിയുമായി ഇവരെത്തുന്നത്. അവര്‍ ഒരു പത്തോളം പേരുണ്ട്. കണ്ടാലറിയാവുന്നവരാണ്. രണ്ടാളുകള്‍ വന്ന് ചാടി വെട്ടി. എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നതിന് മുന്നേ ശബരി ആദ്യം വെട്ടി. അനീഷ് രണ്ടാമത് വെട്ടി. സുരേഷേട്ടാ ഓടി വരൂ എന്ന് പറഞ്ഞ് ഞാന്‍ എത്തുമ്പോള്‍ ഷാജഹാന്‍ വീണ് കിടക്കുന്നു. വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചത്. ശബരിയും അനീഷും ഡിവൈഎഫ്‌ഐയുടെയും പാര്‍ട്ടിയുടെയും ഭാരവാഹികള്‍ ആയിരുന്നു. ഇപ്പോള്‍ എന്താണ് ഷാജഹാനോട് വിരോധമെന്ന് അറിയില്ല. ഇരുവരും ഇപ്പോള്‍ പാര്‍ട്ടി അംഗങ്ങളല്ല. പാര്‍ട്ടിവിട്ടു. കൂടെ ഉണ്ടായിരുന്നുവരൊക്കെ ബിജെപിക്കാരാണ്.''

തന്റെ മകന്‍ സുജീഷും സംഘത്തിലുണ്ടായിരുന്നുവെന്നും കേസിലെ ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞു.

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘമെന്നാണ് എഫ്ഐആര്‍. അനീഷ്, ശബരി എന്നിവരാണ് കേസിലെ ആദ്യ രണ്ട് പ്രതികള്‍. കൃത്യം നടത്തിയവരെയെല്ലാം തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. മുന്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടെന്ന ദൃക്‌സാക്ഷി മൊഴി പുറത്തുവന്നതോടെ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ആർ എസ് എസ്സാണ് കൊലപാതകത്തിന് പിന്നിലെന്ന് ആവർത്തിക്കുകയാണ് സിപിഎം.

എല്ലാം ബിജെപിയുടെ തലയില്‍വെയ്ക്കാന്‍ പറ്റുമോ എന്ന് സുധാകരന്‍

ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കൊല നടത്തിയത് സിപിഎമ്മുകാരാണെന്ന കാര്യത്തില്‍ സുതാര്യത വരികയാണ്. രാഷ്ട്രീയമായി ബിജെപിയെ എതിര്‍ക്കുന്നു എന്നതിനപ്പുറം എല്ലാ കഥകളും ബിജെപിയുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ പറ്റുമോ എന്നും കെ സുധാകരന്‍ പ്രതികരിച്ചു.

Attachment
PDF
15.08.2022 - PC Secretariat - Murder of Com. Shajahan by RSS.pdf
Preview

ആർഎസ്എസിന്റെത് കലാപ ശ്രമമെന്ന് സിപിഎം

കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നും ചില മാധ്യമങ്ങളുടെ സഹായത്തോടെ അവര്‍ തെറ്റായ പ്രചാരണം അഴിച്ചിവിടുകയാണെന്നും സിപിഎം ആരോപിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് വച്ചപ്പോള്‍ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണ ജയന്തിയുടെ ബോര്‍ഡ് വെയ്ക്കാന്‍ ആര്‍എസ്എസ് സംഘം ശ്രമിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആര്‍എസ്എസ് - ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജ പ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങള്‍ അവ തള്ളിക്കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

logo
The Fourth
www.thefourthnews.in