'അപ്പന്റെ പിന്തുണയില്ലാത്ത മകന്‍, അനില്‍ ആന്റണിയെ അറിയുന്നവരില്ല'; ബിജെപി പട്ടികയില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍നിന്നു തന്നെ ഒഴിവാക്കിയതില്‍ പരസ്യ അതൃപ്തി പ്രകടിപ്പിച്ചു പിസി ജോര്‍ജ്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ജോര്‍ജിനു പകരം അനില്‍ ആന്റണിയെയാണ് കേന്ദ്ര നേതൃത്വം പരിഗണിച്ചത്. ഇതിനു പിന്നാലെയാണ് അനിലിനെ പരോക്ഷമായി പരിഹസിച്ചും പട്ടികയില്‍ നീരസം പ്രകടിപ്പിച്ചും പിസി ജോര്‍ജ് രംഗത്തു വന്നത്.
അനില്‍ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാനാര്‍ഥി ആരാണെന്ന് ജനങ്ങളെ പരിചയപ്പെടുത്തേണ്ട ഗതികേടിലാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളെന്നും പിസി ജോര്‍ജ് പിസി ജോര്‍ജ് പരിഹസിച്ചു. ''അനില്‍ ആന്റണിക്ക് കേരളവുമായി എന്തു ബന്ധമാണുള്ളത്. എകെ ആന്റണിയുടെ മകന്‍ എന്നു പറയാം. എന്നാല്‍ ആന്റണി കോണ്‍ഗ്രസുകാരനാണ്. അപ്പന്റെ പിന്തുണയില്ലാതെ മകനെ പറഞ്ഞു പരിചയപ്പെടുത്തേണ്ട ഗതികേടിലാണ് പത്തനംതിട്ടയിലെ ബിജെപി പ്രവര്‍ത്തകര്‍''- ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ടയിലെ എസ്എന്‍ഡിപി-എന്‍എസ്എസ് നേതൃത്വം തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന് ബിജെപി നേതൃത്വത്തോട്ട് ആവശ്യപ്പെട്ടിരുന്നതാണെന്നും അവരോടൊക്കെ നീതികേട് കാട്ടിയെന്ന പരാതി മാത്രമേയുള്ളുവെന്നും പിസി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രഎചാരണത്തിനിറങ്ങുമെന്നും തനിക്ക് ബിജെപി നല്‍കുന്ന ബഹുമാനത്തിന് തിരിച്ച് അതേ ബഹുമാനത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ജനുവരി 31 നാണ് ജനപക്ഷം സെക്കുലര്‍ നേതാവും ഏഴ് വട്ടം എം.എല്‍.എയുമായിട്ടുള്ള പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്.കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍ രാജീവ് ചന്ദ്രശേഖര്‍ ബിജെപി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാള്‍ അനില്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പിസിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പി സി ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകിരിച്ചിരുന്നു.
ഇതിനു പിന്നാലെ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ജോര്‍ജ്ജിന്റെ പേര് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നു പ്രഖ്യാപിച്ച 195 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ പിസിക്കു പകരം അനില്‍ ആന്റണിയെ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് ആദ്യ പട്ടികയില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍, മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ് തുടങ്ങിയവര്‍ ആദ്യ പട്ടികയില്‍ ഇല്ല.
അതേസമയം സംസ്ഥാന നേതൃത്വത്തിന് അനഭിമതരായിരുന്ന ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ ഇടംപിടിച്ചത് ശ്രദ്ധേയമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശോഭ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. ഇക്കുറി ശോഭയെ പരിഗണിക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 34 കേന്ദ്രമന്ത്രിമാരും രണ്ടു മുന്‍ മുഖ്യമന്ത്രിമാരും രണ്ടു മുന്‍ കേന്ദ്രമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 28 വനിതകളാണ് ആദ്യ പട്ടികയിലുള്ളത്, കേരളത്തില്‍ നിന്ന് മൂന്നു വനിതകള്‍ ഇടംപിടിച്ചു.