'പ്രതികൾക്ക് ഏത് ശിക്ഷ കിട്ടിയാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല':  പ്രൊഫ. ടിജെ ജോസഫ്

'പ്രതികൾക്ക് ഏത് ശിക്ഷ കിട്ടിയാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല': പ്രൊഫ. ടിജെ ജോസഫ്

പ്രാകൃതമായ വിശ്വാസ സംഹിതകളെ തുടച്ചുനീക്കി ഒരു ആധുനിക ലോകം പടുത്തുയർത്തുകയാണ് വേണ്ടത്

കൈവെട്ട് കേസിൽ പ്രതികളെ ശിക്ഷിച്ച കോടതി നടപടിയിൽ പ്രതികരിച്ച് പ്രൊഫ.ടിജെ ജോസഫ്. ഒരു പൗരനെന്ന നിലയിൽ തനിക്ക് ഈ കേസിൽ സാക്ഷിപറയുക എന്ന ഉത്തരവാദിത്തം ഉണ്ടായിരുന്നു. അത് താൻ നിറവേറ്റിയെന്നും പ്രതികൾക്ക് ഏത് ശിക്ഷ കിട്ടിയാലും അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതികൾക്ക് കോടതി നൽകിയ ശിക്ഷ സംബന്ധിച്ച് കുറഞ്ഞുപോയോ കൂടിപ്പോയോ എന്നത് നിയമപണ്ഡിതർ ചർച്ചചെയ്യേണ്ടതാണ്. വിധി അറിഞ്ഞതിൽപ്പരം ഈ കേസിൽ മറ്റ് വികാരഭേദങ്ങളൊന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കേസ് തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തത്. ആ നിലയ്ക്ക് പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് രാജ്യത്തെ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഒരു ശമനമുണ്ടാകുമോ എന്നത് സംബന്ധിച്ച് നമ്മുടെ രാഷ്ട്രീയ-സാമൂഹിക നിരീക്ഷകർ വിലയിരുത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയെ ഒരു നടപടിക്രമമെന്ന നിലയിലാണ് കാണുന്നതെന്നും കോടതി വിധിയിൽ തനിക്ക് പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ടതിനേക്കാൾ കൂടുതൽ എന്നെ വേദനിപ്പിച്ചത് ഞാൻ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും എന്നെ പിരിച്ചുവിട്ടപ്പോഴായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രതികൾക്ക് ഏത് ശിക്ഷ കിട്ടിയാലും അത് എന്നെ ബാധിക്കുന്ന കാര്യമല്ല':  പ്രൊഫ. ടിജെ ജോസഫ്
അധ്യാപകന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

എല്ലാ മനുഷ്യരും സന്തോഷത്തോടെ ജീവിക്കേണ്ടുന്ന ഭൂമിയാണ് ഇത്. എന്നാൽ ഈ ആധുനിക കാലത്തും ചിലർ അവരുടെ പ്രാകൃത വിശ്വാസങ്ങൾ ഏറ്റുപാടിക്കൊണ്ട് നടക്കുന്നു. അതിന്റെ കഷ്ടപ്പാടുകൾ പലരും അനുഭവിക്കുന്നുണ്ട്. അതിൽ ഞാനും പെട്ടുപോയെന്നെ ഉളളൂ. എന്നാൽ ഈ ലോകത്തിൽ നിന്നും ഇതുപോലെയുളള അന്ധവിശ്വാസങ്ങളൊക്കെ മാറി ആധുനികമായ ലോകം ഉണ്ടാകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ശാസ്ത്രാവബോധം ഉൾക്കൊണ്ട്, മാനവികതയിൽ പുലരുന്ന വിശ്വപൗരന്മാരായി മനുഷ്യർ മാറുന്ന, സമത്വ സുന്ദരമായതും ജാതീയ വിഭാ​ഗീയതകൾ ഇല്ലാത്തതുമായ എല്ലാ മനുഷ്യരും ഒന്നാകുന്ന ഒരു ആധുനിക ലോകം, അതാണ് എന്റെ സ്വപ്നം, അദ്ദേഹം പറഞ്ഞു.

എന്നാൽ, കേസിലെ മുഖ്യപ്രതി ഇതുവരെയും കോടതിയ്ക്ക് മുന്നിൽ വന്നിട്ടില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത് ഒരു പക്ഷേ ഇവിടെത്തെ അന്വേഷണ ഉദ്യോ​ഗസ്ഥരുടെ പരാജയമായിരിക്കാം എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അത് സംബന്ധിച്ച് തനിക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും ചിലരുടെ പ്രാകൃത വിശ്വാസസംഹിതകളുടെ പേരിലുണ്ടായ സംഭവത്തിൽ താൻ അനുഭവിക്കേണ്ട ദുരിതങ്ങളും വേദനകളും അനുഭവിച്ചു കഴിഞ്ഞുവെന്നും അതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിക്കാനോ, കഷ്ടപ്പെടുത്താനോ താൻ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in