മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം; കരുതൽ തടങ്കലുമായി പോലീസ്

മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം; കരുതൽ തടങ്കലുമായി പോലീസ്

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിച്ച് പോലീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും വ്യാപക കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുന്‍കരുതലിന്‌റെ ഭാഗമായി കാസര്‍ഗോഡും കണ്ണൂരും കോഴിക്കോടും നിരവധി പ്രവര്‍ത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനമടക്കം കാസര്‍ഗോഡ് ജില്ലയിലെ പരിപാടിയില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധം; കരുതൽ തടങ്കലുമായി പോലീസ്
'മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചുമാറ്റുന്ന അവസ്ഥ'; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശൻ

കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം നയിക്കാന്‍ സാധ്യതയുള്ള ഏഴ് പേരെയാണ് കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്. തളിപ്പറമ്പിലും പയ്യന്നൂരുമായാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗം രാഹുല്‍ ദാമോദരന്‍, പ്രവര്‍ത്തകരായ സി കെ സുരാജ്, എസ് ഇര്‍ഷാദ്, കെ വി സുരാഗ്, മുരളി പൂക്കോത്ത് എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് കരുതല്‍ തടങ്കലിലാക്കിയത്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആകാശ്, ഭരത് എന്നിവരെയും തടങ്കലിലാക്കി. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് എം പി രാഗിൻ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കാസർകോട് ജില്ലയിൽ രണ്ട് പേരെ കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

അതേസമയം കണ്ണൂരില്‍ വിവിധയിടങ്ങളില്‍ മുഖ്യമന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് റോഡ് മാര്‍ഗം പോകുന്നതിനിടെയാണ് പ്രതിഷേധം നടന്നത്. ചുടല, പരിയാരം എന്നിവിടങ്ങളില്‍ ആണ് കരിങ്കൊടി കാണിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ . നാല് ജില്ലകളില്‍ നിന്നായി 911 പോലീസുകാര്‍ക്ക് പുറമെ 14 ഡിവൈഎസ്പിമാര്‍ക്ക് സുരക്ഷാ ചുമതലയുണ്ട്. ഇന്ധനസെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരത്തിന്‌റെ ഭാഗമായാണ് മുഖ്യമന്തിക്കെതിരായ കരിങ്കൊടി പ്രതിഷേധം.

പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ദിവസം വ്യപക കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു, യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയടക്കം കരുതല്‍ തടങ്കലിലാക്കുന്നതിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in