എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേയ്ക്ക് ; ഇന്ന് വിധിയെഴുത്ത്

എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേയ്ക്ക് ; ഇന്ന് വിധിയെഴുത്ത്

മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടർമാരാണുള്ളത്

പതിറ്റാണ്ടുകളുടെ പാരമ്പര്യം തിരുത്തി ചരിത്രത്തിലാദ്യമായി ഉപതിരഞ്ഞെടുപ്പിനായി പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്. നാടുകണ്ട ഏറ്റവും ആവേശം നിറഞ്ഞ പ്രചാരണങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് പുതുപ്പള്ളിക്കാർ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നത്.

യുഡിഎഫിനുവേണ്ടി ചാണ്ടി ഉമ്മനും എൽഡിഎഫിനുവേണ്ടി ജെയ്ക് സി തോമസും എൻഡിഎക്കു വേണ്ടി ജി ലിജിൻ ലാലുമാണ് മത്സരിക്കുന്നത്. ആം ആദ്മി പാർട്ടി സ്ഥാനാർഥി ലൂക്ക് തോമസ് ഉൾപ്പെടെ 4 പേർ കൂടി മത്സരരംഗത്തുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. 8 പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടർമാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. കോട്ടയം ബസേലിയസ് കോളേജാണ് വോട്ടെണ്ണല്‍ കേന്ദ്രം. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തേക്കാൾ പോളിങ് ശതമാനവും ഭൂരിപക്ഷവുമാണ് ഏവരും ഉറ്റുനോക്കുന്നത്

53 വര്‍ഷത്തിനു ശേഷം തങ്ങളെ പ്രതിനിധീകരിക്കാന്‍ ഒരു പുതുമഖത്തെ കണ്ടെത്താന്‍ പോകുമ്പോള്‍ പുതുപ്പള്ളിക്കാര്‍ ഒന്നടങ്കം പോളിങ് ബൂത്തിലേക്ക് എത്തുമോ എന്നതാണ് കാണേണ്ടത്. 1970-നു ശേഷം പുതിയ ഒരു ജനപ്രതിനിധിയെയാണ് പുതുപ്പള്ളി തിരഞ്ഞെടുക്കാന്‍ പോകുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് 2016-ലും 2021-ലുമാണ്. രാഷ്ട്രീയ ആരോപണങ്ങളാല്‍ ഉമ്മന്‍ ചാണ്ടി ഏറെ വിമര്‍ശനം നേരിട്ട ഈ കാലഘട്ടങ്ങളില്‍ നടന്ന രണ്ടു തിരഞ്ഞെടുപ്പിലും പോളിങ് ശതമാനം 75 കടന്നിരുന്നു.

2016-ല്‍ 77.36 ശതമാനമായിരുന്നു പോളിങ്ങെങ്കില്‍ അഞ്ചു വര്‍ഷത്തിനു ശേഷം 2021-ല്‍ അത് 0.02 ശതമാനമുയര്‍ന്ന് 77.38 ആയി. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ച 2011 ലെ തിരഞ്ഞെടുപ്പിൽ പോലും 75 ശതമാനത്തിൽ താഴെയായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. ഇക്കുറി പോളിങ് ശതമാനം ഉയര്‍ന്നാല്‍ അത് നേട്ടം ചെയ്യുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനായിരിക്കുമെന്നാണ് പരക്കെയുള്ള അഭിപ്രായം.

എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേയ്ക്ക് ; ഇന്ന് വിധിയെഴുത്ത്
ചാണ്ടി മണര്‍കാട്ട്, ജെയ്ക്ക് പാമ്പാടിയില്‍; നിശബ്ദപ്രചാരണത്തിനിടെ 'വിള്ളല്‍' അടയ്ക്കാന്‍ സ്ഥാനാര്‍ഥികള്‍

തിരഞ്ഞെടുപ്പ് ഫലത്തേക്കാൾ പോളിങ് ശതമാനവും ഭൂരിപക്ഷവുമാണ് ഏവരും ഉറ്റുനോക്കുന്നത്. ആകെ 1.76 ലക്ഷം വോട്ടര്‍മാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതില്‍ 1.40 ലക്ഷം പേര്‍ പോളിങ് ബൂത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടര്‍പട്ടികയിലുള്ള പരമാവധി ആള്‍ക്കാരെ എത്തിക്കാനാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപ്രഭാവം ഇതിനു സഹായകരമാകുവെന്നും യുഡിഎഫ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. അന്യനാടുകളിലേക്കു ചേക്കേറിയ വോട്ടര്‍മാര്‍ പോലും ഇക്കുറി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ എത്തുമെന്നാണ് യുഡിഎഫ് പറയുന്നത്.

logo
The Fourth
www.thefourthnews.in