സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയൻ; റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്

സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയൻ; റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്

സഭാ ആസ്ഥാനമായ കാക്കനാട് സെന്‌റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്

സീറോ - മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. സഭാ ആസ്ഥാനത്ത് നടന്ന സിനഡില്‍ രണ്ടാംറൗണ്ട് വോട്ടെടുപ്പിലാണ് റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യറൗണ്ടില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കണ്ടെത്താനായില്ല. ഒന്നാം റൗണ്ടില്‍ തന്നെ പാലാ രൂപത ബിഷപ്പ് കല്ലറങ്ങാട്ട്, തലശേരി ആര്‍ച്ച്ബിഷപ്പ് ജോസഫ്പാംപ്ലാനി, കല്യാണ്‍ രൂപത ബിഷപ്പ് തോമസ് ഇലവനാല്‍ എന്നിവര്‍ സ്ഥാനം ഏറ്റെടുക്കില്ലന്ന് പ്രഖ്യാപിച്ചു. മെത്രാന്‍മാരും വിമുഖത അറിയിച്ചതോടെ സമവായ സ്ഥാനാര്‍ഥിയായി സിനഡിന്റെ പൂര്‍ണ പിന്തുണ നേടിയാണ് ഷംഷാബാദ് മെത്രാനായ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ രൂപതയാണ് ഷംഷാബാദ്. കേരളത്തിന് പുറത്ത് ഇന്ത്യ ഒട്ടാകെ അധികാരാതിര്‍ത്തിയുണ്ട് ഷംഷാബാദ് രൂപതയ്ക്ക്. തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായായിരുന്നു റാഫേല്‍ തട്ടില്‍ ആദ്യം ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് വത്തിക്കാന്‍ ഷംഷാബാദ് രൂപത പ്രഖ്യാപിച്ചപ്പോള്‍ സിനഡ് ബിഷപ്പ് തട്ടിലിനെ അവിടേക്ക് നിയോഗിക്കുകയായിരുന്നു. പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണം നാളെ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നടക്കും. നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ കൂരിയ ബിഷപ്പും സഭാ അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

റാഫേല്‍ തട്ടില്‍ ചുമതല ഏറ്റതിനുശേഷം ആദ്യ സിനഡ് സമ്മേളനം നാളെ വൈകിട്ട് നടക്കും. നിര്‍ണായക തീരുമാനങ്ങളും സിനഡ് സമ്മേളനം സമാപിക്കുന്ന 13 ന് ഉണ്ടാകും. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പുതിയ രൂപത, എറണാകുളം - അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികള്‍ , ചങ്ങനാശേരി അതിരൂപതയുടെ മെത്രാപോലീത്തയുടെ തിരഞ്ഞെടുപ്പ്, എറണാകുളം അതിരൂപതയുടെ മെത്രാപോലീത്തയുടെ നിയമനം എന്നിവയാകും സിനഡിന്റെ മുഖ്യ അജന്‍ഡ.

സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയൻ; റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്
സീറോ-മലബാർ സഭാ സിനഡിന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയുടെ അന്ത്യശാസനം

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. ദൈവനിയോഗമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നുമാണ് റാഫേല്‍ തട്ടിലിന്റെ ആദ്യ പ്രതികരണം. ഇതിനു മുന്‍പ് സീറോ മലബാർ അധ്യക്ഷരായിരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‌റണി പടിയറയെയും മാര്‍ വര്‍ക്കി വിയതത്തിലിനെയും മാര്‍പാപ്പായാണ് നിയമിച്ചത്. എന്നാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തിരഞ്ഞെടുത്തത് സിനഡാണ്.

ഔസേപ്പ്- തെരേസ ദമ്പതികളുടെ മകനായി 1956 ഏപ്രില്‍ 21ന് ജനിച്ച റാഫേല്‍ തട്ടില്‍ 1956 ഏപ്രില്‍ 30ന് തൃശൂരിലാണ് മാമോദിസ മുക്കി ആചാരപ്രകാരം ക്രിസ്ത്യന്‍ മതത്തിലേക്ക് പ്രവേശിക്കുന്നത്. തൃശൂർ സെന്റ് തോമസ് കോളേജില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1971 ജൂലൈ നാലിന് സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ പ്രവേശനം നേടി.1980ല്‍ സെന്റ് തോമസ് അപോസ്റ്റോളിക് സെമിനാരിയില്‍നിന്ന് ഫിലോസഫിയിലും വൈദികശാസ്ത്രത്തിലും (തിയോളജി) പഠനം പൂര്‍ത്തിയാക്കി.

സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയൻ; റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്
പുതിയ സഭാ തലവന്റെ സ്ഥാനാരോഹണം കത്തീഡ്രലിന് പുറത്ത്, ചരിത്രത്തിൽ ആദ്യം; സീറോ മലബാർ സഭയിൽ അസാധാരണ നടപടികൾ

1980 ഡിസംബര്‍ 21ന് തൃശൂരിലെ ഡോളൂറസ് ബസിലിക്കയില്‍ മാര്‍ ജോസഫ് കുണ്ടുകുളത്തിലില്‍നിന്നുമാണ് റാഫേല്‍ തട്ടില്‍ അഭിഷിക്തനായത്. ഉന്നത വിദ്യാഭ്യാസം റോമില്‍ പൂര്‍ത്തിയാക്കിയ റാഫേല്‍ തട്ടില്‍ ഓറിയന്റല്‍ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി. 'സീറോ മലബാര്‍ സഭയിലെ വൈദിക ഘടന; ഒരു ചരിത്ര-നിയമ പഠനം' (Clerical Formation in the Syro Malabar Church: A Historico-Juridical Study) എന്ന പഠനത്തിനാണ് ഡോക്ടറേറ്റ് നേടിയത്.

അഭിഷിക്തനായതിനുശേഷം ആറനാട്ടുകാരയില്‍ അസിസ്റ്റന്റ് വികാരി (198182), സെന്റ്. മേരീസ് മൈനര്‍ സെമിനാരിയില്‍ ഫാ. പ്രെഫക്റ്റ് ആന്‍ഡ് പ്രൊക്യുറേറ്റര്‍ (198283), കൂനംമൂച്ചിയില്‍ ആക്റ്റിങ് വികാരി (1983), ചെറുംകുഴിയില്‍ ആക്റ്റിങ് വികാരി (1983) എന്നീ സ്ഥാനങ്ങളില്‍ റാഫേല്‍ തട്ടില്‍ പ്രവര്‍ത്തിച്ചു. റോമില്‍ നിന്നു തിരിച്ചു വന്നതിനുശേഷം ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, അഡ്ജോണ്‍ ജ്യുഡീഷ്യല്‍ വികാരി, ജഡ്ജി എന്നീ സ്ഥാനങ്ങളും വഹിച്ചു. പിന്നീട് സിന്‍സെല്ലസായും പ്രോടോ സിന്‍സെല്ലസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992-1995 കാലഘട്ടത്തില്‍ ഡിബിസിഎല്‍സി ആന്‍ഡ് കാറ്റചിസത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. മേരിമാതാ സെമിനാരിയുടെ ആദ്യ റെക്ടറായി നിയമിതനായി ഏതാനും മാസങ്ങള്‍ക്കകം 1998 ജനുവരി 20ന് സെമിനാരിയുടെ പ്രൊജക്ട് ഓഫീസറായി. നിരവധി കമ്മിറ്റികളിലും കമ്മീഷനുകളിലും അംഗമായും പ്രസിഡന്റായും റാഫേല്‍ തട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2010 ഏപ്രില്‍ 10ന് ബിഷപ്പായി നിയമിതനായ അദ്ദേഹം തൃശൂരിലെ ഓക്സിലറി ബിഷപ്പായും ബ്രൂണിയിലെ ടിറ്റുലാര്‍ ബിഷപ്പായും പ്രവര്‍ത്തിച്ചു. 2014ല്‍ ടെറിറ്റോറിയത്തിന് പുറത്ത് താമസിക്കുന്ന സീറോ-മലബാര്‍ വിശ്വാസികളുടെ അപ്പസ്തോലിക സന്ദര്‍ശകനായും ചുമതലയേറ്റിട്ടുണ്ട്. 2017 ഒക്ടോബര്‍ 10ന് ഷംഷാബാദിലെ സീറോ-മലബാര്‍ കത്തോലിക്ക് എപാര്‍ക്കിയുടെ പ്രഥമ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ നാമകരണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് 2018 ജനുവരി ഏഴിന് റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണം ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in