'അഴിമതിക്ക് തെളിവില്ല, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്';  ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി

'അഴിമതിക്ക് തെളിവില്ല, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്'; ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി

ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചും ഏകകണ്ഠമായാണ് വിധി പറഞ്ഞത്

സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്തയുടെ വിലയിരുത്തല്‍. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ തുക അനുവദിക്കുമ്പോള്‍ മാത്രം മന്ത്രിസഭയുടെ അനുമതിയെന്നാണ് ലോകായുക്തയുടെ നിലപാട്. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചും ഏകകണ്ഠമായാണ് വിധി പറഞ്ഞത്.

ഹര്‍ജിയില്‍ ഉന്നയിച്ച അഴിമതി, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങള്‍ക്ക് തെളിവില്ല. രാഷ്ട്രീയ അനുകൂലമായ തീരുമാനം എന്ന് വിലയിരുത്താനാകില്ല. മന്ത്രി സഭായോഗ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും വിലയിരുത്തിയാണ് ലോകായുക്തയുടെ വിധി. എന്നാല്‍ പണം അനുവദിച്ച നടപടി ക്രമങ്ങളില്‍ പിഴവുണ്ടായെന്നും ലോകായുക്ത വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എൽഡിഎഫ് സർക്കാരിലെ 18 മന്ത്രിമാരും പ്രതിസ്ഥാനത്തുള്ള കേസിന്റെ വിധി സംസ്ഥാന സർക്കാരിനെ സംബന്ധിച്ചെടുത്തോളം ഏറെ നിർണായകമായിരുന്നു. ഇതിലെ അനുകൂല വിധി സംസ്ഥാന സര്‍ക്കാരിന് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. അതിനിടെ കേസില്‍ ഉപ ലോകായുക്തമാര്‍ വിധി പറയരുത് എന്ന ഹര്‍ജിക്കാരന്റെ ആവശ്യവും ലോകായുക്ത തള്ളി.

'അഴിമതിക്ക് തെളിവില്ല, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്';  ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി
ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി; കറുത്തദിനമെന്ന് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്‍സിപി നേതാവ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് നല്‍കിയ ധനസഹായമാണ് പരാതിക്ക് അടിസ്ഥാനമായ പ്രധാന ആക്ഷേപം. ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചത്.

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് നല്‍കിയ സഹായമാണ് രണ്ടാമത്തെ വിഷയം. രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി ജോലിക്ക് പുറമെ എട്ടര ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്. പരാതിയില്‍ പ്രധാന ആക്ഷേപമായി ഉന്നയിക്കുന്ന ഈ രണ്ട് സംഭവങ്ങള്‍ക്ക് പുറമെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ 20 ലക്ഷം രൂപ നല്‍കിയ സംഭവവും പരാതിക്കാരന്‍ ലോകായുക്തയ്ക്ക് മുൻപാകെ ചൂണ്ടിക്കാട്ടിയിരുന്നു.

'അഴിമതിക്ക് തെളിവില്ല, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്';  ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി
ലോകായുക്ത ബില്ലില്‍ കൊമ്പുകോർത്ത് നിയമമന്ത്രിയും പ്രതിപക്ഷനേതാവും; തുടർചർച്ചകള്‍ക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

കേസില്‍ ഒരു വര്‍ഷം മുന്‍പ് വാദം പൂര്‍ത്തിയായിരുന്നു. വിധി വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് നടപടികള്‍ക്ക് വേഗം കൂടിയത്.

logo
The Fourth
www.thefourthnews.in