ശബരിമല
ശബരിമല

ശബരിമലയില്‍ ദർശന സമയം ഒരു മണിക്കൂർ കൂട്ടി; തീർത്ഥാടകർക്ക് നിയന്ത്രണം

തീർത്ഥാടകരുടെ എണ്ണം പ്രതിദിനം 90,000 ആയി നിജപ്പെടുത്തി

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ദർശന സമയം ഒരു മണിക്കൂർ കൂടി ദീര്‍ഘിപ്പിച്ചു. പ്രതിദിനം 90,000 പേർക്ക് മാത്രം ദര്‍ശനാനുമതി നിജപ്പെടുത്തി ഭക്തര്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇതോടെ ശബരിമലയിലെ ദര്‍ശന സമയം 18 മണിക്കൂറില്‍ നിന്ന് 19 മണിക്കൂറായി ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിച്ചു. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ അവലോകന യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്താനും ധാരണയായി.

ശബരിമലയില്‍ തീർത്ഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടികള്‍ വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഉന്നതതല യോഗം ചേർന്ന് ഭക്തരുടെ എണ്ണം കുറയ്ക്കുന്നതിനും ദര്‍ശന സമയം കൂട്ടുന്നതിനുമടക്കം ധാരണയിലെത്തിയത്. അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവ പരിമിതപ്പെടുത്താനും തീരുമാനമായി.

ശബരിമലയില്‍ ഇന്ന് 1,19,480 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം 85,000 ആയി നിജപ്പെടുത്തണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കേണ്ട എന്നായിരുന്നു ദേവസ്വം ബോർഡ് നിലപാട്. മുൻകാലങ്ങളില്‍ ഭക്തരുടെ എണ്ണം കൂടിയപ്പോള്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നാണ് ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നത്.

ശബരിമല
ശബരിമല ദർശന സമയം ഒരു മണിക്കൂർ ദീര്‍ഘിപ്പിക്കാനാകുമോയെന്ന് ഹൈക്കോടതി; തിരക്ക് നിയന്ത്രിക്കണമെന്ന് നിര്‍ദേശം

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമാക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പത്തനംതിട്ട കളക്ടര്‍ക്ക് ഇത് സംബന്ധിച്ച് കോടതി നിര്‍ദേശങ്ങളും നല്‍കി. ശബരിമല ദർശന സമയം ഒരു മണിക്കൂർ അധികമാക്കാൻ കഴിയുമോ എന്ന് ഇന്നലെ പ്രത്യേക സിറ്റിങ് നടത്തി വിഷയം പരിഗണിച്ച കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യം തന്ത്രിയുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. മരക്കൂട്ടത്ത് തിരക്കിൽപ്പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിൽ കോടതി സ്പെഷ്യൽ കമ്മീഷണറോട് റിപ്പോർട്ടും തേടിയിരുന്നു.

logo
The Fourth
www.thefourthnews.in