മോശം പെരുമാറ്റത്തിനെതിരെ അപര്‍ണ പ്രതികരിച്ച രീതി അഭിനന്ദനാര്‍ഹം: കെ കെ ശൈലജ

മോശം പെരുമാറ്റത്തിനെതിരെ അപര്‍ണ പ്രതികരിച്ച രീതി അഭിനന്ദനാര്‍ഹം: കെ കെ ശൈലജ

പെട്ടന്ന് തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞ അപര്‍ണയ്ക്ക് അഭിവാദ്യങ്ങളെന്ന് കെ കെ ശൈലജ

എറണാകുളം ലോ കോളേജ് യൂണിയന്‍ പരിപാടിക്കിടെ അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ കെ ശൈലജ. അപര്‍ണയെ അഭിനന്ദിച്ചാണ് കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'അപര്‍ണാ ബാലമുരളിയോട് ഒരാള്‍ അപമര്യാദയായി പെരുമാറുന്ന വീഡിയോ കാണാനിടയായി. സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഇത്തരം അപമര്യാദയോടെയുള്ള പെരുമാറ്റം കര്‍ശനമായി ഇടപെട്ട് പരിഹരിക്കാന്‍ നമുക്ക് കഴിയണം. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണം. പെട്ടന്ന് തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞ അപര്‍ണയ്ക്ക് അഭിവാദ്യങ്ങള്‍. സിനിമയില്‍ ഇനിയും നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു'- കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് യൂണിന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപര്‍ണ ബാലമുരളിയോട് ലോ കോളേജിലെ വിദ്യാര്‍ഥി മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയില്‍ കയറിയതായിരുന്നു വിദ്യാര്‍ഥി അപര്‍ണയ്ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കിയ ശേഷം തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ നടി അനിഷ്ടം പ്രകടിപ്പിച്ചു. നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ അടക്കമുള്ളവരും വേദിയിലിരിക്കെയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്ന അപര്‍ണ വ്യക്തമാക്കിയിരുന്നു. '' ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവെയ്ക്കുന്നത് ശരിയല്ലെന്ന് ലോ കോളേജ് വിദ്യാര്‍ത്ഥി മനസിലാക്കിയില്ല. കൈ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതേ ശരിയല്ല, പിന്നീടാണ് കൈ ദേഹത്ത് വെച്ചു നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല'' - അപര്‍ണ ബാലമുരളി അഭിപ്രായപ്പെട്ടു.

മോശം പെരുമാറ്റത്തിനെതിരെ അപര്‍ണ പ്രതികരിച്ച രീതി അഭിനന്ദനാര്‍ഹം: കെ കെ ശൈലജ
അപര്‍ണ ബാലമുരളിയോട് മോശം പെരുമാറ്റം: ലോ കോളേജ് വിദ്യാര്‍ഥിക്ക് സസ്പെന്‍ഷന്‍

അപര്‍ണയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ ലോ കോളേജ് യൂണിയന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.പിന്നാലെ വേദിയില്‍ വച്ചുതന്നെ സംഘാടകരില്‍ ഒരാള്‍ കൂടിയായ വിദ്യാര്‍ഥി അപര്‍ണയോട് ക്ഷമ ചോദിച്ചു. നടിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് എതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പിന്നാലെ ലോ കോളേജിലെ അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി വിഷ്ണുവിനോടാ കോളേജ് അധികൃതര്‍ വിശദീകരണം ആവശ്യപ്പെടുകയും, സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ അപര്‍ണയെ അനുകൂലിച്ചും കണ്‍സന്റിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തിയും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in