കെ സുധാകരന്‍
കെ സുധാകരന്‍

മലക്കം മറിഞ്ഞ് കെ സുധാകരൻ; 'പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന് പറഞ്ഞിട്ടില്ല'

രാവിലെ കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുമെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞത്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് ആലോചിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വാര്‍ത്താ കുറിപ്പിലൂടെ സുധാകരന്‍ വിശദീകരിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർഥിയെന്ന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച് മണിക്കൂറുകള്‍ക്കകമാണ് കെപിസിസി അധ്യക്ഷന്റെ തിരുത്ത്.

രാവിലെ മാധ്യമപ്രവര്‍ത്തകരെ കൊച്ചിയില്‍ കണ്ട കെ സുധാകരന്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്നും ചാണ്ടി ഉമ്മന്‍ ആണ് സ്ഥാനാര്‍ഥിയെന്ന് തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നുമായിരുന്നു കെ സുധാകരന്‍ പറഞ്ഞത്. അനുശോചന യോഗത്തിന് ശേഷമാകും കുടുംബവുമായി സ്ഥാനാര്‍ഥി കാര്യത്തില്‍ ചര്‍ച്ച നടത്തുകയെന്നു പറഞ്ഞ സുധാകരന്‍ കുടുംബത്തില്‍ നിന്ന് തന്നെയാകുമോ സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് അതെ എന്നും മറുപടി നല്‍കി.

കെ സുധാകരന്‍
ഗാന്ധിയും തിരുവള്ളുവരും മതി; കോടതികളിൽ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

വാര്‍ത്ത ചര്‍ച്ചയായതോടെ വാര്‍ത്താ കുറിപ്പ് ഇറക്കുകയായിരുന്നു. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചതെന്നും സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയതെന്നും സുധാകരന്‍ വിശദീകരിക്കുന്നു. പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ''സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല,'' വാര്‍ത്താകുറിപ്പ് വിശദീകരിക്കുന്നു. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു.

സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല
ഉമ്മൻ ചാണ്ടി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊ എന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്ന് കെ സുധാകരൻ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ  മത്സരം ഒഴിവാക്കണം. മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുധാകരന്റെ നിലപാട് അരാഷ്ട്രീയമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മറുപടി നൽകി.

ഉമ്മന്‍ചാണ്ടി അനുസ്മരണം ജൂലൈ 24ന്

അതേസമയം കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം നാളെ തിരുവനന്തപുരത്ത് നടക്കും. അയ്യങ്കാളി ഹാളില്‍ വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് , കോൺഗ്രസിന്റെ സമുന്നത നേതാക്കൾ,വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, മന്ത്രിമാർ,ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ ,സാമുദായിക സംഘടനാ നേതാക്കൾ, കലാ-സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

logo
The Fourth
www.thefourthnews.in