'യെച്ചൂരിയെ പോലെ  രാമക്ഷേത്രോദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാന്‍ കോൺഗ്രസിനാകുമോ?' രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

'യെച്ചൂരിയെ പോലെ രാമക്ഷേത്രോദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാന്‍ കോൺഗ്രസിനാകുമോ?' രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

ജനുവരി 22ന് നടക്കുന്ന ചടങ്ങിനുള്ള ക്ഷണം നിരസിക്കാൻ ഇടതു നേതാക്കൾ കാണിച്ച ആർജവമാണ് കോൺഗ്രസിന് വേണ്ടതെന്നും പത്രം പറയുന്നു

അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനത്തിലെ ക്ഷണത്തോട് കോൺഗ്രസ് പുലർത്തുന്ന നിസ്സംഗതയെ രൂക്ഷഭാഷയിൽ വിമർശിച്ച് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ബുധനാഴ്ച പുറത്തിറങ്ങിയ സുപ്രഭാതത്തിൽ 'പള്ളി പൊളിച്ചിടത്ത് കാലുവയ്ക്കുമോ കോൺഗ്രസ്' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം. ജനുവരി 22ന് നടക്കുന്ന ചടങ്ങിനുള്ള ക്ഷണം നിരസിക്കാൻ ഇടതു നേതാക്കൾ കാണിച്ച ആർജ്ജവമാണ് കോൺഗ്രസിന് വേണ്ടതെന്നും പത്രം പറയുന്നു.

ഈ നിലപാട് തുടർന്നാൽ 36 വർഷം ഇന്ത്യ ഭരിച്ച പാർട്ടി, ചരിത്ര പുസ്തകങ്ങളിലെ ചവറ് മാത്രമായി മാറും. ഹിന്ദുത്വം കൊണ്ട് രക്ഷപ്പെടാമെന്നത് കോൺഗ്രസിന്റെ മൂഢത്വമാണ്
മുഖപ്രസംഗം

സംഘപരിവാറിന്റെ ഹിന്ദുത്വയെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്ന മണ്ടത്തരത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് മുഖപ്രസംഗം എടുത്തുപറയുന്നു. അയോധ്യയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ചടങ്ങ്, ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ബിജെപിയുടെ ലിറ്റ്മസ് പരീക്ഷണമാണെന്ന സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തിരിച്ചറിവാണ് കോൺഗ്രസിനും ഉണ്ടാകേണ്ടത്. അതുണ്ടായില്ലെങ്കിൽ കോൺഗ്രസിൽ വിശ്വാസമർപ്പിക്കുന്ന ലക്ഷക്കണക്കിന് ദളിത് -ന്യൂനപക്ഷങ്ങൾ ബദലുകൾ തേടുമെന്ന മുന്നറിയിപ്പും പത്രം നൽകുന്നു.

'തകർക്കപ്പെട്ട ഇന്ത്യൻ മതേതരത്വത്തിന്റെ മുകളിലാണ് രാമക്ഷേത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്. 'മറ്റൊരാളിന്റെ വിശ്വാസമിനാരങ്ങൾ കായബലത്തിൻ്റെയും അധികാരഹുങ്കിൻ്റെയും ബലത്തിൽ തച്ചുടച്ച് തങ്ങളുടെ ഇഷ്ടദൈവങ്ങളെ പ്രതിഷ്ഠിക്കുമ്പോൾ അനീതി മാത്രമേ അവിടെ പുലരുകയുള്ളു. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയുള്ള ഇത്തരം നീതികേടുകൾക്കു നടുവിലൂടെയാണ് സംഘ്പരിവാർ ശക്തികൾ ഇക്കാലമത്രയും അവരുടെ തേരുതെളിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനവും ആ അനീതിയുടെ തേർവാഴ്ച തന്നെ' മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

'യെച്ചൂരിയെ പോലെ  രാമക്ഷേത്രോദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാന്‍ കോൺഗ്രസിനാകുമോ?' രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം
ഹമീദ് ഫൈസി അമ്പലക്കടവിനെ തള്ളി സുപ്രഭാതവും; ഒന്നാം പേജിൽ ക്രിസ്മസ് ആശംസകൾ

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ഉൾപ്പടെ കോൺഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനത്തെയും രൂക്ഷഭാഷയിൽ സുപ്രഭാതം കുറ്റപ്പെടുത്തുന്നുണ്ട്. ഈ നിലപാട് തുടർന്നാൽ 36 വർഷം ഇന്ത്യ ഭരിച്ച പാർട്ടി, ചരിത്ര പുസ്തകങ്ങളിലെ ചവറ് മാത്രമായി മാറും. ഹിന്ദുത്വം കൊണ്ട് രക്ഷപ്പെടാമെന്നത് കോൺഗ്രസിന്റെ മൂഢത്വമാണ്. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും സീതാറാം യെച്ചൂരിയുമെല്ലാം രാജ്യത്തിൻറെ മതസൗഹാർദ്ദം തകർക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്നതിനാൽ കോൺഗ്രസ് ഇപ്പോഴും ഒട്ടകപക്ഷിയെ പോലെ തല മണ്ണിൽ പൂഴ്ത്തി കഴിയുകയാണെന്നാണ് സുപ്രഭാതം ആക്ഷേപിക്കുന്നത്.

'യെച്ചൂരിയെ പോലെ  രാമക്ഷേത്രോദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാന്‍ കോൺഗ്രസിനാകുമോ?' രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം
ഇതര മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

ബിജെപിയുടെ കെണിയിൽ വീഴാതെ മതേതര സഖ്യങ്ങൾ കൂടെനിർത്തുന്ന രാഷ്ട്രീയ വിവേകമാണ് കോൺഗ്രസ് കാണിക്കേണ്ടതെന്നും സുപ്രഭാതം പറയുന്നു. അതല്ലെങ്കിൽ 2024ലും ബിജെപിതന്നെ ഭരണത്തിൽ കയറുമെന്നും സമസ്ത മുഖപത്രം ഓർമിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in