'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; സഭയുടെ മക്കള്‍ക്ക് മുന്‍കരുതല്‍ നല്‍കാനെന്ന് വിശദീകരണം

'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; സഭയുടെ മക്കള്‍ക്ക് മുന്‍കരുതല്‍ നല്‍കാനെന്ന് വിശദീകരണം

ശനിയാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത പ്രൊപ്പഗണ്ട സിനിമ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ ഇടുക്കി രൂപതയ്ക്കു പിന്നാലെ താമരശേരി രൂപതയും. രൂപതയ്ക്കു കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്നും കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങളെന്നും കെസിവൈഎം പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു.

ശനിയാഴ്ചയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും വിളിച്ചുപറഞ്ഞിടത്ത് ഒരു സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യം ചെയ്യാതെ ഇത്തരം സംഘടിത റിക്രൂട്ടിങ്ങുകളെ തുറന്നുകാണിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പൂട്ടിയിടാന്‍ ആരാണ് വാശി പിടിക്കുന്നതെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കെസിവൈഎം ഫേസ്ബുക്കില്‍ കുറിച്ചത്.

''2023ല്‍ പുറത്തിറങ്ങിയ 'ദ കേരള സ്റ്റോറി' എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചുവെക്കപ്പെടുകയാണ്. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും വിളിച്ച് പറഞ്ഞിടത്ത് ഒരു സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യം ചെയ്യാതെ ഇത്തരം സംഘടിത റിക്രൂട്ടിങ്ങുകളെ തുറന്നുകാണിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പൂട്ടിയിടാന്‍ ആരാണ് വാശിപിടിക്കുന്നത്. രാജ്യത്ത് നിശബ്ദമായി പെരുകുന്ന ഇത്തരം ഹിഡന്‍ അജണ്ടയുടെ വക്താക്കളെ തിരിച്ചറിയാനുള്ള മുന്‍കരുതല്‍ വിദ്യാര്‍ത്ഥികളിലും വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കത്തോലിക്ക സഭയുടെ ഇടുക്കി രൂപത സുവിശേഷോത്സവ വേളയില്‍ 'ദ കേരള സ്റ്റോറി'' പ്രദര്‍ശിപ്പിച്ചത് വലിയ ചര്‍ച്ചയാവുകയാണ്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങള്‍,'' ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

താമരശേരി രൂപതയ്ക്കു കീഴിലെ ഇടവകകളിലെ കുടുംബക്കൂട്ടായ്മകളിലേക്ക് സിനിമയുടെ ലിങ്ക് അയച്ചുനൽകിയിട്ടുമുണ്ട്. ''ഇത് കേരള സ്റ്റോറി സിനിമയുടെ ലിങ്കാണ്. സാധിക്കുന്നിടത്തോളം ആളുകൾ ഈ സിനിമ കാണുകയും ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുമല്ലോ,'' എന്നു പറഞ്ഞുകൊണ്ടാണ് ലിങ്ക് അയച്ചുകൊടുത്തിരിക്കുന്നത്.

'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; സഭയുടെ മക്കള്‍ക്ക് മുന്‍കരുതല്‍ നല്‍കാനെന്ന് വിശദീകരണം
'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത; പ്രണയത്തിലെ ചതിക്കുഴികൾക്കെതിരായ ബോധവത്കരണമെന്ന് വിശദീകരണം

ഏപ്രില്‍ നാലിനായിരുന്നു വിശ്വാസോത്സവത്തിന്റെ ഭാഗമായി സണ്‍ഡേ ക്ലാസില്‍ ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്ത് മുതല്‍ 12 വരെയുള്ള ക്ലാസ് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരുന്നു പ്രദര്‍ശനം. കുട്ടികളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്നും ഇതിനെതിരെ അവബോധം സൃഷ്ടിക്കാനാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നുമായിരുന്നു ഇടുക്കി രൂപതയുടെ വിശദീകരണം.

കുട്ടികള്‍ക്കു നല്‍കിയ പാഠപുസ്തകത്തില്‍ ലവ് ജിഹാദിനെക്കുറിച്ചുള്ള ഭാഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്താണ് ലവ് ജിഹാദെന്നും കുട്ടികളെ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്. കേരള സ്റ്റോറി ഒരു മോശം സിനിമയല്ലെന്ന് സീറോ മലബാര്‍ സഭയും പ്രതികരിച്ചിരുന്നു.

'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും; സഭയുടെ മക്കള്‍ക്ക് മുന്‍കരുതല്‍ നല്‍കാനെന്ന് വിശദീകരണം
പലതവണ പൊളിഞ്ഞ ലവ്ജിഹാദ് എന്ന കള്ളകഥ; എന്തായിരുന്നു ഷഹൻ ഷാ v/s സ്റ്റേറ്റ് ഓഫ് കേരള കേസ്?

കഴിഞ്ഞദിവസം ദൂരദര്‍ശനും ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെയായിരുന്നു ദൂരദര്‍ശന്‍ നീക്കം. സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമകള്‍ തയ്യാറാക്കി നേരത്തെയും വിവാദത്തില്‍ ഇടം പിടിച്ച സുദീപ്‌തോ സെന്നിന്റെ കേരള സ്റ്റോറിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമയ്ക്കെതിരെ ദേശീയ തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ദൂരദർശൻ നടപടിയെ വിമർശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in