ആദിവാസി കോളനിയിലെ ദുരിതം പറഞ്ഞതിന് 'ദ ഫോർത്തി'നെതിരെ ചുമത്തിയ കള്ളക്കേസ് ഹൈക്കോടതി റദ്ദാക്കി 

ആദിവാസി കോളനിയിലെ ദുരിതം പറഞ്ഞതിന് 'ദ ഫോർത്തി'നെതിരെ ചുമത്തിയ കള്ളക്കേസ് ഹൈക്കോടതി റദ്ദാക്കി 

ദ ഫോർത്ത്‌ പ്രതിനിധികളായ എൻ പി അനൂപിനും ഖാജാ ഹുസൈനും വാർത്ത റിപ്പോർട്ട് ചെയ്യാൻ അവരെ സഹായിച്ച അജ്മൽ മോന്‍ പ്രശാന്ത് എന്നിവര്‍ക്കുമെതിരേയാണ്‌ ജാമ്യമില്ലാ വകുപ്പ് പ്രകാരം നിലമ്പൂർ പോലീസ് കേസെടുത്തത് 

ആദിവാസി കോളനിയിലെ ദുരിത ജീവിതത്തെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ‘ദ ഫോർത്തി’ലെ മാധ്യമ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി നിലമ്പൂർ പോലീസ് ചുമത്തിയ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. എസ് സി/എസ് ടി അതിക്രമ കേസുകൾക്കായുള്ള മഞ്ചേരി പ്രത്യേക കോടതിയിൽ 'ദ ഫോർത്തി'ലെ രണ്ട് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നാലുപേർക്കെതിരെ നിലമ്പൂർ പോലീസ് സമർപ്പിച്ച കുറ്റപത്രം ജസ്റ്റിസ് സോഫി തോമസിന്റെ വിധിയോടെ അസാധുവായി. ദ ഫോർത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എസ് രാജീവ് ഹാജരായി. 

നിലമ്പൂര്‍ ചാലിയാർ പഞ്ചായത്തിലെ വെണ്ണക്കോട് കോളനിയിലെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ എൻ പി അനൂപും ക്യാമറമാൻ ഖാജാ ഹുസൈനും തയാറാക്കിയ വീഡിയോ റിപ്പോർട്ട് 2022 ഒക്ടോബർ 11ന് 'ദ ഫോർത്ത്' വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയിൽ കോളനിയിലെ പല വിദ്യാർഥികളും സ്കൂളിൽ പോകുന്നില്ലെന്നും അവരെ മറ്റു ജോലികൾക്കായി മുതിർന്നവർ ഉപയോഗിക്കുന്നെന്നും വെളിപ്പെടുത്തിയ 13 വയസുള്ള വിദ്യാർഥിയുടെ ചില പരാമർശങ്ങൾ വളച്ചൊടിച്ചാണ് അനൂപിനെ രണ്ടാം പ്രതിയും ഖാജാ ഹുസൈനെ മൂന്നാം പ്രതിയുമാക്കി നിലമ്പൂർ പോലീസ് കേസെടുത്തത്. ഇവരെ കോളനിയിൽ എത്തിച്ച നിലമ്പൂരിലെ സാമൂഹിക പ്രവർത്തകൻ അജ്‌മൽ മോൻ (അജു കോലോത്ത്) കേസിൽ ഒന്നാം പ്രതിയും ഹെലി ക്യാമറ ഓപ്പറേറ്റര്‍ ടി പ്രശാന്ത് നാലാം പ്രതിയുമായിരുന്നു. 

ആദിവാസി കോളനിയിലെ ദുരിതം പറഞ്ഞതിന് 'ദ ഫോർത്തി'നെതിരെ ചുമത്തിയ കള്ളക്കേസ് ഹൈക്കോടതി റദ്ദാക്കി 
നാടറിയാത്ത, കാടറിയുന്ന ജീവിതങ്ങള്‍

വാർത്തയിൽ പ്രതികരിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ രണ്ടു മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ ആരോപണം. പൊതുസമൂഹത്തിൽ വെറുപ്പും വിദ്വേഷവും പരത്തുന്ന രീതിയിലെ പരാമർശങ്ങൾ വീഡിയോയിൽ ഉണ്ടെന്നും പോലീസ് ആരോപിച്ചു.

വിദ്യാർഥി പട്ടികവർഗ സമുദായത്തിലെ അംഗമായതിനാൽ പട്ടികജാതി/പട്ടികവർഗ അതിക്രമ നിരോധന നിയമം 3 (1) (യു) അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് 2022 ഒക്ടോബർ 26ന് കേസിൽ നിലമ്പൂർ പോലീസ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയത്. ഒന്നാം പ്രതി അജ്മലിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ വിവരം പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ അറിയുന്നത്. തട്ടിക്കൊണ്ടുപോകലിന് ഐ പി സി 363 വകുപ്പ് പ്രകാരവും പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമത്തിലെ 3 (1) (യു) പ്രകാരവുമാണ് കേസെടുത്തത്. ഒന്നാം പ്രതിയാക്കിയ  അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്ത് 80 ദിവസം ജയിലിലിടച്ചിരുന്നു. ഒന്നാം പ്രതിയുടെ വാൻ പിടിച്ചെടുക്കുകയും ചെയ്തു.

അനൂപും ഖാജാ ഹുസൈനും ജാമ്യത്തിനായി മഞ്ചേരി പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യരുതെന്ന നിർദേശം കോടതി പൊലീസിന് നൽകുകയായിരുന്നു. തുടരന്വേഷണത്തോട് 'ദ ഫോർത്ത്' പ്രതിനിധികൾ പൂർണമായി സഹകരിക്കുകയും ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് വീഡിയോ തെളിവുകൾ ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തു. ഇത് അവഗണിച്ച് നാലു പ്രതികൾക്കും എതിരെ 2023 മാർച്ച് 15 നു പോലീസ് കുറ്റപത്രം സമർപ്പിച്ചു. നിലമ്പൂർ ഡിവൈ എസ് പി സാജു കെ അബ്രാഹമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. 

കുറ്റപത്രത്തിൽ തീർത്തും കളവായ വസ്തുതകളാണ് പോലീസ് എഴുതിച്ചേർത്തത്. പതിമൂന്നുകാരനായ   വിദ്യാർഥി സ്കൂളിൽ പോയിത്തുടങ്ങിയതോടെ മാവോയിസ്റ്റ് ആകണമെന്ന ചിന്ത മാറിയെന്നും  പോലീസ് ഓഫീസർ ആകണമെന്ന പുതിയ ലക്ഷ്യമാണ് ഇപ്പോൾ തനിക്കെന്നുമാണ് ‘നാടറിയാത്ത, കാടറിയുന്ന ജീവിതങ്ങൾ’ എന്ന തലക്കെട്ടിൽ സംപ്രേഷണം ചെയ്ത വാർത്തയിൽ പറയുന്നത്. എന്നാൽ, “മാവോയിസ്റ്റ് ആയാലാണ് കൂടുതൽ ഗുണങ്ങളെന്നും എന്നിട്ട് നിന്റെ വീട്ടുകാരെയും കോളനിക്കാരെയും മാവോയിസ്റ്റിലേക്ക് ചേർക്കണമെ”ന്നും ദ ഫോർത്ത് പ്രതിനിധികൾ ഈ വിദ്യാർത്ഥിയെ കൊണ്ട് പറയിപ്പിച്ചു പകർത്തി സംപ്രേഷണം ചെയ്‌തെന്ന തീർത്തും വസ്തുതാവിരുദ്ധമായ വിവരമാണ്, ഒരു തെളിവിന്റെയും പിൻബലമില്ലാതെ, കുറ്റപത്രത്തിൽ സാജു കെ എബ്രഹാം എഴുതിച്ചേർത്തത്. 

ഈ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 'ദ ഫോർത്ത്' ഹൈക്കോടതിയെ സമീപിച്ചത്. ഈ സമയം, കേസിലെ പരാതിക്കാരൻ (വാർത്തയിൽ സംസാരിച്ച കുട്ടിയുടെ പിതാവ്) പോലീസ് തന്നെക്കൊണ്ട് ഏതോ പേപ്പറുകളിൽ ഒപ്പീടിച്ചെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതയല്ലെന്നും 'ദ ഫോർത്ത്' പ്രതിനിധികളെ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചുവെന്ന ആരോപണം പോലീസ് പിന്നീട് എഴുതിച്ചേർക്കുകയായിരുന്നു. തനിക്ക് അങ്ങനെ ഒരു പരാതിയില്ലെന്ന് കാട്ടി ഹൈക്കോടതിയിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിക്കാനും കുട്ടിയുടെ പിതാവ് തയാറായി. 

കേസ് പരിഗണിച്ചപ്പോൾ തന്നെ പരാതിക്കാരന് പരാതിയില്ലാത്തതിനാൽ കൂടുതൽ വാദത്തിനുപോലും നിൽക്കാതെ ദ ഫോർത്തിന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജെയിൻ സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ്, സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് വേഴ്സസ് ലക്ഷ്മി നാരായൻ എന്നീ കേസുകളിലെ സുപ്രീംകോടതി ഉത്തരവുകൾ  അടിസ്ഥാനത്തിൽ ജസ്റ്റിസ് സോഫി തോമസ് കേസ് റദ്ദാക്കിയത്.

logo
The Fourth
www.thefourthnews.in