ഹോട്ടല്‍ മജ്‌ലിസ്
ഹോട്ടല്‍ മജ്‌ലിസ്

പറവൂര്‍ ഭക്ഷ്യവിഷബാധ: ഹോട്ടല്‍ മജ്‌ലിസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, ചികിത്സ തേടി കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍ക്ക് ഛര്‍ദ്ദി, വയറിളക്കം, പനി, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍

പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധയില്‍ അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി.

അതിനിടെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ പേര്‍ ഭക്ഷ്യവിഷബാധയില്‍ ചികിത്സ തേടി. 68 പേരാണ് ഛര്‍ദ്ദി, വയറിളക്കം, പനി, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെ ഇതുവരെ വിവിധ ആശുപത്രികളിലെത്തിയത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ 28 പേരും സ്വകാര്യ ആശുപത്രികളിലായി 20 പേരുമാണ് ചികിത്സ തേടിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവരില്‍ ചിലര്‍ തളര്‍ച്ച നേരിട്ടതിനെ തുടര്‍ന്ന് തൃശൂരിലും കോഴിക്കോടും മലപ്പുറത്തുമായി ചികിത്സയിലുണ്ട് .

നിരവധി പേര്‍ക്ക് ഛര്‍ദ്ദി, വയറിളക്കം, പനി, കടുത്ത ക്ഷീണം എന്നീ ലക്ഷണങ്ങള്‍

പറവൂര്‍ ടൗണിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടല്‍ ദേശീയപാതയുടെ തൊട്ടടുത്തായതിനാല്‍ നിരവധിപേരാണ് ഇവിടെ ഭക്ഷണംകഴിക്കാറുള്ളത്. അതുകൊണ്ടു തന്നെ കൂടുതല്‍പേര്‍ക്ക് ലക്ഷണങ്ങളനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. കുഴിമന്തി, ഷവായി, മയോണൈസ് തുടങ്ങിയവയാണ് ഭക്ഷ്യവിഷബാധയേറ്റവരെല്ലാം കഴിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് ശേഷം ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു.

ഹോട്ടലില്‍ പരിശോധന
ഹോട്ടലില്‍ പരിശോധന

അതിനിടെ കളമശേരിയില്‍ നിന്ന് 500 കിലോ പഴകിയ കോഴിയിറച്ചി കണ്ടെടുത്ത കേന്ദ്രത്തില്‍ നിന്ന് ഇറച്ചി വിറ്റിരുന്ന ഹോട്ടലുകള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞു. എറണാകുളം നഗരത്തിലെ 49 ഹോട്ടലുകള്‍ക്കാണ് ഇവിടെ നിന്ന് കോഴിയിറച്ചി വിറ്റിരിക്കുന്നതെന്ന വ്യക്തമാകുന്ന രേഖകള്‍ കണ്ടെടുത്തു.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം ചൊവ്വാഴ്ച 189 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

logo
The Fourth
www.thefourthnews.in