എട്ട് വയസ്സുകാരി ആദിത്യശ്രീയുടെ മരണത്തിൽ വഴിത്തിരിവ്; 
ഫോണ്‍ പൊട്ടിത്തെറിച്ചല്ല, 
പന്നിപ്പടക്കം പൊട്ടിയാണോയെന്ന് സംശയം

എട്ട് വയസ്സുകാരി ആദിത്യശ്രീയുടെ മരണത്തിൽ വഴിത്തിരിവ്; ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിയാണോയെന്ന് സംശയം

പന്നിപ്പടക്കം പൊട്ടിയതാണോ അപകടത്തിലേക്ക് വഴിതെളിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്

തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസ്സുകാരി മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചുവെന്ന് കരുതപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. പൊട്ടിത്തെറി നടന്ന മുറിയില്‍നിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഫോറന്‍സിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്ഫോടകവസ്തു കടിച്ചതാവാം മരണകാരണമെന്നാണ് സംശയിക്കപ്പെടുന്നത്.

ഏപ്രില്‍ 25നാണ് തിരുവില്വാമല പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീ മരിച്ചത്. മൊബൈല്‍ഫോണില്‍ വിഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി തല്‍ക്ഷണം മരിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

അപകടത്തെ തുടര്‍ന്ന് മുറിയില്‍ പരിശോധന നടത്തിയ പഴയന്നൂര്‍ പോലീസ് ഫോണിന്‌റെ അവശിഷ്ടവും കിടക്കയുടെ ഭാഗവും രാസപരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് അയച്ചിരുന്നു. ഫോറന്‍സിക് പരിശോധനാഫലത്തിലാണ് പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത്.

എട്ട് വയസ്സുകാരി ആദിത്യശ്രീയുടെ മരണത്തിൽ വഴിത്തിരിവ്; 
ഫോണ്‍ പൊട്ടിത്തെറിച്ചല്ല, 
പന്നിപ്പടക്കം പൊട്ടിയാണോയെന്ന് സംശയം
'രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനെ ലാഹോറും ഹമാസും ഉറ്റുനോക്കുന്നു'; വിവാദ പരാമര്‍ശവുമായി ബിജെപി എംപി രമേശ് ബിധുരി

എങ്ങനെ മുറിയില്‍ ഇവയുടെ സാന്നിധ്യം വന്നെന്നത് സംബന്ധിച്ച് കുന്നംകുളം എസിപി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പന്നിപ്പടക്കം പൊട്ടിയതാണോ അപകടത്തിലേക്ക് വഴിതെളിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി ഫോണില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് മുത്തശ്ശിയുടെ മൊഴി. എന്നാല്‍ മുറിയില്‍ പടക്കം പൊട്ടിയതിന് സമാനമായ സാഹചര്യമുണ്ടായിരുന്നില്ലെന്നത് അന്വേഷണസംഘത്തെ കുഴപ്പിക്കുന്നുണ്ട്.

രാത്രിയിലെ സ്‌ഫോടന ശബ്ദം കേട്ടപ്പോള്‍ ആദിത്യശ്രീയുടെ മുത്തശ്ശിയുടെ ചികിത്സയ്ക്കായി കരുതിവച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാകുമെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. ഓടിയെത്തിയവര്‍ കണ്ടതാകട്ടെ അപകടംപറ്റി കിടക്കുന്ന ആദിത്യശ്രീയെ ആയിരുന്നു.

രണ്ടുവര്‍ഷം മുന്‍പ് ഫോണിന്റെ ബാറ്ററിക്കു തകരാറുണ്ടായപ്പോള്‍ മാറ്റിയിരുന്നുവെന്നും പാലക്കാട്ട് കമ്പനി സര്‍വീസ് സെന്ററിലാണു നല്‍കിയതെന്നും ആദിത്യശ്രീയുടെ പിതാവ് അശോക് കുമാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫോണിലെ ബാറ്ററി സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു. ബാറ്ററി അതിയായ മര്‍ദത്തോടെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം.

മൊബൈലിലേത് ഒറിജിനല്‍ ബാറ്ററിയാണോ എന്നും പരിശോധിച്ചു. തലയ്‌ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഡിസ്‌പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീര്‍ക്കുകയും ചെയ്ത തരത്തിലാണു ഫോണ്‍ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in