കല്യാശേരിയിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി; യുഡിഎഫ് പ്രവർത്തകരെ നേരിട്ട് ഡിവൈഎഫ്ഐക്കാർ, പ്രകോപനങ്ങളില്‍ വീഴരുതെന്ന് പിണറായി

കല്യാശേരിയിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി; യുഡിഎഫ് പ്രവർത്തകരെ നേരിട്ട് ഡിവൈഎഫ്ഐക്കാർ, പ്രകോപനങ്ങളില്‍ വീഴരുതെന്ന് പിണറായി

നവകേരള സദസുമായി ബന്ധപ്പെട്ടുള്ള യാത്രയുടെ ഭാഗമായി എത്തിയപ്പോഴായിരുന്നു സംഭവം

നവ കേരള സദസ് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കല്യാശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്ഐക്കാരുടെ മർദിച്ചതായും പരാതി ഉയര്‍ന്നു. പഴയങ്ങാടി എരിപുരത്ത് വച്ചായിരുന്നു സംഭവം.

വലിയതോതിലുള്ള പോലീസ് സുരക്ഷാ ഉണ്ടായിരുന്നെങ്കിലും അവയെ മറികടന്നായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പലർക്കും തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

കല്യാശേരിയിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി; യുഡിഎഫ് പ്രവർത്തകരെ നേരിട്ട് ഡിവൈഎഫ്ഐക്കാർ, പ്രകോപനങ്ങളില്‍ വീഴരുതെന്ന് പിണറായി
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടരുത്; ലൈഫ് പദ്ധതി ലക്ഷ്യം കാണുന്നതുവരെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

അതിനിടെ, ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താൻ വരുന്നവർക്ക് അവസരം ഉണ്ടാക്കരുതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ചിലരുടെ ശ്രമം പ്രകോപനമുണ്ടാക്കാനാണ് അതിൽ വീണുപോകരുതെന്നും മുഖ്യമന്ത്രി സിപിഎം പ്രവർത്തകരോട് പറഞ്ഞു. ജനങ്ങൾ നിവേദനങ്ങളും പരാതിയുമായി കൂടുതൽ കൂടുതൽ എത്തുന്നതിനർത്ഥം, അവർക്ക് ഈ സർക്കാരിൽ വിശ്വാസവും പ്രതീക്ഷയും വാനോളം ഉണ്ട് എന്നതാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. ഇതിനെതിരെ വരുന്ന ആക്ഷേപങ്ങളും നിർമ്മിത കഥകളും നിലം തൊടാതെ അവസാനിക്കുകയാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ ആരോപിച്ചു.

കല്യാശേരിയിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി; യുഡിഎഫ് പ്രവർത്തകരെ നേരിട്ട് ഡിവൈഎഫ്ഐക്കാർ, പ്രകോപനങ്ങളില്‍ വീഴരുതെന്ന് പിണറായി
നവകേരള സദസ്: കീഴ്‌വഴക്കം തെറ്റിച്ച് ലീഗിന്റെ ചന്ദ്രിക, രൂക്ഷവിമര്‍ശനവുമായി സമസ്ത

അതേസമയം, നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയും തിരുവനന്തപുരം വരെ കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മൂന്നാം ദിനം കണ്ണൂർ ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് നവകേരള സദസ്സ് ചേർന്നത്. പയ്യന്നൂരിൽ തുടങ്ങി ഇരിക്കൂറിൽ സമാപിച്ചു.

logo
The Fourth
www.thefourthnews.in