തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടു; 
വെളിപ്പെടുത്തലുമായി വ്ളോഗർമാരായ വിദേശ ദമ്പതികൾ

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടു; വെളിപ്പെടുത്തലുമായി വ്ളോഗർമാരായ വിദേശ ദമ്പതികൾ

പൂരം വളരെ അത്ഭുതകരമായ അനുഭവമായിരുന്നുവെന്നും എന്നാൽ ചില മോശം നിമിഷങ്ങളും കൂടി ഉണ്ടായെന്ന് പറഞ്ഞാണ് ദമ്പതികളിൽ ഒരാളായ മക്കൻസി വീഡിയോ ആരംഭിക്കുന്നത്

കേരളത്തിലെ സ്ത്രീസുരക്ഷയെ പ്രകീർത്തിച്ച് വീഡിയോ ചെയ്ത ട്രാവൽ വ്ളോഗർമാരായ വിദേശ ദമ്പതികൾക്കു തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തൽ. ബ്രിട്ടീഷ്-അമേരിക്കൻ ദമ്പതികളായ മക്കെൻസിയും കീനനും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പൂരത്തിനിടെയുണ്ടായ രണ്ട് മോശം അനുഭവങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ദമ്പതികൾ സംസാരിക്കുന്നുണ്ട്. കേരളത്തെക്കുറിച്ചും ട്രാവൽ സീരിസുകൾ അവതരിപ്പിച്ചും നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ പ്രശസ്തരാണ് ഇരുവരും.

‘തൃശൂർ പൂരത്തിലെ സംശയാസ്പദമായ നിമിഷങ്ങൾ' എന്ന പേരിലാണ് ദമ്പതികൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂരം വളരെ അത്ഭുതകരമായ അനുഭവമായിരുന്നുവെന്നും എന്നാൽ ചില സംശയാസ്പദമായ നിമിഷങ്ങളും കൂടി ഉണ്ടായെന്നും പറഞ്ഞാണ് ദമ്പതികളിൽ ഒരാളായ മക്കൻസി വീഡിയോ ആരംഭിക്കുന്നത്.

ആദ്യം തന്നെ മക്കൻസി പൂരം സംബന്ധിച്ച് ഒരാളുമായി അഭിമുഖം നടത്തുന്നത് കാണാം. എന്നാൽ അഭിമുഖം പൂർണമായ ഉടനെ മക്കൻസിയെ അയാൾ പിടിക്കുകയും ബലമായി ചുംബിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മക്കൻസിയും പങ്കാളി കീനനും അസ്വസ്ഥതയോടെ പ്രതികരിക്കുകയും എതിർക്കുകയും ചെയ്യുകയായിരുന്നു.

പിന്നീട് ഇതേ വീഡിയോയിൽ പൂരത്തിനിടെ 50 വയസ്സ് തോന്നിക്കുന്ന ഒരാൾ തന്നോട് മോശമായി പെരുമാറിയതായി കീനൻ വെളിപ്പെടുത്തുന്നുണ്ട്. തന്റെ സ്വകാര്യഭാഗങ്ങളിൽ ബലമായി സ്പർശിച്ചുവെന്നാണ് കീനൻ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം, അതിക്രമം സംബന്ധിച്ച് വ്ളോഗർമാർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് തൃശൂർ പോലീസ് പറയുന്നത്.

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം നേരിട്ടു; 
വെളിപ്പെടുത്തലുമായി വ്ളോഗർമാരായ വിദേശ ദമ്പതികൾ
പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം

അമേരിക്കക്കാരിയാണ് മക്കെൻസി. കീനൻ യുകെ സ്വദേശിയും. പലയിടങ്ങളിൽ ചെന്ന് അവിടുത്തെ നാട്ടുകാരെപ്പോലെ ജീവിച്ച് വിവിധ സംസ്കാരങ്ങൾ മനസിലാക്കുന്ന വ്ളോഗർമാരാണ് ഇവർ. കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് മാർച്ചിൽ മക്കൻസി ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

“ഒരു സ്ത്രീയെന്ന നിലയിൽ ഇന്ത്യയിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണോയെന്ന് യുഎസിൽനിന്നും ഇംഗ്ലണ്ടിൽ നിന്നുമുള്ള എൻ്റെ സുഹൃത്തുക്കൾ ചോദിക്കുന്നു. ഞാൻ പറയും, കേരളത്തിൽ 100 ശതമാനം സുരക്ഷിതമാണ്. ഇന്ത്യയുടെ ബാക്കി ഭാഗങ്ങളെക്കുറിച്ച് എനിക്ക് ഇപ്പോഴും ഉറപ്പില്ല. ഇവിടെ എനിക്ക് അതീവ സുരക്ഷിതത്വം തോന്നുന്നു. രാത്രിയിൽ ഞാൻ തെരുവിലൂടെ നടക്കുമ്പോൾ, വ്യക്തമായും ഞാൻ ശ്രദ്ധാലുവാണ്, പക്ഷേ എനിക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു,” എന്നായിരുന്നു മക്കൻസി അന്ന് വീഡിയോയിൽ പറഞ്ഞത്.

ഝാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെയും കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ദമ്പതികൾ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിജീവിതയുടെ വേദന അംഗീകരിക്കുന്നുവെന്നും ഈ സംഭവം ഇന്ത്യയുടെ മുഴുവൻ പ്രതിഫലനം ആകരുതെന്നുമാണ് വീഡിയോയിൽ ഇവർ പറയുന്നത്. തങ്ങൾ കേരളത്തിലാണെന്നും ഇവിടെ സുരക്ഷിതമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in