പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം

പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം

തൃശൂര്‍ പൂരം എന്നല്ല ഇന്ത്യയിലെ ഏതൊരു പൂരവും ഉത്സവവും പെരുന്നാളും മതേതരമല്ലെന്ന് മാത്രമല്ല, കൃത്യമായ ജാതി രാഷ്ട്രീയവും നിലനില്‍ക്കുന്ന ഇടങ്ങളാണ്

പൂരം എന്ന വാക്ക് കേള്‍ക്കുന്ന ഏതൊരു മലയാളിയും തീര്‍ച്ചയായും സങ്കല്‍പ്പിക്കുന്ന അനുഭവലോകം തൃശൂര്‍ പൂരത്തിന്റേതായിരിക്കും. പ്രാദേശികമായി പല പൂരങ്ങള്‍ കേരളത്തിലുണ്ടെങ്കിലും മലയാളിയെ അത്രമേല്‍ വൈകാരികമായി തൊടുന്ന മറ്റൊരു പൂരവും ഉണ്ടായിരിക്കില്ല. അത്രമേല്‍ സാംസ്‌കാരിക വൈകാരികത തൃശൂര്‍ പൂരത്തിന്മേല്‍ നമ്മള്‍ കേരളത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരള ഭൂപ്രദേശത്തിന്റെ എല്ലാ മനുഷ്യരുടെയും സാംസ്‌കാരിക മുഖമായിക്കൂടിയാണ് തൃശൂര്‍ പൂരത്തെ ഏവരും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്.

ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ മനുഷ്യന്‍ പൊതുവിടങ്ങള്‍ ഉണ്ടാക്കി ഒരുതരം സഹകരണ ജീവിതവും വിനോദ ആസ്വാദനവും നടത്തിപ്പോരാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരര്‍ത്ഥത്തില്‍ അനുഭവപരമായെങ്കിലും തൃശൂര്‍ പൂരത്തില്‍ കാണുന്ന മനുഷ്യരുടെ ഈ സംഗമം അതുതന്നെയാണ് നമ്മോട് പറയുന്നതും. അപ്പോഴും ഇന്ത്യപോലെ സാംസ്‌കാരികമായി തന്നെ ജാതി പ്രവര്‍ത്തിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് മതേതരവും ജാതിയിതരവുമായ ഇത്തരത്തിലുള്ള പൂരം പോലെ ഒരു ഇടം സാധ്യമാണോ. പറ്റില്ല എന്നും ഇതൊരു സങ്കല്പം മാത്രമാണെന്നും തന്നെയാണ് രണ്ടു വര്‍ഷമായെങ്കിലും പ്രത്യക്ഷത്തില്‍ തൃശൂര്‍ പൂരം നമ്മളോട് സംവദിക്കുന്നത്.

തൃശൂര്‍ പൂരം എന്നല്ല ഇന്ത്യയിലെ ഏതൊരു പൂരവും ഉത്സവവും പെരുന്നാളും മതേതരമെല്ലന്ന് മാത്രമല്ല, കൃത്യമായ ജാതി രാഷ്ട്രീയവും നിലനില്‍ക്കുന്ന ഇടങ്ങളാണ്. അതല്ലാതെ ഇന്ത്യയില്‍ ഒരു പൊതുവിടമുണ്ടാക്കിയെടുക്കാന്‍ ഒരുപക്ഷേ ജാതിയെ മറികടക്കുന്ന ഒരു സമൂഹത്തിനു മാത്രം സാധിക്കുന്ന ഒരു കാര്യമായിരിക്കും

തൃശൂര്‍ പൂരം എന്നല്ല ഇന്ത്യയിലെ ഏതൊരു പൂരവും ഉത്സവവും പെരുന്നാളും മതേതരമല്ലെന്നു മാത്രമല്ല, കൃത്യമായ ജാതി രാഷ്ട്രീയവും നിലനില്‍ക്കുന്ന ഇടങ്ങളാണ്. അതല്ലാതെ ഇന്ത്യയില്‍ ഒരു പൊതുവിടമുണ്ടാക്കിയെടുക്കാന്‍ ഒരുപക്ഷേ ജാതിയെ മറികടക്കുന്ന ഒരു സമൂഹത്തിന് മാത്രം സാധിക്കുന്ന ഒരു കാര്യമായിരിക്കും. അതില്ലാത്തടത്തോളം കാലം, ബ്രാഹ്‌മണ്യ- ജാതി രാഷ്ട്രീയവും കൂടി ചേര്‍ന്നു നിര്‍മിക്കുന്ന ഒരിടമാണ് പൂരങ്ങള്‍. അപ്പോഴും പൂരപ്പറമ്പുകള്‍ എല്ലാവര്‍ക്കും കയറിവരാന്‍ സാധിക്കുന്ന ഒരു ഇടമായി അനുഭവപ്പെട്ടേക്കാം. അതാവട്ടെ ഈ ബ്രാഹ്‌മണ്യ സാംസ്‌കാരിക ലോകത്തെ ചോദ്യം ചെയ്തുകൊണ്ട് നിയമപരമായി നിര്‍മിക്കപ്പെട്ട ഭരണഘടന സമൂഹത്തിന്റെ സൃഷ്ടിയായ ഇടമാണ്.

തൃശ്ശൂര്‍ പൂരം
തൃശ്ശൂര്‍ പൂരം

ഈ ഇടം ഉണ്ടായിരിക്കുന്നത് ഭരണഘടനയില്‍ അധിഷ്ഠിതമായ പുതിയകാല നീതിബോധത്തിന്റെ ഭാഗമായാണ്. അതായത് ഭരണഘടനയുടെ ഉറപ്പിന്മേലാണ് ഇത്ര മനുഷ്യര്‍ക്ക് തൃശൂര്‍ പൂരത്തിനെത്തി സന്തോഷിക്കാന്‍ സാധിക്കുന്നത് അതല്ലാതെ അത് പൂരം തരുന്ന, അല്ലെങ്കില്‍ അമ്പലം തരുന്ന ഒരു സാഹചര്യമല്ല. അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ പൂരവുമായും അമ്പലവുമായി ബന്ധപ്പെട്ട അധികാര പ്രവര്‍ത്തന കലാരംഗങ്ങളില്‍ തീര്‍ച്ചയായും എല്ലാ വിഭാഗം മനുഷ്യര്‍ക്കും ഇടം ഉണ്ടാവുമായിരുന്നു.

എന്നാല്‍ തൃശൂര്‍ പൂരം ഒരു അര്‍ത്ഥത്തില്‍ സവര്‍ണ അധികാര കേന്ദ്രീകൃതമായ ഒരു പൂരമാണ്. ജനസംഖ്യാപരമായി പോലും അധികമുള്ള പിന്നാക്കര്‍ക്ക് അതിനകത്ത് എത്രത്തോളം പ്രാതിനിധ്യമുണ്ടെന്നത് സംശയകരമായ കാര്യമാണ്. ഈഴവരുടെയും ദലിതരുടെയും പൂരസംഘാടനത്തിലെ പ്രതിനിധ്യമില്ലായ്മയെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇത്തരത്തില്‍ കഴിഞ്ഞ രണ്ടു മൂന്നു കൊല്ലത്തില്‍ കേരളത്തിലുണ്ടായിട്ടുണ്ട്.

പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം
തൃശൂര്‍ പൂരം പ്രതിസന്ധി: പോലീസിന് എതിരായ പരാതി ഗൗരവതരമെന്ന് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

ഉത്സവങ്ങളെ ഒരുപക്ഷേ പുതിയകാലത്തെ ജനാധിപത്യ ഇടമായി തോന്നിപ്പിക്കാവുന്ന ഭാഷ സമൂഹത്തില്‍ ഇന്നുണ്ടെങ്കിലും. ആ ഭാഷ വിശേഷാധികാരമുള്ള ജാതികളുടെ ആഖ്യാനഭാഷ മാത്രമാണ്. ഒരു ഭരണഘടനാനുസൃത രാജ്യമെന്നനിലയില്‍ പൊതുവിടങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ളതിന്റെ ഭാഗമായി എല്ലാ ജാതി ജനതകളും കടന്നുവരുന്ന ഉത്സവങ്ങളില്‍ അയിത്താചരണം പുതിയകാലത്ത് നടത്തപ്പെടുന്നത് അധികാര ഇടങ്ങള്‍ സവര്‍ണമാക്കിക്കൊണ്ടും പൂരത്തിന്റെ സാംസ്‌കാരിക ഇടങ്ങള്‍ സവര്‍ണമാക്കിക്കൊണ്ടുമാണ്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എ.എസ്. അജിത്കുമാര്‍ പുറത്തിറക്കിയ '3D Caste Stereo' എന്ന ഡോക്യുമെന്ററി ഇതു സംബന്ധിച്ചുള്ള അനുഭവസാക്ഷ്യങ്ങള്‍ നമുക്കു മുന്‍പില്‍ തുറന്നുകാണിച്ചിട്ടുള്ളതാണ്. ദലിതരായ വാദ്യമേളക്കാരെ ഒന്നും തന്നെ പൂരങ്ങളില്‍ മേളത്തിനകത്ത് ഉള്‍പ്പെടുത്തില്ലെന്ന് മാത്രമല്ല തന്റെ അനുഭവത്തില്‍ താന്‍ കൊട്ടാന്‍ ചെന്ന ക്ഷേത്രങ്ങളില്‍ നിന്നു കൊട്ടാന്‍ അനുവദിക്കാതെ മാറ്റി നിര്‍ത്തിയതായും ചെണ്ട വിദ്വാന്‍ ചന്ദ്രന്‍ പെരിങ്ങോട് പറയുന്നു.

ഇത്തരത്തില്‍ വിവിധങ്ങളായ അനുഷ്ഠാന- സാംസ്‌കാരിക ഇടത്തുനിന്നും മൂലധന നിര്‍മാണത്തെ തടഞ്ഞുകൊണ്ട് തങ്ങളുടെ അധികാരത്തെയും മൂലധനത്തെയും നിലനിര്‍ത്തിയാണ് ബ്രാഹ്‌മിണിസം നിലയുറപ്പിച്ചിരിക്കുന്നത്. അങ്ങനെ അധികാര-ബ്രാഹ്‌മണ്യം സാംസ്‌കാരികമായി നിലനിന്നതിനപ്പുറത്തേക്കു രാഷ്ട്രീയപരമായി അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്നിപ്പോള്‍ തൃശൂര്‍ പൂരത്തിനുള്ളിലൂടെ വര്‍ഗീയ സന്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നത്, കഴിഞ്ഞവര്‍ഷം അത് ഉത്സവത്തിനിടയില്‍ സവര്‍ക്കറുടെ ചിത്രം വച്ച കുടകള്‍ ആയിട്ടാണ് ചെയ്തതെങ്കില്‍ ഇന്നിപ്പോള്‍ അയോധ്യയിലെ രാമനെ ഉയര്‍ത്തി വച്ചുകൊണ്ടാണ് തൃശൂര്‍ പൂരം രാഷ്ട്രീയം അറിയിക്കുന്നത്.

പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം
തൃശൂര്‍ പൂരം വിഭാഗീയതയുടെ സ്ഥലമാക്കാന്‍ ശ്രമം, രാംലല്ല വിഗ്രഹം രാഷ്ട്രീയ അജണ്ടയുടെ ഭാഗം: പിഎൻ ഗോപീകൃഷ്ണൻ

തൃശൂര്‍ പൂരം ചരിത്രത്തില്‍

നമ്മുടെ സാമൂഹ്യചരിത്രത്തെ അതിന്റെ ജാതീയ പശ്ചാത്തലം പരിശോധിച്ച് ആലോചിക്കുകയാണെങ്കില്‍, പൂരങ്ങള്‍ക്കകത്ത് കാണുന്ന ഇടപെടലുകള്‍, വ്യത്യസ്ത കായികാചാരങ്ങള്‍, ഉദാഹരണത്തിന് ആനപ്പുറത്ത് കയറുകയെന്നത് ഉള്‍പ്പെടെ സവര്‍ണരില്‍നിന്ന് ഉണ്ടായിവന്നതാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. അധ്വാനമല്ല ധ്യാനമാണ് ദ്വിജന്മാരായ പൂണൂല്‍ദാരികള്‍ തങ്ങളുടെ ജീവിതോദ്ദേശമായി കണ്ടിരുന്നത്. അതിനാല്‍ കായികാധ്വാനം പഞ്ചമരുടെ വ്യവഹാരമണ്ഡലമായിരുന്നു. അല്ലെങ്കില്‍ തന്നെ തൊട്ടുകൂടായ്മയാല്‍ അധികാരത്തെ നിര്‍മിച്ചവര്‍ എങ്ങനെ 'പൊതു' ആഘോഷങ്ങള്‍ നിര്‍മിക്കാനാണെന്ന ദലിത് ചിന്തകയായ മൃദുല ദേവി ഉയര്‍ത്തിയ ചോദ്യം പ്രസക്തമാവുന്നത് അവിടെയാണ്.

അല്പം കൂടി ചരിത്രപരമായി വിശകലനം ചെയ്താല്‍ അമ്പലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലും പലതും ഒരര്‍ത്ഥത്തില്‍ 'കീഴാള'തയുടെ കയ്യൊപ്പ് പതിഞ്ഞവയാണ്. പൂജാരാധനയുമായി ബന്ധപ്പെട്ട പുഷ്പം ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കാടുകളില്‍ പോയി പറിയ്ക്കുകയും മറ്റേതെങ്കിലും സ്ഥലങ്ങളില്‍ പോയി കൊണ്ടുവരികയോ ഈ ദ്വിജന്മാര്‍ ചെയ്തിരിക്കാന്‍ വഴിയില്ല. അതായത് സാംസ്‌കാരിക പരമായ ഒരു വിഴുങ്ങലിലൂടെ, ആത്മീയപരമായ ബ്രാഹ്‌മണിക്കല്‍ അധിനിവേശ സമയത്ത് ബ്രാഹ്‌മണ്യം ഒരര്‍ത്ഥത്തില്‍ അടിത്തട്ട് ആത്മീയ വ്യവഹാരങ്ങളെയും അതിന്റെ ഇടങ്ങളെയും അതീശത്വപ്പെടുത്തിയതിനൊപ്പം പൂരം ഉള്‍പ്പെടെയുള്ളവയെ തങ്ങളുടേതാക്കിരിക്കാനാണ് സാധ്യത.

അങ്ങനെ അധിനിവേശാനന്തരം തങ്ങളുടേതാക്കി ആചാര അനുഷ്ഠാനങ്ങളും ബൗദ്ധ ജൈന മന്ദിരങ്ങളെ തങ്ങളുടെ അമ്പലങ്ങള്‍ ആക്കി മാറ്റിയതിലൂടെയുമാണ് ഒരര്‍ത്ഥത്തില്‍ രാജ്യത്തെയും പ്രത്യേകിച്ചും കേരളത്തിലെയും ആത്മീയ ഇടങ്ങള്‍ ബ്രാഹ്‌മണ്യം കാല്‍കീഴിലാക്കിയത്. തൃശൂര്‍ പൂരമെന്ന പൂരസങ്കല്പത്തിന്റെയും സൃഷ്ടി മറ്റൊന്നുമല്ല. അതിനാല്‍ ഈ അധിനിവേശ സ്വഭാവവും അതീശത്വ സ്വഭാവമുള്ള ഉത്സവം തന്നെയായാണ് ചരിത്രപരമായി തൃശൂര്‍ പൂരവും രൂപപ്പെട്ടുവന്നത്.

പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം
സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല

നിരത്തുകളില്‍നിന്ന് ദലിതരെ ആട്ടിയോടിച്ച് നടത്തപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായിരുന്നു തൃശൂര്‍ പൂരം. 1918 വരെ തൃശൂരിലെ ദലിത് -ഈഴവ പിന്നോക്ക മനുഷ്യര്‍ക്കു പൂര പ്രദക്ഷിണം കാണാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. പൂരസമയത്ത് പ്രദക്ഷിണം പോകുന്ന വഴിയില്‍ താമസിക്കുന്ന ദലിതരും ഈഴവരും തങ്ങളുടെ വീട് ഉപേക്ഷിച്ച് താല്‍ക്കാലികമായി എങ്കിലും ദൂരം മാറി ജീവിക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ 1918ല്‍ പൂരപ്രദക്ഷിണം റോഡിലൂടെ കടന്നു പോകുന്നത് കാണാന്‍ അവര്‍ണര്‍ ശ്രമിക്കുകയും അതിന്റെ ഫലമായി സവര്‍ണര്‍ ഇക്കൂട്ടരെ മര്‍ദ്ദിക്കുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഒരു പുതിയ സാമൂഹിക ക്രമത്തിനകത്തേക്ക് പ്രവേശിച്ചുവെന്നു പറയുമ്പോള്‍ പോലും സാംസ്‌കാരികപരമായ ബ്രാഹ്‌മണ്യത്തെ ഉപേക്ഷിക്കാന്‍ സാധിച്ചുവെന്ന് കരുതാനാവില്ല

ഇതൊരു അര്‍ത്ഥത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഒരുതരം ജാതി സംഘര്‍ഷങ്ങള്‍ക്കപ്പുറം അടിത്തട്ട് മനുഷ്യരെ സംബന്ധിച്ച് ആത്മാഭിമാനത്തിന്റെ രാഷ്ട്രീയ പോരാട്ടമായിട്ടാണ് ആ കാലഘട്ടത്തിനകത്ത് രൂപപ്പെട്ടുവന്നത്. അതുകൊണ്ടുതന്നെ അന്ന് മഹാരാജാവായിരുന്ന രാമവര്‍മയ്ക്ക് വിഷയത്തിന്മേല്‍ ഇടപെടേണ്ടതായും അന്വേഷണത്തിന് ഉത്തരവിടേണ്ടതായി വന്നു. എങ്കിലും അത്രമേല്‍ രാഷ്ട്രീയപരമായും സാമൂഹ്യപരമായിമുള്ള സമ്മര്‍ദ്ദം ഉണ്ടായിട്ടുപോലും പൂരപ്രദക്ഷിണം കാണാനുള്ള അവകാശം മാത്രമാണ് അടിത്തട്ട് ജനതയ്ക്ക് ലഭിച്ചത് അതുമാത്രമല്ല പ്രതിഷ്ഠയില്‍നിന്ന് 150 അടി മാറിനില്‍ക്കണമെന്നുള്ള വ്യവസ്ഥയും അധികാരികള്‍ മുന്നോട്ടുവച്ചു. അതായത് ചരിത്രപരമായും സാംസ്‌കാരിക പരമായും പരിണാമപ്പെടുമ്പോള്‍ പോലും ജാതിബന്ധിതമായ ആചാരഹത്യകള്‍ക്കകത്താണ് പൂരം നിലനില്‍ക്കുന്നത്. പൂരത്തിനകത്ത് ദൈവം പോലും അത്തരമൊരു ശുദ്ധാശുദ്ധി സങ്കല്‍പ്പത്തിന്റെ ഭാഗമായിട്ടല്ലാതെ നിലനില്‍ക്കുന്നുണ്ടെന്ന് കരുതാനാവില്ല.

 പൂരത്തിൽ ഉയർത്തിയ രാം ലല്ല കുട
പൂരത്തിൽ ഉയർത്തിയ രാം ലല്ല കുട

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഒരു പുതിയ സാമൂഹിക ക്രമത്തിനകത്തേക്ക് പ്രവേശിച്ചുവെന്നു പറയുമ്പോള്‍ പോലും സാംസ്‌കാരികപരമായ ബ്രാഹ്‌മണ്യത്തെ ഉപേക്ഷിക്കാന്‍ സാധിച്ചുവെന്ന് കരുതാനാവില്ല. അന്നുവരെ നിലനിന്ന സാമൂഹിക ക്രമത്തില്‍നിന്നു വ്യത്യസ്തമായ പുതിയ ഭരണഘടനയ്ക്ക് അനുസൃതമായി രൂപപ്പെട്ടുവന്ന ജീവിതക്രമത്തെ ഉപയോഗിച്ച് വ്യത്യസ്ത തട്ടില്‍ പ്രദേശാനുസൃതവും ആചാരനുസൃതവുമൊക്കെ തുല്യതയെപ്പറ്റി പുതിയ ആലോചനയും പുതിയ പൗരസങ്കല്പവുമൊക്കെ രാജ്യത്തൊട്ടാകെ രൂപപ്പെട്ടു വന്നു. പൊതുവിടങ്ങള്‍ എന്നതിലുപരി, സഹോദര്യത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ഇടങ്ങള്‍ രൂപപ്പെട്ടു വന്നുവെന്നത് ഇവിടെ പ്രധാനമാണ്.

പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം
പൂരം, പൊടി പൂരം, തൃശ്ശൂര്‍ പൂരം!

എങ്കിലും ചരിത്രത്തില്‍നിന്ന് വ്യത്യസ്തമായ ഒരു ബ്രാഹ്‌മണ്യ അധികാരക്രമം മാത്രം ഒരര്‍ത്ഥത്തില്‍ വികസിച്ചു വന്നില്ല, മറിച്ച് ബ്രാഹ്‌മണ്യ അധികാരത്തെ നിലനിര്‍ത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും പ്രയോഗ ശാസ്ത്രങ്ങളുമാണ് രൂപപ്പെട്ടു വന്നത്. അതായത് സവര്‍ണന്റെ കാഴ്ചയില്‍നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച സമൂഹത്തിനുമേല്‍ ഉണ്ടാക്കിയെടുക്കാന്‍ പുതിയ രാഷ്ട്രപൗരനും ആ ഒരര്‍ത്ഥത്തില്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ ബ്രാഹ്‌മണ- ജാതി അധികാര ശ്രേണിയെ തകര്‍ക്കാന്‍ സാധ്യതയുള്ള ജാതി നശീകരണത്തെ തടയാനും, ബ്രാഹ്‌മണിസത്തെ അധികാരിയാക്കി നിലനിര്‍ത്താനുമൊക്കെ ഒരു മുസ്ലിം അപരന്‍ നിര്‍മിക്കപ്പെട്ടു.

പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം
തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പിന്നിലെന്ത്? രാഷ്ട്രീയ വിവാദത്തിന് തുടക്കം, രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍

ഇത്തരം മതാത്മക അപരന്മാരെ അതിന്റെ തീവ്രതയില്‍ നിലനിര്‍ത്താന്‍ ഒരര്‍ത്ഥത്തില്‍ മതേതരമെന്ന് തോന്നാവുന്ന ഉത്സവങ്ങളേക്കാള്‍ മികച്ച സ്ഥലങ്ങളില്ലെന്ന് കുശാഗ്രതയാണ് പൂരങ്ങള്‍ വര്‍ഗീയ ഇടങ്ങളാക്കിയെടുക്കുന്നതില്‍ കാണുന്ന തീവ്രവാദ ബുദ്ധി. അതായത് ചരിത്രത്തിന്റെ എല്ലാ കാലഘട്ടത്തിലും ഇത്തരം ഇടങ്ങളെ ജാതി-വല്‍ക്കരിച്ചും വര്‍ഗീയ-വല്‍ക്കരിച്ചും തന്നെയാണ് ബ്രാഹ്‌മണിസം ഇന്ത്യയില്‍ അതിജീവിച്ചത്. അതീ ഹിന്ദുത്വ കാലത്തേക്ക് മാറ്റപ്പെട്ടതാണ് നമ്മളിപ്പോള്‍ തൃശൂര്‍ പൂരത്തില്‍ കണ്ടത്.

ബ്രാഹ്‌മണ്യത്തിന്റെ സമകാലീന പൂരം

ഇന്ത്യയില്‍ എല്ലാവരുടേതുമായ ഒരു രാമനില്ലെന്ന് ഡോ. ടി ടി ശ്രീകുമാര്‍ സമൂഹമാധ്യമത്തിലൂടെ നിരീക്ഷിച്ചത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ രാമനെന്നു പറയുന്നത് പൊതുവായി അനുഭവവേദ്യമായ ഒരു ആത്മീയ രൂപമല്ല മറിച്ച് രാമന്‍ പലരെയും ഭയപ്പെടുത്തുന്ന രാഷ്ട്രീയ സ്വത്വമാണ്. അയോധ്യയിലെ ബാബറി മസ്ജിദില്‍ ഉണ്ടായിവന്ന രാംലല്ല വളരെ കൃത്യമായി സംഘപരിവാറിന്റെ സൃഷ്ടിയാണ്, ആ സംഘപരിവാറിന്റെ രാംലല്ലയെ ഹിന്ദുക്കളുടെ എല്ലാം രാംലല്ലയാക്കി മാറ്റാനുള്ള ശ്രമമായിരുന്നു തൃശൂര്‍ പൂരത്തിലൂടെ നടത്തിയത്.

പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം
തൃശൂർ പൂര വിവാദം: പോലീസ് കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണറെയും സ്ഥലംമാറ്റും

അങ്ങനെ എല്ലാ ഹിന്ദുക്കളുടെയും രാംലല്ലയാക്കാനുള്ള ശ്രമം നടപ്പിലായാലും ഇല്ലെങ്കിലും, ഇത് തങ്ങളുടെ അധികാര കേന്ദ്രമാണെന്നുള്ള ഒരുതരം പ്രഖ്യാപനം എങ്കിലും പൂരത്തിലൂടെ സംഘപരിവാര്‍ നടത്തിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ രാജ്യത്തൊട്ടാകെ നടത്തുന്ന വര്‍ഗീയ ആക്രമണങ്ങളുടെ പ്രതീകമെന്നോണം പോലും ഇതിനെ വിലയിരുത്താവുന്നതാണ്. ഒരുപക്ഷേ അനുഭവപരമായോ രാഷ്ട്രീയപരമായോ കേരളീയ സമൂഹത്തില്‍ നിലവില്‍ ഇല്ലാത്ത ഒരുതരം പുതിയ വര്‍ഗീയ രാഷ്ട്രീയബോധമാണ് പൂരത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

രാഷ്ട്രീയപരമായും സാമൂഹ്യപരമായും തങ്ങള്‍ക്ക് ഇടപെടാന്‍ സാധിക്കാത്ത ഒരിടത്തേക്ക് ആത്മീയ വ്യവഹാരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ബ്രാഹ്‌മണ്യത്തിന് കടന്നുവരാന്‍ സാധിക്കുമെന്ന അപകടകരമായ കാര്യമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സായുധ തീവ്രവാദത്തിലേക്ക് ആത്മീയ ബോധത്തെ വികസിപ്പിക്കുന്ന ബ്രാഹ്‌മണിസത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയം രാജ്യം നശിപ്പിക്കുന്ന കാലം വിദൂരമല്ല. ജാതി നശീകരണവും ജനാധിപത്യവും ആണ് നമ്മുടെ മുന്നിലുള്ള ഏകമാര്‍ഗമെന്ന് വീണ്ടും ഓര്‍ക്കേണ്ടതുണ്ട്.

പുതിയകാല ഭരണഘടന സാമൂഹ്യക്രമത്തിനകത്ത് ഒരു സൂക്ഷ്മ രൂപമായും, അദൃശ്യ ശരീരമായും മാത്രം ഇത്രയും നാള്‍ നിലനിര്‍ത്തി പോന്നിരുന്ന ജാതിയെ ഒരു സാംസ്‌കാരിക അധികാരമാക്കി മാറ്റാന്‍ സാധിക്കുന്ന ഏറ്റവും പ്രായോഗിക ഇടപെടലും ഇതുതന്നെയാണ്. തീര്‍ച്ചയായും മാറിവന്ന സാമ്പത്തിക- വ്യവസായിക സാഹചര്യങ്ങളാലും പുതിയകാല ജനാധിപത്യ നീതിബോധത്തില്‍ അധിഷ്ഠിതമായും ഉയര്‍ന്നുവന്ന പുതിയ കാല ഭരണഘടന സമൂഹം, ബ്രാഹ്‌മണിസത്തെയും ബ്രാഹ്‌മണ്യത്തിന്റെ അധികാരത്തെയും ചോദ്യം ചെയ്യമെന്നതുകൊണ്ട് അതിനു തടയിടുകയും അതിലുപരി കേവല ജാതിമൂല്യ സമൂഹത്തിന്റെ അതോറിറ്റേറിയനിസത്തില്‍നിന്ന് ഹിംസാത്മക ജാതീയതയുടെ ഫാസിസത്തിലേക്ക് കേരളം പോലെ ഉപരിപ്ലവവുമായെങ്കിലും മതേതരത്വം പറയുന്ന സമൂഹത്തെ മാറ്റിയെടുക്കുകയെന്നതും കൂടിയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്ന പ്രധാന സംഭവവികാസമെന്ന് പറയുന്നത്.

പൂരത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ജാതിയുടെ സാംസ്കാരിക അധികാരം
വാനിൽ വർണ വിസ്മയം തീർത്ത് പൂരം വെടിക്കെട്ട്

അതായത് അപരമത വിദ്വേഷം ആത്മീയ ലക്ഷ്യമാക്കി രാഷ്ട്രീയത്തെയും സാംസ്‌കാരികതയെയും തങ്ങളുടെ അധികാരത്തിലാക്കുക എന്നതിനപ്പുറം ലോകത്തെ ഏറ്റവും ഹീനവും ക്രൂരവുമായ ഇന്ത്യന്‍ ബ്രാഹ്‌മണിക്കല്‍ പ്രത്യയശാസ്ത്രത്തെ തിരികെ ഇന്ത്യന്‍ മണ്ണില്‍ അരക്കിട്ടുറപ്പിക്കുകയെന്നതാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരം പ്രവര്‍ത്തികള്‍ കേവല വിശ്വാസ - ആഘോഷ കൂത്തിനപ്പുറമാണെന്ന് മനസ്സിലാക്കി പ്രശ്‌നവല്‍ക്കരിക്കേണ്ടതാണെന്ന് നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കേണ്ടത്. സായുധ തീവ്രവാദത്തിലേക്ക് ആത്മീയ ബോധത്തെ വികസിപ്പിക്കുന്ന ബ്രാഹ്‌മണിസത്തിന്റെ ഹിന്ദുത്വരാഷ്ട്രീയം രാജ്യം നശിപ്പിക്കുന്ന കാലം വിദൂരമല്ല. ജാതി നശീകരണവും ജനാധിപത്യവുമാണ് നമ്മുടെ മുന്നിലുള്ള ഏകമാര്‍ഗമെന്ന് വീണ്ടും ഓര്‍ക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in