തൃശൂര്‍ പൂരം വിഭാഗീയതയുടെ സ്ഥലമാക്കാന്‍ ശ്രമം, രാംലല്ല വിഗ്രഹം രാഷ്ട്രീയ അജണ്ടയുടെ ഭാഗം: പിഎൻ ഗോപീകൃഷ്ണൻ

തൃശൂര്‍ പൂരം വിഭാഗീയതയുടെ സ്ഥലമാക്കാന്‍ ശ്രമം, രാംലല്ല വിഗ്രഹം രാഷ്ട്രീയ അജണ്ടയുടെ ഭാഗം: പിഎൻ ഗോപീകൃഷ്ണൻ

തൃശൂർ പൂരത്തിലെ കുടമാറ്റത്തിനിടയില്‍ രാംലല്ലയെ പ്രദർശിപ്പിച്ചതിനെതിരെ ദ ഫോർത്തിനോട് പ്രതികരിക്കുകയായിരുന്നു പി എൻ ഗോപീകൃഷ്ണൻ

ലോകത്തിലെ പല ദിക്കുകളിൽനിന്ന് നിരവധി മനുഷ്യര്‍ ജാതിമതഭേദമന്യെ ഒഴുകിയെത്തുന്ന കേരളത്തിന്റെ ദേശീയ ഉത്സവമാണ് തൃശൂര്‍ പൂരം. പൂരത്തിലെ ശ്രവ്യ-ദൃശ്യ മേളകള്‍ക്കും വെടിക്കെട്ടിനും വേണ്ടി അടുത്ത പൂരം വരെ മലയാളികള്‍ കാത്തിരിക്കും. ഓരോ വര്‍ഷവും പൂരത്തിലെ കുടമാറ്റത്തിലെ വൈവിധ്യങ്ങള്‍ എന്താണെന്നുള്ള ആകാംക്ഷയും മലയാളികള്‍ക്കുണ്ട്. എന്നാല്‍ ഇത്തവണ തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തില്‍ പ്രത്യക്ഷമായത് അയോധ്യ രാമക്ഷേത്രവും പ്രതിഷ്ഠയായ രാംലല്ലയുമായിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയർന്നിരിക്കുന്നത്.

തൃശൂര്‍ പൂരമെന്ന സംസ്‌കാരത്തെ വര്‍ഗീകരിക്കുകയും ഫാസിസവല്‍ക്കരിക്കാനുള്ള ശ്രമമാണ് കുടമാറ്റത്തിൽ രാമക്ഷേത്രവും രാംലല്ല വിഗ്രഹവും പ്രദർശിപ്പിച്ചതിലൂടെ കണ്ടതെന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പിഎന്‍ ഗോപീകൃഷ്ണന്‍. ജനങ്ങളുടെ ഉത്സവമായ പൂരം വിഭാഗീയതയുടെ സ്ഥലമാക്കാന്‍ ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോപീകൃഷ്ണൻ ദ ഫോര്‍ത്തിനോട് പ്രതികരിക്കുന്നു:

ജനകീയ ഉത്സവത്തിലെ സാംസ്‌കാരിക അട്ടിമറി

തൃശൂര്‍ പൂരം സ്വാഭാവികമായും ജനങ്ങളുടെ ഉത്സവമാണ്. ജനകീയ ഉത്സവത്തില്‍ രാഷ്ട്രീയ ബിംബത്തെ പ്രദര്‍ശിപ്പിക്കുന്നത് ഇതുവരെ തുടര്‍ന്നുവന്ന സാംസ്‌കാരിക സാഹചര്യത്തിന് വലിയ തരത്തില്‍ ദോഷമുണ്ടാക്കുന്ന കാര്യമാണ്. രാംലല്ലയുടെ വിഗ്രഹത്തിന് ഒരു ചരിത്രമുണ്ട്. ആ ചരിത്രം ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വന്നതാണ്.

ഹിന്ദു ഫാസിസത്തിന്റെ പ്രധാനപ്പെട്ട അജണ്ട സംസ്‌കാരത്തെ ഹൈന്ദവവല്‍ക്കരിക്കുക, അല്ലെങ്കില്‍ ഫാസിസവല്‍ക്കരിക്കുകയെന്നതാണ്.

സുപ്രീം കോടതി വിധിക്കുശേഷമാണ് രാമക്ഷേത്രം സ്ഥാപിച്ചതെന്നത് ശരിയാണ്. നിയമപരമായ പരിരക്ഷയുമുണ്ട്. പക്ഷേ, അതേസമയം ബാബരി മസ്ജിദ് പൊളിച്ചിട്ടാണ് രാമക്ഷേത്രം പണിയുന്നത്. ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പ്രക്രിയയിലൂടെയാണ് അതിന് മുന്‍കൈയെടുത്തത്. അതുകൊണ്ടുതന്നെ രാംലല്ലയെ ഒരു സാധാരണ രാമക്ഷേത്രമായോ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായിട്ടോ സമീപിക്കാന്‍ സാധിക്കില്ല.

തൃശൂർ പൂരം കുടമാറ്റത്തിൽ പ്രദർശിപ്പിച്ച രാംലല്ല പ്രതിഷ്ഠയുടെ രൂപം
തൃശൂർ പൂരം കുടമാറ്റത്തിൽ പ്രദർശിപ്പിച്ച രാംലല്ല പ്രതിഷ്ഠയുടെ രൂപം

ലോകത്തിലെ പ്രധാനപ്പെട്ട ഉത്സവമായി കണക്കാക്കുന്ന തൃശൂര്‍ പൂരത്തിന്റെ ഉള്ളില്‍ പൂരത്തിൻ്റെ ചുമതലക്കാർ തന്നെ മുൻകൈയെടുത്ത് ഇങ്ങനൊരു നടപടി സ്വീകരിക്കുന്നത് വലിയ തരത്തില്‍ സാംസ്‌കാരിക അട്ടിമറിയെ ഒളിച്ചുകടത്തുന്നതാണ്. ഇതിനെതിരെ പ്രതിഷേധമുയരണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സംസ്‌കാരത്തെ ആത്മീയവല്‍ക്കരിക്കുകയല്ല, മറിച്ച്, വര്‍ഗീയവൽക്കരിക്കുകയും ഫാസിസവല്‍ക്കരിക്കുകയുമാണ് ചെയ്യുന്നത്.

ഹിന്ദു ഫാസിസത്തിന്റെ പ്രധാനപ്പെട്ട അജണ്ട സംസ്‌കാരത്തെ ഹൈന്ദവവല്‍ക്കരിക്കുക, അല്ലെങ്കില്‍ ഫാസിസവല്‍ക്കരിക്കുകയെന്നതാണ്. ഇത് രാഷ്ട്രീയപരമായി കേരളത്തിലും തെക്കേ ഇന്ത്യയിലും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. അതിനെതിരെയുള്ള ചെറുത്തുനില്പ് ജനങ്ങളുടെ ഭാഗത്തുനിന്നും സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്നുമുണ്ടായിട്ടുമുണ്ട്. അതിനെ മറികടക്കാന്‍ സംസ്‌കാരത്തിലൂടെ ഫാസിസത്തെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നു.

തൃശൂര്‍ പൂരം വിഭാഗീയതയുടെ സ്ഥലമാക്കാന്‍ ശ്രമം, രാംലല്ല വിഗ്രഹം രാഷ്ട്രീയ അജണ്ടയുടെ ഭാഗം: പിഎൻ ഗോപീകൃഷ്ണൻ
'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം

സവര്‍ക്കറൈസേഷന്‍ പ്രക്രിയ

നേരത്തെ സവര്‍ക്കറുടെ ചിത്രവും കുടമാറ്റത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സവര്‍ക്കറെപ്പോലൊരാളുടെ ചിത്രം കുടയില്‍ പ്രത്യക്ഷപ്പെടുന്നത് ആകസ്മികമല്ല. കുറച്ചു വര്‍ഷങ്ങളായി സവര്‍ക്കറൈസഷന്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.

കര്‍ണാടകയില്‍ ബിജെപി ഭരിക്കുന്ന സമയത്ത് പാഠപുസ്തകത്തില്‍ സവര്‍ക്കറെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടത്തുന്നു, നാടകങ്ങള്‍ ഉണ്ടാക്കുന്നു. ഇന്ത്യയിലെ ഓരോ പ്രധാനപ്പെട്ട ആകാശവാണി നിലയങ്ങളിലൂടെയും സവര്‍ക്കരുടെ ജീവിതകഥ പ്രക്ഷേപണം ചെയ്യുന്നു. ബോക്‌സ് ഓഫീസില്‍ കുത്തനെ വീണെങ്കിലും സവര്‍ക്കറെക്കുറിച്ചുള്ള ചിത്രം പുറത്തുവരുന്നു. ഇത്തരം സവര്‍ക്കറൈസേഷന്‍ പ്രക്രിയകള്‍ ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ചും അതുപോലെ മറ്റ് തരത്തിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചും ഇന്ത്യന്‍ ജനതയ്ക്കുള്ളിലേക്കു പുതിയ രൂപത്തില്‍ കടത്തിവിടാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായിട്ട് വേണം ഇതിനെ കാണാൻ.

വി ഡി സവർക്കർ
വി ഡി സവർക്കർ

അതിന്റെ ഭാഗമായി ഉത്സവം പോലുള്ള വലിയ ജനസംഗമത്തെ ഇത്തരം ഫാസിസവവല്‍ക്കരണത്തിന് ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഉത്സവം പ്രത്യക്ഷ രാഷ്ട്രീയവേദിയല്ല. ജാതിമതഭേദമന്യേ ആളുകള്‍ പങ്കുകൊള്ളുന്ന സ്ഥലമാണിത്. അതിലെ കാണികള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളാണ്. അവര്‍ക്കു മുന്നില്‍ ഒരു രാഷ്ട്രീയബിംബത്തെ നിയമവവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ നടക്കുന്നത്.

ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് പോലുള്ള സമയത്താണ് ഇങ്ങനൊരു സംഗതി നടക്കുന്നത്. പാറേമക്കാവും തിരുവമ്പാടി കമ്മിറ്റിയും ഒരു രാഷ്ട്രീയകക്ഷിയുടെയും ഭാഗമല്ല, മറിച്ച് അവരെ ഉപാധിയാക്കുന്നു. ഇവര് തന്നെ പൂരത്തിന്റെ മൊത്തം സ്പിരിറ്റിനെ അട്ടിമറിക്കുന്നു. പൂരത്തിന്റെ സ്പിരിറ്റ് ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ വരുന്നു, വിവിധ തരത്തിലുള്ള മനുഷ്യര്‍ കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നും ഒഴുകിയെത്തുന്നു എന്നതാണ്. ഇവര്‍ മേളം കേള്‍ക്കുകയും, കുടമാറ്റം കാണുകയും, പൂരത്തിന്റെ എല്ലാ ദൃശ്യശ്രാവ്യ അനുഭവങ്ങളില്‍ കൂടിയും കടന്നുപോകുകയും ചെയ്യുന്നു. അത് ഒരു വലിയ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ്. അത് വിഭാഗീയതയുടെ സ്ഥലമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ വളരെ ശ്രദ്ധപുലർത്തണം.

logo
The Fourth
www.thefourthnews.in