സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല

സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല

എന്തുകൊണ്ട് രാമനെ ഇവിടെ പ്രശ്‌നവല്‍ക്കരിക്കുന്നു എന്ന് ചോദിച്ചാല്‍ രാമന്‍ എന്തിന് വേണ്ടിയാണ് നിലകൊണ്ടതെന്നാണ് പ്രധാനപ്പെട്ട ചോദ്യം

കഴിഞ്ഞ ദിവസം തൃശൂർ പൂരത്തിലെ കുടമാറ്റവുമായി ബന്ധപ്പെട്ട് അയോധ്യയിലെ രാമക്ഷേത്രവും വില്ല് കുലച്ച് നില്‍ക്കുന്ന രാമന്റെ പ്രതീകവുമാണ് കാണാനിടയായത്. അത് കേവലമൊരു ബിംബം മാത്രമല്ല, വലിയൊരു രാഷ്ട്രീയ സംഭവവും സന്ദേശവും കൂടിയാണ്. ഇത് ചരിത്രപരമായി അഴിച്ചുപരിശോധിക്കേണ്ട കാര്യമാണ്.

1903ല്‍ മനോരമയില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു,'തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ തീണ്ടല്‍ ജാതിക്കാരും അന്യമതക്കാരും ധാരാളമായി നടക്കുന്നതിനാല്‍ പലവിധത്തിലുള്ള അസൗകര്യം നേരിടുന്നു. അസൗകര്യം ഒഴിവാക്കാന്‍ വേണ്ടി തീണ്ടല്‍ ജാതിക്കാരെയും അന്യമതക്കാരെയും തൃശൂരിലെ തേക്കിന്‍കാട് എന്ന പറമ്പില്‍ (വാര്‍ത്തയില്‍ മൈതാനം എന്നല്ല, പറമ്പെന്നാണ് ഉപയോഗിച്ചത്) പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല', വാര്‍ത്തയില്‍ പറയുന്നു.

സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല
മേധാവിത്വത്തിനായി ആചാരലംഘനവും നടത്തുന്ന ബ്രാഹ്മണ്യം

ഇങ്ങനെയുണ്ടായിരുന്ന ചരിത്രസാഹചര്യത്തില്‍ നിന്നാണ് ഇന്ന് ആയിരക്കണക്കിന് ആളുകള്‍ തൃശൂര്‍ പൂരം കാണാന്‍ എത്തിച്ചേരുന്നത്. ഈ ചരിത്ര സംഭവം നാം മറന്നു പോകുന്നതു കൊണ്ടാണ് ഇപ്പോള്‍ രാമന്റെ ബിംബവും അയോധ്യാ രാമക്ഷേത്രവും ഉയര്‍ത്തപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്ന് നാം ചോദിക്കണം.

എന്തുകൊണ്ട് രാമനെ ഇവിടെ പ്രശ്‌നവല്‍ക്കരിക്കുന്നു എന്ന് ചോദിച്ചാല്‍ രാമന്‍ എന്തിന് വേണ്ടിയാണ് നിലകൊണ്ടതെന്നാണ് പ്രധാനപ്പെട്ട ചോദ്യം. വാത്മീകി രാമായണത്തില്‍ താടകയെ വധിക്കുന്ന സന്ദര്‍ഭത്തില്‍ 'ഗോ ബ്രാഹ്‌മണ ഹിതാര്‍ദ്ധ, യതി ദുഷ്ട പരാക്രമം' എന്നാണ് രാമന്‍ പറയുന്നത്. അതായത്, 'പശുവിന്റെയും ബ്രാഹ്‌മണന്റെയും ഇഷ്ടം പരിപാലിക്കുന്നതിന് വേണ്ടി ഞാന്‍ താടകയെ വധിക്കുന്നു'വെന്ന് പറഞ്ഞിട്ടാണ് രാമന്‍ താടകയെ വധിക്കുന്നത്. മറ്റ് കാരണങ്ങളൊന്നുമില്ല, പശുവിന്റെയും ബ്രാഹ്‌മണന്റെയും ഹിതമാണ് രാമന്‍ എക്കാലവും പരിപാലിച്ചത്.

കേരളത്തിന്റെ താന്ത്രികനുഷ്ടാന പാരമ്പര്യവും നാരായണ ഗുരു സ്വാമിയും ഒക്കെ തിരസ്കരിച്ച, കയ്യൊഴിഞ്ഞ ഒരു പാരമ്പര്യത്തെയാണ് ഇപ്പോൾ തൃശൂർ പൂരത്തിന് ഉയർത്തി കാട്ടിയിരിക്കുന്നത്

വനവാസത്തിനായി രാമന്‍ കാട്ടിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ ഒരുപാട് പേര്‍ക്ക് ദാനം നല്‍കുന്നു. അപ്പോള്‍ 'ബ്രാഹ്‌മണരെ ദാനത്തിനായി വിളിച്ചുവരുത്തിയാലും' എന്നാണ് കൗസല്യയോട് രാമന്‍ പറയുന്നത്. മൂന്നാമത്തെ സന്ദര്‍ഭം ശംബൂക വധമാണ്. അയോധ്യ രാജധാനിയില്‍ ഒരു ബ്രാഹ്‌മണ ബാലന്‍ മരിക്കുന്നു, ബ്രാഹ്‌മണ ബാലന്റെ അച്ഛന്‍ എന്റെ മകന്‍ മരിച്ചിരിക്കുന്നുവെന്നും ഈ രാജ്യത്ത് തെറ്റായ എന്തോ നടക്കുന്നത് കൊണ്ടാണ് അതുണ്ടായതെന്നും രാമനോട് പറയുന്നു. ഉടന്‍ രാമന്‍ വസിഷ്ഠാതി ബ്രാഹ്‌മണരെ വിളിച്ചുവരുത്തി അതിന്റെ കാരണം ആരാഞ്ഞു. ഈ രാജ്യത്ത് ശൂദ്രന്മാര്‍ തപസ് ചെയ്യുന്നുവെന്നാണ് വസിഷ്ഠാതി ബ്രാഹ്‌മണര്‍ അതിന് മറുപടി പറയുന്നത്. 'ഒരു യുഗത്തിലും ശൂദ്രന്മാര്‍ തപസ് ചെയ്യാന്‍ പാടില്ല. മറ്റ് മൂന്ന് യുഗങ്ങളുടെ കാര്യവും പ്രത്യേകം പറയേണ്ട ആവശ്യമില്ല. അതായത് കലിയുഗം ഒഴിച്ചുള്ള ബാക്കിയുള്ള ഒരു യുഗത്തിലും ത്രേതായുഗത്തിലും ബ്രാഹ്‌മണര്‍ ഒഴികെയുള്ള ആര്‍ക്കും തന്നെ തപസ് ചെയ്യാന്‍ പാടില്ല. കലിയുഗത്തില്‍ ഒട്ടും പാടില്ല. അങ്ങനെയിരിക്കെ ശ്രീരാമന്‍ വാഴുന്ന യുഗത്തില്‍ ഇങ്ങനെയൊരു ശൂദ്രന്‍ തപസ് ചെയ്യുന്നുവെന്നുള്ളത് കൊണ്ടാണ് ബ്രാഹ്‌മണ ബാലന്‍ മരിച്ചതെന്ന കാരണം വസിഷ്ഠാതി ബ്രാഹ്‌മണര്‍ രാമന് വിശദീകരിച്ച് കൊടുത്തു.

സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല
ചിലർക്ക് കുതിരപ്പുറത്ത് കയറണം, മറ്റുചിലർക്ക് അടിമ പേരുകൾ തിരിച്ചുവരണം; യഥാർത്ഥത്തിൽ ഗുരുവിൽനിന്ന് കേരളം എന്താണ് പഠിച്ചത്

ഈ വിശദീകരണം കേട്ടമാത്രയില്‍ തന്നെ രാമന്‍ അമ്പും വില്ലുമായി തപസ് ചെയ്യുന്ന ശൂദ്രനെ തേടിപ്പോകുകയാണ്. ഈ ശൂദ്രനെ കണ്ടമാത്രയില്‍ രാമന്‍ ആദ്യം ചോദിക്കുന്നത് താങ്കളുടെ യോനി (ജാതി) ഏതാണെന്നാണ്. സാധാരണ മനുഷ്യര്‍ നേരില്‍ കണ്ടാല്‍ പേരാണ് ചോദിക്കുന്നത്. പക്ഷേ രാമന്‍ ശംബൂകനോട് ചോദിക്കുന്നത് ജാതിയേതെന്നാണ്. കേരളത്തിലെ നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായ നാരായണഗുരു നമ്മളെ പഠിപ്പിച്ചത് ''ജാതിയേതന്ന് കേള്‍ക്കണ്ട, നേര് മെയ്‌തന്നെ ചൊല്‍കയാല്‍'' എന്നതാണ്. മനുഷ്യന്റെ ജാതിയെന്ന് പറയുന്നത് മനുഷ്യത്വമാണെന്നും അത് ശരീരം കൊണ്ട് തന്നെ ഒരാളെ തിരിച്ചറിയാം എന്നുമാണ് ഗുരു നമ്മെ പഠിപ്പിച്ചത്. നാരായണ ഗുരുവിൽ നിന്നും സത്യത്തിൽ രാമൻ കാര്യങ്ങൾ കൂടുതൽ പഠിക്കുകയാണ് വേണ്ടത്. കാരണം അദ്ദേഹം ഒരാളെ കാണുമ്പോൾ ആദ്യം ചോദിക്കുന്നത് തങ്ങളുടെ ജാതി ഏതാണ് എന്നാണ്.

ഈ വില്ലുകുലച്ച് നിൽക്കുന്ന രാമൻ എന്തിന് വേണ്ടിയാണ് നിൽക്കുന്നതെന്ന് നമുക്ക് വളരെ വ്യക്തമായി അറിയാം. ആർക്ക് നേരെയാണ് ഈ അമ്പും വില്ലും കുലച്ച് നിൽക്കുന്നതെന്നും നമുക്ക് വ്യക്തമായി അറിയാം

ശംബൂകൻ ശൂദ്രനാണെന്ന് മറുപടി പറഞ്ഞ മാത്രയിൽ തന്റെ കയ്യിലുള്ള കഠോര വാൾ വെച്ച് അദ്ദേഹത്തിന്റെ ശിരസ് ഛേദിക്കുകയാണ് രാമൻ ചെയ്യുന്നത്. ഇങ്ങനെ സമ്പൂർണമായി ശിരസ് ഛേദിക്കപ്പെട്ടപ്പോൾ മരിച്ച് പോയ ബ്രാഹ്‌മണ കുമാരൻ പുനർജനിക്കുകയും അതേസമയം ദേവന്മാരും അഗ്നിയും യമനുമെല്ലാം ശൂദ്രനായ ശംബൂകന്റെ മരണത്തിൽ സന്തോഷിക്കുകയും ചെയ്തുവെന്ന് വാത്മീകി രാമായണം ഉത്തരകാണ്ഡം രേഖപ്പെടുത്തുന്നു. ഇത്രയും വിശദീകരിക്കാൻ കാരണം എന്തെന്ന് വെച്ചാൽ, കേരളത്തിന്റെ സാംസ്കാരിക ചരിത്രം രാമന്റെ ഈയൊരു ബിംബത്തെ സമ്പൂർണമായി തിരസ്കരിച്ച പാരമ്പര്യം ഉള്ളതുകൊണ്ടാണ്.

ശ്രീ നാരായണ ഗുരു
ശ്രീ നാരായണ ഗുരു

നാരായണ ഗുരു തന്നെ ഒരിക്കൽ ഒന്നാം ലോക മഹായുദ്ധത്തിന്റെ സന്ദർഭത്തിൽ പറയുന്നുണ്ടല്ലോ നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന്. എന്തുകൊണ്ടാണ് അതങ്ങ് പറയുന്നതെന്ന് അപ്പോള്‍ ശിഷ്യൻ അദ്ദേഹത്തോട് ചോദിച്ചു. രാമാദികളുടെ കാലത്തതാണെങ്കിൽ നമുക്ക് ശംബൂകന്റെ ഗതി ആവുമായിരുന്നു എന്നാണ് നാരായണ ഗുരു ശിഷ്യനോട് പറയുന്നത്. അതിനർഥം ആ രാമബിംബത്തെ ഗുരു തിരസ്കരിച്ചിരുന്നു എന്നാണ്.

ഇനി കേരളത്തിന്റെ അനുഷ്ഠാന പാരമ്പര്യം പരിശോധിക്കുകയാണെങ്കിൽ കേരളത്തിൽ പത്താം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ ധാരാളം തന്ത്ര ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. പ്രയോഗമഞ്ജരി മുതൽ കുഴുക്കാട്ടു പച്ച വരെ. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലാണ് 'കുഴുക്കാട്ടു പച്ച' രചിക്കപ്പെടുന്നത്. പത്താം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ് പ്രയോഗമഞ്ജരി രചിക്കപ്പെടുന്നത്. ഈ തന്ത്ര ഗ്രന്ഥങ്ങളിൽ ഒരിടത്തും രാമനില്ല. കേരളത്തിന്റെ താന്ത്രിക ആരാധനാ പാരമ്പര്യങ്ങളിൽ പോലും രാമനില്ല. പില്‍കാലത്താണ് രാമൻ കേരളത്തിലേക്ക് കടന്നുവരുന്നത്.

സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല
എന്റെ അംബേദ്ക്കർ

എഴുത്തച്ഛന്റെ രാമായണത്തിൽ രാമനും രാമായണകഥയും ഒക്കെ ഉണ്ടെങ്കിൽ പോലും അവിടെ ഒരു പ്രശ്നം ഉള്ളത്, എഴുത്തച്ഛന്റെ രാമായണത്തിൽ ലക്ഷമണോപദേശം എന്നൊരു ഭാഗമുണ്ട്. അതില്‍ പറയുന്നത് 'മന്നിടത്തിങ്കൽ ദിജത്വം ഉണ്ടായിവന്നാൽ പൂജിക്ക മാമഡോ' എന്നാണ്. ലക്ഷ്മണന് രാമൻ തന്നെ കൊടുക്കുന്ന ഉപദേശമാണത്. ഭൂമിയിൽ ത്രൈവർണികനായി പിറന്നാൽ മാത്രമേ പൂജിക്കാൻ അവകാശമുള്ളു എന്ന് എഴുത്തച്ഛന്റെ രാമായണത്തിൽ വളരെ വ്യക്തമായി രാമൻ ലക്ഷമണനെ ഉപദേശിക്കുന്നു.

രാമന്‍ വളരെ വ്യക്തമായ ബ്രാഹ്മണ പക്ഷപാതിയും ചാതുർവർണ്യം നിലനിർത്തുന്നതിനുള്ള ബിംബവുമാണെന്ന് എഴുത്തച്ഛന്റെ രാമായണം അടക്കമുള്ള എല്ലാ പാഠ്യപരമ്പരകളും തെളിയിക്കുന്നു. ഇങ്ങനെ കേരളത്തിന്റെ താന്ത്രികനുഷ്ടാന പാരമ്പര്യവും നാരായണ ഗുരു സ്വാമിയും ഒക്കെ തിരസ്കരിച്ച, കയ്യൊഴിഞ്ഞ ഒരു പാരമ്പര്യത്തെയാണ് ഇപ്പോൾ തൃശൂർ പൂരത്തിന് ഉയർത്തി കാട്ടിയിരിക്കുന്നത് എന്നുള്ളത് നമ്മൾ സവിശേഷമായി പരിശോധിക്കേണ്ട കാര്യമാണ്.

ഇന്നുയർത്തിയ രാമബിംബം കേവലമായ ഭക്തിയുടെ പ്രതീകമല്ല. അത് ഹിംസ രാഷ്ട്രീയത്തിന്റെ പ്രതീകമായിട്ടാണ് അത് ഉയർത്തപ്പെട്ടിരിക്കുന്നത്

തൃശൂർ പൂരത്തിലെ രാം ലല്ല
തൃശൂർ പൂരത്തിലെ രാം ലല്ല

രണ്ടാമത്തെ കാര്യം ആറാട്ടുപുഴ പൂരം ഉൾപ്പടെയുള്ള ധാരാളം പൂരങ്ങൾ നടക്കുന്ന ഒരു ചരിത്രത്തെ സംബന്ധിച്ച് ചെറായി രാമദാസ് അദ്ദേഹത്തിന്റെ 'കായൽ സമ്മേളനം രേഖകളിലൂടെ' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പുസ്തകത്തിലെ രേഖകളിലൂടെ കടന്ന് പോകുമ്പോൾ നമുക്ക് മനസിലാകുന്നത്, ഈ പൂരവുമായി ബന്ധപ്പെട്ട് ധാരാളം അടി ശങ്കകൾ നടക്കുന്നത് സംബന്ധിച്ച് സൂചനയുണ്ട്. അതായത് പൂരം നടക്കുന്ന സന്ദർഭത്തിൽ പോലീസുകാർ വരും, ശേഷം എഴുന്നള്ളിക്കുന്ന വഴിയിലുള്ള ഈഴവരെയും മറ്റ് തീണ്ടൽ ജാതിക്കാരെന്ന് അവർ കണക്കാക്കുന്ന മുഴുവൻ ആളുകളെയും അവരുടെ വീട്ടിൽനിന്ന് ഇറക്കിവിടും. ആറാട്ടുപുഴ പൂരത്തിലാണെങ്കിലും തൃശൂർ പൂരത്തിൽ ആണെങ്കിലും ദേവതകൾ എഴുന്നള്ളി വരുമ്പോൾ ദേവതകളും ബ്രാഹ്മണരും അശുദ്ധമാകാതിരിക്കാൻ വേണ്ടിയിട്ടാണ് വഴിയിൽ താമസിക്കുന്ന ഈഴവരെയും മറ്റ് തീണ്ടൽ ജാതിക്കാരെയും അവിടെ നിന്നും അടിച്ചോടിച്ചിരുന്നത്. 'അടിച്ചോടിക്കുന്നത്' എന്നുതന്നെ പി ഭാസ്കരൻ ഉണ്ണി ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പൂരക്കേട്‌ എന്ന് പി ഭാസ്കരൻ ഉണ്ണി ഇതേക്കുറിച്ച് പറയുന്നുണ്ട്. അത്രമാത്രം അടിയും ക്രൂരമായ മർദനങ്ങളുമാണ് തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കാരണം തൃശൂർ പൂരം എഴുന്നള്ളിക്കുന്ന വഴിയിൽ ഒന്നും ഈഴവരോ മറ്റ് അയിത്ത ജാതിക്കാരോ താമസിക്കാൻ പാടില്ല. അവർ താമസിച്ചാൽ ദേവത അശുദ്ധമാകും എന്ന സങ്കൽപ്പമാണ് നിലനിന്നത്.

സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല
കൊടുങ്ങല്ലൂര്‍ കാവ് ക്ഷേത്രമാകുമ്പോള്‍

അപ്പൊ ചുരുക്കിപ്പറഞ്ഞാൽ ഈ ബ്രഹ്മണ്യത്തിന്റെ അയിത്തവ്യവസ്ഥക്ക് എതിരെ പോരാടിയിട്ടാണ് ഇന്നും ഈ തൃശൂർ പൂരത്തിൽ മനോരമ എഴുതിയത് പോലെ തേക്കിൻകാട് എന്നെഴുതിയ പറമ്പിൽ ഇന്ന് നൂറ് കണക്കിന് പേർ ഒരുമിച്ച് നിന്ന് പൂരം കാണുന്നതെങ്കിൽ അതിന്റെ അർഥം എന്താണ് . ഈ ജാതി ബ്രഹ്മണ്യത്തിന്റെ, ക്ഷേത്ര ബ്രാഹ്മണ്യത്തിന്റെ അയിത്ത വ്യവസ്ഥക്ക് എതിരായി നിരവധി പോരാട്ടങ്ങൾ നടത്തി, അതിനെ പരാജയപ്പെടുത്തിയിട്ടാണ് ഇന്നിപ്പോൾ ആളുകൾ ഈ പൂരം കാണുന്നത്.

ഇന്ന് കാണുന്ന പൂരം വെറുതെ ഉണ്ടായിവന്ന ഒരു പൂരമല്ലെന്നും ആയിരക്കണക്കിന് നിരവധിയായ സമരങ്ങളിലൂടെ ഒരുമിച്ച് കൂടിനിൽക്കാൻ വേണ്ടി ജനത നേടിയെടുത്തതാണെന്നും, ആ തുടർച്ചയായ സമരത്തിന്റെ പ്രതിഫലനം ആയിട്ടാണ് കേരളത്തിൽ ഇന്ന് കാണുന്ന തോതിൽ ഈ പൂരം വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നത്. അങ്ങനെ പൂരം ആഘോഷിക്കുമ്പോൾ ഒരു മതേതരമായ ചരിത്ര സന്ദർഭത്തിലാണ് ഇത് കൊണ്ടാടപ്പെടുന്നത്.

ഈ ആയിരക്കണക്കിനാളുകൾ അവിടെ കൂടി നിൽക്കുന്നത് ക്ഷേത്രത്തിൽ ചെന്ന് വടക്കുന്നാഥനെ തൊഴാൻ ആയിരിക്കണം എന്നില്ല. പലയാളുകൾക്കും പൂരം കാണാനാണ് വന്നു നിൽക്കുന്നത്. ജാതി-മത ഭേദമന്യേ ആളുകൾ ഈ പൂരം കാണാൻ വന്നു നിൽക്കുന്നുണ്ട്. ഈ പൂരം കാണാൻ വന്നുനിൽക്കുന്ന മലയാളികളെയും വിശേഷിച്ചും മലയാളികളുടെ ഈ മതേതരത്വത്തെയും ജാതി ബ്രാഹ്മണ വിരുദ്ധതയേയുമൊക്കെ തന്നെ പരിഹസിക്കുന്ന രീതിയിലാണ് ഇപ്പോൾ രാമബിംബം അവിടെ ഉയർന്നിരിക്കുന്നത്.

സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല
'ഈ തറവാടിത്ത ഘോഷണം ബ്രാഹ്‌മണ്യ ദാസ്യം ഊട്ടി ഉറപ്പിക്കാന്‍ '

ഈ വില്ലുകുലച്ച് നിൽക്കുന്ന രാമൻ എന്തിന് വേണ്ടിയാണ് നിൽക്കുന്നതെന്ന് നമുക്ക് വളരെ വ്യക്തമായി അറിയാം. ആർക്ക് നേരെയാണ് ഈ അമ്പും വില്ലും കുലച്ച് നിൽക്കുന്നതെന്നും നമുക്ക് വ്യക്തമായി അറിയാം. അതിലേക്ക് രണ്ട് ഉദാഹരണങ്ങൾ ഞാൻ പറയാം.

ഒന്ന് മധ്യകാലഘട്ടത്തിൽ രചിക്കപ്പെടുന്ന ജയാനകന്റെ പൃഥ്വിരാജ വിജയം എന്ന കാവ്യത്തിൽ പൃഥ്വിരാജൻ എന്ന രാജാവായി രാമൻ അവതരിക്കുന്നു എന്ന് പറയുന്നുണ്ട്. അങ്ങനെ അവതരിക്കുന്നത് മുസ്ലിം മത വിശ്വാസികളെ കൊല്ലാൻ ആണെന്നും വളരെ വ്യക്തമായി പറയുന്നുണ്ട്. ഗംഗാദേവിയുടെ മധുരാവിജയം എന്ന് പറയുന്ന കാവ്യത്തിലും വളരെ വ്യക്തമായ സൂചനകൾ ഉണ്ട്. അതിൽ രാമൻ കമ്പനെന്ന് പറയുന്ന രാജാവായി അവതരിക്കുന്നു. എന്തിനാണ് അവതരിക്കുന്നത്, അദ്ദേഹത്തിന്റെ ശത്രുക്കൾ മുഴുവൻ മുസ്ലീങ്ങളാണ് എന്നുള്ളതാണ്. തന്നെയുമല്ല കഴിഞ്ഞ കുറച്ച് കാലത്തെ ഇന്ത്യ ചരിത്രം പ്രത്യേകിച്ച് സമകാലിക ഇന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോൾ അറിയാം രാമാനവമിയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിൽ രാജസ്ഥാനിലെ നൂഹ് പോലുള്ള സ്ഥലങ്ങളിൽ ഒക്കെ വലിയ ഘോഷയാത്രകൾ നടക്കുന്നു, ജയ്‌ശ്രീറാം മുഴക്കുന്നു. അതിന് ശേഷം മുസ്‌ലിം പള്ളികൾക്ക് നേരെ വലിയ ആക്രമണം നടക്കുന്നു .

കഴിഞ്ഞ ദിവസം, ബിജെപി പ്രതിനിധിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഘോഷയാത്രയിൽ മുസ്ലിം പള്ളിയിക്ക് നേരെ അമ്പും വില്ലും കുലയ്‌ക്കുന്ന രീതിയിലുള്ള ഒരു വീഡിയോ നമ്മൾ കണ്ടു. അമ്പും വില്ലും രാമനും കേവലം ഒരടയാളമല്ല. പൂരത്തിലുയര്‍ന്ന അയോദ്ധ്യ എന്ന ബിംബവും കേവലമായ ഒരു പ്രതീകമല്ല. അത് കേവലമായി ഉയർത്തപ്പെട്ട കുടമാറ്റവുമല്ല. ഇന്ന് കാണുന്ന രാമക്ഷേത്രം എങ്ങനെ ആണ് ഉണ്ടായത് എന്ന് നമുക്ക് അറിയാം. പട്ടാപ്പകൽ മനുഷ്യർ എല്ലാവരും കാൺകെ സംഘപരിവാറുകാർ കേറിച്ചെന്ന് വലിയ ആക്രമണത്തിലൂടെ കീഴടക്കി തവിട് പൊടിയാക്കിയ ഒരു പള്ളിയുടെ മുകളിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. ഹിംസയുടെ മുകളിലാണ് ഇന്നത്തെ രാമക്ഷേത്രം കുടിയിരിക്കുന്നത് എന്നുള്ള കാര്യം നമ്മളെല്ലാവരും മറന്ന്പോയിരിക്കുന്നു.

സവർക്കറെ ഉയർത്തിയവർ ബ്രാഹ്മണ്യ രാമനെ ഉയർത്തുന്നതിൽ ആശ്ചര്യപ്പെടാനില്ല
അഭിമുഖം| ' രാമനെയും പുരാണങ്ങളെയും കൂട്ടുപിടിച്ച് ഹിന്ദുത്വയെ നേരിടാൻ സാധിക്കില്ല' - ടി എസ് ശ്യാംകുമാർ

ഇന്നുയർത്തിയ രാമബിംബം കേവലമായ ഭക്തിയുടെ പ്രതീകമല്ല. അത് ഹിംസ രാഷ്ട്രീയത്തിന്റെ പ്രതീകമായിട്ടാണ് അത് ഉയർത്തപ്പെട്ടിരിക്കുന്നത്. ഇതിന് മുൻപ് കുടമാറ്റത്തിൽ സവർക്കറെ ഉയർത്തിയവരാണ് അവർ. അതുകൊണ്ട് ഇതിൽ നമുക്ക് ആശ്ചര്യപ്പെടാനില്ല. ഒരുകാര്യം നമ്മൾ പ്രത്യേകമായി മനസിലാക്കേണ്ടതുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നും നമ്മൾ അന്വേഷിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് സംസാരിച്ചില്ല എങ്കിൽ ഇത് വെറുതെ ആയിപ്പോകും. ഈ ചരിത്ര സന്ദർഭത്തെ പരിശോധിക്കുന്നതിൽ പ്രത്യേക അടിത്തറ കൂടി വേണം. അതിനൊരു സാമൂഹ്യ ഭൂമികയുണ്ട്. കേരളത്തിൽ കഴിഞ്ഞ 30 കൊല്ലത്തെ ഒരു ചരിത്രം പരിശോധിക്കുമ്പോൾ കേരളത്തിലെ കാവുകൾ എല്ലാം തന്നെ ക്ഷേത്രങ്ങൾ ആയി മാറ്റപ്പെടുന്നു. നിലവിൽ വ്യത്യസ്ത ദേവസ്വം ബോർഡിൽ ഉൾപ്പെടുന്ന കേരളത്തിലെ വ്യത്യസ്ത ക്ഷേത്രങ്ങളിൽ ഭീകരമായ സവർണാധിപത്യമാണ് നിലനിൽക്കുന്നത്.

തൃശൂരിൽ ബിംബം ഉയർത്തപ്പെട്ട ക്ഷേത്രങ്ങളുടെ ചരിത്രം കൂടി പരിശോധിക്കുമ്പോൾ അറിയാം ഭരണസ്ഥാനങ്ങളെല്ലാം കയ്യടക്കി വെച്ചിരിക്കുന്നത് ഈ സവർണ ജാതികളിൽ പെട്ട ആളുകളാണ്. അതുകൊണ്ട് തന്നെ ഇതൊരു സ്വാഭാവിക പരിണിതിയാണ്. ഈഴവരെയും മറ്റ് തീണ്ടൽ ജാതിക്കാരെയും തൃശൂർ പൂരത്തിന് തേക്കിൻ കാട് മൈതാനത്തിൽ കയറ്റാതെയും, പൂരത്തിന് ദേവനെ എഴുന്നള്ളിക്കുമ്പോൾ പരിസരത്തുള്ള ഈഴവരെയും മറ്റ് തീണ്ടൽ ജാതിക്കാരെയും അടിക്കുകയും ചെയ്തവർ , ആ അടിച്ചവർ തന്നെയാണ് ഇന്ന് രാമൻ വില്ല് കുലയ്ക്കുന്ന ഈ കുടമാറ്റം സംഘടിപ്പിച്ചത്. പക്ഷെ അടികൊണ്ടവർ ആരും ഈ ചരിത്രം മറക്കരുത്. അവർ ഈ ചരിത്രം മറന്ന്പോയാൽ കേരളം വളരെ വേഗത്തിൽ സമ്പൂർണ്ണമായ വലതുപക്ഷ വൽക്കരണത്തിനും ഹിന്ദുത്വ വൽക്കരണത്തിനും വിധേയമാകും. ജനാധിപത്യത്തിന്റെ തുരുത്തും പുരോഗമനത്തിന്റെ തുരുത്തും എന്നുള്ള ഒരു സംഗതി തന്നെ നഷ്ടപ്പെട്ട് സമ്പൂർണ്ണമായി നമ്മുടെ സമൂഹം ജനാധിപത്യ വിരുദ്ധമായ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഒന്നും ഇല്ലാത്ത ഒരു സാമൂഹ്യാവസ്ഥയിലേക്ക് കടന്ന് പോകാൻ സാധ്യതയുണ്ട്. ഒരു വലിയ കലാപം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെയെല്ലാം തടയുവാൻ തുടക്കത്തിലേ തന്നെ ഇതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in