മേധാവിത്വത്തിനായി ആചാരലംഘനവും നടത്തുന്ന ബ്രാഹ്മണ്യം

മേധാവിത്വത്തിനായി ആചാരലംഘനവും നടത്തുന്ന ബ്രാഹ്മണ്യം

ബ്രാഹ്മണ്യം നടപ്പിലാക്കിയ ആചാര വ്യവഹാരങ്ങൾ സമ്പൂർണമായി അയിത്ത അസമത്വക്രമത്തെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചരിത്രത്തിലുടനീളം പ്രവർത്തിച്ചത്

ആചാര അനുഷ്ഠാനങ്ങളുടെ വ്യവഹാരങ്ങൾക്ക് ജാതി അസമത്വ വ്യവസ്ഥയുമായി അഗാധമായ ബന്ധമാണുള്ളത്. ബ്രാഹ്മണ്യം നടപ്പിലാക്കിയ ആചാര വ്യവഹാരങ്ങൾ സമ്പൂർണമായി അയിത്ത അസമത്വ ക്രമത്തെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചരിത്രത്തിലുടനീളം പ്രവർത്തിച്ചത്. ഇന്നും അതു തുടരുന്നു എന്നാണ് ദേവസ്വം മന്ത്രി രാധാകൃഷ്ണനോട് ബ്രാഹ്മണർ പ്രകടിപ്പിച്ച കൊടിയ അയിത്തം തെളിയിക്കുന്നത്.

പൂജാ വേളയിൽ ശ്രീ കോവിലിൽ പൂജ ചെയ്യേണ്ട പൂജാരിമാർ ആൾക്കൂട്ട മദ്ധ്യത്തിൽ പ്രവേശിച്ചതോടെ ആചാരവാദികളുടെ വാദം അനുസരിച്ച് അവർ അശുദ്ധരായിക്കഴിഞ്ഞു

ബ്രാഹ്മണരുടെ ആചാര ലംഘനങ്ങൾ

ദേവസ്വം മന്ത്രിയോട് ബ്രാഹ്മണർ പുലർത്തിയത് അയിത്തമല്ലെന്നും ക്ഷേത്രാചാരത്തിന്റെ ഭാഗമായി "ശുദ്ധം" പാലിച്ചതാണെന്നുമുള്ള അവകാശ വാദം യാഥാസ്ഥിതികർ ഉന്നയിക്കുന്നുണ്ട്. പൂജാരിയായ ബ്രാഹ്മണൻ മറ്റൊരു ബ്രാഹ്മണനെ പോലും ക്ഷേത്രാനുഷ്ഠാന വേളയിൽ സ്പർശിക്കാറില്ലെന്നും ആചാരവാദികൾ വാദിക്കുന്നുണ്ട്. എന്നാൽ പൂജാ വേളയിൽ ശ്രീ കോവിലിൽ പൂജ ചെയ്യേണ്ട പൂജാരിമാർ ആൾക്കൂട്ട മദ്ധ്യത്തിൽ പ്രവേശിച്ചതോടെ ആചാരവാദികളുടെ വാദം അനുസരിച്ച് അവർ അശുദ്ധരായിക്കഴിഞ്ഞു. സ്വന്തം സ്വാർത്ഥ പൂരണത്തിനായി ആചാരങ്ങൾ ലംഘിച്ച ബ്രാഹ്മണ്യത്തിന്റെ ചരിത്രത്തിന്റെ തുടർച്ചയാണ് നമ്പ്യാത്തറയിലും കേരളം കണ്ടത്.

യാഗവും യജ്ഞവുമായിരുന്നു ബ്രാഹ്മണരുടെ മുഖ്യകർമങ്ങൾ. പ്രതിമാ പൂജ ചെയ്യുന്ന ബ്രാഹ്മണരെ ഹവ്യകവ്യങ്ങളിൽ നിന്ന് ബഹിഷ്ക്കരിക്കണമെന്ന് മനു പറയുന്നുണ്ട്. മനു ഇങ്ങനെ നിർദ്ദേശിക്കാൻ കാരണം, പ്രതിമാ പൂജകളെ ബ്രാഹ്മണ്യം ആദ്യഘട്ടത്തിൽ അധമമായിയാണ് ദർശിച്ചിരുന്നത് എന്നതിനാലാണ്. കേരളത്തിലാവട്ടെ ഭദ്രകാളി പൂജ ചെയ്യുന്നവരെ നമ്പൂതിരി ബ്രാഹ്മണ്യം പതിതരായി അടയാളപ്പെടുത്തി. കാളിപൂജ ചെയ്തതിനാൽ ബ്രാഹ്മണ്യം നഷ്ട്ടപ്പെട്ട് പതിതരായിത്തീർന്നവരാണ് അടികൾ എന്ന അമ്പലവാസി വിഭാഗം എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന ഗ്രന്ഥത്തിൽ ഭാസ്കരനുണ്ണി രേഖപ്പെടുത്തുന്നുണ്ട്. ശാങ്കരസ്മൃതിയിലും ശൈവവും വൈഷ്ണവവും ഒഴികെയുള്ള (അതായത് ശാക്തേയ പൂജകൾ) കർമങ്ങൾ ചെയ്യുന്നതിൽ നിന്നും നമ്പൂതിരി ബ്രാഹ്മണരെ വിലക്കുന്നുണ്ട്. എന്നാൽ പിന്നീട് കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ നമ്പൂതിരി ബ്രാഹ്മണർ പൂജാരിമാരായി മാറി. ഇതാകട്ടെ ബ്രാഹ്മണർ തന്നെ സൃഷ്ടിച്ച ആചാരങ്ങൾ ലംഘിച്ചുകൊണ്ടാണ് സാധ്യമാക്കിയത്.

മേധാവിത്വത്തിനായി ആചാരലംഘനവും നടത്തുന്ന ബ്രാഹ്മണ്യം
ചിലർക്ക് കുതിരപ്പുറത്ത് കയറണം, മറ്റുചിലർക്ക് അടിമ പേരുകൾ തിരിച്ചുവരണം; യഥാർത്ഥത്തിൽ ഗുരുവിൽനിന്ന് കേരളം എന്താണ് പഠിച്ചത്

കേരളീയ ജ്യോതിഷ ഗ്രന്ഥത്തിൽ ചാമുണ്ടി , മാടൻ, മറുത, ചാത്തൻ തുടങ്ങിയ ദൈവ സങ്കല്പങ്ങളെയും ഈ ദൈവങ്ങളെ പൂജിക്കു ന്നവരെയും അശുദ്ധമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നമ്പൂതിരി ബ്രാഹ്മണർ തന്നെ ഈ ദൈവ സങ്കല്പങ്ങളുടെ പ്രതിഷ്ഠാപകരായി പിന്നീട് മാറുന്നതും കേരളം കണ്ടു

ക്ഷത്രിയരാണ് നാട് ഭരിക്കേണ്ടത് എന്ന് ബ്രാഹ്മണ്യ വ്യവസ്ഥ അനുശാസിക്കുന്നുണ്ട്. എന്നാൽ "മധ്യകാല കേരളത്തിൽ "പലപ്പോഴും ഈ തീട്ടുരം ലംഘിച്ചു കൊണ്ട് ബ്രാഹ്മണർ സ്വയം നാടുവാഴികളായി പരിണമിച്ചു. അമ്പലപ്പുഴ നാട്ടുരാജാവ് ഇത്തരത്തിൽ ഒരു ബ്രാഹ്മണനായിരുന്നു.

ശൂദ്രരെ സ്പർശിക്കുന്നത് അശുദ്ധമാണെന്നും, ശൂദ്രർ ശവമാണെന്നും മനുസ്മൃതി പ്രസ്താവിക്കുന്നുണ്ട്. ശൂദ്രസ്ത്രീകളുമായുള്ള സഹവാസത്തെ ബ്രാഹ്മണ്യ സ്മൃതികൾ അധമമായാണ് ഗണിക്കുന്നത്. എന്നാൽ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണ്യം ഈ സ്മൃതിശാസനകൾ ലംഘിച്ചുകൊണ്ടാണ് ശൂദ്രസ്തീകളുമായി സംബന്ധ ഏർപ്പാട് നടപ്പിൽ വരുത്തിയത്.

പ്രശ്നമാർഗം എന്ന കേരളീയ ജ്യോതിഷ ഗ്രന്ഥത്തിൽ ചാമുണ്ടി , മാടൻ, മറുത, ചാത്തൻ തുടങ്ങിയ ദൈവ സങ്കല്പങ്ങളെയും ഈ ദൈവങ്ങളെ പൂജിക്കു ന്നവരെയും അശുദ്ധമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നമ്പൂതിരി ബ്രാഹ്മണർ തന്നെ ഈ ദൈവ സങ്കല്പങ്ങളുടെ പ്രതിഷ്ഠാപകരായി പിന്നീട് മാറുന്നതും കേരളം കണ്ടു (കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു ).

കടൽ കടന്നു പോകുന്നത് പാപമായി എണ്ണിയ ബ്രാഹ്മണ്യം ഇന്ന് കടലും കടന്ന് വിദേശരാജ്യങ്ങളിലും ജാതിവ്യവസ്ഥ വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ സ്വന്തം സ്വാർത്ഥ പൂരണത്തിനും ഇതര ജാതികളെ അടിച്ചമർത്തുന്നതിനും ആചാര ലംഘനങ്ങൾ നടത്തുന്നതിനും യാതൊരു മടിയുമില്ലായിരുന്നു നമ്പൂതിരി ബ്രാഹ്മണ്യത്തിന്.

കടൽ കടന്നു പോകുന്നത് പാപമായി എണ്ണിയ ബ്രാഹ്മണ്യം ഇന്ന് കടലും കടന്ന് വിദേശരാജ്യങ്ങളിലും ജാതിവ്യവസ്ഥ വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നു

അശുദ്ധിയും അയിത്തവും

അശുദ്ധിയും അയിത്തവും രണ്ടാണെന്നും ശുദ്ധിയും അശുദ്ധിയും പരിപൂർണമായ അർത്ഥത്തിൽ അയിത്തത്തിൽ നിന്നും വേർപെട്ടിരിക്കുന്നു എന്നും വാദിക്കുന്നുണ്ട്. എന്നാൽ അയിത്തവും അശുദ്ധിയും ഒന്നു തന്നെയാണെന്ന് തന്ത്ര ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ അറിയാൻ കഴിയും. ബ്രാഹ്മണരുടെ കാലുകഴുകിയ വെള്ളം കൊണ്ട് അശുദ്ധി വന്ന സ്ഥലത്ത് തളിക്കണ മെന്ന് തന്ത്ര സമുച്ചയം ഉൾപ്പെടെയുള്ള തന്ത്ര ഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇത് തെളിയിക്കുന്നത് ബ്രാഹ്മണന്റെ ശരീരം മറ്റ് മനുഷ്യരുടെ ശരീരത്തിൽ നിന്നും വ്യത്യസ്തമായി പരിപാവനമാണെന്നാണ്. മറ്റ് മനുഷ്യരെ ഹീനരായി കാണുന്ന ഈ വ്യവസ്ഥിതിയാണ് അയിത്തം. വിഷ്ണു സംഹിത, ശൈവാഗമ നിബന്ധനം, പ്രയോഗമഞ്ജരി , തന്ത്രസമുച്ചയം, കുഴിക്കാട്ടു പച്ച, കൈനിക്കര പച്ച ഉൾപ്പെടെയുള്ള കേരളീയ തന്ത്രഗ്രന്ഥങ്ങൾ ബ്രാഹ്മണരും സവർണ അമ്പല വാസികളും ഒഴികെയുള്ള ഈഴവർ, പുലയർ, പറയർ, പഞ്ച കമ്മാളർ തുടങ്ങിയ ജാതിസമുദായങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതും ബ്രാഹ്മണരെ സ്പർശിക്കുന്നതും അശുദ്ധമാണെന്നാണ് വിധിക്കുന്നത്. ഇതിലൂടെ അശുദ്ധി എന്നത് അയിത്തം തന്നെയാണെന്ന് തെളിയുന്നു. ഈ അയിത്ത വ്യവസ്ഥയെ തകർക്കാനാണ് നാരായണ ഗുരുസ്വാമികൾ താൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ പുലയർ, പറയർ തുടങ്ങിയവരെ പൂജാരിമാരാക്കിയത്. ഒരിക്കൽ ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ സന്ദർഭത്തിൽ ക്ഷേത്രഭാരവാഹികൾ ഒരു പോറ്റിയെ പൂജാരിയാക്കാൻ തീരുമാനിച്ചപ്പോൾ നാരായണ ഗുരു പ്രസ്താവിച്ചത് : " പോയതെല്ലാം തിരികെ വരും" എന്നാണ്. ബ്രാഹ്മണനെ പൂജാരിയാക്കിയാൽ പോയ അയിത്തം തിരികെ വരുമെന്നാണ് ഗുരു അർത്ഥമാക്കിയത്. ഗുരു പുറത്താക്കാൻ ശ്രമിച്ച ഈ ബ്രാഹ്മണ്യമാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ശക്തമായി നിലനിൽക്കുന്നത്. നമ്പൂതിരി ബ്രാഹ്മണർ പ്രസാദം എറിഞ്ഞ് കൊടുക്കുന്നത് സ്പർശനത്തിലൂടെ അയിത്തം പകരാതിരിക്കാൻ വേണ്ടിയാണെന്നുള്ള വസ്തുത തന്ത്രഗ്രന്ഥങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. ശബരിമലയിലും ഗുരുവായൂരിലും ഒരു അബ്രാഹ്മണനെ മേൽശാന്തിയാക്കാൻ അനുവദിക്കാത്തതും ഇന്നും തുടരുന്ന അയിത്തം കാരണമാണ്.

മേധാവിത്വത്തിനായി ആചാരലംഘനവും നടത്തുന്ന ബ്രാഹ്മണ്യം
നമുക്ക് ജാതിയില്ല; പക്ഷേ, മലയാള സിനിമയ്ക്കുണ്ട്

ആചാരങ്ങളിലൂടെ ബ്രാഹ്മണ്യം അടിമത്വം സൃഷ്ടിക്കുന്നു

ബ്രാഹ്മണ്യം ഇന്നും വിജയിച്ചു കൊണ്ടിരിക്കുന്നത് ആചാരങ്ങളിലൂടെയാണ്. ആചാര വാദത്തിലൂടെ ജനായത്ത ക്രമത്തെയും അട്ടിമറിച്ചു കൊണ്ടാണ് ബ്രാഹ്മണ്യം മേൽക്കോയ്മ സ്ഥാപിക്കുന്നത്. ദേവസ്വം മന്ത്രിയോടും ആചാരത്തിന്റെ പേരിൽ അയിത്തം പുലർത്താൻ ബ്രാഹ്മണ്യത്തെ പ്രേരിപ്പിക്കുന്നത് അതിന്റെ അധീശ ബോധമാണ്. അടിസ്ഥാനപരമായി ബ്രാഹ്മണ്യം മനുഷ്യരുടെ തുല്യ പദവിയെ അംഗീകരിക്കുന്നില്ല. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തൊട്ടാൽ അശുദ്ധമാകുമെന്ന് കരുതുന്ന ബ്രാഹ്മണ്യ ബോധം ഭരണഘടനാ ജനായത്ത വ്യവസ്ഥയ്ക്ക് ഭീകരമായ വെല്ലുവിളിയാണ്.മനുഷ്യരെ തൊട്ടാൽ അശുദ്ധമെന്ന് കരുതുന്നവരെ ഒന്നും ശുദ്ധമായിരുന്നു ചെയ്യാൻ അനുവദിക്കരുതെന്ന് വൈക്കം പോരാട്ടത്തിന്റെ സന്ദർഭത്തിൽ നാരായണ ഗുരു ആഹ്വാനം ചെയ്തത് ബ്രാഹ്മണ്യത്തിന്റെ അശുദ്ധി -അയിത്ത വ്യവസ്ഥയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. "സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം " എന്ന് ഗുരു അരുവിപ്പുറത്ത് കുറിക്കുവാൻ കാരണം ബ്രാഹ്മണ്യത്തിന്റെ ക്ഷേത്രസങ്കല്പങ്ങൾ സാഹോദര്യത്തെയും സമത്വത്തെയും അംഗീകരിക്കാതിരിക്കുകയും വെറുക്കുകയും ചെയ്തതിനാലാണ്.

നമ്പൂതിരി ബ്രാഹ്മണ്യം സാഹോദര്യത്തെയും സമത്വത്തെയും അംഗീകരിക്കുന്നില്ല എന്നാണ് ദേവസ്വം മന്ത്രി നേരിട്ട അയിത്തം തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ ഡോ. ബി.ആർ. അംബേദ്കർ ആഹ്വാനം ചെയ്ത ബ്രാഹ്മണ്യത്തിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ ഇന്ത്യയെ , കേരളത്തെ ജനായത്ത സംസ്കാരത്തിൽ ഉറപ്പിച്ച് നിർത്താൻ കഴിയൂ. വൈക്കം പോരാട്ട സ്മൃതികളുടെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ ബ്രാഹ്മണ്യ അസമത്വ മൂല്യ ബോധത്തിനെതിരായുള്ള പുതിയ പോരാട്ടം ആരംഭിക്കേണ്ടിയിരിക്കുന്നു. നാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, മഹാത്മാ അയ്യൻകാളി, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങിയ മഹാത്മാക്കളുടെ അതുല്യമായ പോരാട്ടവും ജീവിതവും ചിന്തകളും കേരളത്തെ ജനായത്തവൽക്കരിക്കാൻ പ്രേരകമായി തീരേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in