വടക്കഞ്ചേരി ബസപകടം; ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്

വടക്കഞ്ചേരി ബസപകടം; ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്

ജോമോന്റെ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കും.

വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്. ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്ന ജോമോന്‍ പത്രോസിനെതിരെയാണ് മനപ്പുര്‍വ്വമുള്ള നരഹത്യാക്കുറ്റം ചുമത്തിയത്. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകനാണ് ഇക്കാര്യം അറിയിച്ചത്.

വടക്കഞ്ചേരി ബസപകടം; ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസ്
വേണം വിനോദസഞ്ചാരത്തിന് രാത്രിയാത്രാ വിലക്ക്

വാഹനാപകടവുമായി ബന്ധപ്പെട്ട് ഡ്രൈവറെമാത്രമാണ് അറസ്റ്റ് ചെയ്തതിട്ടുള്ളത്. ജോമോന്റെ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കും. പരിശോധനയ്ക്കായി ഡ്രൈവറുടെ രക്ത സാംപിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ചതായും ആലത്തൂര്‍ ഡിവൈഎസ്പി അറിയിച്ചു. ജോമോനെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജറാക്കും. തെളിവെടുപ്പും ഇന്ന് നടത്തുമെന്നും പോലീസ് അറിയിച്ചു.

അപകടത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബസിന്റെ വേഗതയുള്‍പ്പെടെ പരിശോധിക്കും. ഇതിനാവശ്യമായ വിവരങ്ങള്‍ തേടിയിട്ടുണ്ട്. മറ്റൊരു വകുപ്പിന്റെ കൈവശമുള്ള വിവരങ്ങളായതിനാല്‍ ലഭിക്കുന്നതിന് ചില കാലതാമസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊല്ലം ചവറയില്‍ വച്ചായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവറായ പെരുമ്പടവം പൂക്കോട്ടില്‍വീട്ടില്‍ ജോമോന്‍ പത്രോസ് (ജോജോ- 48) പോലീസ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബസപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടി ആശുപത്രിയില്‍ നിന്ന് മുങ്ങിയ ജോമോനെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.

അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തെക്കുറിച്ച് ഉന്നത അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. നഷ്ട പരിഹാരം സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരന്തരമായ നിയമലംഘനം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.രാജന്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശ്ശൂര്‍ നടത്തറ സ്വദേശി രോഹിത് രാജിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

logo
The Fourth
www.thefourthnews.in