ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതി ഉയര്‍ത്തിയ 20 സംശയങ്ങള്‍

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതി ഉയര്‍ത്തിയ 20 സംശയങ്ങള്‍

സിബിഐക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്

വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകളുടേയും മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശം. സിബിഐക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്. ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ തുടരന്വേഷണത്തിന് ഉത്തരവിടുന്നതിലേക്ക് കോടതിയെ നയിച്ചത് കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില സംശയങ്ങളാണ്.

കോടതിയുടെ 20 സംശയങ്ങള്‍

  • സെപ്തംബര്‍ 25ന് സംഗീത സംവിധായകന്‍ അക്ഷയ് വര്‍മയുമായി കൂടിക്കാഴ്ചയുള്ളതിനാലാണ് തൃശൂരില്‍ മുറി ബുക്ക് ചെയ്തിരുന്നിട്ടും രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കാന്‍ ബാലഭാസ്കര്‍ തീരുമാനിച്ചതെന്നാണ് ലതയുടെ വെളിപ്പെടുത്തല്‍. പക്ഷെ ഇത് അക്ഷയ് വര്‍മ നിഷേധിക്കുകയാണുണ്ടായത്.

  • അപകടം നടന്ന ദിവസം പുലര്‍ച്ചെ 4.15ന് ലത അര്‍ജുനെ ഫോണ്‍ വിളിച്ചിരുന്നു. പക്ഷെ ഫോണ്‍ എടുത്തത് പോലീസായിരുന്നു. ഇതിന് പിന്നാലെ പ്രകാശ് തമ്പിക്കൊപ്പമുണ്ടായിരുന്ന ജിഷ്ണുവിനെ ലത വിളിച്ചു. ഈ സമയത്തെ ഫോണ്‍ കോളുകളില്‍ കോടതി സംശയം പ്രകടിപ്പിച്ചു.

  • അപകടം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രകാശ് തമ്പി അപകടസ്ഥലത്തിന് സമീപമുള്ള എടിഎമ്മില്‍ നിന്ന് 25,000 രൂപ പിന്‍വലിച്ചിരുന്നു.

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതി ഉയര്‍ത്തിയ 20 സംശയങ്ങള്‍
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
  • നാലരയോടെ പ്രകാശ് തമ്പിയും ജിഷ്ണുവും അനന്തപുരി ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമെത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് ബാലഭാസ്കറിനേയും ഭാര്യയേയും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

  • ഇരുവരേയും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റും മുന്‍പ് ബാലഭാസ്കറിന്റെ അടുത്ത ബന്ധുവും എസ് യു ടിയിലെ മെഡിക്കൽ ഡയറക്ടറുമായ ഡോ. അനൂപ് ചന്ദ്രനെ പ്രകാശ് തമ്പി അറിയിച്ചിരുന്നില്ല.

  • മെഡിക്കൽ കോളജിനടുത്ത് മറ്റ് ആശുപത്രികളുണ്ടായിട്ടും പ്രകാശ് തമ്പി ഇവരെ ആറ് കിലോമീറ്റർ അകലെയുള്ള അനന്തപുരിയിലേക്കാണ് കൊണ്ടുപോയത്.

  • ബാലഭാസ്‌കറിനെ ചികിത്സിച്ച അനന്തപുരി ആശുപത്രിയുമായി പ്രകാശ് തമ്പിയുടെ ബന്ധമാണ് മറ്റൊരു വിഷയം. ആശുപത്രിയില്‍ നിന്നും പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ വിരലടയാളംശേഖരിച്ചിരുന്നു

  • ബാലഭാസ്കറിന്റെ മൊബൈല്‍, പേഴ്സ് തുടങ്ങിയ മംഗലപുരം പോലീസ് സ്റ്റേഷനിലെത്തി പ്രകാശ് തമ്പി ഏറ്റുവാങ്ങിയെങ്കിലും നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി ഒപ്പിട്ടു നല്‍കിയിരുന്നില്ല.

  • അപകടത്തിന് പിന്നാലെ പോലീസ് വാഹനത്തില്‍നിന്ന് ശേഖരിച്ച ബാലഭാസ്‌കറിന്റെ പേഴ്സും മറ്റു സാധനങ്ങളും ഏറ്റുവാങ്ങാന്‍ ചിലരെത്തിയിരുന്നു എന്ന് മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഓഫീസറുടെ മൊഴിയുണ്ട്. സെപ്തംബര്‍ 25 ന് രാവിലെ ആറരയോടെ ഒരു സ്ത്രീയും പുരുഷനുമാണ് പോലീസ് സ്‌റ്റേഷനില് വന്നത് എന്നാണ് വെളിപ്പെടുത്തല്‍.

  • ഇതേ സാധനങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഫോണ്‍ സ്റ്റേഷനു പുറത്തേക്ക് കൊണ്ടുപോയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് മറ്റൊന്ന്. സെപ്തംബര്‍ 25 ന് രാവിലെ 7.14 ന് മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലും ഇന്നേ ദിവസം തന്നെ രാവിലെ 7.35 ന് പേട്ട ജംഗ്ഷനില്‍ വച്ചും ഫോണില്‍ കോളുകള്‍ സ്വീകരിച്ചെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതേ സമയത്ത് തന്നെ പ്രകാശ് തമ്പി മംഗലപുരം, കഴക്കൂട്ടം ടവറുകളുടെ പരിധിയിലുണ്ടായിരുന്നു.

  • ബാലഭാസ്കറിന്റെ ഭാര്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കാന്‍ പ്രകാശ് തമ്പി തയാറായിരുന്നില്ല.

  • 2019 മേയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പ്രകാശ് തമ്പിയുടെ വീട്ടിലെ പൂജാമുറിയില്‍ നിന്നാണ് ബാലഭാസ്കറിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു അന്ന് റെയ്ഡ് നടന്നത്.

  • പ്രകാശ് തമ്പിക്ക് പുറമെ വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാവുകയും കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുമുണ്ട്.

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതി ഉയര്‍ത്തിയ 20 സംശയങ്ങള്‍
'നെഗറ്റീവ് പ്രചാരണം സിനിമകളെ ബാധിക്കുന്നു'; വ്ളോഗർമാരുടെ റിവ്യു തടയണമെന്ന ഹര്‍ജിയില്‍ സർക്കാര്‍ നിലപാട് തേടി ഹൈക്കോടതി
  • ഡോ. അനൂപിന്റെ മൊഴിയില്‍ ബാലഭാസ്കര്‍ മരിച്ചെന്നറിഞ്ഞപ്പോളുള്ള പ്രകാശ് തമ്പിയുടെ പെരുമാറ്റം സംശയാസ്പദവും നാടകീയവുമാണ്. അവസാനമായി ബാലഭാസ്കര്‍ കണ്ടത് പ്രകാശ് തമ്പിയേയാണെന്നും മൊഴിയില്‍ പറയുന്നുണ്ട്.

  • യാത്രക്കിടെ ബാലഭാസ്കർ ജ്യൂസ് കഴിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനായി പ്രകാശ് തമ്പി ശ്രമം നടത്തിയിരുന്നു. ഇതിനായി സാങ്കേതിക വിദഗ്ധനേയും മറ്റൊരാളേയും കൂട്ടി പ്രകാശ് തമ്പി കൊല്ലത്തേക്ക് യാത്ര ചെയ്തിരുന്നു. ജ്യൂസ് കടയില്‍ പ്രകാശ് തമ്പി എത്തിയതായി കടയുടമ മൊഴി നല്‍കിയിട്ടുണ്ട്. സിസിടിവി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ പ്രകാശ് തമ്പിക്കും സംഘത്തിനുമായില്ലെന്നും മൊഴിയില്‍ പറയുന്നു.

  • ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം പ്രധാനമാണ്. രണ്ട് എടിഎം കവര്‍ച്ചാ കേസുകളടക്കം പ്രതിയായ വ്യക്തിയായിരുന്നു ഇയാള്‍.

  • രണ്ട് പേര്‍ മരിക്കുന്നതിനും ഒരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന അര്‍ജുന്റെ പരുക്കാണ് കോടതി ചൂണ്ടിക്കാട്ടുന്ന മറ്റൊരു വിഷയം. 94 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. എന്നിട്ടും താരതമ്യേന കുറഞ്ഞ പരിക്കുകളാണ് ഉണ്ടായത്.

  • കാറിന്റെ മുന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നിട്ടും ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റ വിഷയവും കോടതി ചൂണ്ടിക്കാട്ടി.

  • സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്ന ആകാശ് ഷാജിയും പ്രകാശ് തമ്പിയും തമ്മിലുള്ള ബന്ധമാണ് മറ്റൊരു വിഷയം. സെപ്തംബര്‍ 24 ന് രാത്രി 10. 30 ന് പ്രകാശ് തമ്പിയും ആകാശ് ഷാജിയും തമ്മില്‍ എട്ടര മിനിറ്റ് ഫോണില്‍ സംസാരിച്ചിരുന്നു. ഈ വിഷയത്തില്‍ ഡിആര്‍ഐ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സിബിഐ ചോദ്യം ചെയ്തില്ല.

logo
The Fourth
www.thefourthnews.in