ക്നാനായ സഭ വിവാഹത്തർക്കം: ഇടവക ഇടഞ്ഞു, കോടതി ഉത്തരവുണ്ടായിട്ടും ജസ്റ്റിന്‍ - വിജി വിവാഹം ആചാരപ്രകാരം നടന്നില്ല

ക്നാനായ സഭ വിവാഹത്തർക്കം: ഇടവക ഇടഞ്ഞു, കോടതി ഉത്തരവുണ്ടായിട്ടും ജസ്റ്റിന്‍ - വിജി വിവാഹം ആചാരപ്രകാരം നടന്നില്ല

കൊട്ടോടി സെന്റ് സേവേഴ്യസ് ചർച്ചിലാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്

കോടതി ഉത്തരവുണ്ടായിട്ടും കാസർഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്റെയും വിജിയുടെയും വിവാഹത്തിന് ക്നാനായ സഭ അനുമതി നൽകിയില്ല. ഇന്ന് കൊട്ടോടി സെന്റ് സേവേഴ്യസ് ചർച്ചിലാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ഇടവക ആചാര പൂർവ്വം വിവാഹം നടത്തികൊടുക്കാൻ തയാറായില്ല. ഇതോടെ കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങുകയാണ് ക്നാനായ വിവാഹത്തർക്കം.

ഇന്ന് വിവാഹം നടക്കാതിരിക്കാൻ ഇടവക അധികാരികൾ പള്ളിയിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് പ്രാർത്ഥനാ യജ്ഞം നടത്തി

ഓട്ടോറിക്ഷ തൊഴിലാളിയായ ജസ്റ്റിന്‍ ജോണ്‍ മംഗലത്ത് ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്നും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിറോ മലബാര്‍ സഭയിലെ രൂപതയില്‍ നിന്നുള്ള വിജി മോളുമായാണ് വിവാഹം തീരുമാനിച്ചത്. സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ നിയമപോരാട്ടത്തെ തുടർന്നായിരുന്നു സഭ മാറിയുള്ള വിവാഹത്തിന് ഇരുവരും തയ്യാറെടുത്തത്.

എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും കൊട്ടോടി സെന്റ് സേവേഴ്യസ് ചർച്ച് ഇടവക വിവാഹം നടത്തികൊടുത്തില്ല. ഇന്ന് വിവാഹം നടക്കാതിരിക്കാൻ ഇടവക അധികാരികൾ പള്ളിയിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് പ്രാർത്ഥനാ യജ്ഞം നടത്തി. പള്ളിയിൽ വധുവും വരനും എത്തിയെങ്കിലും വിവാഹം നടക്കാതായി. തുടർന്ന് പള്ളിക്ക് പുറത്തെ വേദിയിൽ വെച്ച് ഇരുവരും മാലചാർത്തി. 750 പേർക്കുള്ള സദ്യയും വിളമ്പി.

ക്നാനായ സഭ വിവാഹത്തർക്കം: ഇടവക ഇടഞ്ഞു, കോടതി ഉത്തരവുണ്ടായിട്ടും ജസ്റ്റിന്‍ - വിജി വിവാഹം ആചാരപ്രകാരം നടന്നില്ല
രക്തശുദ്ധി ആചാരം: ചരിത്ര വിവാഹം തടയാന്‍ 'നിസ്സഹകരണം', കുറുക്കുവഴി തേടി ഇടവക

തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍ വെച്ച്‌ നേരത്തെ ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹക്കുറി നൽകാൻ ഇടവക തയ്യാറാകാത്തതിനെ തുടർന്നാണ് ആചാരപൂർവ്വമുള്ള വിവാഹം നടക്കാതെ പോയത്. മറ്റുസഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച്‌ സഭയ്ക്ക് പുറത്തുപോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നീണ്ട നിയമപോരാട്ടത്തിനിറങ്ങിയത്.

2021 ഏപ്രില്‍ 30-ന് കെസിഎന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോട്ടയം അഡീഷണല്‍ സബ് കോടതി മറ്റേതെങ്കിലും രൂപതയില്‍ നിന്നുള്ള ഒരു കത്തോലിക്കനെ വിവാഹം കഴിച്ചുവെന്ന കാരണത്താൽ സഭാ അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അപ്പീല്‍ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ ആര്‍ച്ച്‌ ബിഷപ്പും ആര്‍ച്ച്‌പാര്‍ക്കിയും നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.മാര്‍ച്ച്‌ 10 ന് ജസ്റ്റിസ് എംആര്‍ അനിതയുടെ ബെഞ്ച് കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.

അപ്പീല്‍ അന്തിമ തീര്‍പ്പാക്കുന്നതുവരെ തൽസ്ഥിതി തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച്‌ കോട്ടയം ആര്‍ച്ചിപാര്‍ക്കിക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങള്‍ മറ്റൊരു രൂപതയിലെ കത്തോലിക്കനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പിനോടോ ആര്‍ച്ച്‌പാര്‍ക്കിയോടോ 'വിവാഹ കുറി'യോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യപ്പെടാമെന്നിരിക്കെയാണ് ഇടവക ഇത്തരമൊരു നിലപാടെടുത്ത് വിവാഹത്തിന് എതിരുനിന്നത്.

logo
The Fourth
www.thefourthnews.in