ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍

ഗവര്‍ണര്‍ v/s വി സി: കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ ഇനിയെന്ത്?

വി സി അടക്കമുള്ളവരുടെ ഹിയറിംഗ് നടത്തി നിയമനം റദ്ദാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യം

ആഴ്ചകള്‍ നീണ്ടുനിന്ന നിയമ പോരിനൊടുവില്‍ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് തടയിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമന ഉത്തരവ് സ്റ്റേ ചെയ്തു. ചാന്‍സലര്‍ പദവി ഉപയോഗിച്ചാണ് ഗവര്‍ണറുടെ കടുംവെട്ട്. കോടതിയെ സമീപിക്കുമെന്ന് വി സി നിലപാടെടുക്കുമ്പോള്‍ വിഷയം നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണ്. ഗവര്‍ണറുടെ നീക്കത്തെ മറികടക്കാന്‍ വി സിക്കാകുമോ?

നടപടിക്രമം പാലിക്കാതെയാണ് ഗവര്‍ണര്‍ നിയമന ഉത്തരവ് സ്റ്റേ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ വി സി ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍, വി സി യുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് തടഞ്ഞതെന്നാണ് ഗവര്‍ണറുടെ നിലപാട്. വി സി അടക്കമുള്ളവരുടെ ഹിയറിംഗ് നടത്തി നിയമനം റദ്ദാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യം.

സര്‍വകാലശാല ചട്ടം 7 (3) ഉപയോഗിച്ച് ഗവര്‍ണര്‍

ക്രമവിരുദ്ധ നിയമനം നടന്നാല്‍ അതിനെക്കുറിച്ച് അന്വേഷിക്കാനും നിയമവിരുദ്ധമെങ്കില്‍ റദ്ദാക്കാനും, കണ്ണൂര്‍ സര്‍വകലാശാല ചട്ടം 7 (3) അനുമതി നല്‍കുന്നുണ്ടെന്നാണ് ഗവര്‍ണറുടെ നിലപാട്. ക്വാസി ജുഷീഷ്യല്‍ അധികാരമാണിതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടവിരുദ്ധമെന്ന പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് ഗവര്‍ണര്‍ പ്രാഥമിക അന്വേഷണം നടത്തിയത്. പ്രഥമദൃഷ്ട്യാ അപാകത കണ്ടതിനെത്തുടര്‍ന്ന് വി സി ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണം തേടി. നിയമപ്രകാരമാണെന്ന വി സിയുടെ വാദം തള്ളിയാണ് നിയമനം സ്റ്റേ ചെയ്തത്. വൈസ് ചാന്‍സലര്‍ക്കും ബന്ധപ്പെട്ട മറ്റു കക്ഷികള്‍ക്കും നോട്ടീസ് നല്‍കും. വിശദീകരണം കേട്ടതിന് ശേഷം മാത്രമാകും നിയമനം റദ്ദാക്കുക. സ്റ്റേ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാലും തിരിച്ചടിയാകില്ലെന്നാണ് ഗവര്‍ണറുടെ കണക്കുകൂട്ടല്‍.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍
പ്രിയാ വര്‍ഗീസിന്റെ നിയമനം: കണ്ണൂര്‍ സര്‍വകലാശാലാ വി സിയോട് അടിയന്തര വിശദീകരണം തേടി ഗവർണർ

ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വി സി വ്യക്തമാക്കുമ്പോള്‍ കണ്ണൂര്‍ സര്‍വകലാശാല ചട്ടം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതിയില്ലെന്നാണ് വി സി ഗോപിനാഥ് രവീന്ദ്രന്റെ പക്ഷം. നിയമനം റദ്ദാക്കിയിട്ടില്ല. സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വി സിയുടെ വാദം എത്രത്തോളം നിലനില്‍ക്കുമെന്നതും പ്രധാനമാണ്.

നിയമന വിവാദത്തില്‍ ഗവര്‍ണറും വി സി ഗോപിനാഥ് രവീന്ദ്രനും തമ്മിലുള്ള പോരാട്ടമായിരുന്നുവെങ്കിലും പുതിയ നീക്കം തിരിച്ചടിയായത് സര്‍ക്കാരിനുകൂടിയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്നതാണ് വിഷയത്തിന് രാഷ്ട്രീയ മാനം നല്‍കിയത്. ഗവര്‍ണറുടെ നീക്കം സിപിഎമ്മും പ്രതീക്ഷിച്ചില്ല. ആദ്യമായാണ് ഇത്തരത്തിലൊരു നടപടി സര്‍വകലാശാല നിയമനക്കാര്യത്തില്‍ ഒരു ഗവര്‍ണര്‍ സ്വീകരിക്കുന്നതും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍
ഗവര്‍ണറും കണ്ണൂര്‍ സര്‍വകലാശാലയും; പോരിന് പിന്നില്‍ രാഷ്ട്രീയമെത്ര?

അതേസമയം, പ്രിയയുടെ നിയമന കാര്യത്തില്‍ മറുപടി പറയേണ്ടത് വി സിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം. നിയമനം നടത്തിയത് സര്‍ക്കാരല്ല, സര്‍വകലാശാലയാണ്. അതിനാല്‍ മറുപടി പറയേണ്ടത് വിസിയാണ്. നിയമനവുമായി സര്‍ക്കാര്‍ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ല. സര്‍വകലാശാലകളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in