മാനന്തവാടിയിൽ രാത്രി മുതല്‍ കാട്ടാന സാന്നിധ്യം, റേഡിയോ കോളറുണ്ടായിട്ടും അധികൃതർ അനങ്ങിയില്ലെന്ന് നാട്ടുകാർ

മാനന്തവാടിയിൽ രാത്രി മുതല്‍ കാട്ടാന സാന്നിധ്യം, റേഡിയോ കോളറുണ്ടായിട്ടും അധികൃതർ അനങ്ങിയില്ലെന്ന് നാട്ടുകാർ

വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ പോലും മണിക്കൂറുകള്‍ വൈകിയെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി കുറുവ ഡിവിഷന്‍ കൗൺസിലർ

വയനാട് മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് വലിയ അനാസ്ഥ സംഭവിച്ചെന്ന് നാട്ടുകാര്‍. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും കാര്യക്ഷമമായി ഇടപെടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താത്തതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ പോലും മണിക്കൂറുകള്‍ വൈകിയെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി കുറുവ ഡിവിഷന്‍ കൗൺസിലർ ടിജി ജോസ് ദ ഫോർത്തിനോട് പ്രതികരിച്ചു.

മാനന്തവാടിയിൽ രാത്രി മുതല്‍ കാട്ടാന സാന്നിധ്യം, റേഡിയോ കോളറുണ്ടായിട്ടും അധികൃതർ അനങ്ങിയില്ലെന്ന് നാട്ടുകാർ
വയനാട്ടില്‍ കാട്ടാന ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു; മാനന്തവാടിയില്‍ നിരോധനാജ്ഞ

പയ്യമ്പള്ളി സ്വദേശി പനച്ചിയിൽ അജി കൊല്ലപ്പെട്ട് മൂന്നു മണിക്കൂർ കഴിയുമ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ല. 2017ന് ശേഷം ആദ്യമായാണ് ഒരു വ്യക്തി കൊല്ലപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നതെന്നും ടിജി ജോസ് പറയുന്നു. കലക്ടറും ഡിഎഫ്ഒയും ഉടൻ സംഭവസ്ഥലത്ത് എത്തണമെന്നും ഇതിനുശേഷം മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂവെന്നുമാണ് നാട്ടുകാരുടെ നിലപാട്. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ടുപോവുകയാണ് നാട്ടുകാര്‍.

മുട്ടങ്കര, കാടങ്കോലി പ്രദേശങ്ങളിൽ ഇന്നലെ രാത്രി തന്നെ കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ആനയായിട്ടുകൂടി സഞ്ചാരം സംബന്ധിച്ച് വനം വകുപ്പ് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. സ്ഥിരമായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യം ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിലും ഏഴു വർഷം മുമ്പാണ് ഇതുപോലെ ഒരു വ്യക്തി മരിക്കുന്നത്, ആനയെ നിയന്ത്രിക്കാൻ വേലി നിർമിക്കാമെന്ന് വനം വകുപ്പ് ഉറപ്പുനൽകിയിരുന്നെങ്കിലും ഏഴു വർഷമായി പണി പൂർത്തിയായിട്ടില്ലെന്ന് വാർഡ് കൗൺസിലർ ടിജി ജോസ് പറയുന്നു.

''രാവിലെ ഏഴിന് ആന ഒരാളെ അക്രമിച്ചെന്ന വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ അവർ സംഭവം അറിഞ്ഞതായി തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ മൂന്നു മണിക്കൂറായി ഒരുദ്യോഗസ്ഥനും സംഭവസ്ഥലത്തെത്തിയിട്ടില്ല,'' ടിജി ജോസ് ദി ഫോർത്തിനോട് പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് അനൗൺസ്‌മെന്റ് നടത്താൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടപ്പോൾ അത് തഹസിൽദാർ ചെയ്യുമെന്ന മറുപടിയാണ് ലഭിച്ചതെന്നും ടിജി പറഞ്ഞു.

മാനന്തവാടിയിൽ രാത്രി മുതല്‍ കാട്ടാന സാന്നിധ്യം, റേഡിയോ കോളറുണ്ടായിട്ടും അധികൃതർ അനങ്ങിയില്ലെന്ന് നാട്ടുകാർ
പ്രിയങ്കരൻ റിവാൾഡൊ; മസനഗുഡിയിലെ കാട്ടാന നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായത് എങ്ങനെ?

അതേസമയം, ജനവാസമേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാല്‍ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ വിവിധ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ നിരോധനാജ്ഞ നിലവിലുള്ളത്. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ വാക്കാലുള്ള നിര്‍ദേശമാണ് നിലവില്‍ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

വയനാട്ടിലെ ജനങ്ങളുടെ പ്രതിഷേധത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. വയനാട് മേഖലയിലുണ്ടായത് വളരെ ഉത്കണ്ഠയ്ക്കും വേദനയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയ സംഭവവികാസങ്ങളാണ്. ഈ കാട്ടാനയെ എന്ത് ചെയ്യാനാവുമെന്നതാണ് ഈ ഘട്ടത്തിൽ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ കർഷകർ നേരിടുന്ന ഗുരുതര അവസ്ഥയെപ്പറ്റി മുഖ്യമന്ത്രിയുമായി രാവിലെ ചർച്ച ചെയ്തു. അവിടെ സ്വീകരിക്കേണ്ട നടപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും സംഭവസ്ഥലത്ത് ചെല്ലാനും അവിടെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാത്തരത്തിലും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഏതാനും ദിവസം മുൻപ് കർണാടകയുടെ കോളർ ഐഡി ഘടിപ്പിച്ച തണ്ണീർ തണ്ണീർ കൊമ്പൻ വയനാട് മേഖലയിൽ വരികയും മയക്കുവെടി വച്ച് പിടികൂടിയതിനെത്തുടർന്ന് ചരിയുകയും ചെയ്ത മറ്റൊരു ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഇത്തവണയും അതേ രൂപത്തിലുള്ള ആനയാണ് വന്നത്. എന്നാൽ തണ്ണീർ കൊമ്പൻ ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയപ്പോഴായിരുന്നു അജിയെ കാട്ടാന ആക്രമിച്ചത്. ആന പിന്തുടര്‍ന്നതോടെ സമീപത്തെ പുരയിടത്തിലേക്ക് മതില്‍ ചാടി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൊളിച്ചുകയറി ആന അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in