'മലയാളിക്ക് മുന്നില്‍ 
സാഹിത്യപ്രഭാഷകനായി ഇനിയില്ല'; എംടിയുടെ ക്ഷണം നിരസിച്ച് ചുള്ളിക്കാട്, ഒപ്പം ക്ഷമാപണവും

'മലയാളിക്ക് മുന്നില്‍ സാഹിത്യപ്രഭാഷകനായി ഇനിയില്ല'; എംടിയുടെ ക്ഷണം നിരസിച്ച് ചുള്ളിക്കാട്, ഒപ്പം ക്ഷമാപണവും

സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിനു ലഭിച്ച പ്രതിഫലത്തിന്റെ കാര്യത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു

ഇനിയൊരിക്കലും സാഹിത്യപ്രഭാഷണ പരിപാടിക്കില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തിരൂർ തുഞ്ചൻ പറമ്പിൽ ആശാന്‍ കവിതയെക്കുറിച്ച് പ്രഭാഷണം നടത്താനുള്ള എം ടി വാസുദേവന്‍ നായരുടെ ക്ഷണം നിരസിച്ചുകൊണ്ടാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചു. സമൂഹത്തിൽനിന്ന് ഈയിടെയുണ്ടായ ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്കു നയിച്ചതെന്ന് എംടിയോട് ക്ഷമാപണം നടത്തിക്കൊണ്ട് പങ്കുവെച്ച കുറിപ്പിൽ ചുള്ളിക്കാട് പറയുന്നു.

കാർ വാടകപോലും അർഹിക്കുന്നില്ലെന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ലെന്നാണ്, പ്രിയപ്പെട്ട എം ടി വാസുദേവവൻ നായർ, അങ്ങ് എന്നോട് സർവാത്മനാ ക്ഷമിക്കണമെന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പിൽ ചുള്ളിക്കാട് വ്യക്തമാക്കുന്നത്.

കേരള സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിനു ലഭിച്ച പ്രതിഫലത്തിന്റെ കാര്യത്തിൽ നേരത്തെ ചുള്ളിക്കാട് പ്രതിഷേധം അറിയിച്ചിരുന്നു. കുമാരനാശാനെക്കുറിച്ചുള്ള രണ്ടര മണിക്കൂർ നീണ്ട പ്രഭാഷണത്തിന് യാത്രാബത്ത അടക്കം പ്രതിഫലമായി നൽകിയത് 2400 രൂപ മാത്രമായിരുന്നെന്നും കാർ വാടകയുടെ ബാക്കി കൈയിൽനിന്ന് എടുത്താണ് കൊടുത്തതെന്നും കേരള ജനത തനിക്ക് നൽകുന്ന വില എത്രയാണെന്ന് മനസിലായെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് സുഹൃത്തുക്കൾക്കായി പങ്കുവെച്ച കുറിപ്പിൽ നേരത്തെ പറഞ്ഞിരുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പിന്റെ പൂർണരൂപം

ബാല്യം മുതൽ എം ടി വാസുദേവൻ നായരുടെ വായനക്കാരനായിരുന്നു ഞാൻ. 1980ൽ ഞാൻ ആലുവ യുസി കോളേജിൽ പഠിക്കുമ്പോഴാണ് ഒരു കവിയരങ്ങിലേക്കു ക്ഷണിച്ചുകൊണ്ട് എം ടി വാസുദേവൻനായരുടെ കത്ത് എനിക്കു കിട്ടുന്നത്. അന്ന് എം ടി സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എന്നെ ആ ക്ഷണം വലിയ ഒരംഗീകാരമായി സന്തോഷിപ്പിച്ചു.

അന്നുമുതൽ സ്നേഹാദരപൂർണമായ വ്യക്തിബന്ധം അദ്ദേഹത്തോടു ഞാൻ പുലർത്തിപ്പോരുന്നു. ഞാൻ 'മാഷേ' എന്നാണ് അദ്ദേഹത്തെ വിളിക്കുക. പിന്നീട് തുഞ്ചൻ പറമ്പിൽ സാഹിത്യപ്രഭാഷണങ്ങൾക്കായി അനേകം പ്രാവശ്യം അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങൾ അവിടെ ഞാൻ നടത്തിയിട്ടുണ്ട്.

കുറച്ചുനാൾ മുമ്പ് അദ്ദേഹം എന്നെ വിളിച്ചു: "ഷേക്സ്പിയറെക്കുറിച്ച് ഒരു പ്രഭാഷണം ബാലൻ നടത്തണം."

ഞാൻ വിനയപൂർവം പറഞ്ഞു: "അതിനു വേണ്ടത്ര അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ."

അപ്പോൾ അദ്ദേഹം പറഞ്ഞു: "എന്നാൽ ആശാൻകവിതയെക്കുറിച്ച് ആയാലോ?"

"അതാവാം."

ഞാൻ ഉൽസാഹത്തോടെ പറഞ്ഞു.

ഇന്ന് തുഞ്ചൻപറമ്പിൽനിന്ന് ശ്രീകുമാർ വിളിച്ചുചോദിച്ചു:

"എം ടി സാർ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നു നടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു."

ഞാൻ ഇങ്ങനെ മറുപടി നൽകി: "ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തിൽനിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്കു നയിച്ചത്."

പ്രിയപ്പെട്ട എം ടി വാസുദേവവൻ നായർ, അങ്ങ് എന്നോടു സർവാത്മനാ ക്ഷമിക്കണം. ഞാൻ കാർവാടകപോലും അർഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യപ്രഭാഷകനായി വന്നുനിൽക്കാൻ ഇനിയൊരിക്കലും ഞാനില്ല.

'മലയാളിക്ക് മുന്നില്‍ 
സാഹിത്യപ്രഭാഷകനായി ഇനിയില്ല'; എംടിയുടെ ക്ഷണം നിരസിച്ച് ചുള്ളിക്കാട്, ഒപ്പം ക്ഷമാപണവും
കാലാതിവർത്തിയായ ഖസാക്കും രവിയുടെ എതിർ സഞ്ചാരവും

പ്രതിഫലത്തിന്റെ കാര്യത്തിൽ ചുള്ളിക്കാട് പ്രതിഷേധമുയർത്തിനെത്തുടർന്ന് അദ്ദേഹത്തിന് കൂടുതൽ തുക അക്കാദമി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് ചുള്ളിക്കാട് നിരസിച്ചു.  പ്രതിഷേധം മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും നഷ്ടപരിഹാരം നല്‍കി ഒതുക്കാന്‍ ശ്രമിക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

''പണമോ സാഹിത്യ അക്കാദമിയോ കവി സച്ചിദാനന്ദനോ ആയിരുന്നില്ല തന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം. മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സിനിമാ-സീരിയൽ താരങ്ങൾക്കുമെല്ലാം പതിനായിരങ്ങളും ലക്ഷങ്ങളും നൽകുന്ന സമൂഹം തങ്ങളെ പോലുള്ള കവികളോട് അവഗണനയും വിവേചനവും കാണിക്കുകയാണ്. ഇത് തന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യം,'' എന്നായിരുന്നു ചുള്ളിക്കാട് അന്ന് പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in