അന്‍പതിനായിരത്തില്‍ താഴെ വോട്ടര്‍മാര്‍, നാല് സ്ഥാനാർഥികള്‍; പോളിങ് ബൂത്തിലേക്ക് ലക്ഷദ്വീപ്

അന്‍പതിനായിരത്തില്‍ താഴെ വോട്ടര്‍മാര്‍, നാല് സ്ഥാനാർഥികള്‍; പോളിങ് ബൂത്തിലേക്ക് ലക്ഷദ്വീപ്

പത്ത് ദ്വീപുകളിലായി 49,922 പേർ മാത്രമാണ് വോട്ടർമാർ

ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ അന്‍പതിനായിരത്തില്‍ താഴെ വോട്ടര്‍മാരുമായി ലക്ഷദ്വീപ്. നാല് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന ദ്വീപിൽ ഇക്കുറി കനത്ത പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിക്കാനുള്ള ശ്രമമാണ് സ്ഥാനാർഥികളും അണികളും നടത്തുന്നത്. കുറവ് വോട്ടർമാരുള്ള മണ്ഡലമായതുകൊണ്ട് കനത്ത പോളിങ്ങാണ് എല്ലാ തവണയും ദ്വീപിലുണ്ടാകുക.

49,922 പേർ മാത്രമാണ് പത്ത് ദ്വീപുകളിലായി വോട്ടർമാരായുള്ളത്. കവരത്തി, അഗത്തി, ചെത്തിലത്ത്, കടമം, ബിന്ത്ര, ആന്തോന്ത്, അമിനി, മിനിക്കോയി, കിൽത്താൻ, കൽപേനി തുടങ്ങി പത്ത് ദ്വീപുകളിലാണ് ലക്ഷദ്വീപിലെ 49,922 വോട്ടർമാർ താമസിക്കുന്നത്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിൽ ഏറ്റവും ചെറുതാണ്.കേന്ദ്രഭരണ പ്രദേശമായതിനാൽ ലക്ഷദ്വീപിൽ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പ് നടക്കുന്നത് ലോക്‌സഭയിലേക്കാണ്. അതുകൊണ്ടുതന്നെ ദ്വീപുകാർക്ക് ഇന്ന് ആഘോഷം കൂടിയാണ്.

എൻസിപി (എസ്) സ്ഥാനാർഥിയും നിലവിലെ എംപിയുമായ മുഹമ്മദ് ഫൈസലും കോണ്‍ഗ്രസ് സ്ഥാനാർഥിയും മുൻ എംപിയുമായ ഹംദുള്ള സെയ്തും തമ്മിലാണ് പ്രധാന മത്സരം. ബിജെപി പിന്തുണയോടെ എൻസിപി അജിത്പവാർ പക്ഷത്തെ സ്ഥാനാർഥി യുസഫ് സഖാഫിയും മത്സരത്തിനുണ്ട്. ലക്ഷദ്വീപുകാർ കണ്ട് പരിചയിച്ച എൻസിപിയുടെ ഘടികാരം ചിഹ്നം ഇത്തവണ ഫൈസലിന് നഷ്ടമായി. പകരം കാഹളം മുഴക്കുന്ന മനുഷ്യനാണ് ചിഹ്നമായി ലഭിച്ചത്. പ്രചാരണവും കൊട്ടിക്കലാശവുമെല്ലാം കൊഴിപ്പിച്ച ഇരുപക്ഷവും വിജയപ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.

അന്‍പതിനായിരത്തില്‍ താഴെ വോട്ടര്‍മാര്‍, നാല് സ്ഥാനാർഥികള്‍; പോളിങ് ബൂത്തിലേക്ക് ലക്ഷദ്വീപ്
നീലഗിരി മുതല്‍ കന്യാകുമാരി വരെ; തമിഴകം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍

1967-ലാണ് ലക്ഷദ്വീപ് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു മുൻപ് രാഷ്ട്രപതി നേരിട്ട് നിയമിച്ച ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിലെ കെ കോയ തങ്ങളായിരുന്നു ജനപ്രതിനിധി. 67 മുതൽ 2004-ലെ തിരഞ്ഞെടുപ്പ് വരെ എതിരാളിയില്ലാതെ കോണ്‍ഗ്രസിലെ പി എം സയീദ് ഡൽഹിയിലെത്തി. 2004-ൽ 71 വോട്ടിന് സയീദിനെ പൂക്കിഞ്ഞിക്കോയ പരാജയപ്പെടുത്തി.

2009-ൽ സയീദിന്റെ മകനും നിലവിലെ സ്ഥാനാർഥിയുമായ ഹംദുള്ള സീറ്റ് തിരിച്ചുപിടിച്ചു. 2014, 2019 തിരഞ്ഞെടുപ്പിൽ പക്ഷേ മുഹമ്മദ് ഫൈസൽ സീറ്റ് വിട്ടുകൊടുത്തില്ല. 2014 ൽ ഹംദുള്ള പരാജയപ്പെട്ടത് 1535 വോട്ടിനാണ്. 2019 അത് 823 വോട്ടായി ചുരുങ്ങി. 2009-ലാണ് ബിജെപി ആദ്യമായി ദ്വീപിൽ മത്സരിക്കുന്നത്. 245 വോട്ടാണ് അന്ന് നേടിയത്. 2014ൽ 187 ആയി കുറഞ്ഞു. 2019 ആയപ്പോഴേക്കും 125 ലേക്കെത്തി.

logo
The Fourth
www.thefourthnews.in