നീലഗിരി മുതല്‍ കന്യാകുമാരി വരെ; തമിഴകം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍

നീലഗിരി മുതല്‍ കന്യാകുമാരി വരെ; തമിഴകം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍

ബിജെപി ഇത്തവണ അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷവെക്കുന്നുണ്ട്

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ച് തുടങ്ങിയതാണ് ബിജെപിയുടെ തമിഴ്‌നാട് തിരഞ്ഞെടുപ്പ് പദ്ധതി. തമിഴ്‌നാട്ടിലെ ആഭരണശാലയില്‍ നിര്‍മിച്ച് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് തിരുവാടുതുറൈ അധീനത്തിന്റെ പ്രതിനിധി കൈമാറിയ ചെങ്കോല്‍, നെഹ്‌റുവിന്റെ ജന്മവസതിയായ അലഹബാദിലെ ആനന്ദഭവനില്‍ നിന്നെടുത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചപ്പോള്‍, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മനസ്സില്‍ ദീര്‍ഘമായ തമിഴ് മണ്ണ് പദ്ധതികളുണ്ടായിരുന്നു.

ഉത്തരേന്ത്യയില്‍ സര്‍വാധിപത്യം നേടിയെടുത്തിട്ടും തങ്ങള്‍ക്ക് വഴങ്ങാതെ നില്‍കുന്ന ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് ദ്രാവിഡ രാഷ്ട്രീയം കോട്ടകെട്ടിനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍ കഴിയാതിരുന്ന ബിജെപിക്ക്, ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതിന്റെ ഭാഗമായാണ് പ്രകടനപത്രികയിൽ തന്നെ തമിഴ് മക്കളെ സ്വാധീനിക്കാനുള്ള ശ്രമം ബിജെപി നടത്തിയത്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴ് നമ്മുടെ അഭിമാനമാണെന്നും തമിഴ് ഭാഷയുടെ ആഗോള പ്രശസ്തി ഉയർത്താൻ എല്ലാ ശ്രമങ്ങളും ഏറ്റെടുക്കുമെന്നും ബിജെപി പ്രകടനപത്രികയിൽ പറയുന്നു. ലോകമെമ്പാടും തിരുവള്ളുവർ സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കുകമെന്നും അത് പറയുന്നു.

എഐഎഡിഎംകെയുടെ കൂട്ടില്ലാതെ കളത്തിലിറങ്ങുന്ന പാര്‍ട്ടി ഇത്തവണ തമിഴ്‌നാട്ടില്‍നിന്ന് പിടിക്കുന്നതാണ് ബിജെപിയുടെ ശരിക്കുള്ള വോട്ട്. ചെറുപാര്‍ട്ടികളുമായി കൈകോര്‍ത്ത് കളത്തിലിറങ്ങുന്ന ബിജെപി ഇത്തവണ അഞ്ച് മണ്ഡലങ്ങളില്‍ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ തമിഴ് മക്കള്‍ ഇന്ന് ജനവിധി രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുള്ള അഞ്ചാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്തെ 39 മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ്. ദ്രാവിഡ പാര്‍ട്ടികളുടെ നിഴലായിനിന്നു നേടിയ വിജയങ്ങള്‍ക്ക് അപ്പുറത്തേക്ക്, സുസ്ഥിരമായ വളര്‍ച്ചയാണ് തമിഴ്‌നാട്ടില്‍ ബിജെപി ലക്ഷ്യംവെക്കുന്നത്. ആറു കോടി വോട്ടര്‍മാരുള്ള തമിഴ്‌നാട്ടില്‍, 950 സ്ഥാനാര്‍ഥികളാണുള്ളത്. 68,000 പോളിങ് സ്‌റ്റേഷനുകളും.

നീലഗിരി മുതല്‍ കന്യാകുമാരി വരെ

നീലഗിരി, കോയമ്പത്തൂര്‍, കന്യാകുമാരി, തിരുനല്‍വേലി ചെന്നൈ സൗത്ത് എന്നീ മണ്ഡലങ്ങളാണ് ബിജെപി തമിഴ്‌നാട്ടില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളായി കണക്കുകൂട്ടുന്നത്. ഇതില്‍ കന്യാകുമാരിയില്‍ മുന്‍പ് ജയിച്ചതിന്റെ ആത്മവിശ്വാസം ബിജെപിക്കുണ്ട്. മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വീണ്ടും മത്സര രംഗത്തിറങ്ങുമ്പോള്‍, സിറ്റിങ് എംപി വിജയ് വസന്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബസിലിയാന്‍ നസ്രോത്ത് ആണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ഥി. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ വലിയ തോതില്‍ വിഭജിക്കപ്പെട്ട മണ്ഡലത്തില്‍, ഹിന്ദു നാടാര്‍ വിഭാഗത്തിന്റെ വോട്ട് ബാങ്കിന്റെ ബലത്തില്‍ ജയിച്ചു കയറാം എന്നാണ് ബിജെപി പ്രതീക്ഷ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ 'പൊന്നര്‍' എന്നറിയപ്പെടുന്ന രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രിയായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കൂടിയാകുമ്പോള്‍, കന്യാകുമാരി കൂടെപ്പോരും എന്ന പ്രതീക്ഷയിലാണ് ബിജെപി.

നീലഗിരി മുതല്‍ കന്യാകുമാരി വരെ; തമിഴകം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍
കലൈഞ്ജറുടെ 'തലവേദന', ബിജെപിയുടെ 'പൊന്‍ മണ്ഡലം'; കന്യാകുമാരിയുടെ നായകനെ നാടാര്‍ വോട്ടുകള്‍ തീരുമാനിക്കും

നീലഗിരിയില്‍ ഡിഎംകെയുടെ സിറ്റിങ് എംപി എ രാജയെ നേരിടാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് മന്ത്രി എല്‍ മുരുഗനെയാണ്. എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി ലോകേഷ് തമിഴ്‌സെല്‍വനും കളത്തിലുണ്ട്. 1998,1999 തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മാസ്റ്റര്‍ മഥന്‍ ഈ സീറ്റില്‍നിന്ന് വിജയിച്ചിട്ടുണ്ട്. ഈ രണ്ട് വിജയങ്ങളും ഡിഎംകെ, എഐഎഡിഎംകെ സഖ്യങ്ങളില്‍ നിന്നപ്പോഴായിരുന്നു. മണ്ഡലത്തിനg കീഴിലുള്ള ആറ് നിയമസഭ സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. 2004-ന് ശേഷം ബിജെപി സ്ഥാനാര്‍ഥികള്‍ ഈ മണ്ഡലത്തില്‍ മത്സരിച്ചിട്ടില്ല. പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷമായി മലയോര ജനതയെ കയ്യിലെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ ഗതിമാറ്റുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

പൊന്‍ രാധാകൃഷ്ണന്‍
പൊന്‍ രാധാകൃഷ്ണന്‍

കോയമ്പത്തൂര്‍ വഴി കൊങ്കുനാട്ടിലേക്ക്

കോയമ്പത്തൂരില്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെയാണ് മത്സരത്തിനിറങ്ങുന്നത്. ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം. നീലഗിരിയേയും കന്യാകുമാരിയേയും പോലെതന്നെ, കോയമ്പത്തൂരിലും ബിജെപി രണ്ടുതവണ വിജയക്കൊടി പാറിച്ചിട്ടുണ്ട്. ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സഖ്യകക്ഷിയായ സിപിഎമ്മില്‍നിന്ന് സീറ്റ് ഏറ്റെടുത്ത് ഡിഎംകെയാണ് മത്സരിക്കുന്നത്. ഡിഎംകെയ്ക്ക് വലിയ സ്വാധീനമില്ലാത്ത കൊങ്കുനാട് മേഖലയിലൂടെ, തമിഴ്‌നാട്ടിലേക്ക് വഴിവെട്ടാമെന്ന് ബിജെപി സ്വപ്‌നം കണ്ടുതുടങ്ങിയിട്ട് നാളേറെയായി.

ഇടതുപക്ഷത്തിന് വോട്ട് ബാങ്കും കേഡര്‍ സംവിധാനവുമുണ്ടെങ്കിലും 1998-ലെ സ്ഫോടനത്തിന് ശേഷം കോയമ്പത്തൂരിന്റെ സമൂഹിക സന്തുലിതാവസ്ഥ അത്ര സുഖകരമല്ല. വര്‍ഗീയ ധ്രുവീകരണം കൃത്യമായി നടന്ന മണ്ഡലമാണ് കോയമ്പത്തൂര്‍. കോയമ്പത്തൂര്‍ സ്‌ഫോടനം നടന്ന 1998-ലാണ് ബിജെപി ആദ്യമായി ഇവിടെ ജയിക്കുന്നതും. അന്ന് ഡിഎംകെ പാളയത്തിലായിരുന്നു ബിജെപി. 1999-ല്‍ എഐഎഡിഎംകെയ്ക്ക് ഒപ്പംനിന്ന് വീണ്ടും വിജയിച്ചു. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ബിജെപിക്ക് തമിഴ്‌നാട്ടില്‍ ആകെയുള്ള നാല് എംഎല്‍എമാരില്‍ രണ്ടുപേര്‍ കൊങ്കുനാട് മേഖലയില്‍ നിന്നാണ്. ഗൗണ്ടര്‍ വിഭാഗമാണ് കൊങ്കുനാട് മേഖലയിലെ പ്രബല സമുദായം. ഈ വിഭാഗത്തില്‍ നിന്നുള്ളയാളാണ് അണ്ണാമലെെ.

തിരുനല്‍വേലിയാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്ന മറ്റൊരു മണ്ഡലം. നൈനാര്‍ നാഗേന്ദ്രനാണ് ഇവിടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. നാടാര്‍, തേവര്‍ വിഭാഗങ്ങളുടെ ബെല്‍റ്റായ തിരുനല്‍വേലിയില്‍, തേവര്‍ വിഭാഗത്തില്‍ നിന്നുള്ള നൈനാറിനെ രംഗത്തിറക്കി കളം പിടിക്കാനാണ് ശ്രമം. മറുവശത്ത് കോണ്‍ഗ്രസിന്റെ റോബര്‍ട്ട് ബ്രൂസും എഐഎഡിഎംകെയുടെ ഝാന്‍സി റാണിയുമാണ് മറ്റു പ്രധാന സ്ഥാനാര്‍ഥികള്‍. 2009-ല്‍ 39,000 വോട്ട് മാത്രം ലഭിച്ച് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപി, പക്ഷേ തിരുനല്‍വേലിയെ ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടെ എ പ്ലസ് മണ്ഡലത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി. രണ്ടു റാലികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ നടത്തിയത്. ഒബിസി, ദളിത് വോട്ടുകള്‍ ഏകീകരിച്ച് വിജയം നേടാനാണ് ബിജെപിയുടെ ശ്രമം.

നീലഗിരി മുതല്‍ കന്യാകുമാരി വരെ; തമിഴകം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍
കൊങ്കുനാട്ടില്‍ ഉദിക്കുമോ ഉദയസൂര്യന്‍? കോയമ്പത്തൂരിലെ ഡിഎംകെ സ്വപ്‌നങ്ങള്‍, അണ്ണാമലൈയുടെ ഗതിയെന്താകും?

ചെന്നൈ സൗത്തില്‍ തെലങ്കാന ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് മത്സരത്തിനിറങ്ങുന്ന തമിഴിസൈ സൗന്ദരരാജന്‍, നേരിടുന്നത് ഡിഎംകെയുടെ തമിഴാച്ചി തങ്കപാണ്ഡ്യനെ. 1998-ല്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ഈ മണ്ഡലത്തിലെ ബിജെപിയുടെ മികച്ച പ്രകടനം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ കനിമൊഴിയെ നേരിടാന്‍ തൂത്തുക്കുടിയില്‍ ഇറങ്ങിയ തമിഴിസൈ, മൂന്നു ലക്ഷം വോട്ടിനാണ് തോറ്റത്. തുടര്‍ന്ന് തെലങ്കാന ഗവര്‍ണറായി പോയ തമിഴിസൈ, തമിഴ്‌നാട്ടിലെ ബിജെപി മുഖങ്ങളില്‍ പ്രധാനിയാണ്. ഒരുസമയത്ത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വരെ എത്തുമെന്ന് കരുതിയിരുന്ന നേതാവ്. തമിഴിസൈയുടെ ജനകീയതയാണ് ഇവിടെ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്.

തമിഴിസൈ സൗന്ദരരാജന്‍
തമിഴിസൈ സൗന്ദരരാജന്‍

അണ്ണാമലൈ എന്ന ഉറപ്പ്

തമിഴക മണ്ണില്‍ മുന്നേറ്റമുണ്ടാക്കാതെ ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളുടെ നിഴലായി നിന്നിരുന്ന ബിജെപിയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ സാധിച്ചതിന്റെ ക്രെഡിറ്റ് ദേശീയനേതൃത്വം നല്‍കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്കാണ്. ഐപിഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അണ്ണാമലൈ മോദി-ഷാ ദ്വന്തത്തിന്റെ പ്രീതിപിടിച്ചു പറ്റിയ നേതാവാണ്. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം മുതല്‍ കച്ചത്തീവ് വിഷയം വരെ കത്തിച്ച ബിജെപി, ഇത്തവണ തമിഴ്‌നാട്ടില്‍ പ്രധാന പ്രതിപക്ഷം തങ്ങളാണെന്ന പ്രതീതി ഉയര്‍ത്തിയാണ് പ്രചാരണം നടത്തിയത്.

ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കാവുന്ന അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന വിഷയമായിരുന്നിട്ടു പോലും, കച്ചത്തീവ് വിഷയം എടുത്തു പ്രയോഗിക്കാന്‍ മോദി രണ്ടാമതൊന്ന് ആലോചിക്കാതിരുന്നത് അണ്ണാമലൈയോടുള്ള വിശ്വാസത്തിന്റെ തെളിവാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മോദി പ്രധാനമായും ഉയര്‍ത്തിയ വിഷയങ്ങളിലൊന്ന് കച്ചത്തീവായിരുന്നു.

എഐഎഡിഎംകെയെ പ്രകോപിപ്പിച്ച് സഖ്യത്തില്‍നിന്ന് പുറത്താക്കിയ അണ്ണാമലൈ, ആ പാര്‍ട്ടിയിലെ ഉള്‍പ്പോര് മുതലാക്കിയാണ് കളംപിടിക്കാന്‍ തുടങ്ങിയത്. ഡിഎംകെ സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണമുന്നയിച്ച് പ്രധാന പ്രതിപക്ഷ ഇമേജ് നേടിയെടുക്കാന്‍ ശ്രമിച്ചു. തമ്മില്‍ തല്ലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എഐഎഡിഎംകെ ഇതൊന്നും കാര്യമായി എടുത്തതുമില്ല. എഐഎഡിഎംകെ വോട്ടുകള്‍ ഇത്തവണ കൂട്ടത്തോടെ തങ്ങള്‍ക്കു കിട്ടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ-ബിജെപി പോരാണ് നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനും അണ്ണാമലൈയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രതീതി സൃഷ്ടിക്കുന്നതില്‍ ഡിഎംകെയ്ക്കും പങ്കുണ്ട്.

നീലഗിരി മുതല്‍ കന്യാകുമാരി വരെ; തമിഴകം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍
ചാവേറുകളായി എരിഞ്ഞടങ്ങുമോ, അതോ കറുത്ത കുതിരകളാകുമോ? കരുത്തരോട് ഏറ്റുമുട്ടുന്ന സ്ഥാനാര്‍ഥികള്‍

ബിജെപിയെ പ്രതിരോധിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ആവര്‍ത്തിച്ചുപറയുന്ന ഡിഎംകെ, എഐഎഡിഎംകെയുടെ തകര്‍ച്ച മുന്‍കൂട്ടി കണ്ടിരുന്നുവെന്നുവേണം അനുമാനിക്കാന്‍. എഐഎഡിഎംകെ പാളയം വിടുന്ന നേതാക്കളും വോട്ട് ബാങ്കും ബിജെപിയില്‍ എത്തരുതെന്ന നിര്‍ബന്ധം എംകെ സ്റ്റാലിനും കൂട്ടര്‍ക്കുമുണ്ട്. അതിനാല്‍, എഐഎഡിഎംകെയെ അവഗണിച്ച് ബിജെപിക്കെതിരെയാണ് ഡിഎംകെയുടെ പ്രചാരണം. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഫെഡറിലസത്തിന് വെല്ലുവിളിയാണെന്ന പ്രചാരണമാണ് ഡിഎംകെ മുഖ്യമായി ഉയര്‍ത്തുന്നത്.

കെ അണ്ണാമലൈ
കെ അണ്ണാമലൈ

എഐഎഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ ബിജെപി ഒൻപത് ചെറു പാര്‍ട്ടികളുമായാണ് സഖ്യമുണ്ടാക്കിയിരിക്കുന്നത് എങ്കിലും ഇവയെല്ലാം തമിഴ് മണ്ണിലെ വിവിധ ജാതികളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളാണ്. 23 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. പട്ടാളിമക്കള്‍ കച്ചിയാണ് ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. പത്തു സീറ്റിലാണ് ഈ പാര്‍ട്ടി മത്സരിക്കുന്നത്. തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാര്‍)-3, ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകം-2, ഇന്ത്യ ജനനായക കച്ചി-1, പുതിയ നീതി കച്ചി-1, തമിഴക മക്കള്‍ മുന്നേറ്റ കഴകം-1 എന്നിങ്ങനെയാണ് എന്‍ഡിഎയിലെ സീറ്റുവിഭജനം. ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയിലെ വിമത വിഭാഗം ഒരു സീറ്റില്‍ മത്സരിക്കും. എന്നാല്‍ ഒ പനീര്‍ശെല്‍വം സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ഓരോ സീറ്റില്‍ മത്സരിക്കുന്ന കക്ഷികളെല്ലാം ബിജെപിയുടെ താമര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.

നീലഗിരി മുതല്‍ കന്യാകുമാരി വരെ; തമിഴകം വിധിയെഴുതുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍
പോരിന് യുവരക്തം; കൂട്ടിന് 'സമത'; ബംഗാളിലെ സിപിഎം 'സ്വപ്‌നങ്ങള്‍'

മറുവശത്ത് ഇന്ത്യ മുന്നണിയില്‍ വിജയ പ്രതീക്ഷ കൂടുതലാണ്. യാതൊരുവിധ പടലപ്പിണക്കങ്ങളും ഇല്ലാതെയാണ് ഇന്ത്യ സഖ്യം തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. ഡിഎംകെയിലും സ്റ്റാലിനിലും തന്നെയാണ് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പ്രതീക്ഷ. എഐഎഡിഎംകെയും ബിജെപിയും വെവ്വേറെ മത്സരിക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ഇന്ത്യ സഖ്യം കണക്കുകൂട്ടുന്നു. കഴിഞ്ഞതവണ ആകെയുള്ള 39-ല്‍ 38 സീറ്റിലും ഡിഎംകെ സഖ്യമാണ് വിജയിച്ചത്. ഒരു സീറ്റാണ് എഐഎഡിഎംകെയ്ക്ക് ലഭിച്ചത്. ദ്രാവിഡ പാര്‍ട്ടികളുടെ നിഴലില്‍ നിന്നുള്ള കളി മതിയാക്കി, സ്വന്തം കാലില്‍ ചവിട്ടി നില്‍ക്കാന്‍ ബിജെപിക്ക് തമിഴക മണ്ണ് അവസരം നല്‍കുമോയെന്ന് കാത്തിരുന്നു കാണണം.

logo
The Fourth
www.thefourthnews.in