കൊങ്കുനാട്ടില്‍ ഉദിക്കുമോ ഉദയസൂര്യന്‍? കോയമ്പത്തൂരിലെ ഡിഎംകെ സ്വപ്‌നങ്ങള്‍, അണ്ണാമലൈയുടെ ഗതിയെന്താകും?

കൊങ്കുനാട്ടില്‍ ഉദിക്കുമോ ഉദയസൂര്യന്‍? കോയമ്പത്തൂരിലെ ഡിഎംകെ സ്വപ്‌നങ്ങള്‍, അണ്ണാമലൈയുടെ ഗതിയെന്താകും?

കോയമ്പത്തൂര്‍ പിടിച്ചെടുക്കുകയെന്നത് ഡിഎംകെയ്ക്ക് അഭിമാന പോരാട്ടമാണ്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ചൂടേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും ഡിഎംകെയുടെ ഗണപതി പി രാജ്‌കുമാറും എഐഎഡിഎംകെയുടെ സിംഗൈ രാമചന്ദ്രനും തമ്മിലാണ് കോയമ്പത്തൂരിലെ പോരാട്ടം. ബിജെപി തമിഴ്‌നാട്ടില്‍ പ്രതീക്ഷ വയ്ക്കുന്ന 'എ ക്ലാസ്' മണ്ഡലമാണ് കോയമ്പത്തൂര്‍. അപ്പുറത്ത് ഡിഎംകെയ്ക്ക്, മണ്ഡസം പിടിച്ചെടുക്കുകയെന്നത് അഭിമാന പോരാട്ടവും.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന കോയമ്പത്തൂര്‍ ഇത്തവണ ഡിഎംകെ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് മാത്രമല്ല സ്റ്റാലിനേയും കൂട്ടരെയും ഈ നീക്കത്തിന് പ്രേരിപ്പിച്ചത്. കോയമ്പത്തൂരില്‍ വെറും രണ്ടുതവണ മാത്രമാണ് ഡിഎംകെയ്ക്ക് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്. ബാക്കിയുള്ള തിരഞ്ഞെടുപ്പുകളില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും എഐഎഡിഎംകെയുമാണ് ജയിച്ചത്. രണ്ടുതവണ ബിജെപിയും വിജയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലേക്കുള്ള ബിജെപി കടന്നുകയറ്റത്തെ ഏതുവിധേനയും ചെറുക്കണമെന്ന് ഡിഎംകെ കണക്കുകൂട്ടുന്നു. തങ്ങള്‍ക്ക് സ്വാധീനം കുറവായ കൊങ്കുനാട് മേഖലയില്‍, ശക്തമായ സാന്നിധ്യം അറിയിച്ച്, ബിജെപി കണ്ണുവയ്ക്കുന്ന ഭൂമികയെ തങ്ങളുടെ വരുതിയിലാക്കാനാണ് ഡിഎംകെയുടെ നീക്കം. അതിന് കോയമ്പത്തൂര്‍ കൈപ്പിടിയിലൊതുക്കണമെന്ന് ഡിഎംകെ കരുതുന്നു. ദ്രാവിഡ മണ്ണ് എന്നവകാശപ്പെടുമ്പോഴും, ഈ മേഖലയില്‍ ബിജെപി ഒരു പ്രബല ശക്തിയായി മാറിയേക്കുമെന്ന ആധി ഡിഎംകെയ്ക്കുണ്ട്. കഴിഞ്ഞ ലോക്‌സഭ, നിയമഭ തിരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടിലാകമാനം കിട്ടിയ സ്വീകാര്യത കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള കൊങ്കുനാട് മേഖലയില്‍ ലഭിക്കാത്തതിന്റെ ക്ഷീണം തീര്‍ക്കാനാണ് എംകെ സ്റ്റാലിന്റെ ശ്രമം. ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമല്ല, വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യം വെച്ചാണ് ഡിഎംകെയുടെ പ്രവര്‍ത്തനം. എഐഎഡിഎംകെയുടെ ശക്തിമേഖലയായ ഇവിടെ, ആ പാര്‍ട്ടിക്കുണ്ടായ ക്ഷീണം മുതലെടുത്ത് ബിജെപി വോട്ട് ബാങ്ക് വര്‍ധിപ്പിക്കാതിരിക്കാനുള്ള ശ്രമവും ഡിഎംകെ നടത്തുന്നു.

നേതൃത്വത്തിലെ പൊട്ടിത്തെറിയും തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോല്‍വികളും കാരണം ഉലഞ്ഞുനില്‍ക്കുന്ന എഐഎഡിഎംകെയുടെ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മാത്രവുമല്ല, ദക്ഷിണേന്ത്യയിലേക്ക് കണ്ണുവയ്ക്കുന്ന ബിജെപി തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള വലിയ പദ്ധതികളാണ് അണിയറയില്‍ ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇടവേളകളില്‍ കൃത്യമായി തമിഴ്‌നാട്ടിലെത്തുന്നതും ഈ പദ്ധതികള്‍ നടപ്പാക്കാനാണ്. തീവ്ര ദ്രാവിഡ വികാരം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് മനസ്സിലാക്കിയ ഡിഎംകെ, തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ അടിത്തറ പണിയാനുള്ള ശ്രമത്തിലാണ്.

കൊങ്കുനാട്ടില്‍ 'ഉദസൂര്യന്‍' ഉദിക്കുമോ?

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്നും ഡിഎംകെയെ പ്രതിരോധത്തിലാക്കുന്ന മേഖലയാണ് കൊങ്കുനാട് പ്രദേശം. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ പ്രദേശമായ കൊങ്കുനാട് മേഖലയില്‍ ആകെയുള്ള 50 മണ്ഡലങ്ങളില്‍ 36 എണ്ണവും എഐഎഡിഎംകെ സഖ്യത്തിനായിരുന്നു. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി, സേലം, നാമക്കല്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളാണ് കൊങ്കുനാടിന്റെ ഭാഗം. എഐഎഡിഎംകെയ്ക്ക് പുറമേ, ബിജെപിക്കും സ്വാധീനമുള്ള പ്രദേശം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജി, ഈ മേഖലയില്‍ ഡിഎംകെയുടെ പ്രധാന മുഖമായിരുന്നു. കൊങ്കുനാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ സ്വാധീനമുള്ള നേതായിരുന്നു കരൂര്‍ ജില്ലക്കാരനായ സെന്തില്‍ ബാലാജി. എഐഎഡിഎംകെയില്‍നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാലാജി, ടിടിവി ദിനകരന്റെ എഐഎംഎംകെയിലൂടെയാണ് ഡിഎംകെയിലെത്തുന്നത്. സെന്തിലിനൊപ്പം കൊങ്കുനാട്ടില്‍ നിന്ന് ജയിച്ചെത്തിയ രണ്ട് എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരവെയാണ് സെന്തിലിനെ ഇ ഡി പൂട്ടിയത്. സെന്തില്‍ ബാലാജി ശക്തനായി നിലകൊള്ളുന്നിടത്തോളം കാലം അണ്ണാമലൈയ്ക്ക് കൊങ്കുനാട്ടില്‍ കാലുറപ്പിക്കാന്‍ സാധിക്കില്ലെന്ന ചിന്ത ബിജെപിക്കുണ്ടായിരുന്നു.

ഇന്ത്യ സഖ്യം കോയമ്പത്തൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍നിന്ന്
ഇന്ത്യ സഖ്യം കോയമ്പത്തൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍നിന്ന്

പ്രബലരായ പ്രാദേശിക നേതൃത്വം ഇല്ലാത്തതിന്റെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞെന്ന സമാധനത്തിലിരിക്കെയാണ് സെന്തിലിനെ വീഴ്ത്തി ബിജെപി സ്റ്റാലിന് പണികൊടുത്തത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നാല് എംഎല്‍എമാരെയാണ് കിട്ടിയത്. ഇതില്‍ രണ്ടെണ്ണവും കൊങ്കു മേഖലയില്‍നിന്നാണ്. എന്നാല്‍, അറവക്കുറിച്ചിയില്‍ ഡിഎംകെയുടെ ആര്‍ ഇളങ്കോയോട് 24,816 വോട്ടിന് അണ്ണാമലൈ തോറ്റിരുന്നു. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊങ്കു മേഖലയില്‍ സ്വാധീനം ഉറപ്പിക്കണമെന്ന് ഡിഎംകെ തീരുമാനം എടുത്തിട്ടുണ്ട്. സിപിഎമ്മില്‍ സീറ്റ് ഏറ്റെടുത്ത ശേഷം, കാടിളക്കിയുള്ള പ്രചാരണമാണ് ഡിഎംകെ കോയമ്പത്തൂരില്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യത്തിന്റെ കൂറ്റന്‍ റാലിയും മണ്ഡലത്തിൽ നടത്തി.

കോയമ്പത്തൂരിന്റെ ചുവപ്പ് ഭൂപടം

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ഭൂമികയാണ് കോയമ്പത്തൂര്‍. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മാറിമാറി ജയിച്ച മണ്ഡലം. 1957-ല്‍ സിപിഐ വിജയിച്ചു. 1967-ല്‍ സിപിഎം. 1971 മുതല്‍ 1977 വരെ സിപിഐയുടെ കയ്യില്‍. 1980-ലാണ് ഡിഎംകെ ആദ്യമായി ജയിക്കുന്നത്. പിന്നിട് 1984 മുതല്‍ 1991 വരെ കോണ്‍ഗ്രസ് കൈവശം വെച്ചു. 1996-ല്‍ വീണ്ടും ഡിഎംകെ. കോയമ്പത്തൂര്‍ സ്‌ഫോടനം നടന്ന 1998ല്‍ ബിജെപി വിജയിച്ചു. പിന്നാലെ 199-ല്‍ നടന്ന തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചു. 2004-ല്‍ സിപിഐ ചെങ്കൊടി പാറിച്ചു. 2009-ല്‍ സിപിഎം വിജയിച്ചു. എഐഡിഎംകെ മേഖലാണ് കൊങ്കുനാട് എങ്കിലും കോയമ്പത്തൂരില്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. 2014-ലാണ് ഇതിന്റെ ക്ഷീണം എഐഎഡിഎംകെ തീര്‍ക്കുന്നത്. പിന്നാലെ നടന്ന 2019-ലെ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎം ചെങ്കൊടി നാട്ടി.

കൊങ്കുനാട്ടില്‍ ഉദിക്കുമോ ഉദയസൂര്യന്‍? കോയമ്പത്തൂരിലെ ഡിഎംകെ സ്വപ്‌നങ്ങള്‍, അണ്ണാമലൈയുടെ ഗതിയെന്താകും?
തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവും നൽകിയ ടി എൻ ശേഷൻ

ഇടതുപാര്‍ട്ടികള്‍ക്ക് ഇപ്പോഴും കോയമ്പത്തൂരില്‍ ശക്തമായ വോട്ട് ബാങ്കും കേഡര്‍ സംവിധാനവുമുണ്ട്. ഡിഎംകെ ചിഹ്നത്തില്‍ മത്സരിക്കുന്നത് എഐഎഡിഎംകെ, ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഇത്തവണ സഹായിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. എഐഡിഎംകെ പിന്തുണയില്ലാതെ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ എന്‍ഡിഎ വോട്ടുകള്‍ ഭിന്നിക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു.

2019-ല്‍ സിപിഎം സ്ഥാനാര്‍ഥി പി ആര്‍ നടരാജന്‍ 1,79,143 വോട്ടിനാണ് വിജയിച്ചത്. 5,71,150 വോട്ടാണ് നടരാജന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ സി പി രാധാകൃഷ്ണന് 3,92,007 വോട്ടും ലഭിച്ചു. 14.86 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് സിപിഎം വിജയിച്ചത്. 2014-ല്‍ എഐഎഡിഎംകെ, ബിജെപി, ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികള്‍ ഒറ്റയ്ക്കാണ് മത്സരിച്ചത്. 42,016 വോട്ടിനാണ് എഐഎഡിഎംകെയുടെ പി നാഗരാജന്‍ ജയിച്ചത്. ബിജെപിയുടെ സി പി രാധാകൃഷ്ണന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഡിഎംകെ മൂന്നാം സ്ഥാനത്തും സിപിഎം നാലാം സ്ഥാനത്തുമായി. 2019-ല്‍ സിപിഎമ്മും ഡിഎംകെയും കോണ്‍ഗ്രസും ഒന്നിച്ചപ്പോള്‍ മുന്നണി സ്ഥാനാര്‍ഥിക്ക് 45.85 ശതമാനം വോട്ട് ലഭിച്ചു.

കമല്‍ഹാസന്റെ കോയമ്പത്തൂര്‍ കനവ്

നിലവില്‍ ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കുന്ന കമല്‍ഹാസന് കോയമ്പത്തൂര്‍ മണ്ഡലത്തില്‍ കണ്ണുണ്ടായിരുന്നു. എന്നാല്‍, കോയമ്പത്തൂര്‍ വിട്ടുനല്‍കാനാകില്ലെന്നും സീറ്റ് തങ്ങള്‍ ഏറ്റെടുക്കുകയാണെന്നും ഡിഎംകെ വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍, കമലിന്റെ മക്കള്‍ നീതിമയ്യം ഇവിടെ 1,45,104 വോട്ട് പിടിച്ചിരുന്നു. 11.65 ശതമാനം വോട്ടും പിടിച്ചു. സിപിഎമ്മിനും ബിജെപിക്കും ശേഷം മൂന്നാം സ്ഥാനത്ത് എത്തിയതും എംഎന്‍എം ആയിരുന്നു. കമലിന്റെ പിന്തുണകൂടി ലഭിച്ചതോടെ, ഇത്തവണ വിജയം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെയുള്ളത്. കൊങ്കുനാട് തന്നെയാണ് കമല്‍ഹാസനും ലക്ഷ്യം വെച്ചിരുന്നത്.

ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ കമല്‍ഹാസന്‍
ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ കമല്‍ഹാസന്‍

തന്റെ പാര്‍ട്ടിയുടെ ആദ്യ റാലി ആരംഭിച്ചതും കോയമ്പത്തൂരില്‍ നിന്നായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍നിന്ന് ജനവിധി തേടിയ കമലിനെ, ബിജെപിയുടെ വനതി ശ്രീനിവാസന്‍ പരാജയപ്പെടുത്തിയത് 1,728 വോട്ടിനാണ്. വനതിക്ക് 53,2009 വോട്ട് ലഭിച്ചപ്പോള്‍ കമലിന് 51,481 വോട്ട് ലഭിച്ചു. ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസിനായിരുന്നു സീറ്റ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മയൂര ജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇത്തവണ കോയമ്പത്തൂര്‍ ലോക്‌സഭ സീറ്റിന് വേണ്ടി തുടക്കംമുതല്‍ തന്നെ കമല്‍ രംഗത്തുണ്ടായിരുന്നു. ഒരുവേള, സിപിഎമ്മില്‍ നിന്ന് സീറ്റ് മക്കള്‍ നീതിമയ്യത്തിന് നല്‍കിയേക്കുമെന്ന സൂചനയുമുണ്ടായിരുന്നു. ഡിഎംകെ മുന്നണിക്കൊപ്പംനിന്ന്, പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ, ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമല്‍ ഹാസനെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കൊങ്കുനാട്ടില്‍ ഉദിക്കുമോ ഉദയസൂര്യന്‍? കോയമ്പത്തൂരിലെ ഡിഎംകെ സ്വപ്‌നങ്ങള്‍, അണ്ണാമലൈയുടെ ഗതിയെന്താകും?
ചാവേറുകളായി എരിഞ്ഞടങ്ങുമോ, അതോ കറുത്ത കുതിരകളാകുമോ? കരുത്തരോട് ഏറ്റുമുട്ടുന്ന സ്ഥാനാര്‍ഥികള്‍

ബിജെപി സ്വപ്‌നങ്ങള്‍

കൊങ്കുനാട് മേഖലയില്‍, ഗൗണ്ടര്‍ വിഭാഗത്തിനാണ് ശക്തികൂടുതല്‍. അറസ്റ്റിലായ സെന്തില്‍ ബാലാജിയും ബിജെപി സ്ഥാനാര്‍ഥി അണ്ണാമലൈയും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്. കോയമ്പത്തൂരില്‍ ജയിക്കുകയെന്നത് ബിജെപിയുടെ ദീര്‍ഘകാല കൊങ്കുനാട് പദ്ധതിയുടെ ഭാഗമാണ്. തമിഴ്‌നാടിന്റെ വ്യവസായ നഗരമായ കോയമ്പത്തൂരില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ബിജെപി പ്രചാരണത്തിന് നേരിട്ട് എത്തുകയും ചെയ്തു. ഇടതുപക്ഷത്തിന് വോട്ട് ബാങ്കും കേഡര്‍ സംവിധാനവും ഉണ്ടെങ്കിലും 1998-ലെ സ്‌ഫോടനത്തിന് ശേഷം കോയമ്പത്തൂരിന്റെ സമൂഹിക സന്തുലിതാവസ്ഥ അത്ര സുഖകരമല്ല. വര്‍ഗീയ ധ്രൂവീകരണം കൃത്യമായി നടന്ന മണ്ഡലമാണ് കോയമ്പത്തൂര്‍.

ഇതിന് മുന്‍പ് ബിജെപി രണ്ടുതവണ വിജയിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും, 1998-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം എഐഎഡിഎംകെ ഉണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഡിഎംകെ ആയിരുന്നു ബിജെപിയുടെ സഖ്യകക്ഷി. ദ്രാവിഡ പാര്‍ട്ടികളുടെ സഹായമില്ലാതെ ബിജെപി കോയമ്പത്തൂരില്‍ തനിച്ച് ജയിച്ചിട്ടില്ല.

കെ അണ്ണാമലൈയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍
കെ അണ്ണാമലൈയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍
കൊങ്കുനാട്ടില്‍ ഉദിക്കുമോ ഉദയസൂര്യന്‍? കോയമ്പത്തൂരിലെ ഡിഎംകെ സ്വപ്‌നങ്ങള്‍, അണ്ണാമലൈയുടെ ഗതിയെന്താകും?
പോരിന് യുവരക്തം; കൂട്ടിന് 'സമത'; ബംഗാളിലെ സിപിഎം 'സ്വപ്‌നങ്ങള്‍'

തൊഴിലാള വര്‍ഗ വോട്ട് ബാങ്കാണ് ഇടതുപക്ഷത്തെ തുണച്ചിരുന്നതെങ്കില്‍, നഗരകേന്ദ്രീകൃതമായ മധ്യവര്‍ത്തി വോട്ടുകളില്‍ കാര്യമായ മാറ്റം വന്നതായി കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വ്യക്തമാണ്. ഇവര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അണ്ണാമലൈയെ പോലെ, സിവില്‍ സര്‍വിസ് ഉപേക്ഷിച്ച് കളത്തിലിറങ്ങിയ നേതാവിനൊപ്പം ഈ മധ്യവര്‍ത്തി വോട്ടര്‍മാര്‍ അണിചേരുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

logo
The Fourth
www.thefourthnews.in