കലൈഞ്ജറുടെ 'തലവേദന', ബിജെപിയുടെ  'പൊന്‍ മണ്ഡലം'; കന്യാകുമാരിയുടെ നായകനെ നാടാര്‍ വോട്ടുകള്‍ തീരുമാനിക്കും

കലൈഞ്ജറുടെ 'തലവേദന', ബിജെപിയുടെ 'പൊന്‍ മണ്ഡലം'; കന്യാകുമാരിയുടെ നായകനെ നാടാര്‍ വോട്ടുകള്‍ തീരുമാനിക്കും

ഇത്തവണ തമിഴ്‌നാട്ടില്‍ ബിജെപി വിജയപ്രതീക്ഷവെക്കുന്ന അഞ്ച് മണ്ഡലങ്ങളിലൊന്നാണ് കന്യാകുമാരി

''നെല്ലയ് എനത് എല്ലയ്, കുമരി എനത് തൊല്ലൈ'' (തിരുനല്‍വേലി എന്റെ തട്ടകമാണ്. കുമരി എനിക്ക് തലവേദനയാണ്)... മുത്തുവേല്‍ കരുണാനിധിയുടെ വാക്കുകളാണ്. ഡിഎംകെയ്ക്ക് എന്നും തലവേദയായിരുന്നു കന്യാകുമാരി ലോക്‌സഭ മണ്ഡലം. ഒരുതവണ മാത്രം ദ്രാവിഡ പാര്‍ട്ടിയെ ഡല്‍ഹിക്കയച്ച കന്യാകുമാരി എന്നും ദേശീയ പാര്‍ട്ടികള്‍ക്കൊപ്പമാണ് നിന്നത്. ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും അങ്ങനെതന്നെയാണ് പോര്, കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. ജയിച്ചുകയറാമെന്ന പ്രതീക്ഷയില്‍ എഐഎഡിഎംകെയും. ഇത്തവണ തമിഴ്‌നാട്ടില്‍ ബിജെപി വിജയപ്രതീക്ഷവയ്ക്കുന്ന അഞ്ച് മണ്ഡലങ്ങളിലൊന്നാണ് കന്യാകുമാരി.

ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകള്‍ നിര്‍ണായകമാണ് കന്യാകുമാരിയില്‍. ഇതാണ് ബിജെപിയുടെ പ്രതീക്ഷ വളര്‍ത്തുന്നതും

മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ഥി. 'പൊന്നര്‍' എന്നാണ് പൊന്‍ രാധാകൃഷ്ണന് അണികള്‍ക്കിടയിലെ വിളിപ്പേര്. സിറ്റിങ് എംപി വിജയ് വസന്തിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമ്പോള്‍, ബസിലിയാന്‍ നസ്രോത്ത് ആണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ഥി. കോയമ്പത്തൂര്‍, നീലഗിരി, കന്യാകുമാരി, തിരുനല്‍വേലി, ചെന്നൈ സൗത്ത് എന്നിവയാണ് തമിഴ്‌മണ്ണില്‍ ബിജെപി ജയസാധ്യതയുള്ള മണ്ഡലങ്ങളായി കണക്കാക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്നതും കന്യാകുമാരിയില്‍ തന്നെ.

കേരളത്തോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമായിട്ടും ഇടത് പാര്‍ട്ടികള്‍ക്ക്‌ വലിയ തോതിലുള്ള ചലനം സൃഷ്ടിക്കാനായിട്ടില്ല. പഴയ നാഗര്‍കോവില്‍ മണ്ഡലത്തില്‍ 2009-ല്‍ സിപിഎം ജയിച്ചതൊഴിച്ചാല്‍, കന്യാകുമാരി ഇടത് പാര്‍ട്ടികള്‍ക്ക് കിട്ടാക്കനിയാണ്. മണ്ഡലത്തിന് കീഴിലുള്ള ആറ് നിയമസഭ മണ്ഡലങ്ങളില്‍ ആറിനും വെവ്വേറെ സ്വഭാവമാണ്. മൂന്നു നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. ഇതില്‍ വിളവന്‍കോട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ വിജയധരണി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ, ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 19-ാം തീയതി കന്യാകുമാരി വിധിയെഴുതുന്നതിനൊപ്പം വിളവന്‍കോട് നിയമസഭ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കും. ബാക്കിയുള്ള നിയമസഭ മണ്ഡലങ്ങളില്‍ ഓരോ സീറ്റ് വീതം എഐഎഡിഎംകെ, ബിജെപി, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ക്കാണ്.

പൊന്‍ രാധാകൃഷ്ണന്‍
പൊന്‍ രാധാകൃഷ്ണന്‍

1996 മുതല്‍ പഴയ നാഗര്‍കോവില്‍ മണ്ഡലത്തില്‍ മത്സരിച്ചു തുടങ്ങിയ പൊന്‍ രാധാകൃഷ്ണന്‍, 1999-ല്‍ ആദ്യമായി വിജയിച്ചു. അന്ന് കോണ്‍ഗ്രസിന്റെ എന്‍ ഡെന്നീസിനെ 1,45,643 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു പൊന്‍ രാധാകൃഷ്ണന്റെ വിജയം. 2009-ല്‍ മണ്ഡലം കന്യാകുമാരി ആയപ്പോള്‍ വിജയം ഡിഎംകെയ്ക്ക്. പൊന്‍ രാധാകൃഷ്ണനെ 65,687വോട്ടിന് തോല്‍പ്പിച്ച് ഡിഎംകെയുടെ ഹെലന്‍ ഡേവിഡ്‌സണ്‍ ഡല്‍ഹിക്കുപോയി. 2014-ല്‍ മണ്ഡലം തിരിച്ചുപിടിച്ച പൊന്‍ രാധാകൃഷ്ണന്‍ ജയിച്ചത് 128,662 വോട്ടിന്. കോണ്‍ഗ്രസിന്റെ എച്ച് വസന്തകുമാറിനെയാണ് പരാജയപ്പെടുത്തിയത്. 2019-ല്‍ വസന്തകുമാര്‍ വീണ്ടും വിജയിച്ചു. പൊന്‍ രാധാകൃഷ്ണനെ തോല്പിച്ചത് 259,933 വോട്ടിന്. എച്ച് വസന്തകുമാറിന്റെ അകാല മരണത്തെ തുടര്‍ന്ന് 2021-ല്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയം അദ്ദേഹത്തിന്റെ മകന്‍ വിജയ് വസന്തിന്. ഇത്തവണയും എതിരാളി പൊന്‍ രാധാകൃഷ്ണന്‍ തന്നെ. 137,950 വോട്ടിനായിരുന്നു വിജയ് വസന്തിന്റെ വിജയം.

കലൈഞ്ജറുടെ 'തലവേദന', ബിജെപിയുടെ  'പൊന്‍ മണ്ഡലം'; കന്യാകുമാരിയുടെ നായകനെ നാടാര്‍ വോട്ടുകള്‍ തീരുമാനിക്കും
കൊങ്കുനാട്ടില്‍ ഉദിക്കുമോ ഉദയസൂര്യന്‍? കോയമ്പത്തൂരിലെ ഡിഎംകെ സ്വപ്‌നങ്ങള്‍, അണ്ണാമലൈയുടെ ഗതിയെന്താകും?

ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകള്‍ നിര്‍ണായകമാണ് കന്യാകുമാരിയില്‍. ഇതാണ് ബിജെപിയുടെ പ്രതീക്ഷ വളര്‍ത്തുന്നതും. 2011-ലെ സെന്‍സസ് പ്രകാരം, മണ്ഡലത്തില്‍ 48 ശതമാനം ഹിന്ദുക്കളും 46 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. 4.2 ശതമാനം മുസ്ലിങ്ങളുമുണ്ട്. തീരദേശത്തെ ക്രിസ്ത്യൻ പിന്തുണ കോണ്‍ഗ്രസിനാണ്. ഹിന്ദുക്കളുടെ പിന്തുണ ബിജെപിക്കും. മതപരമായി തന്നെ വോട്ടര്‍മാര്‍ ഇരു ചേരിയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തീരദേശത്തെ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നാണ് ഇത്തവണ എഐഎഡിഎംകെയും നാം തമിഴ് കച്ചിയും സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുന്നത്. ഇത് ക്രിസ്തീയ വോട്ടുകള്‍ മൂന്നായ് ഭിന്നിക്കാന്‍ ഇടവരുത്തുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

വിജയ് വസന്ത്
വിജയ് വസന്ത്

തീരദേശമേഖലയിലെ വോട്ടുകളെക്കാള്‍ പ്രധാനം നാടാര്‍ വിഭാഗത്തിന്റെ വോട്ട് ബാങ്കാണ്. ഹിന്ദു നാടാര്‍ വിഭാഗക്കാര്‍ ബിജെപിക്കൊപ്പമാണ്. 1996-ല്‍ പത്മനാഭപുരം നിയമസഭ മണ്ഡലത്തില്‍ ബിജെപി ആദ്യമായി വിജയിക്കുന്നതിന് പിന്നില്‍, ആര്‍എസ്എസിന്റെ ഈ 'നാടാര്‍ വോട്ട് ഏകീകരണ' തന്ത്രമായിരുന്നു. ഇത്തവണ തങ്ങളുടെ പിന്തുണ ബിജെപിക്കായിരിക്കുമെന്ന് നാഗര്‍കോവില്‍ നാടാര്‍ സമാജം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസും ലക്ഷ്യം വെക്കുന്നത് നാടാര്‍ വോട്ടുകളാണ്. പൊന്‍ രാധാകൃഷ്ണനും വിജയ് വസന്തും ഹിന്ദു നാടാര്‍ വിഭാഗത്തില്‍നിന്നുള്ളവരാണ്. നാടാര്‍ വിഭാഗത്തിലെ മതേതര വിശ്വാസികള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. കന്യാകുമാരിയില്‍ വിജയിക്കണമെങ്കില്‍, അത് ഹിന്ദു, ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥികള്‍ ആയിരിക്കണമെന്നാണ് ഇവിടുത്തുകാരുടെ പരസ്യമായ രഹസ്യം.

1982-ലെ മണ്ടൈക്കാട് ഹിന്ദു-ക്രിസ്ത്യന്‍ കലാപത്തിനുശേഷം കന്യാകുമാരി ജില്ല തന്നെ വര്‍ഗീയമായി വിഭജിക്കപ്പെട്ടതാണ്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിനുശേഷമാണ് ബിജെപിക്ക് കോയമ്പത്തൂരില്‍ കാലുറപ്പിക്കാന്‍ സാധിച്ചത്. കോയമ്പത്തൂരും കന്യാകുമാരിയും തമ്മില്‍ ഇക്കാര്യത്തില്‍ സാമ്യമുണ്ട്. 1998-ലെ സ്‌ഫോടനത്തിനുശേഷം കോയമ്പത്തൂര്‍ വര്‍ഗീയമായി വിഭജിക്കപ്പെട്ടു. ഇത് മുതലെടുക്കാന്‍ ബിജെപി ശ്രമിക്കുകയും ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. കന്യാകുമാരിയിലും ഇതേ അടവുനയമാണ് ബിജെപി പയറ്റുന്നതും.

കലൈഞ്ജറുടെ 'തലവേദന', ബിജെപിയുടെ  'പൊന്‍ മണ്ഡലം'; കന്യാകുമാരിയുടെ നായകനെ നാടാര്‍ വോട്ടുകള്‍ തീരുമാനിക്കും
ചാവേറുകളായി എരിഞ്ഞടങ്ങുമോ, അതോ കറുത്ത കുതിരകളാകുമോ? കരുത്തരോട് ഏറ്റുമുട്ടുന്ന സ്ഥാനാര്‍ഥികള്‍

പഴയ നാഗര്‍കോവില്‍ മണ്ഡലത്തില്‍ 2004-ലെ തിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചത് കോണ്‍ഗ്രസ്-ഡിഎംകെ പിന്തുണയിലായിരുന്നു. 2014-ല്‍ പൊന്‍ രാധാകൃഷ്ണന്‍ ജയിച്ചത് ഡിഎംകെയും കോണ്‍ഗ്രസും എഐഎഡിഎംകെയും സിപിഎമ്മും ബിജെപിയും പരസ്പരം മത്സരിച്ചതുകൊണ്ടായിരുന്നു. ഇവര്‍ എല്ലാവരും സ്ഥാനാര്‍ഥികളാക്കിയത് നാടാര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ. എന്നാല്‍, ഇത്തവണ ഇന്ത്യ സഖ്യമായാണ് ഈ പാര്‍ട്ടികള്‍ കളത്തിലിറങ്ങുന്നതെന്നത് കോണ്‍ഗ്രസിന് വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

കന്യാകുമാരിയില്‍ ദ്രാവിഡ വികാരം ഉണര്‍ത്തുന്ന വാക്കുകള്‍ക്ക് പകരം ദേശീയതലത്തില്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തേണ്ട ആവശ്യമാണ് ഡിഎംകെ ഉയര്‍ത്തിപ്പിടിക്കുന്നത്

കോയമ്പത്തൂര്‍ പിടിക്കുക എന്നതുപോലെ, കന്യാകുമാരിയിലും ബിജെപിയെ അകറ്റിനിര്‍ത്തുകയെന്നത് ഡിഎംകെയ്ക്ക് പ്രധാനമാണ്. ഇതിനോടകം തന്നെ, ഡിഎംകെയുടെ പ്രധാന നേതാക്കളെല്ലാം കന്യാകുമാരിയില്‍ പ്രചാരണത്തിന് ഇറങ്ങിക്കഴിഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന്‌ കളം ഒരുങ്ങുന്നതിന് മുന്‍പുതന്നെ ഉദയനിധി സ്റ്റാലിന്‍ കന്യാകുമാരിയില്‍ തമ്പടിച്ചിരുന്നു. ബൈക്ക് റാലിയുമായായിരുന്നു കന്യാകുമാരിയിലേക്കുള്ള ഉദയനിധിയുടെ കടന്നുവരവ്.

കഴിഞ്ഞദിവസം കന്യാകുമാരിയില്‍ വീണ്ടുമെത്തിയ ഉദയനിധി, മണ്ഡലത്തിന്റെ പൊതുസ്വഭാവം കണക്കാക്കിയുള്ള പ്രസംഗമാണ് നടത്തിയത്. ദ്രാവിഡ വികാരം ഉണര്‍ത്തുന്ന പ്രസംഗത്തിന് വിപരീതമായി, ദേശീയതലത്തില്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തേണ്ട ആവശ്യകതയെക്കുറിച്ചായിരുന്നു ഉദയനിധിയുടെ വാക്കുകള്‍. ബിജെപിയെ ഒരു തരത്തിലും തമിഴ് മണ്ണില്‍ കാലുറപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഡിഎംകെയുടെ പ്രഖ്യാപിത ലക്ഷ്യം.

logo
The Fourth
www.thefourthnews.in