പത്തനംതിട്ടയിൽ ആൻ്റോ തന്നെ താരം

പത്തനംതിട്ടയിൽ ആൻ്റോ തന്നെ താരം

പത്തനംതിട്ടയിലേക്കുള്ള അനില്‍ ആന്റണിയുടെ വരവ് ബിജെപി നേതാക്കള തന്നെ ഞെട്ടിക്കുന്നതായിരുന്നു

പത്തനംതിട്ടയിൽ വീണ്ടും ആൻ്റോ ആൻ്റണി തന്നെ. 66,119 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ടയിൽ ആൻ്റോ വിജയിച്ചത്. 367623 വോട്ടുകൾ ആൻ്റോ നേടിയപ്പോൾ എൽഡിഎഫിൻ്റെ ഡോ. തോമസ് ഐസക് 301504 വോട്ടുകളാണ് കരസ്ഥമാക്കിയത്. കോണ്‍ഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചാടിയ അനിൽ ആൻ്റണിക്കാവട്ടെ 234406 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു.

പത്തനംതിട്ടയിലേക്കുള്ള അനില്‍ ആന്റണിയുടെ വരവ് ബിജെപി നേതാക്കള തന്നെ ഞെട്ടിക്കുന്നതായിരുന്നു. സീറ്റ് മോഹിച്ച് കേരള ജനപക്ഷം പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും നിരാശരായി. ഇത് മറച്ചുവയ്ക്കാതെ, പി സി ജോര്‍ജ് ബിജെപിക്ക് എതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. അനില്‍ ആന്റണിയെ ആര്‍ക്കും അറിയില്ലെന്ന പരാമര്‍ശം ബിജെപിയില്‍ കലഹത്തിന് കാരണായി.

അനിലിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തുകകൂടി ചെയ്തതോടെ, പത്തനംതിട്ടയില്‍ ബിജെപി വലിയ പ്രതീക്ഷ വയ്ക്കുന്നതായി വ്യക്തമായി. പ്രചാരണം മുന്നോട്ടുപോകുന്നതിനിടെ, എന്‍ഡിഎ ക്യാമ്പിനെ പ്രതിരോധത്തിലാക്കി അനില്‍ ആന്റണിക്ക് എതിരെ കോഴ ആരോപണവുമായി വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ രംഗത്തെത്തി. സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ നിയമിക്കാന്‍ അനില്‍ ആന്റണി തന്റെ കയ്യില്‍ നിന്നും 25 ലക്ഷം വാങ്ങിയെന്നും പി ജെ കുര്യന്‍ ഇതിന് സാക്ഷിയാണെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇതോടെ, ബിജെപി പ്രതിരോധത്തിലായി. തൃശൂരില്‍ സ്ഥലം വാങ്ങാന്‍ ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന് പത്തുലക്ഷം നല്‍കിയെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.

അനില്‍ കെ ആന്റണി
അനില്‍ കെ ആന്റണി

നന്ദകുമാറിന്റെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു അനിലിന്റെ വാദം. അനില്‍ പണം വാങ്ങിയെന്ന തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരത്തിയതോടെ വിവാദം കത്തിപ്പടര്‍ന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും പ്രചാരണ കാലത്ത് വിവാദങ്ങളില്‍ നിറഞ്ഞു. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും എസ്എഫ്ഐ രക്തസാക്ഷികളെ കുറിച്ചുള്ള ആന്റോയുടെ പരാമര്‍ശവും വിവാദമായി. മറുവശത്ത് കിഫ്ബി മസാല ബോണ്ട് വിഷയത്തിലെ ഇ ഡി കേസും നിയമപോരാട്ടവും ഒക്കെയായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

തോമസ് ഐസക്
തോമസ് ഐസക്

രൂപീകരണകാലം മുതല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായി നിലനിന്ന പത്തനംതിട്ടയില്‍ പക്ഷേ, ഇത്തവണ കനത്ത പോരാട്ടമായിരുന്നു. മണ്ഡലത്തിന്റെ 'സ്ഥാപക എംപി' ആന്റോ ആന്റണി നാലാം അങ്കത്തിനിറങ്ങിയത് തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരുന്നെങ്കിലും പ്രചാരണം മുറുകിയപ്പോള്‍ യുഡിഎഫ് വിയര്‍ത്തു.

2019 ലോക്സഭ തിരഞ്ഞെടുപ്പ്

ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ കേരളം ചൂടുപിടിച്ചുനിന്നപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ് മൂന്നു മുന്നണികള്‍ക്കും ജീവന്‍ മരണ പോരാട്ടമായിരുന്നു. ശബരിമലയ്ക്കൊപ്പം വയനാടന്‍ ചുരംകയറി രാഹുല്‍ ഗാന്ധികൂടി എത്തിയപ്പോള്‍ ഇടതുമുന്നണി അടപടലം കടപുഴകി വീണു. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെയാണ് ആന്റോ ആന്റണിയെ നേരിടാന്‍ സിപിഎം രംഗത്തിറക്കിയത്. ശബരിമല പ്രക്ഷോഭം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ എന്‍ഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ പത്തനംതിട്ടയിലെത്തി. രാജ്യത്തിന്റെയാകെ ശ്രദ്ധ പതിഞ്ഞ മണ്ഡലമായി പത്തനംതിട്ട മാറി. ഫലം വന്നപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്റോ ആന്റണി ഹാട്രിക് വിജയവുമായി ലോക്സഭയിലേക്ക് പോയി.

പത്തനംതിട്ടയിൽ ആൻ്റോ തന്നെ താരം
കണ്ണൂരിന്റെ കെ എസ് ആയി കസറി സുധാകരന്‍

380,92 വോട്ടാണ് ആന്റോ ആന്റണിക്ക് ലഭിച്ചത്. വീണാ ജോര്‍ജിന് 336,684 വോട്ട്. കെ സുരേന്ദ്രന് ലഭിച്ചത് 297,36 വോട്ട്. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആന്റോയുടെ വിജയം. 2014-ല്‍ 41.3 ശതമാനം വോട്ട് നേടിയ ആന്റോ ആന്റണിക്ക് 2019-ല്‍ കിട്ടിയത് 37.1 ശതമാനം വോട്ട്. 32.8 ശതമാനം ആയിരുന്നു വീണയ്ക്ക് ലഭിച്ച വോട്ട് വിഹിതം. 2014-ല്‍ എംടി രമേശ് നേടിയ 16 ശതമാനം വോട്ടില്‍ നിന്ന് കെ സുരേന്ദ്രന്‍ ബിജെപിയുടെ വോട്ട് വിഹിതം 29 ശതമാനാക്കി വര്‍ധിപ്പിച്ചു. ശബരിമല വിഷയം ഉയര്‍ത്തി കാടിളക്കി പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ആന്റോ ആന്റണി
ആന്റോ ആന്റണി

ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിലും ആന്റോ ആന്റണി തന്നെയായിരുന്നു മുന്നില്‍. അടൂരില്‍ വീണാ ജോര്‍ജ് മുന്നിലെത്തി. 53,216 വോട്ട് ഇവിടെ വീണയ്ക്ക് ലഭിച്ചപ്പോള്‍, ആന്റോയ്ക്ക് കിട്ടിയത് 49280 വോട്ട്. വീണയുടെ നിയമസഭ മണ്ഡലമായ ആറന്‍മുളയില്‍ ആന്റോ തേരോട്ടം നടത്തി. 59,277 വോട്ടാണ് ഇവിടെ യുഡിഎഫിന് ലഭിച്ചത്. വീണാ ജോര്‍ജിന് 52,684 വോട്ട് ലഭിച്ചു. പൂഞ്ഞാറിയാലിരുന്നു യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. ഇവിടെ 61,530 വോട്ടാണ് ആന്റോയ്ക്ക് ലഭിച്ചത്. കോന്നിയില്‍ വീണാ ജോര്‍ജും കെ സുരേന്ദ്രനും ഒപ്പത്തിനൊപ്പമായിരുന്നു. 46,946 വോട്ട് വീണയ്ക്ക് ലഭിച്ചപ്പോള്‍ സുരേന്ദ്രന് 46,506 വോട്ട് കിട്ടി. ഇതാണ് പിന്നാലെവന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്ന് മത്സരിക്കാന്‍ കെ സുരേന്ദ്രനെ പ്രേരിപ്പിച്ചത്.

ആന്റോയെ വിറപ്പിച്ച 'ഓട്ടോറിക്ഷ'

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം. മണ്ഡലം രൂപീകൃതമായതിന് ശേഷം ആദ്യം നടന്ന 2009-ലെ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയും സിപിഎമ്മിലെ അഡ്വ. കെ അനന്തഗോപനും തമ്മിലായിരുന്നു പോരാട്ടം. ബിജെപി സ്ഥാനാര്‍ഥിയായി ബി രാധാകൃഷ്ണനും രംഗത്തിറങ്ങി. 51 ശതമാനം വോട്ട് നേടിയ ആന്റോ ആന്റണി 4,08,232 വോട്ട് വാരിക്കൂട്ടി. കെ അനന്തഗോപന്‍ 2,97026 വോട്ട് പിടിച്ചു. 37.26 ശതമാനമായിരുന്നു വോട്ട് വിഹിതം. 1,11,206 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആന്റോ ജയിച്ചുകയറി. ബിജെപി സ്ഥാനാര്‍ഥി ബി രാധാകൃഷ്ണന് ലഭിച്ചത് 56,294 വോട്ട്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ.

എന്നാല്‍, തൊട്ടടുത്ത തിരഞ്ഞെടുപ്പുകളില്‍ ആന്റോയ്ക്ക് ഈസി വാക്കോവര്‍ ആയിരുന്നില്ല. 2014-ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഇടതു ക്യാമ്പിലെത്തിയ പീലിപ്പോസ് തോമസിനെ സിപിഎം ഇടത് സ്വതന്ത്രനായി രംഗത്തിറക്കി. ഓട്ടോറിക്ഷ ചിഹ്നത്തില്‍ പീലിപ്പോസ് തോമസ് കളത്തിലിറങ്ങിയപ്പോള്‍ ആന്റോ ശരിക്കും വിയര്‍ത്തു. 3,58,842 വോട്ടാണ് ആന്റോ ആന്റണി നേടിയത്. 41.3 ശതമാനം വോട്ട്. പീലിപ്പോസ് തോമസ് 3,02,651 വോട്ട് നേടി. 34.8 ശതമാനം വോട്ട് വിഹിതം. ബിജെപി സ്ഥാനാര്‍ഥി എംടി രമേശ് ആയിരുന്നു. 138,954 വോട്ടും 16 ശതമാനം വോട്ടു വിഹിതവും ബിജെപി പിടിച്ചു. ഇത് ബിജെപിയെ പത്തനംതിട്ടയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. 56,191 വോട്ടിനായിരുന്നു ആന്റോ ആന്റണി വിജയിച്ചത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ആന്റോ ആന്റണി മുന്നിലെത്തിയെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ എല്‍ഡിഎഫിനായി.

പത്തനംതിട്ടയിൽ ആൻ്റോ തന്നെ താരം
ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ബെന്നി ബെഹ്നാന്‍

2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ നിയമസഭകളില്‍ എല്‍ഡിഎഫ് മേല്‍ക്കൈയായിരുന്നു. കേരള കോണ്‍ഗ്രസ്(എം) യുഡിഎഫ് പാളയത്തിലായിരുന്നു. തിരുവല്ല, റാന്നി, ആറന്‍മുള, അടൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. കോന്നിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫിനൊപ്പം. ഇടതും വലതും അടുപ്പിക്കാതെ നിന്ന പിസി ജോര്‍ജ് പൂഞ്ഞാറില്‍ തനിച്ച് മത്സരിച്ച് വിജയിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം നേടിക്കൊടുത്ത 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം നിന്നു. ആറന്‍മുളയില്‍ നിന്ന് രണ്ടാംവട്ടം ജയിച്ചെത്തിയ വീണാ ജോര്‍ജിനെ ആരോഗ്യമന്ത്രി സ്ഥാനം തേടിയെത്തി. അടൂരില്‍ നിന്നെത്തിയ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി.

കോന്നി ഉപതിരഞ്ഞെടുപ്പ്

2019-ല്‍ പാര്‍ലമെന്റിലേക്ക് പോയ യുഡിഎഫ് അംഗങ്ങളില്‍ കോന്നിയില്‍ നിന്നുള്ള നിയമസഭാംഗവും ഉണ്ടായിരുന്നു. കോന്നി വിട്ട അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ വഴി ഡല്‍ഹിക്ക് പോയപ്പോള്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിന്റെ കോട്ടയായിരുന്നു കോന്നി. കെ യു ജനീഷ് കുമാറിനെ സിപിഎം രംഗത്തിറക്കി. പി മോഹന്‍രാജ് ആയിരുന്നു കോണ്‍സ്ര് സ്ഥാനാര്‍ഥി. 9,953 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനീഷ് കുമാര്‍ കോന്നിയില്‍ ചെങ്കൊടി പാറിച്ചു. 2019-ല്‍ കിട്ടിയ വോട്ടിന്റെ പ്രതീക്ഷയില്‍ കോന്നിയിലിറങ്ങിയ കെ സുരേന്ദ്രന് വീണ്ടും തോല്‍ക്കാനായിരുന്നു വിധി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കെ സുരേന്ദ്രന് ലഭിച്ചത് 39,786 വോട്ട്. ജനീഷ് കുമാര്‍ 54,009 വോട്ട് നേടി. പി മോഹന്‍രാജ് 44,146 വോട്ട് പിടിച്ചു. 2021 നിയമസഭ തിരഞ്ഞെടുപ്പിലും ജനീഷ് കുമാര്‍ കോന്നിയെ ഇടതുപക്ഷത്തുതന്നെ ഉറപ്പിച്ചുനിര്‍ത്തി. ഇത്തവണയും കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സഭാ സമവാക്യങ്ങള്‍

മലങ്കര ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ട. 2016-ല്‍ വീണാ ജോര്‍ജ് ആറന്‍മുള മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ഓര്‍ത്തഡോക്സ് സഭയുടെ പരോക്ഷ പിന്തുണ വീണയ്ക്കുണ്ടായിരുന്നു. ഇതിന്റെകൂടി ബലത്തിലായിരുന്നു സിപിഎം വിജയം. ഇത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു 2019-ല്‍ ആന്റോ ആന്റണിക്ക് എതിരെ വീണയെ പരീക്ഷിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിനോട് സര്‍ക്കാരിന് അനുകമ്പയുണ്ടെന്ന പ്രചാരണം ഓര്‍ത്തഡോക്സ് വോട്ടുകള്‍ സിപിഎമ്മിന് എതിരാകുന്നതിന് കാരണമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിറങ്ങി പ്രചാരണം നയിച്ചതും ഓര്‍ത്തഡോക്സ് വോട്ടുകള്‍ ഏകീകരിക്കുന്നതിന് കാരണമായി. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരം പിടിക്കുമെന്നുമുള്ള ധാരണ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി അടക്കമുള്ള മേഖലകളിലെ മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന് ലഭിച്ചു. കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയതില്‍ എന്‍എസ്എസ് നിലപാടും നിര്‍ണായകമായിരുന്നു.

logo
The Fourth
www.thefourthnews.in