പഴയ കനല്‍ അണഞ്ഞു; ആലപ്പുഴയുടെ അമരത്ത് വീണ്ടും കെ സി

പഴയ കനല്‍ അണഞ്ഞു; ആലപ്പുഴയുടെ അമരത്ത് വീണ്ടും കെ സി

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും കുലുങ്ങാതെ നിന്ന മണ്ഡലമാണ് ആലപ്പുഴ

ഒരുതരി കനലായി 2019-ല്‍ സിപിഎമ്മിന്റെ മാനം രക്ഷിച്ച എ എം ആരിഫിന് ഇത്തവണത്തെ യുഡിഎഫ് തരംഗത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ആലപ്പുഴയുടെ 'പ്രിയപുത്രന്‍' എന്ന വിശേഷണമുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കളത്തിലിറങ്ങിയപ്പോള്‍ ആലപ്പുഴക്കാര്‍ കനല്‍ കെടുത്തി കോണ്‍ഗ്രസ് പാളയത്തിലേക്ക് ചാഞ്ഞു.

പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആലപ്പുഴയിലേക്ക് തിരിച്ചെത്തിയ വേണുഗോപാലിനെ 63513 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനം സ്വീകരിച്ചത്. 404560 വോട്ടുകളാണ് കെസിക്ക് ലഭിച്ചത്. 341047 വോട്ടുകള്‍ പിടിക്കാനേ എഎം ആരിഫിന് കഴിഞ്ഞുള്ളു. ശക്തമായ മത്സരം കാഴ്ചവച്ച ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ 299648 വോട്ടുകള്‍ നേടി. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ബിജെപി നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്.

കഴിഞ്ഞ തവണ ആരിഫിന് നേട്ടമുണ്ടാക്കിയ കായംകുളത്ത് ഇത്തവണ വേണ്ടത്ര ജനസമ്മതിയില്ല എന്നതായിരുന്നു സിപിഎം വിലയിരുത്തൽ. കൂടാതെ ആരിഫിനെതിരെ ചെറിയ തോതിലുള്ള ജനവിരുദ്ധ വികാരവും പല പ്രദേശങ്ങളിലുണ്ടായിരുന്നു. എന്നിരുന്നാലും സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാതിരിക്കാനുള്ള എല്ലാവിധ അടവുകളും ഇടതുപക്ഷം പയറ്റിയിരുന്നു.

എ എം ആരിഫ്
എ എം ആരിഫ്

ഏറെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ശേഷമായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നിശ്‌ചയിച്ചത്. കണ്ണൂർകാരനാണെങ്കിലും ആലപ്പുഴയായിരുന്നു കെ സി വേണുഗോപാലിന്റെ പ്രവർത്തന മണ്ഡലം. അതിനാൽ തന്നെ വലിയ സ്വാധീനം അദ്ദേഹത്തിന് മണ്ഡലത്തിലുണ്ടായിരുന്നു. വേണുഗോപാൽ കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ആലപ്പുഴയ്ക്ക് വേണ്ടി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ദേശീയപാത വിഷയത്തിലടക്കം കെ സിയുടെ ഇടപെടൽ ഉണ്ടായെന്നതും യു ഡി എഫ് പ്രചാരണം നടത്തി. ഒപ്പം കെ സിക്ക് ചെറിയ മുൻ‌തൂക്കം ഉണ്ടെന്നായിരുന്നു പ്രവചനങ്ങൾ. ബിജെപിക്ക് വേണ്ടി ശോഭ സുരേന്ദ്രനാണ് കളത്തിൽ ഇറങ്ങിയത്. വസ്തു ഇടപാടിനായി ശോഭാ സുരേന്ദ്രന്‍ തന്റെ കയ്യില്‍ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയെന്ന വിവാദ ദല്ലാള്‍ ടിജി നന്ദകുമാറിന്റെ ആരോപണം ബിജെപിയെ വലിയരീതിയില്‍ പ്രതിരോധത്തിലാക്കി.

പഴയ കനല്‍ അണഞ്ഞു; ആലപ്പുഴയുടെ അമരത്ത് വീണ്ടും കെ സി
ലക്ഷദ്വീപ് തിരിച്ച്പിടിച്ച് കോണ്‍ഗ്രസ്, മുഹമ്മദ് ഫൈസലിനെ വീഴ്ത്തി ഹംദുള്ള സയീദ്‌
കെ സി വേണുഗോപാൽ
കെ സി വേണുഗോപാൽ

ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വരെ നീണ്ടുകിടക്കുന്ന തീരദേശ ലോക്സഭാ മണ്ഡലമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മണ്ഡലവും ചേരുന്നതാണ്‌ ആലപ്പുഴ ലോകസഭാ മണ്ഡലം. നിലവിൽ കരുനാഗപ്പള്ളിയും ഹരിപ്പാടും ഒഴിച്ചുനിർത്തിയാൽ ബാക്കി ഏഴ് നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമാണ്. അരൂരിൽ സിപിഎമ്മിന്റെ ദലീമ ജോജോ, ആലപ്പുഴയിൽ പി പി ചിത്തരഞ്ജൻ, അമ്പലപ്പുഴയിൽ എച്ച് സലാം, കായംകുളത്ത് യു പ്രതിഭ, ചേർത്തലയിൽ സി പി ഐയുടെ പി പ്രസാദ് എന്നിവരാണ് നിലവിലെ ജനപ്രതിനിധികൾ.

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഒരു പക്ഷത്തോട് പ്രത്യേക മമത ആലപ്പുഴക്കാര്‍ കാട്ടിയിട്ടില്ല. യുഡിഎഫിനെയും എല്‍ഡിഎഫിനെയും തഞ്ചം പോലെ ജയിപ്പിക്കുകയും തോല്‍പിക്കുകയും ചെയ്യും. കഴിഞ്ഞ തവണ ട്രെൻഡിനോടൊപ്പം നിൽക്കാത്ത ഏക മണ്ഡലമായിരുന്നു ആലപ്പുഴ.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും കുലുങ്ങാതെ നിന്ന മണ്ഡലമാണ് ആലപ്പുഴ. രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ്, ശബരിമല ഉൾപ്പെടെ നിരവധി വിഷയങ്ങൾ എൽ ഡി എഫിന് പ്രതികൂലമായെങ്കിലും കനലൊരു തരിയായി എ എം ആരിഫ് പാർലമെന്റിലെത്തി. ഷാനിമോൾ ഉസ്മാനെ 10,474 വോട്ടുകൾക്കാണ് അരൂർ എം എൽ എ ആയിരുന്ന എ എം ആരിഫ് തോൽപിച്ചത്.ബിജെപിക്ക് വേണ്ടി മത്സരിച്ച കെ എസ് രാധാകൃഷ്ണൻ 1,87,729 (17.2%) വോട്ടുകൾ നേടി.

കെ സിയെ തുടര്‍ച്ചയായി വിജയിപ്പിച്ച മണ്ഡലം തങ്ങളെ കൈവിടില്ലെന്ന അമിത ആത്മവിശ്വാസം യുഡിഎഫിന് ഉണ്ടായിരുന്നു. ആലപ്പുഴ നഗരസഭാ ചെയർപേഴ്സണും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ഷാനിമോൾ ഉസ്മാൻ ആലപ്പുഴക്കാർ കണ്ടുപരിചയിച്ച നേതാവ് ആയിരുന്നു. ഒപ്പം മുസ്ലിം വനിതാ സ്ഥാനാർത്ഥിയെന്നത് വോട്ടാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടി. എന്നാൽ ആലപ്പുഴ സീറ്റ് ആവശ്യപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിയെ തഴഞ്ഞ് ബിജെപി കെ എസ് രാധാകൃഷ്ണന് സീറ്റ് നല്‍കിയതില്‍ ബിഡിജെഎസിനുണ്ടായ അതൃപ്തിയില്‍ ഈഴവ വോട്ടുകള്‍ ആരിഫിന് മറിഞ്ഞതാണ് യുഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ആരിഫ് വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനും ഈഴ വോട്ടുകളുടെ പിന്തുണയുള്ള ആളുമായിരുന്നതും നിര്‍ണായകമായി.

മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലായിരുന്നു എൽഡിഎഫിന്റെ പ്രവർത്തനങ്ങൾ. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു ആരിഫ് വിജയിച്ചത്. ആരിഫിന് 4,45,970, ഷാനിമോൾ ഉസ്മാന് 4,35,496, ഡോ. കെ എസ് രാധാകൃഷ്ണന് 1,87,729 വോട്ടുകൾ എന്നിങ്ങനെയായിരുന്നു വോട്ടുനില.

പഴയ കനല്‍ അണഞ്ഞു; ആലപ്പുഴയുടെ അമരത്ത് വീണ്ടും കെ സി
സീറ്റ് എണ്ണത്തിൽ രണ്ടക്കം കടക്കാതെ വീണ്ടും കർണാടക കോൺഗ്രസ്; ജെഡിഎസ് സഖ്യം കൊണ്ട് ഗുണമില്ലാത്ത ബിജെപി

2001, 2006, 2009 , വർഷങ്ങളിൽ ആലപ്പുഴയുടെ എംഎൽഎ ആയ കെ സി വേണുഗോപാലിനെ തന്നെയായിരുന്നു യുഡിഎഫ് രംഗത്തിറക്കിയത്. 2011 മുതൽ 2014 വരെ കെ സി കേന്ദ്രമന്ത്രിയായിരുന്നു. ആലപ്പുഴ വിട്ടുകളയാൻ മനസില്ലാതിരുന്ന കോൺഗ്രസ് 2014ലും സിറ്റിങ് എംപിയെ തന്നെ ആലപ്പുഴയിലിറക്കി. എന്നാൽ 2019ൽ പാർട്ടി ചുമതലകളുമായി ഡൽഹിയിലേക്ക് പോയ കെ സി തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി. പകരമായാണ് ഷാനിമോൾ ഉസ്മാനെ കോൺഗ്രസ് മത്സരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in