കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേരളത്തിലെ എസ്ഡിപിഐ പിന്തുണ പ്രഖ്യാപനം; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എതിരെ ആയുധമാക്കി അമിത് ഷാ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അറിയിച്ചിരുന്നു

കേരളത്തില്‍ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി ബിജെപി. രാമനഗരയിലെ ബിജെപി റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എസ്ഡിപിഐ വിഷയം ആയുധമാക്കിയത്. '' ഒരുവശത്ത് ബെംഗളൂരുവില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നു. മറുവശത്ത് എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്നു. ഇത് ശരിയാണെങ്കില്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ കര്‍ണാടകയിലെ ജനങ്ങള്‍ എങ്ങനെ സുരക്ഷിതരായിരിക്കും?'', അമിത് ഷാ ചോദിച്ചു.

എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതില്‍ തനിക്ക് ഞെട്ടലില്ലെന്ന് പറഞ്ഞ അമിത് ഷാ, വര്‍ഗീയവാദികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് വര്‍ഷങ്ങളായി ദേശവിരുദ്ധ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും ആരോപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ 'ഇന്ത്യ' മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യുഡിഎഫിന് മുന്‍ഗണന നല്‍കുവാന്‍ തീരുമാനിച്ചതെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത 'രാജാവ്'; മൈസൂർ - കുടഗ് മണ്ഡലം ബിജെപി സ്ഥാനാർഥി

എന്നാല്‍, എസ്ഡിപിഐ പിന്തുണ തള്ളി കെപിസിസി അധ്യക്ഷന്‍ വി ഡി സതീശന്‍ രംഗത്തെത്തി. എസ്ഡിപിഐയുമായി യാതൊരു സഖ്യവുമില്ലെന്നും തീവ്രവാദ നിലപാടുള്ള ഒരു സംഘടനയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും അവരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണ്. ബിജെപിക്ക് രാജ്യത്ത് ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന് പലരും പിന്തുണ നല്‍കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന് പിന്തുണ നല്‍കുമ്പോള്‍ മതേതരവാദിയാകുന്നു, യുഡിഎഫിന് പിന്തുണയെന്ന് പറഞ്ഞാല്‍ തീവ്രവാദിയാകുന്നു. സിപിഎം ആണോ ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും സതീശന്‍ ചോദിച്ചിരുന്നു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മത്സരിച്ച എസ്ഡിപിഐക്ക് 80,111 വോട്ടാണ് ആകെ കിട്ടിയത്. 0.4 ശതമാനമാണ് എസ്ഡിപിഐക്ക് കിട്ടിയ വോട്ടുവിഹിതം. കണ്ണൂര്‍, വടകര, വയനാട്, മലപ്പുറം, പാലക്കാട്, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചത്. കണ്ണൂര്‍ 8139, വടകര 5543, വയനാട് 5424, മലപ്പുറം 19095, പൊന്നാനി 18114, പാലക്കാട് 5746, ചാലക്കുടി 4685, എറണാകുളം 4309, ആലപ്പുഴ 1125, ആറ്റിങ്ങല്‍ 5428 എന്നിങ്ങനെയാണ് എസ്ഡിപിഐയ്ക്ക് ലഭിച്ച വോട്ടുകള്‍.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കൂടുതല്‍ വോട്ടുകള്‍ നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയില്‍ 26,640 വോട്ടുമാണ് നേടിയത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കൂടുതല്‍ വോട്ട് നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയില്‍ 26,640 വോട്ടുമാണ് എസ്ഡിപിഐ നേടിയത്. കോട്ടയം 3,513, തിരുവനന്തപുരം 4,820, മാവേലിക്കര 8,946, തൃശൂര്‍ 6,894, ആലത്തൂര്‍ 7,820, കാസര്‍കോട് 9,713, ആറ്റിങ്ങല്‍ 11,225, കൊല്ലം 12,812, പത്തനംതിട്ട 11,353, ആലപ്പുഴ 10,993 ഇടുക്കി 10,401, എറണാകുളം 14,825, ചാലക്കുടി 14,386, പാലക്കാട് 12,504, കോഴിക്കോട് 10,596, വയനാട് 14,326, വടകര 15,058, കണ്ണൂര്‍ 19,170 എന്നിങ്ങനെയാണ് എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകള്‍.

logo
The Fourth
www.thefourthnews.in