നരേന്ദ്ര മോദിയുടെ നിഴലിൽ മായുന്ന നിതീഷ് പ്രഭ

നരേന്ദ്ര മോദിയുടെ നിഴലിൽ മായുന്ന നിതീഷ് പ്രഭ

മഹാദളിത് ഉൾപ്പെടെയുള്ള പിന്നാക്ക വോട്ടുകൾ ആർജെഡിയിലേക്ക് മാറുന്നതായാണ് ഇപ്പോൾ കാണുന്നത്. അത് 2020ൽ നടന്ന ബീഹാർ അസ്സംബ്ലി തിരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായിരുന്നു

മെയ് 12 ന് ബിഹാറിലെ പട്നയിൽ നരേന്ദ്രമോദി നടത്തിയ റാലിയുടെ പുറത്ത് വന്ന ദൃശ്യങ്ങൾ പരിശോധിച്ചാൽ, മോദിക്കരികിൽ ഒരു ഭാഗത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയർത്തിപ്പിടിച്ച് ഭവ്യതയോടെ നിൽക്കുന്ന നിതീഷ് കുമാറിനെ കാണാൻ സാധിക്കും. ഒരുകാലത്ത് പ്രധാനമന്ത്രി സ്ഥാനാർഥിയായി പോലും കണക്കാക്കപ്പെട്ടിരുന്ന നിതീഷ് കുമാറാണ് ഇങ്ങനെ പൂർണ ബഹുമാനത്തോടെ തന്റെ പാർട്ടിയുടേത് പോലുമല്ലാത്ത ഒരു തിരഞ്ഞെടുപ്പ് ചിഹ്നവും കൈയ്യിൽ പിടിച്ച് ഒരു പ്രചാരണ വാഹനത്തിൽ നിൽക്കേണ്ടി വരുന്നത്. എന്തുകൊണ്ട് നിതീഷിന് ഈ അവസ്ഥയ്ക്കു പിന്നിലെ കാരണം?

Summary

ജെഡിയുവിന് ഏറ്റവുമധികം വോട്ടുകൾ നൽകിയത് മഹാദളിതരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളാണ്. ആർജെഡിയുടെ പ്രധാന വോട്ട് ബാങ്ക് യാദവ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഈ സമവാക്യം ഇങ്ങനെ നിലനിൽക്കുന്നതുകൊണ്ടാണ് ജെഡിയു ഇല്ലാതെ ആർക്കും ഭരിക്കാൻ സാധിക്കില്ല എന്ന അവസ്ഥ നിലനിൽക്കുന്നത്.

നിതീഷ് കുമാര്‍
നിതീഷ് കുമാര്‍

ബിഹാറിൽ നിതീഷ് കുമാറിനും ജനതാദൾ യുണൈറ്റഡിനും (ജെഡിയു) പ്രാധാന്യം കുറയുന്നു എന്നാണ് നിലവിൽ സ്ക്രോൾ ഉൾപ്പെടെ ചില ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിതീഷ് കുമാറിനപ്പുറം മറ്റൊരു നേതാവിനെയും പാർട്ടിക്ക് ഉയർത്തിക്കാണിക്കാനില്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജെഡിയുവിൽ ഒരു യുവനിരയില്ല എന്നത് ആ പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധിയാണ്. മാത്രവുമല്ല നിരന്തരം മുന്നണി മാറുന്ന നിതീഷിന് ആളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ നിഴലിൽ മായുന്ന നിതീഷ് പ്രഭ
ബിഹാറില്‍ തൊഴിലിനായി സമരം; ദൃശ്യങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്രം, നീക്കം ചെയ്യാന്‍ യൂട്യൂബിന് നിർദേശം

സ്വന്തം മണ്ഡലത്തിൽപോലും നിതീഷിന് അടിപതറുമോ?

കല്യാൺ ബിഗയാണ്‌ നിതീഷിന്റെ സ്വന്തം ഗ്രാമം. ബിഹാറിൽ മറ്റൊരു ഗ്രാമങ്ങൾക്കുമില്ലാത്ത തരം വികസനപ്രവർത്തനവും, സൗകര്യങ്ങളുമാണ് ഈ ഗ്രാമത്തിലുള്ളത്. പട്നയിൽ നിന്നും 60 കിലോമീറ്റർ മാത്രം ദൂരത്താണ് കല്യാൺ ബിഗ എന്ന ഈ ഗ്രാമം. അവിടെയുള്ള ജനങ്ങൾ പറയുന്നു തങ്ങൾക്ക് റോഡ് സൗകര്യമുണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, സർക്കാർ ആശുപത്രികളുണ്ട്, സർക്കാർ നിയന്ത്രണത്തിലുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളുണ്ട്. എന്നാൽ തങ്ങളുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ജോലി ലഭിക്കാൻ എന്തെങ്കിലും സംവിധാനം നിതീഷ് കൊണ്ടുവന്നിട്ടുണ്ടോ എന്നും ഗ്രാമവാസികൾ ചോദിക്കുന്നു.

20 വർഷക്കാലമായി മുഖ്യമന്ത്രിയായിരുന്ന നിതീഷ് തങ്ങളുടെ കുട്ടികൾക്ക് ജോലി ചെയ്യാൻ ഒരു ഫാക്ടറി പോലും നിർമ്മിച്ചിട്ടില്ല. എന്നതാണ് പ്രധാന വിമർശനം. നിതീഷ് ഇനി ഒരിക്കൽകൂടി മുഖ്യമന്ത്രിയാകില്ലെന്നും അതുകൊണ്ട് ഇനി മുഖ്യമന്ത്രിയുടെ ഗ്രാമത്തിനു പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കാൻ സാധ്യതയില്ലെന്നും കല്യാൺ ബിഗയിലെ ജനങ്ങൾ ആശങ്കപ്പെടുന്നു.

മായുന്ന നിതീഷ്

നിതീഷ് കുമാറിന്റെ ജാതിയിൽ നിന്നുള്ള വോട്ടുകളും ജെഡിയുവിന് ഉറപ്പിക്കാനാകില്ല എന്നതാണ് സാഹചര്യം. കുറുമി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ് നിതീഷ്. എന്നാൽ ഇതൊരു വോട്ട് ബാങ്ക് ഒന്നുമല്ല എന്നതുകൊണ്ടുതന്നെ ആ വോട്ടും പ്രത്യേകിച്ച് നിതീഷിന് പ്രതീക്ഷിക്കേണ്ടതില്ല. ജെഡിയുവിന് ഏറ്റവുമധികം വോട്ടുകൾ നൽകിയത് മഹാദളിതരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളാണ്. ആർജെഡിയുടെ പ്രധാന വോട്ട് ബാങ്ക് യാദവ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഈ സമവാക്യം ഇങ്ങനെ നിലനിൽക്കുന്നതുകൊണ്ടാണ് ജെഡിയു ഇല്ലാതെ ആർക്കും ഭരിക്കാൻ സാധിക്കില്ല എന്ന അവസ്ഥ നിലനിൽക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രം മാറി തുടങ്ങി.

ലാലു പ്രസാദ് യാദവും തേജസ്വി യാദവും
ലാലു പ്രസാദ് യാദവും തേജസ്വി യാദവും

മഹാദളിത് ഉൾപ്പെടെയുള്ള പിന്നാക്ക വോട്ടുകൾ ആർജെഡിയിലേക്ക് മാറുന്നതായാണ് ഇപ്പോൾ കാണുന്നത്. അത് 2020ൽ നടന്ന ബിഹാർ അസംബ്ലി തിരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ആർജെഡി ആയിരുന്നു. രണ്ടാമത് ബിജെപിയും കഴിഞ്ഞ് മൂന്നാമത്തെ ഒറ്റക്കക്ഷിയാണ് ജെഡിയു. മത്സരിച്ച 115 സീറ്റുകളിൽ 43 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്.

എന്നിട്ടും നിതീഷ് കുമാർ തന്നെയാണ് ബിഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്. അതിനു കാരണം ആര് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും നിതീഷ് കുമാറില്ലാതെ ഭരിക്കാൻ സാധിക്കില്ല എന്ന അവസ്ഥ സൃഷ്ടിക്കാൻ നിതീഷിന് വിജയകരമായി സാധിക്കുന്നു എന്നതാണ്. പക്ഷെ പഴയ പ്രതാപമൊന്നും തൻറെ പാർട്ടിക്കില്ല എന്ന് നിതീഷ് കുമാർ തന്നെ തിരിച്ചറിയുന്നതായി വേണം മനസിലാക്കാൻ. അതുകൊണ്ടു തന്നെ ഇത്തവണ ബിഹാറിൽ 17 സീറ്റിൽ ബിജെപിയും 16 സീറ്റിൽ ജെഡിയുവുമാണ് മത്സരിക്കുന്നത്.

നിതീഷിന് പകരം വയ്ക്കാൻ ചിരാഗ് പാസ്വാൻ

ബിജെപിയുടെ ബിഹാറിലെ സഖ്യകക്ഷികളിൽ വളരെ പ്രമുഖർ തന്നെയാണ് ലോക് ജനശക്തി പാർട്ടിയും അവരുടെ നേതാവ് ചിരാഗ് പാസ്വാനും. ചിരാഗിന് മുന്നെ അദ്ദേഹത്തിന്റെ അച്ഛൻ രാം വിലാസ് പാസ്വാനിലൂടെ തന്നെ എൽജെപിയുമായി ബിജെപിക്ക് ശക്തമായ ബന്ധമുണ്ട്. ചിരാഗ് പാസ്വാനെയും അതേ പ്രാധാന്യത്തോടെ തന്നെയാണ് അവർ കാണുന്നത്. 2020ൽ നിതീഷ് കുമാറിനെതിരെ ശക്തമായി പ്രചാരണം നടത്തിയ നേതാവാണ് ചിരാഗ് പാസ്വാൻ.

താരതമ്യേന യുവാക്കളാണ് ബിഹാർ രാഷ്ട്രീയത്തിൽ ഇപ്പോൾ ജെഡിയു ഒഴികെ മറ്റെല്ലാ പാർട്ടികളെയും നയിക്കുന്നത് എന്നതും നിതീഷ് നേരിടുന്ന വെല്ലുവിളിയാണ്. ആർജെഡിയുടെ മുഖം ലാലുവിന്റെ മകനായ തേജസ്വി യാദവാണ്. ബിജെപിയുടെ ഇപ്പോഴത്തെ നേതാവ് അവരുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ്. ലോക് ജനശക്തി പാർട്ടിയുടെ മുഖം ചിരാഗ് പസ്വാനാണ്. ഇവരെല്ലാവരും ചെറുപ്പക്കാരാണ്. അവിടെയാണ് ഒരു അടുത്തനിര നേതാക്കളെ അവതരിപ്പിക്കാൻ സാധിക്കാതെ നിതീഷ് ഉഴലുന്നത്.

നരേന്ദ്ര മോദിയുടെ നിഴലിൽ മായുന്ന നിതീഷ് പ്രഭ
ബിഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; ബിജെപി 17 സീറ്റില്‍ മത്സരിക്കും; ജെഡിയു മത്സരിക്കുക 16 സീറ്റില്‍

അതുകൊണ്ട്തന്നെ ആർജെഡിയുടെ പ്രധാന മുഖമായ തേജസ്വി യാദവിനെ നേരിടാൻ ബിജെപി തങ്ങളുടെ നേതാക്കളെകാൾ പ്രാധാന്യത്തോടെ കാണുന്നത് എൽജെപിയുടെ ചിരാഗ് പാസ്വാനെയാണ്. നിതീഷ് കുമാർ എന്ന, ഒരുനാൾ പ്രധാനമന്ത്രി സ്ഥാനാർഥിയായി കരുതിയിരുന്ന നേതാവ് എങ്ങനെയാണ് യാതൊരു പ്രാധാന്യവുമില്ലാതെ അപ്രസക്തനാകുന്നത് എന്ന് ബിഹാർ വരച്ചു കാണിക്കുകയാണ്. ലാലു പ്രസാദ് യാദവിന്‌ പകരക്കാരനായാണ് ബിഹാറിലെ ജനങ്ങൾ നിതീഷിനെ കണ്ടിരുന്നത്. എന്നാൽ പിടിച്ചു നില്‍ക്കാന്‍ ബിജെപിയുടെ സഖ്യം അനിവാര്യമാണെന്ന സ്ഥിതിയിലേക്ക് നിതീഷും പാർട്ടിയും എത്തിക്കഴിഞ്ഞു. അതുകൊണ്ട് നരേന്ദ്രമോദിക്കരികിൽ താമര ചിഹ്നം കയ്യിലേന്തി നിൽക്കാൻ മാത്രമേ ഇപ്പോൾ നിതീഷിന് നിർവാഹമുള്ളൂ.

logo
The Fourth
www.thefourthnews.in