കൊടുങ്കാറ്റിലും വീഴാതിരുന്ന റായ്ബറേലി; സോണിയയുടെ തട്ടകത്തിലേക്ക് രാഹുല്‍, അമേഠി ഉപേക്ഷിച്ച് നെഹ്‌റു കുടുംബം

കൊടുങ്കാറ്റിലും വീഴാതിരുന്ന റായ്ബറേലി; സോണിയയുടെ തട്ടകത്തിലേക്ക് രാഹുല്‍, അമേഠി ഉപേക്ഷിച്ച് നെഹ്‌റു കുടുംബം

നെഹ്‌റു കുടുംബം തങ്ങളുടെ പഴയ കോട്ട ഉപേക്ഷിച്ചിരിക്കുന്നു. അച്ഛന്റെ മണ്ണുപേക്ഷിച്ച് രാഹുല്‍ അമ്മയുടെ താവളത്തിലേക്ക് ചേക്കേറിയിരിക്കുന്നു

നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലമായിരുന്നു അമേഠി. രാജീവ് ഗാന്ധി കാലുറപ്പിച്ചുനിന്ന മണ്ണ്. 1980-ല്‍ സഞ്ജയ് ഗാന്ധിയിലൂടെ ആരംഭിച്ചതാണ് നെഹ്‌റു കുടുംബവുമായുള്ള മണ്ഡലത്തിന്റെ ബന്ധം. അതിനുശേഷം രണ്ടേ രണ്ടുവട്ടം, 1991-ലും 1996-ലും സതീശ് ശര്‍മയിലൂടെ സീറ്റ് മറ്റൊരു കോണ്‍ഗ്രസ് നേതാവിലേക്ക് പോയെങ്കിലും 1999-ല്‍ സോണിയ ഗാന്ധി ആദ്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അമേഠി തിരിഞ്ഞെടുത്തതോടെ, വീണ്ടും നെഹ്‌റു കുടുംബത്തിലേക്കു തിരിച്ചുവന്നു. ഇതിനിടയില്‍ 1998-ല്‍ സഞ്ജയ് സിന്‍ഹയിലൂടെ ഒരുതവണ മണ്ഡലം ബിജെപി പക്ഷത്തേക്ക് പോവുകയും ചെയ്തു.

ഇപ്പോള്‍, നെഹ്‌റു കുടുംബം വീണ്ടും തങ്ങളുടെ പഴയ കോട്ട ഉപേക്ഷിച്ചിരിക്കുന്നു. അച്ഛന്റെ മണ്ണുപേക്ഷിച്ച് രാഹുല്‍ അമ്മയുടെ താവളത്തിലേക്കു ചേക്കേറിയിരിക്കുന്നു. ഇനി റായ്ബറേലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടം. സ്മൃതി ഇറാനി പിടിച്ചെടുത്ത തങ്ങളുടെ കോട്ട തിരിച്ചെടുക്കാന്‍ രാഹുല്‍ വരുമെന്നു കാത്തിരുന്ന അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പക്ഷേ തീരുമാനം നിരാശരായി. രാഹുലിന്റെ വരവ് പ്രതീക്ഷിച്ചുയര്‍ത്തിയ ഫ്‌ളക്‌സുകള്‍ വെറുതേയായി. പക്ഷേ, റായ്ബറേയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സന്തോഷമാണ്, സോണിയക്ക് പകരം രാഹുല്‍ തന്നെയെത്തുന്നു എന്നത് അവര്‍ക്ക് അവേശം പകരുന്ന വാര്‍ത്തയാണ്.

Summary

മോദി പ്രഭാവം ആഞ്ഞടിച്ച 2014-ല്‍ കോണ്‍ഗ്രസിനു യുപിയില്‍ ആകെ ലഭിച്ചത് രണ്ട് സീറ്റായിരുന്നു. അമേഠിയും റായ്ബറേലിയും. 2019-ല്‍ അമേഠി ഒലിച്ചുപോയപ്പോഴും റായ്ബറേലി കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനിന്നു

റായ്ബറേയില്‍ രാഹുല്‍ മത്സരിക്കുന്നതോടെ, ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടിയെന്ന ബിജെപിയുടെ പ്രചാരണത്തെ ചെറുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അനിശ്ചിതത്വങ്ങള്‍ക്കും നിരന്തര ചര്‍ച്ചകള്‍ക്കും ശേഷമാണു റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതും, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ.

റായ്ബറേലിയില്‍ മത്സരിച്ച് ജയിച്ചാലും വയനാട് മണ്ഡലം ഉപേക്ഷിക്കാനാകില്ലെന്ന നിബന്ധന രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍വെച്ചുവെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍, റായ്ബറേലിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. ഈ ഉപതിരഞ്ഞെടുപ്പിലൂടെ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കടന്നേക്കും. നിലവില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകയായ പ്രിയങ്ക, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നേരിട്ടെത്തി പ്രചാരണം നടത്തുന്നതിന്റെ തിരക്കിലാണ്.

കൊടുങ്കാറ്റിലും വീഴാതിരുന്ന റായ്ബറേലി; സോണിയയുടെ തട്ടകത്തിലേക്ക് രാഹുല്‍, അമേഠി ഉപേക്ഷിച്ച് നെഹ്‌റു കുടുംബം
'ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനം ഉത്തർപ്രദേശ് ഇത്തവണ എടുക്കും'|അഖിലേഷ് യാദവ് അഭിമുഖം

അമേഠി: തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് കോട്ട

രാഹുല്‍ ഗാന്ധിക്കു തിരഞ്ഞെടുപ്പ് കളമൊരുക്കാനായാണ് സോണിയ ഗാന്ധി 2004-ല്‍ അമേഠിയില്‍നിന്ന് റായ്ബറേലിയിലേക്കു മാറിയത്. തന്റെ ആദ്യ തിരഞ്ഞെടുപ്പായ 2004-ല്‍ രാഹുല്‍ ഗാന്ധി നേടിയത് 3,90,179 വോട്ടാണ്. 66.18 ശതമാനം വോട്ട് വിഹിതം. രണ്ടാം സ്ഥാനത്ത് എത്തിയ ബിഎസ്‌പി 99,326 വോട്ട് നേടി. മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിക്കു ലഭിച്ചത് വെറും 55,438 വോട്ട്.

മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ 2009-ല്‍ അമേഠിയില്‍നിന്ന് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിഎസ്‌പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 93,997 വോട്ട്. ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 37,570 വോട്ട്.

2009-ല്‍ 71 ശതമാനം വോട്ട് നേടിയ രാഹുലിന് പക്ഷേ 2014-ല്‍ കിട്ടിയ വോട്ട് വിഹിതം 46.71 ശതമാനം. ഇരുപത്തിയഞ്ച് ശതമാനത്തിന്റെ കുറവ്. 2004-ല്‍ ഒന്‍പത് ശതമാനവും 2009-ല്‍ അഞ്ച് ശതമാനവും മാത്രം വോട്ട് നേടിയ ബിജെപി 2014-ല്‍ 34.38 ശതമാനം വോട്ട് നേടി. 28 ശതമാനത്തിന്റെ വര്‍ധന.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും

2014-ല്‍ അമേഠിയില്‍ മത്സരത്തിനിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രത്തില്‍ ഒരു ചാവേര്‍ സ്ഥാനാര്‍ഥിയായാണ് സ്മൃതി ഇറാനിയെ ബിജെപി നേതാക്കള്‍ പോലും വിലയിരുത്തിയത്. ആ തിരഞ്ഞെടുപ്പില്‍ 4,08,651 വോട്ടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നേടിയത്. സ്മൃതി ഇറാനിക്ക് ലഭിച്ചത് 3,00748 വോട്ട്. ഭൂരിപക്ഷം ഒരു ലക്ഷമായി കുറഞ്ഞപ്പോള്‍, കോണ്‍ഗ്രസ് അപകടം തിരിച്ചറിയേണ്ടതായിരുന്നു. എന്നാല്‍, രാജ്യത്തെ പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അലസത, സ്മൃതിയുടെ മുന്നേറ്റം കാര്യമായി എടുത്തില്ല.

2019-ല്‍ അമേഠി മണ്ഡലം സുരക്ഷിതമല്ലെന്ന് മനസിലാക്കിയ രാഹുല്‍ ഗാന്ധി മറ്റൊരു സുരക്ഷിത മണ്ഡലം കൂടി ആലോചിക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി എത്തുന്നത്. മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീകരിച്ച് രാഹുല്‍ അമേഠിക്കൊപ്പം വയനാട്ടിലും മത്സരിച്ചു. ഇത് ആയുധമാക്കിയ സ്മൃതിയും ബിജെപിയും വന്‍ പ്രചാരണം അഴിച്ചുവിട്ടു. തന്നെ ഭയന്നാണ് രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനി ആവര്‍ത്തിച്ചു. വയനാട്ടിലെ പ്രകടനങ്ങളിലെ മുസ്ലിം ലീഗ് പതാകകള്‍ പാകിസ്താന്‍ പതാകയാണെന്ന് പ്രചാരണം നടത്തി.

സ്മൃതി ഇറാനി
സ്മൃതി ഇറാനി

സുരക്ഷിത മണ്ഡലം തേടി ദക്ഷിണേന്ത്യേയിലേക്കു വന്നത്, പ്രത്യേകിച്ച് ബിജെപിയുടെ കണ്ണിലെ കരടായ കേരളത്തിലേക്ക് വന്നത് അമേഠിയില്‍ രാഹുലിന് തിരിച്ചടിയായി. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, 4,68,514 വോട്ട് നേടി സ്മൃതി ഇറാനി വിജയിച്ചു. രാഹുൽ ഗാന്ധിക്ക് ലഭിച്ചത് 4,13,394 വോട്ട്. സ്മൃതിക്ക് 49.71 ശതമാനം വോട്ട് ലഭിച്ചപ്പോൾ രാഹുലിനു കിട്ടിയത് 43.84 ശതമാനം മാത്രം.

തിലോല്‍, ജഗ്ദിഷ്‌പുര്‍, ഗൗരിഗഞ്ച്, അമേഠി, സലോണ്‍ എന്നിങ്ങനെ അഞ്ച് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് അമേഠി ലോക്‌സഭ മണ്ഡലം. 2014-ല്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധിയായിരുന്നു മുന്നില്‍. 2019-ല്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി പിന്നോട്ടുപോയി. നിലവില്‍ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസിന് എംഎല്‍എമാരില്ല. മൂന്നിടത്ത് ബിജെപിയും രണ്ടിടത്ത് സമാജ്‌വാദി പാര്‍ട്ടിയുമാണ്. ഇതില്‍ അമേഠി നിയമസഭ മണ്ഡലത്തില്‍ എസ്‌പിയാണ് വിജയിച്ചത്.

കൊടുങ്കാറ്റിലും വീഴാതിരുന്ന റായ്ബറേലി; സോണിയയുടെ തട്ടകത്തിലേക്ക് രാഹുല്‍, അമേഠി ഉപേക്ഷിച്ച് നെഹ്‌റു കുടുംബം
ജാതി സെൻസസുമായി പ്രതിപക്ഷം; 'വിദ്വേഷത്തെ' ബിജെപി കൂട്ടുപിടിക്കുന്നത് ഒബിസി വോട്ടുറപ്പിക്കാനോ?

റായ്ബറേലി: കൊടുങ്കാറ്റിലും വീഴാതിരുന്ന കോട്ട

മോദി പ്രഭാവം ആഞ്ഞടിച്ച 2014-ല്‍ കോണ്‍ഗ്രസിന് യുപിയില്‍ ആകെ ലഭിച്ചത് രണ്ട് സീറ്റായിരുന്നു. അമേഠിയും റായ്ബറേലിയും. 2019-ല്‍ അമേഠി ഒലിച്ചുപോയപ്പോഴും റായ്ബറേലി കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനിന്നു.

1967, 71, 90 തിരഞ്ഞെടുപ്പുകളില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വിജയിച്ച മണ്ഡലമാണ് റായ്ബറേലി. 1977-ല്‍ രാജ് നാരായണിലൂടെ ജനത പാര്‍ട്ടിയ്ക്ക് ഒപ്പവും 1996-ലും 98-ലും അശോക് സിങിലൂടെ ബിജെപിയുടെ കൂടെയും പോയതൊഴിച്ചാല്‍, കോണ്‍ഗ്രസിന്റെ കരുത്തുറ്റ മണ്ഡലം. 2004-ല്‍ മണ്ഡലത്തിലെത്തിയ സോണിയ ഗാന്ധി ജയിച്ചത് 2,49,765 വോട്ടിന്. 2009-ല്‍ ഭൂരിപക്ഷം 3,72,16 ആയി വര്‍ധിച്ചു. 2014-ല്‍ സോണിയയുടെ ഭൂരിപക്ഷം 3,52,713 ആയി കുറഞ്ഞു. 2009-ല്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി, 2014-ല്‍ രണ്ടാം സ്ഥാനത്തെത്തി. 2019 സോണിയയ്ക്കും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ് 1,67,178 ആയി. സോണിയ 5,34,918 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ് 3,67,740 വോട്ട് നേടി. ഇത്തവണയും സിങ് തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി.

ലോക്‌സഭ മണ്ഡലത്തിനു കീഴിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്തും എസ്‌പിക്കാണ് നിലവില്‍ എംഎല്‍എമാരുള്ളത്. അമേഠിയിലെന്നപോലെ റായ്ബറേലിയിലും കോണ്‍ഗ്രസ് അടിത്തറയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. പക്ഷേ, സോണിയയുടെ തട്ടകത്തിലേക്ക് രാഹുല്‍ എത്തുന്നത് വിജയം പ്രതീക്ഷിച്ച മാത്രമാണ്.

റായ്ബറേലി നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും അഭിമാനപ്പോരാട്ടമായി മാറും. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് രാഹുല്‍ റായ്ബറേലിയിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ, ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

logo
The Fourth
www.thefourthnews.in