സുചാരിത മോഹന്തി
സുചാരിത മോഹന്തി

'പ്രചാരണത്തിന് പാർട്ടി പണം നൽകുന്നില്ല': പത്രിക സമർപ്പണത്തിന് ഒരുദിവസം ശേഷിക്കെ പിന്മാറി പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി

പുരി ലോക്‌സഭാ സീറ്റിലേക്ക് മെയ് 25നാണ് വോട്ടെടുപ്പ്. അതിനിടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ കരുതിയിരുന്ന സുചാരിത പിന്മാറുന്നത്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വീണ്ടും തലവേദന സൃഷ്ടിച്ച് സ്ഥാനാർഥിയുടെ പിന്മാറ്റം. ഒഡിഷയിലെ പുരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സുചാരിത മോഹന്തിയാണ് പിന്മാറിയത്. പാർട്ടിയിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നാണ് ആരോപണം. അടുത്തിടെ ഇൻഡോറിലെ സ്ഥാനാർഥി അക്ഷയ് കാന്തി ബം നാമനിർദേശപത്രിക നൽകിയ ശേഷം പിൻവലിച്ച് ബിജെപിയിൽ ചേർന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ തിരിച്ചടി.

പുരി ലോക്‌സഭാ സീറ്റിലേക്ക് മെയ് 25നാണ് വോട്ടെടുപ്പ്. അതിനിടെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കാൻ കരുതിയിരുന്ന സുചാരിത പിന്മാറുന്നത്. വെള്ളിയാഴ്ചയാണ് താൻ പിന്മാറുന്ന കാര്യം അറിയിച്ച് സുചാരിത പാർട്ടി നേതാക്കൾക്ക് മെയിൽ അയച്ചത്. തന്റെ പ്രചാരണത്തിന് ആവശ്യമായ പണം പാർട്ടി നൽകുന്നില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയ കാരണം.

സുചാരിത മോഹന്തി
സൂറത്തിന് പിന്നാലെ ഇൻഡോറിലും കോൺഗ്രസിന് തിരിച്ചടി; പത്രിക പിൻവലിച്ചു, ബിജെപിയിൽ ചേരാനൊരുങ്ങി പാർട്ടി സ്ഥാനാർഥി

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി ഒരുദിവസം കൂടിയേ ശേഷിക്കുന്നുള്ളു. അവസാന നിമിഷമുള്ള പിന്മാറ്റം കോൺഗ്രസ് ക്യാമ്പിനെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതേസമയം, കോൺഗ്രസിന് പുറമെ മണ്ഡലത്തിൽ മത്സരരംഗത്തുള്ള ബിജെഡിയുടെ അരൂപ് പട്‌നായിക്കും ബിജെപിയുടെ സംബിത് പത്രയും ഇതിനകം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സംഭാവനകൾ തേടി സുചാരിത അടുത്തിടെ ക്രൗഡ് ഫണ്ടിങ് ക്യാമ്പയിൻ ആരംഭിച്ചിരുന്നു. പണം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യുപിഐ ക്യുആർ കോഡും ഷെയർ ചെയ്തിരുന്നു. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരിക്കുന്നതിനാൽ ദാതാക്കളെ ആകർഷിക്കാൻ താൻ നിർബന്ധിതയായെന്നായിരുന്നു സുചാരിതയുടെ പ്രതികരണം. പക്ഷേ ശ്രമങ്ങൾ വിഫലമായതോടെ പാർട്ടിയോട് ഫണ്ട് ആവശ്യപ്പെട്ടു. അതും ലഭിക്കാതായതോടെയാണ് മത്സരരംഗത്തുനിന്ന് മാറുന്ന കാര്യം അറിയിച്ചതെന്നും സുചാരിത പറഞ്ഞു.

സുചാരിത മോഹന്തി
വ്യക്തിപരമായ കാരണങ്ങൾ, വിഷാദം, അമ്മയുടെ ആരോഗ്യം! സൂറത്തിൽ ഒൻപത് സ്ഥാനാർഥികളുടെ കൂട്ട പിന്മാറ്റത്തിന് പിന്നിലെന്ത്?

2014ൽ പുരി പാർലമെൻ്റ് സീറ്റിൽനിന്ന് മത്സരിച്ച് സുചാരിത പരാജയപ്പെട്ടിരുന്നു. നേരത്തെ മധ്യപ്രദേശിലെ ഇൻഡോർ ലോക്‌സഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായിരുന്ന അക്ഷയ് കാന്തി ബാം വോട്ടെടുപ്പിന് രണ്ടാഴ്ച ശേഷിക്കേ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു.

ഏപ്രിൽ ഇരുപത്തിരണ്ടിന് സൂറത്തിലെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാലിനെ എതിരില്ലാത്തതിനാൽ വിജയിയായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുംഭാനിയെ പിന്തുണച്ചവരുടെ ഒപ്പുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പത്രിക തള്ളുകയായിരുന്നു. കൂടാതെ ബിഎസ്പി സ്ഥാനാർഥി ഉൾപ്പെടെയുള്ള എട്ടുപേർ പത്രിക പിൻവലിക്കുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥി എതിരില്ലാതെ ജയിച്ചത്.

logo
The Fourth
www.thefourthnews.in