ശിവരാജ് കുമാറും ഭാര്യ ഗീതയും
ശിവരാജ് കുമാറും ഭാര്യ ഗീതയും

ഗീത ശിവരാജ് കുമാറിന് കോൺഗ്രസ് ടിക്കറ്റ്; കന്നി അങ്കം ശിവമോഗയിൽ

കർണാടക മുൻ മുഖ്യമന്ത്രി എസ്‌ ബംഗാരപ്പയുടെ മകളായ ഗീത ശിവരാജ് കുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു  കോൺഗ്രസ് അംഗത്വമെടുത്തത്  

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കന്നഡ നടൻ ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവരാജ് കുമാറിന് ടിക്കറ്റ് നൽകി  കർണാടക കോൺഗ്രസ്. എഐസിസി പുറത്തു വിട്ട ആദ്യഘട്ട  സ്ഥാനാർഥിപട്ടികയിലാണ് ഗീത ശിവരാജ്‌കുമാർ ഇടം പിടിച്ചത്. ശിവമോഗ മണ്ഡലത്തിൽ നിന്നാണ് അവർ ജനവിധി തേടുക. കർണാടക മുൻ മുഖ്യമന്ത്രി എസ്‌ ബംഗാരപ്പയുടെ മകളാണ്  ഗീത ശിവരാജ് കുമാർ.

കാലങ്ങളായി ബിജെപി കോട്ടയായ ശിവമോഗയിൽ ഗീത ശിവരാജ്കുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇറങ്ങുമ്പോൾ  തീപാറും പോരാട്ടത്തിനാണ് അങ്കത്തട്ട് ഒരുങ്ങുന്നത്. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ  ബി എസ്‌ യെദ്യുരപ്പയുടെ മൂത്ത മകൻ ബി വൈ രാഘവേന്ദ്രയുടെ  സിറ്റിംഗ്  മണ്ഡലമാണ് ശിവമോഗ.  രാഘവേന്ദ്രയെ  തന്നെ ബിജെപി ഇത്തവണ കളത്തിലിറക്കാനാണ്  സാധ്യത. അങ്ങനെയെങ്കിൽ ഇത്തവണ ശിവമോഗ സാക്ഷ്യം വഹിക്കുക രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ തമ്മിലുളള പോരാട്ടത്തിനാകും. 

ശിവരാജ് കുമാറും ഭാര്യ ഗീതയും
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ കോണ്‍ഗ്രസിന്റെ അപ്പീല്‍ തള്ളി

കാവിക്കോട്ടയായിരുന്നിട്ടും ശിവമോഗ ലോക്സഭ മണ്ഡലത്തിന്റെ  പരിധിയിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇത് നൽകുന്ന ആത്മവിശ്വാസമാണ്   ഗീത ശിവകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിന് പിൻബലമായത്.

ഗീതയുടെ അച്ഛൻ എസ്‌ ബംഗാരപ്പയോടു  ശിവമോഗക്കാർക്കുളള  മമതയും സ്നേഹവും ഗീത ശിവരാജ് കുമാറിനെ തുണക്കുമെന്നാണ്  കോൺഗ്രസിന്റെ കണക്കു കൂട്ടൽ. കന്നഡിഗർക്കിടയിൽ ഏറെ ജനപ്രിയതയുളള നടനായ ശിവരാജ് കുമാർ പ്രചാരണത്തിന് ഇറങ്ങുക കൂടി ചെയ്‌താൽ ശിവമോഗയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

ലിംഗായത്തുകൾക്ക്  സ്വാധീനമുളള പ്രദേശം കൂടിയാണ്  ശിവമോഗ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്ന ലിംഗായത്തുകൾ  ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളയാളാണ്  ഗീത. 

ശിവരാജ് കുമാറും ഭാര്യ ഗീതയും
കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ഒവൈസി; ഹിന്ദി ഹൃദയഭൂമിയിൽ 'ഇന്ത്യ' വിയർക്കേണ്ടി വരുമോ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച്‌  കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ പ്രചാരണ പരിപാടികളിൽ സംബന്ധിച്ചതും  ഭാര്യ ഗീത കോൺഗ്രസ് അംഗത്വം സ്വീകരിച്ചതും. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഇരുവരും  പ്രവർത്തിച്ചിരുന്നു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര തന്നെ പ്രചോദിപ്പിക്കുന്നതായിരുന്നെന്ന്  ശിവരാജ് കുമാർ പറഞ്ഞിരുന്നു. 

ബംഗാരപ്പയുടെ മക്കളിൽ രാഷ്ട്രീയത്തിൽ ഇറങ്ങുന്ന  മൂന്നാമത്തെ ആളാണ്  ഗീത. ബംഗാരപ്പയുടെ മക്കളായ  കുമാർ ബംഗാരപ്പ, മധു ബംഗാരപ്പ എന്നിവർ കർണാടക രാഷ്ട്രീയത്തിൽ നേരത്തെ തന്നെ സജീവമാണ്. കുമാർ ബംഗാരപ്പ ബിജെപി രാഷ്ട്രീയത്തിലും  മധു ബംഗാരപ്പ  കോൺഗ്രസ് രാഷ്ട്രീയത്തിലുമാണ്  നിലവിൽ പ്രവർത്തിക്കുന്നത്. അച്ഛൻ എസ്‌  ബംഗാരപ്പയുടെ തട്ടകമായ  ശിവമോഗയിലെ സൊറബയെയാണ് മധു ബംഗാരപ്പ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. ഇദ്ദേഹം നിലവിൽ കർണാടകയുടെ  വിദ്യാഭ്യാസ മന്ത്രിയാണ്. 

logo
The Fourth
www.thefourthnews.in