കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ഒവൈസി; ഹിന്ദി ഹൃദയഭൂമിയിൽ 'ഇന്ത്യ' വിയർക്കേണ്ടി വരുമോ?

കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ഒവൈസി; ഹിന്ദി ഹൃദയഭൂമിയിൽ 'ഇന്ത്യ' വിയർക്കേണ്ടി വരുമോ?

വിമർശനങ്ങൾ പല ഭാഗത്ത് നിന്നുണ്ടാകുമ്പോഴും എഐഎംഐഎം നേതാക്കൾ മത്സരിക്കും എന്ന നിലപാടിൽ തന്നെയാണ്

പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യ സഖ്യം യുപി, ഡൽഹി, മഹാരാഷ്ട്ര, ഗോവ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ധാരണയിലേക്കെത്തിക്കഴിഞ്ഞു. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഇന്ത്യ മുന്നണിക്ക് വെല്ലുവിളിയായി ഒവൈസിയുടെ എഐഎംഐഎം കൂടുതൽ സംസ്ഥാനങ്ങളിൽ മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

ബിജെപിയുമായി പ്രത്യക്ഷത്തിൽ കടുത്ത സംഘർഷത്തിൽ നിൽക്കുന്ന എഐഎംഐഎം, അവരുടെ നിലപാടുകളിലൂടെ പരോക്ഷമായി സഹായിക്കുന്നത് ബിജെപിയെ തന്നെയാണെന്ന് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. അസാദുദ്ദിന്‍ ഒവൈസിയുടെ ശക്തി കേന്ദ്രമായ തെലങ്കാനയ്ക്കപ്പുറം ബിഹാറിലും ഉത്തർപ്രദേശിലും (യുപി) മഹാരാഷ്ട്രയിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എഐഎംഐഎം. ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഒവൈസിയിലേക്കു കൂടി ചിതറിപ്പോയേക്കാമെന്ന സാധ്യത ഇന്ത്യ മുന്നണിയുടെ കാണുന്നുണ്ട്.

കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ഒവൈസി; ഹിന്ദി ഹൃദയഭൂമിയിൽ 'ഇന്ത്യ' വിയർക്കേണ്ടി വരുമോ?
ഒവൈസിയെ കൊണ്ട് ബിജെപിയ്ക്കുള്ള പ്രയോജനം: ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്

ബിഹാറിലും യുപിയിലും പരമാവധി സീറ്റുകള്‍ ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ജയന്ത് ചൗധരിയുടെ നേതൃത്വത്തിൽ ആർഎൽഡിയും നിതീഷ് കുമാറിന്റെ ജെഡിയുവും എൻഡിഎ പാളയത്തിലേക്ക് പോയപ്പോഴും തേജസ്വി യാദവ് ഒപ്പം നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസും ഇന്ത്യ സഖ്യവും ബിഹാറിൽ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എന്നാൽ, ഒവൈസിയുടെ പാർട്ടി ബിഹാറിൽ ഏഴു സീറ്റിലും യുപിയിൽ 20 സീറ്റിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന വിവരം തിരിച്ചു വരാനൊരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിനെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിടുകയാണ്.

2019ൽ ഹിന്ദി ഹൃദയഭൂമിയിൽ ഒരു സീറ്റിൽ മാത്രമേ ഒവൈസിയുടെ പാർട്ടി മത്സരിച്ചിട്ടുള്ളൂ. അത് ബിഹാറിലായിരുന്നു. ആ സ്ഥാനത്ത് ഇത്തവണ യുപിയില്‍ ഇരുപതും ബിഹാറിൽ ഏഴും സീറ്റിൽ മത്സരിക്കാനൊരുങ്ങുന്ന ഒവൈസി 'ഇന്ത്യ' സഖ്യത്തിന് വെല്ലുവിളിയാകാനുള്ള സാധ്യതയുണ്ട്.

മഹാരാഷ്ട്രയിൽ മുംബൈയും മാറാത്തവാഡയുമായിരിക്കും ഒവൈസി സ്ഥാനാർഥികളെ പരീക്ഷിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍. തെലങ്കാനയിൽ സ്വന്തം തട്ടകമായ ഹൈദരാബാദിന് പുറമെ സെക്കന്ദരാബാദും ഇത്തവണ എഐഎംഐഎം നോട്ടമിട്ടിട്ടുണ്ട്. ബംഗാളിൽ മത്സരത്തിനുണ്ടാകില്ലെന്നാണ് ഒവൈസിയുമായി അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റുപോലും നേടാൻ സാധിച്ചിരുന്നില്ല.

യുപിയില്‍ 2017ല്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒവൈസിയും പാർട്ടിയും മികവ് പുലർത്തി. അന്ന് 32 സീറ്റിൽ വിജയിക്കാൻ സാധിച്ച പാർട്ടി 2019 പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. 2022ൽ നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തിലധികം സീറ്റിൽ അവർക്ക് ലഭിച്ച വോട്ടുകൾ ആ സീറ്റുകളിൽ വിജയിച്ച എസ് പി സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലായിരുന്നുവെന്നതും പ്രതിപക്ഷകക്ഷികൾക്ക് ആശങ്കയ്ക്കു വക നൽകുന്നതാണ്.

ഇന്ത്യയിലെ മുസ്ലിങ്ങൾ മതേതര ചേരിയോടൊപ്പം നിൽക്കരുതെന്നും അവരുടെ രക്ഷകർ തങ്ങളാണെന്നുമാണ് എഐഎംഐഎം എന്നും പറഞ്ഞിട്ടുള്ളത്. ഇത്തവണ മത്സരിക്കാൻ തിരഞ്ഞെടുത്ത മുംബൈ, മാറാത്തവാഡ എന്നിവിടങ്ങളിൽ മുസ്ലിം ജനസംഖ്യ 12 ശതമാനമാണ്.

കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ഒവൈസി; ഹിന്ദി ഹൃദയഭൂമിയിൽ 'ഇന്ത്യ' വിയർക്കേണ്ടി വരുമോ?
അമേഠി പഴയ അമേഠിയല്ല; സ്മൃതി ഇറാനി തകര്‍ത്ത കോണ്‍ഗ്രസ് കോട്ട, രാഹുലിന് എളുപ്പമാകുമോ?

എഐഎംഐഎമ്മിന്റെ പ്രവർത്തകരും നേതാക്കളും ഒരുപോലെ പറയുന്ന കാര്യമാണ് ഹൈദരാബാദിലും ബിഹാറിലെ കിഷൻഗഞ്ചിലും ഉറപ്പായും തങ്ങൾ മത്സരിക്കുമെന്ന്. അതിനു പുറത്താണ് യുപി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കൂടി മത്സരിക്കാനുള്ള ആലോചന ഒവൈസിയും കൂട്ടരും നടത്തുന്നത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎമ്മിന് രണ്ട്‌ എംപിമാരെയാണ് ലഭിച്ചത്. ഒന്ന് ഹൈദരാബാദിൽ നിന്ന് ഒവൈസി, രണ്ട് ഊറംഗാബാദിൽ നിന്ന് ഇംതിയാസ് ജലീൽ. 2019ൽ ബിഹാറിലെ കിഷൻഗഞ്ചിൽ അഖ്‌താർ-ഉൽ-ഇമാൻ ആയിരുന്നു എഐഎംഐഎമ്മിന്റെ സ്ഥാനാർഥി. മൂന്ന് ലക്ഷത്തോളം വോട്ട് നേടി അക്തർ-ഉൽ-ഇമാൻ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ബിഹാറിലെ 40 മണ്ഡലങ്ങളിൽ കോൺഗ്രസ്-ആർജെഡി സഖ്യം നേടിയ ഏക സീറ്റും കിഷൻഗഞ്ജാണ്. ഇത്തവണയും ആ സീറ്റിൽ അഖ്‌താർ-ഉൽ-ഇമാനെ തന്നെ മത്സരിപ്പിക്കുമെന്നാണ് എഐഎംഐഎം അറിയിക്കുന്നത്. ഇത് ബാധിക്കാൻ പോകുന്നത് 'ഇന്ത്യ' സഖ്യത്തെയും.

ബിഹാറിലും സമാനമായ സാഹചര്യമാണുള്ളത്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള സീമാഞ്ചൽ മേഖലയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ എഐഎംഐഎമ്മിന് സാധിച്ചിട്ടുണ്ട്. അഞ്ച് സീറ്റിൽ വിജയിച്ചു. എന്നാൽ അവരിൽ നാലുപേർ ആർജെഡിക്കൊപ്പം പോയി. അതുകൊണ്ടുകൂടി ബിഹാറിലെ സാഹചര്യത്തിൽ ആർജെഡികൂടി ഉൾപ്പെടുന്ന 'ഇന്ത്യ' സഖ്യം അവരുടെ എതിർപക്ഷത്താണ്.

കിഷൻഗഞ്ജ് കൂടാതെ, കത്തിഹാർ, പൂർണിയ, അറാറിയ, ദർഭാംഗ, മധുഭാനി, ഗയ എന്നീ സ്ഥലങ്ങളിൽ കൂടി എഐഎംഐഎം മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കാനും അവർ ഉദ്ദേശിക്കുന്നുണ്ട്. കോൺഗ്രസിന് തങ്ങളുടെ വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂ, നേതൃത്വം ആവശ്യമില്ല, അതുകൊണ്ടാണ് കോൺഗ്രസിനൊപ്പം നിൽക്കാത്തതെന്ന് എഐഎംഐഎം നേതാക്കൾ പറയുന്നു.

കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ഒവൈസി; ഹിന്ദി ഹൃദയഭൂമിയിൽ 'ഇന്ത്യ' വിയർക്കേണ്ടി വരുമോ?
എന്തുകൊണ്ട് ഒവൈസിയെ വീണ്ടും ചർച്ചയ്‌ക്കെടുക്കണം?

വിമർശനങ്ങൾ പല ഭാഗത്തുനിന്നുണ്ടാകുമ്പോഴും മത്സരിക്കുമെന്ന നിലപാടിൽ തന്നെയാണ് എഐഎംഐഎം നേതാക്കൾ. മതേതര കക്ഷികള്‍ മുസ്ലീങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നില്ലെന്നും സ്വയം സംഘടിക്കുക മാത്രമേ പോംവഴിയുള്ളൂവെന്നുമാണ് ഒവൈസിയുടെ പക്ഷം. ബിജെപിയെ എതിര്‍ക്കുമ്പോൾതന്നെ മതേതര പാര്‍ട്ടികളെയും അതേ അളവിലോ അതേക്കാള്‍ തീവ്രമായോ അദ്ദേഹം എതിര്‍ത്തുകൊണ്ടിരിക്കുന്നു. അതിന് ഒവൈസിക്ക് പല കാരണങ്ങളുണ്ടെങ്കിലും മതേതര വോട്ടുകൾ ഭിന്നിച്ചുപോകുന്നത് ബിജെപിക്കു മാത്രമേ ഉപകാരപ്പെടുകയുള്ളൂവെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ വിമർശനം.

logo
The Fourth
www.thefourthnews.in