'ഞങ്ങള്‍ പ്രതികരിക്കുന്നില്ല'; മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ നാവനക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍

'ഞങ്ങള്‍ പ്രതികരിക്കുന്നില്ല'; മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ നാവനക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍

വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രതികരിക്കാനില്ലെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രതികരിക്കാനില്ലെന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നു രാവിലെ മുതല്‍ കമ്മിഷന്റെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് സംസാരിക്കന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണര്‍മാരും വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷന്‍ ഓഫീസിലെ വൃത്തങ്ങള്‍ മുഖേന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കമ്മിഷന്‍ മാധ്യമങ്ങളെ അറിയിച്ചത്.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.

'ഞങ്ങള്‍ പ്രതികരിക്കുന്നില്ല'; മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ നാവനക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍
'കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങൾക്ക് നൽകും'; വിഭാഗീയ പരാമർശവുമായി നരേന്ദ്രമോദി

കോണ്‍ഗ്രസിനെ തിരഞ്ഞെടുത്താല്‍ അവര്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറിയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ''ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?'' മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചു.

''കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. രാജ്യത്തിന്റെ സമ്പത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത് മന്‍മോഹന്‍ സിങ് സര്‍ക്കാരാണ്. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല,'' ഇതായിരുന്നു മോദിയുടെ പരാമര്‍ശം.

പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരേ ഉയര്‍ന്നത്. ഇതിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു.

'ഞങ്ങള്‍ പ്രതികരിക്കുന്നില്ല'; മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ നാവനക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍
അന്ന് കൊല്ലപ്പെട്ട പട്ടാളക്കാർ, ഇന്ന് മുസ്ലിങ്ങൾ! നോക്കുകുത്തിയായ കമ്മിഷന് മുന്നിൽ തുടരുന്ന മോദിയുടെ വിദ്വേഷപ്രചാരണം

ഇന്ത്യ വഴിതെറ്റില്ലെന്നും ആദ്യഘട്ട വോട്ടെടുപ്പിലുണ്ടായ നിരാശമൂലം മോദിയുടെ നുണകളുടെ നിലവാരം കുറയുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കുറ്റപ്പെടുത്തല്‍. ഭയം നിമിത്തം പ്രശ്‌നങ്ങളില്‍നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. രാജ്യം തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുകയെന്നും രാഹുല്‍ എക്സില്‍ കുറിച്ചിരുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മോദിയുടെ പരാമര്‍ശത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ തന്നെ ഉന്നയിക്കപ്പെട്ട നിരവധി പരാതികളില്‍ ഒരു തീരുമാനവും ബിജെപിയ്ക്കെതിരെ എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. അതിനാല്‍, എല്ലാ അര്‍ത്ഥത്തിലും വിദ്വേഷപ്രചാരണമായിരുന്നുവെങ്കിലും ഇതിനെതിരെയും നടപടിയെടുക്കാന്‍ കമ്മിഷന്‍ തയ്യാറാകുമെന്ന് കരുതാനാവില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാല് ദിവസത്തിനുശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ തുടക്കത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ കമ്മിഷനെ കണ്ടിരുന്നു. എന്നാല്‍ ഒരു നടപടിയുമെടുത്തില്ല. തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജന്‍സികളുടെ ഉള്‍പ്പെടെ നിയന്ത്രണം കമ്മിഷന്‍ ഏറ്റെടുക്കണമെന്നതായിരുന്നു ആവശ്യം. സംസ്ഥാനങ്ങളില്‍ പോലിസിന്റെ പോലും ദൈനംദിന കാര്യത്തിലൊഴികെയുള്ള കാര്യങ്ങളില്‍ ഫലത്തില്‍ നിയന്ത്രണം കമ്മിഷനാണ്. കമ്മിഷന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പോലും സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചില്ല.

'ഞങ്ങള്‍ പ്രതികരിക്കുന്നില്ല'; മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ നാവനക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍
FACT CHECK| 'വികസനത്തിന്റെ പങ്ക് എല്ലാവര്‍ക്കും ലഭ്യമാക്കണം', മന്‍മോഹന്‍ സിങ് അന്ന് പറഞ്ഞതും വര്‍ഗീയവാദികള്‍ കേട്ടതും

തമിഴ്നാട്ടില്‍ മോദി ഹിന്ദു മതവും ശിവശക്തിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കമ്മിഷനെ സമീപിച്ചിരുന്നു. ഇവിടെയും മതമാണ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഒരു തരത്തിലുള്ള നടപടിയുമെടുക്കാന്‍ കമ്മിഷന്‍ തയ്യാറായില്ല.

കമ്മിഷന്റെ നിയമനത്തില്‍ സര്‍ക്കാരിനുള്ള സമ്പൂര്‍ണ അധികാരമാണ് ഇതിനു കാരണമെന്ന് കരുതുന്നു. നേരത്തെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്ന സമിതി വേണം തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കാനെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം ഒരു മന്ത്രിയെ ഉള്‍പ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമായിരുന്നു മോദി സര്‍ക്കാരിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in