ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; വോട്ടെടുപ്പ് ഏഴ് ഘട്ടമായി?
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സർവെ പൂർത്തിയാക്കി. ജമ്മു കശ്മീരിലെ പരിശോധനയോടുകൂടിയാണ് ഈ വാരം കമ്മീഷന്‍ സർവെ പൂർത്തിയാക്കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകളിലേക്ക് മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിങ് സന്ധുവിനേയും ഇന്നലെ തിരഞ്ഞെടുത്തിരുന്നു. ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കമ്മീഷണർമാരായി തിരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് അറിയിച്ചത്.
ഇതിനുപുറമെ രാഷ്ട്രീയ ഫണ്ടിങ് സുത്യാര്യമാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് എസ്ബിഐ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. മാര്‍ച്ച് 15-നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പല ദേശീയ - പ്രാദേശിക പാർട്ടികളും ഇതിനോടകം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 543 മണ്ഡലങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 267 സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിട്ടുള്ളത്, കോണ്‍ഗ്രസ് 82 പേരുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് പതിനാലിനോ പതിനഞ്ചിനോ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു. 2019ന് സമാനമായി ഏഴ് ഘട്ടങ്ങളായായിരിക്കും വോട്ടെടുപ്പ്. ആദ്യ ഘട്ടം ഏപ്രില്‍ രണ്ടാം വാരമായിരിക്കുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.
2019 തിരഞ്ഞെടുപ്പില്‍ 351 സീറ്റുകള്‍ നേടിയായിരുന്നു എന്‍ഡിഎ സർക്കാർ അധികാരത്തിലേറിയത്. 303 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കോണ്‍ഗ്രസിന് 52 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു വിജയിക്കാനായത്.