ഫണ്ടില്ല, പ്രചാരണം പ്രതിസന്ധിയില്‍;  ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് സമയത്ത് പിരിവിനിറങ്ങാന്‍ കോണ്‍ഗ്രസ്

ഫണ്ടില്ല, പ്രചാരണം പ്രതിസന്ധിയില്‍; ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് സമയത്ത് പിരിവിനിറങ്ങാന്‍ കോണ്‍ഗ്രസ്

നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയ്ക്കും ജില്ലാ കമ്മിറ്റികളുമാണ് പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്
Updated on
2 min read

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പിന് തിരിച്ചടിയായി സാമ്പത്തിക പ്രതിസന്ധി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഉള്‍പ്പെടെ ആദായനികുതി വകുപ്പ് നടത്തുന്ന നീക്കങ്ങള്‍ പ്രവര്‍ത്തനങ്ങൾ പ്രതിസന്ധിയിലാക്കുന്നുവെന്ന് ദേശീയനേതൃത്വം തന്നെ വ്യക്തമാക്കുമ്പോള്‍ കേരളത്തിലും കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ പോലും തുറക്കാന്‍ സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ ദേശീയ നേതാക്കളുടെ സാന്നിധ്യമുള്‍പ്പെടെ കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാന്‍ ജനങ്ങളില്‍നിന്ന് ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൂപ്പണുകള്‍ ഉള്‍പ്പെടെ തയ്യാറാക്കി പിരിവിന് ഇറങ്ങാനാണ് നീക്കം. കൂപ്പണുകള്‍ ഉപയോഗിച്ച് ബൂത്ത് തലത്തില്‍ പിരിവ് നടത്താനാണ് പദ്ധതിയിടുന്നതെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഫണ്ട് പിരിവിന് തയ്യാറാകുന്നത്.

ഫണ്ടില്ല, പ്രചാരണം പ്രതിസന്ധിയില്‍;  ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് സമയത്ത് പിരിവിനിറങ്ങാന്‍ കോണ്‍ഗ്രസ്
കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?

സംസ്ഥാനത്തെ പാര്‍ട്ടിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങള്‍. കേന്ദ്ര ഏജന്‍സികള്‍ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നത് യാഥാര്‍ഥ്യമാണ് എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തില്‍ ഭരണത്തിലുള്ള ഇടതുപക്ഷവും പ്രചാരണ പ്രവര്‍ത്തനത്തിനായി പണമൊഴുക്കുമ്പോള്‍ പാര്‍ട്ടിയുടെ അവസ്ഥ ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയ്ക്കും ജില്ലാ കമ്മിറ്റികളുമാണ് പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്. പ്രചാരണത്തിന് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിനെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്.

പിരിവിനിറങ്ങിയാൽ പ്രചാരണത്തിന് തിരിച്ചടിയാകുമെന്ന് സംസ്ഥാന ഘടകങ്ങൾ ദേശീയനേതൃത്വത്തെ അറിയിച്ചു. മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി, ഝാർഖണ്ഡ് അടക്കമുള്ള സംസ്ഥാന സമിതികൾ ഈ നിലപാട് അറിയിച്ചു. പ്രചാരണത്തിനുള്ള ഫണ്ടിന്റെ ചുമതലയിൽനിന്ന് ദേശീയ നേതൃത്വം ഒഴിഞ്ഞുമാറുന്നതിൽ സംസ്ഥാന സമിതികൾ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഫണ്ടില്ല, പ്രചാരണം പ്രതിസന്ധിയില്‍;  ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പ് സമയത്ത് പിരിവിനിറങ്ങാന്‍ കോണ്‍ഗ്രസ്
തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്

കഴിഞ്ഞദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് ക്യാംപയിന്‍ കമ്മിറ്റി യോഗത്തിലും സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചായിരുന്നു. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പന്തളം സുധാകരന്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ പ്രചാരണത്തിനായി സോഷ്യല്‍, ഡിജിറ്റല്‍ മീഡിയകളെ പരമാവധി ഉപയോഗപ്പെടുത്തി ചെലവ് ചുരുക്കാൻ നിര്‍ദേശമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാതലത്തില്‍ കണ്ടെത്തുന്ന പ്രാസംഗികരെ ബൂത്ത് തലത്തില്‍ നിയോഗിച്ച് പ്രചാരണം ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നിലാണ് എല്‍ഡിഎഫും ബിജെപിയും. മറ്റ് രണ്ട് മുന്നണികളേക്കാള്‍ നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ എല്‍ഡിഎഫ് പല മണ്ഡലങ്ങളിലും ആദ്യഘട്ട പ്രചാരണം പിന്നിട്ടു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും റാലികളുമായി ഇടതുപക്ഷം കളംനിറയുമ്പോള്‍ ബിജെപി ഒട്ടും പിന്നിലല്ല. നാല് മണ്ഡലങ്ങളില്‍ സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളെ മണ്ഡലങ്ങളിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് അവർ.

logo
The Fourth
www.thefourthnews.in