ജയിലിൽനിന്ന് നേടിയ വമ്പൻ വിജയം; അമൃത് പാൽ സിങ്ങിനും എൻജിനീയർ റാഷിദിനും എംപിമാരായി പ്രവർത്തിക്കാനാകുമോ?

ജയിലിൽനിന്ന് നേടിയ വമ്പൻ വിജയം; അമൃത് പാൽ സിങ്ങിനും എൻജിനീയർ റാഷിദിനും എംപിമാരായി പ്രവർത്തിക്കാനാകുമോ?

ഗുരുതര വകുപ്പുകള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഇരുവരുടെയും കാര്യത്തില്‍ ഇനി എന്തായിരിക്കും സംഭവിക്കുകയെന്നത് ഒരു ചോദ്യമാണ്.

18ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വന്നതിന് ശേഷമുള്ള വിലയിരുത്തലുകളും ചര്‍ച്ചകളുമാണ് രാജ്യത്തുടനീളം നടക്കുന്നത്. മന്ത്രിസഭ രൂപീകരിക്കേണ്ട തത്രപ്പാടില്‍ ബിജെപി നിൽക്കുമ്പോൾ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ അവതരിപ്പിക്കുകയാണ്. എന്നാല്‍ രണ്ട് പേരുടെ ഫലങ്ങള്‍ ജനാധിപത്യ വ്യവസ്ഥയില്‍ അസാധാരണ സാഹചര്യത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച എഞ്ചിനീയര്‍ ഷെയ്ഖ് എന്നറിയപ്പെടുന്ന അബ്ദുല്‍ റാഷിദ് ശെയ്ഖും അമൃത് പാല്‍ സിങ്ങുമാണ് ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്നത്. ജയിലില്‍ നിന്നും മത്സരിച്ച് വിജയിച്ചുവെന്നതാണ് ഇരുവരുടെയും പ്രത്യേകത.

പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്നുമാണ് ഖലിസ്ഥാന്‍ നേതാവും വാരിസ് പഞ്ചാബ് ദേ പാര്‍ട്ടി അധ്യക്ഷനുമായ അമൃത്പാല്‍ സിങ്ങിനെയും ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്നുമാണ് അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവ് ഷെയ്ഖ് അബ്ദുള്‍ റാഷിദിനെയും ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും പാര്‍ലമെന്റ് അങ്കണത്തില്‍ സ്പീക്കര്‍ക്കു മുന്നില്‍ സത്യവാചകം ചൊല്ലി ചുമതലയേല്‍ക്കണമെന്നതാണ് വ്യവസ്ഥയെങ്കിലും ഗുരുതര വകുപ്പുകള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഇരുവരുടെയും കാര്യത്തില്‍ ഇനി എന്തായിരിക്കും സംഭവിക്കുകയെന്നത് ഒരു ചോദ്യമാണ്.

ജയിലിൽനിന്ന് നേടിയ വമ്പൻ വിജയം; അമൃത് പാൽ സിങ്ങിനും എൻജിനീയർ റാഷിദിനും എംപിമാരായി പ്രവർത്തിക്കാനാകുമോ?
തടവറയ്ക്കും തടുക്കാന്‍ കഴിയാത്ത വിജയം; പക്ഷേ അമൃത്പാലും എന്‍ജിനീയര്‍ റാഷിദും ലോക്‌സഭയുടെ പടികാണുമോ?

ആരാണ് എഞ്ചിനീയര്‍ റാഷിദ്

ജമ്മുവിലെ എക്കാലത്തെയും സമുന്നതനായ നേതാവ് ഒമര്‍ അബ്ദുള്ളയെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ റാഷിദ് ഷെയ്ഖ് തോല്‍പ്പിച്ചത്. 2,04,142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒമര്‍ അബ്ദുള്ള റാഷിദിന് മുമ്പാകെ തോല്‍വി ഏറ്റുവാങ്ങിയത്. പിതാവിന് വേണ്ടി 21കാരനായ മകന്‍ അബ്രാറാണ് തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയത്. നേരത്തെ രണ്ട് തവണ എംഎല്‍എയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം ബാരാമുള്ളയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിലും ജെകെഎന്‍സിയുടെ അക്ബര്‍ ലോണിനോട് പരാജയപ്പെട്ടു.

സയന്‍സ് ബിരുദധാരിയും സിവില്‍ എന്‍ജിനീയറുമായ റാഷിദ് 2008-ലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. എന്നാൽ അതിന് മുന്നേ തീവ്രവാദ ഫണ്ടിങ്ങിന്റെ പേരില്‍ 2005ലാണ് റാഷിദ് അറസ്റ്റിലാകുന്നത്. ലഷ്‌കര്‍ ഇ ത്വയ്ബ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കായി ഫണ്ട് സമാഹരിച്ചുവെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ പോലീസിന്റെ സ്പെഷല്‍ ഓപ്പറേഷസ് ഗ്രൂപ്പാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്. ആ കേസില്‍ ദേശവിരുദ്ധ പ്രവര്‍ത്തനക്കുറ്റം ചുമത്തി മൂന്നു മാസവും 17 ദിവസവുമാണ് റാഷിദിനെ ജയിലില്‍ അടച്ചത്. പക്ഷേ പോലീസിന് തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

എഞ്ചിനീയര്‍ റാഷിദ്
എഞ്ചിനീയര്‍ റാഷിദ്

ഇതിനിടയില്‍ 2015ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് തന്റെ വസതിയില്‍ ബീഫ് വിളമ്പി അതിഥികളെ സത്കരിച്ചതിന് ബിജെപി എംഎല്‍എമാരില്‍ നിന്നും റാഷിദ് ആക്രമിക്കപ്പെട്ടു. ഇതോടെ റാഷിദ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളിലെ കണ്ണില്‍ കരടാകുകയായിരുന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍ പോലീസ് അന്വേഷിച്ച് തെളിവു കണ്ടെത്താനാകാതെ പോയ തീവ്രവാദ ഫണ്ടിങ് കേസ് എന്‍ഐഎയ്ക്കു കൈമാറി. 2018 അവസാനം കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ 2019 മാര്‍ച്ചില്‍ റാഷിദിനെ അറസ്റ്റ് ചെയ്തു.

കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ കല്ലേറ് നടത്തിയതിനും ശ്രീനഗറില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിനും സ്‌കൂളുകള്‍ അഗ്‌നിക്കിരയാക്കിയതിനു പിന്നിലും റാഷിദിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചന നടന്നുവെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ഇതിനു പുറമെ ലഷ്‌കറുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണെന്ന് രാജ്യത്തിനെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ലഷ്‌കറിന് റാഷിദ് പണം സമാഹരിച്ചതായി കേസിലെ മറ്റൊരു പ്രതിയായ സഹൂര്‍ വതാലി സമ്മതിച്ചതായും കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ജയിലിൽനിന്ന് നേടിയ വമ്പൻ വിജയം; അമൃത് പാൽ സിങ്ങിനും എൻജിനീയർ റാഷിദിനും എംപിമാരായി പ്രവർത്തിക്കാനാകുമോ?
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക്; പ്രമേയം പാസാക്കി പ്രവര്‍ത്തക സമിതി, വയനാടിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍

കേസില്‍ വാദം കേട്ട ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി കേസില്‍ റാഷിദിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തി 2019 ഓഗസ്റ്റ് ഒന്‍പതിന് തിഹാര്‍ ജയിലിലേക്ക് അയച്ചു. നിലവില്‍ അഞ്ച് വര്‍ഷമായി തിഹാറില്‍ ജയിലിലാണ് റാഷിദ്. ഇപ്പോൾ വിജയത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം തേടി റാഷിദ് ഡല്‍ഹി കോടതിയെ സമീപിച്ചിട്ടുണ്ട്.

റാഷിദിൻ്റെ വിജയം ആഘോഷിക്കുന്ന മകന്‍ അബ്രാർ
റാഷിദിൻ്റെ വിജയം ആഘോഷിക്കുന്ന മകന്‍ അബ്രാർ

അമൃത്പാല്‍ സിങ്

പഞ്ചാബിലെ ഖദൂര്‍ സാഹിബ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാണ് അമൃത് പാല്‍ സിങ് വിജയിച്ച് കയറിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കുല്‍ബിര്‍ സിങ്ങ് സിറയെയാണ് 1,97,120 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത്. 2020ല്‍ കര്‍ഷകനിയമത്തിനെതിരെയുള്ള സമരങ്ങളില്‍ ഭാഗമായതിന് പിന്നാലെയായിരുന്നു അമൃത് പാല്‍ സിങ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്.

2023 ഫെബ്രുവരിയില്‍ തന്റെ അനുയായികളിലൊരാളുടെ അറസ്റ്റിനെത്തുടര്‍ന്ന് പഞ്ചാബിലെ ഒരു പോലീസ് സ്റ്റേഷന്‍ വന്‍ ജനക്കൂട്ടത്തിന്റെ പിന്തുണയോടെ ആക്രമിച്ചതിനു പിന്നാലെ വീണ്ടും അമൃത്പാല്‍ സിങ് ചർച്ചയാകുകയായിരുന്നു. ഇതിനു പിന്നാലെ പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഉപയോഗിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഇതോടെ ഒളിവില്‍ പോയ അമൃത്പാല്‍ സിങ്ങിനെ പിടികൂടാന്‍ രാജ്യവ്യാപകമായ എന്‍ഐഎയുടെ തിരച്ചിലും മാധ്യമ ശ്രദ്ധ നേടിയിരുന്നു.

അമൃത്പാല്‍ സിങ്
അമൃത്പാല്‍ സിങ്

ജയിലില്‍ നിന്നും വിജയിക്കുന്നവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ജാമ്യം തേടാമെങ്കിലും അത് നല്‍കണമെന്ന നിര്‍ബന്ധമില്ല

ഒടുവില്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അസമില്‍നിന്ന് അമൃത്പാലിനെ എന്‍ഐഎ പിടികൂടുകയായിരുന്നു. വിചാരണ കൂടാതെ 12 മാസം വരെ തടവിലിടാന്‍ അനുവദിക്കുന്ന ദേശീയ സുരക്ഷാ നിയമം ചുമത്തി അന്നു മുതല്‍ അമൃത്പാല്‍ ദിബ്രുഗഡിലെ ജയിലിലാണ്. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.

അതേസമയം അമൃത്പാലിന്റെ പിതാവ് തര്‍സേം സിങ്ങാണ് മണ്ഡലത്തിലുട നീളം പ്രചാരണം നയിച്ചത്. സിഖ് മൂല്യങ്ങളുടെ വക്താവായിരുന്ന അമൃത് പാൽ മദ്യപാനത്തിനും മയക്കുമരുന്ന് ആസക്തിക്കുമെതിരെ സംസാരിക്കുകയും യുവാക്കളെ ലഹരി വസ്തുക്കളുടെ ദുരുപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ യുവാക്കളുടെ വന്‍സംഘം അടങ്ങുന്ന അമൃത്പാലിന്റെ അനുയായി വൃന്ദങ്ങളും പ്രചാരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

ജയിലിൽനിന്ന് നേടിയ വമ്പൻ വിജയം; അമൃത് പാൽ സിങ്ങിനും എൻജിനീയർ റാഷിദിനും എംപിമാരായി പ്രവർത്തിക്കാനാകുമോ?
മൂന്നാം മോദി സര്‍ക്കാരിന്‌റെ സത്യപ്രതിജ്ഞ: ക്ഷണം ലഭിച്ചതില്‍ മലയാളിയായ ലോക്കോ പൈലറ്റ് ഐശ്വര്യ മേനോനും

വിചാരണത്തടവിലുള്ള എംപിമാർക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമോ

1951ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് വിചാരണത്തടവുകാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കില്ല. എന്നാല്‍ തടവിലാക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമപ്രകാരം വോട്ട് ചെയ്യാന്‍ അനുവാദമില്ല. അതേസമയം ജയിലില്‍ നിന്നും വിജയിക്കുന്നവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ജാമ്യം തേടാമെങ്കിലും അത് നല്‍കണമെന്ന നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡേ പറയുന്നു.

ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിനെ വീണ്ടും രാജ്യസഭയില്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജാമ്യം തേടി സത്യപ്രതിജ്ഞ ചെയ്ത സംഭവം സമീപകാല ഉദാഹരണമാണ്. അതീവ സുരക്ഷയില്‍ രാജ്യ സഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന്റെ ഓഫീസിലെത്തിയായിരുന്നു സത്യപ്രതിജ്ഞ.

സഞ്ജയ് സിങ്ങ്
സഞ്ജയ് സിങ്ങ്

എന്നിരുന്നാലും റാഷിദിന്റെ മേല്‍ യുഎപിഎ കുറ്റം ചുമത്തിയതിനാല്‍ തന്നെ ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുമേയെന്നത് സംശയമാണ്. കുറ്റാരോപിതര്‍ക്കെതിരെയുള്ള കേസ് പ്രഥമാദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ നിയമത്തിലെ വകുപ്പ് 43ഡി (5) പ്രകാരം കോടതിക്ക് ജാമ്യം നിഷേധിക്കാം.

ഒരു പക്ഷേ സത്യപ്രതിജ്ഞ ചെയ്യാന്‍ ജാമ്യം ലഭിച്ചാലും ഇരുവര്‍ക്കും പാര്‍ലമെന്റ് നടക്കുമ്പോള്‍ എങ്ങനെ പങ്കെടുക്കാന്‍ സാധിക്കുമെന്നതും ഒരു പ്രശ്‌നമാണ്. ഭരണഘടനയിലെ അനുച്ഛേദം 101 (4) പ്രകാരം 60 ദിവസത്തെ കാലയളവില്‍ ഒരു ലോക്‌സഭാംഗം പാര്‍ലമെന്റ് സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ ആ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കും.

ജയിലിൽനിന്ന് നേടിയ വമ്പൻ വിജയം; അമൃത് പാൽ സിങ്ങിനും എൻജിനീയർ റാഷിദിനും എംപിമാരായി പ്രവർത്തിക്കാനാകുമോ?
മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മുയ്സു എത്തിയേക്കും; ഉഭയകക്ഷി ബന്ധത്തിലെ വിള്ളലിനുശേഷമുള്ള ആദ്യ സന്ദര്‍ശനം

''ഇത്തരമൊരു സാഹചര്യത്തില്‍ വിചാരണത്തടവുകാരന് ജാമ്യത്തിന് വേണ്ടി ഹര്‍ജി നല്‍കുകയോ അല്ലെങ്കില്‍ ലോക്‌സഭാ സ്പീക്കറോട് അവധി ആവശ്യപ്പെടുകയോ ചെയ്യാം. സീറ്റ് ഒഴിഞ്ഞതായി പ്രഖ്യാപിച്ചാല്‍ അവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. എന്നാല്‍ റാഷിദും അമൃത്പാല്‍ സിങ്ങും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചതിനാല്‍ വീണ്ടും തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ഇതൊരു പ്രാഥമികമായ രീതിയാകില്ല,'' വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയിലെ മുതിര്‍ന്ന ഫെല്ലോയായ അലോക് പ്രസന്ന കുമാറിനെ ഉദ്ധരിച്ച് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക വിചാരണക്കോടതി കൈകാര്യം ചെയ്യുന്ന കേസായതിനാല്‍ തന്നെ ഇരുവരുടെയും കേസുകള്‍ എംപി |എംഎല്‍എ കോടതിയിലേക്ക് മാറ്റാനും സാധിക്കില്ല. എംപിമാരല്ലാത്ത സമയത്തായിരുന്നു റാഷിദിന്റെയും അമൃത്പാലിന്റെയും കേസുകള്‍ വന്നതെങ്കിലും ഭരണഘടനയുടെ അനുച്ഛേദം 101 (4) പ്രകാരം കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ ആവശ്യപ്പെടാന്‍ സാധിക്കും. പക്ഷേ വിചാരണ വേഗത്തിലാക്കി രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചാല്‍ അവരെ അയോഗ്യരാക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യാവുന്നതാണ്.

അതേസമയം, 1951ലെ ജനപ്രാതിനിധ്യ നിയമം പ്രകാരം വിചാരണത്തടവുകാര്‍ക്ക് പൊതു ഉദ്യോഗം തടയുന്നതില്‍ നിന്നും വിലക്കില്ല. മദ്യനയക്കേസില്‍ അറസിറ്റലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിനുള്ളില്‍ നിന്നും ഭരിച്ചിരുന്നത് ഇത് പ്രകാരമായിരുന്നു.

1977ലും ഇത്തരമൊരു സംഭവം നടന്നിരുന്നു. 1977ല്‍ ബറോഡ ഡൈനാമിറ്റ് കേസില്‍ അറസ്റ്റിലായ സോഷ്യലിസ്റ്റ് നേതാവ് ഫെര്‍ണാണ്ടസിനെതിരെ മിസ പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് അടിയന്തരാവസ്ഥക്കാലത്ത് ബിഹാറിലെ മുസാഫര്‍പൂറില്‍ നിന്നും അദ്ദേഹം വിജയിച്ചെങ്കിലും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജയില്‍ മോചിതനാകുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് 2019ല്‍ അറസ്റ്റിലായ അസം വിവരാകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിബ്‌സാഗര്‍ മണ്ഡലത്തില്‍ വിജയിക്കുകയും സത്യപ്രതിജ്ഞാ ചടങ്ങിനായി ജാമ്യം ലഭിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in