'ഘടികാരം താമരയിലലിഞ്ഞോ...'; ലക്ഷദ്വീപില്‍ ആര്‍ക്ക് സമയം തെളിയും?

'ഘടികാരം താമരയിലലിഞ്ഞോ...'; ലക്ഷദ്വീപില്‍ ആര്‍ക്ക് സമയം തെളിയും?

ദ്വീപുകാരുടെ മനസിൽ പതിഞ്ഞ ഘടികാരം ഇത്തവണ താമരയുമായി ചേർന്നു

ലക്ഷദ്വീപിൽ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകതയുണ്ട്. കുറേ വർഷങ്ങളായി ദ്വീപുകാരുടെ മനസിൽ പതിഞ്ഞ ഘടികാരം ഇത്തവണ താമരയുമായി ചേർന്നു. എൻസിപിയുടെ ചിഹ്നമായ ഘടികാരത്തിൽ മത്സരിച്ച മുഹമ്മദ് ഫൈസലെന്ന ദ്വീപിന്റെ മൂത്തോനായിരുന്നു പത്ത് വർഷം ലക്ഷദ്വീപിന്റെ എംപി. അതുകൊണ്ട് തന്നെ ഘടികാരം ചിഹ്നം ദ്വീപുകാർക്ക് സുപരിചിതം.

Summary

ചിഹ്നത്തിൽ കാര്യമില്ലെന്നും ദ്വീപിലെ ജനങ്ങളുടെ മനസാണ് പ്രധാനമെന്നും പറഞ്ഞ് ഫൈസൽ മുന്നോട്ടുപോകുന്നതിനിടെയാണ് ബിജെപി പിന്തുണയോടെ എൻസിപി അജിത് പവാർ പക്ഷത്തെ സ്ഥാനാർത്ഥിയായി മതപണ്ഡിതൻ കൂടിയായ യൂസഫ് സഖാഫി ഘടികാരം ചിഹ്നത്തില്‍ മത്സരത്തിനിറങ്ങുന്നത്

ഇത്തവണ പതിവ് മാറി. എൻസിപിയിൽ ദേശീയ തലത്തിൽ പിളർപ്പുണ്ടായതോടെ നിലവിലെ എം പി മുഹമ്മദ് ഫൈസൽ അടക്കം എൻസിപി ലക്ഷദ്വീപ് ഘടകവും കേരള ഘടകവും ശരദ് പവാർ പക്ഷത്തോടൊപ്പം നിലകൊണ്ടു. പിന്നാലെ ചിഹ്നം ഫൈസലിന് വലിയ വെല്ലുവിളിയായി. ഔദ്യോഗിക ചിഹ്നമായ ഘടികാരം അജിത്പവാർ പക്ഷത്തിനായതോടെ മുഹമ്മദ് ഫൈസലിന് ലഭിച്ചത് കാഹളം മുഴക്കുന്ന മനുഷ്യൻ എന്ന ചിഹ്നമാണ്.

ചിഹ്നത്തിൽ കാര്യമില്ലെന്നും ദ്വീപിലെ ജനങ്ങളുടെ മനസാണ് പ്രധാനമെന്നും പറഞ്ഞ് തിരഞ്ഞെടുപ്പിൽ ഫൈസൽ മുന്നോട്ടുപോകുന്നതിനിടെയാണ് ബിജെപി പിന്തുണയോടെ എൻസിപി അജിത് പവാർ പക്ഷത്തെ സ്ഥാനാര്‍ഥി മതപണ്ഡിതൻ കൂടിയായ യൂസഫ് സഖാഫി മത്സര രംഗത്തെത്തിയത്. ഘടികാരം ചിഹ്നത്തിലാണ് മത്സരം. ഇതുവരെ ദ്വീപുകാർ വിശ്വസിച്ച് വോട്ട് ചെയ്ത ഘടികാര ചിഹ്നം. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തൊന്നും അത്ര സജീവമല്ലെങ്കിലും യൂസഫ് സഖാഫിയുടെ ചിഹ്നം ദ്വീപിൽ തള്ളിക്കളയാവുന്ന ഒന്നല്ല. വർഷങ്ങളായി ഘടികാരത്തെ സ്നേഹിച്ച വോട്ടർമാർ എവിടെ കുത്തുമെന്നതാണ് ഇനിയറിയേണ്ടത്.

ചിഹ്നത്തിലെ ആശയക്കുഴപ്പം നേട്ടമോ കോട്ടമോ?

ഇരു എൻസിപി പക്ഷത്തെയും ചിഹ്നത്തിലുണ്ടാക്കുന്ന ആശയക്കുഴപ്പം നേട്ടമാകുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി ഹംദുള്ള സഈദ്. മുൻ എംപി കൂടിയായ ഹംദുള്ള ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡന്റാണ്. 1971 മുതൽ 2004 വരെ തുടർച്ചയായി ഹംദുള്ള സഈദിന്റെ പിതാവ് പി എം സഈദാണ് ലക്ഷദ്വീപിനെ പാർലമെന്റിൽ പ്രതിനിധീകരിച്ചത്. പിതാവിനെ സ്നേഹിച്ച ദ്വീപ് ഒരു തവണ മകനെയും പാര്‍ലമെന്റിലേക്ക് അയച്ചു. എന്നാൽ മുഹമ്മദ് ഫൈസൽ രംഗത്തെത്തിയതോടെ ദ്വീപുകാർ മാറിച്ചിന്തിച്ചു.

'ഘടികാരം താമരയിലലിഞ്ഞോ...'; ലക്ഷദ്വീപില്‍ ആര്‍ക്ക് സമയം തെളിയും?
'ഒരു പാവം കോടീശ്വരൻ'; നിയമപ്പഴുതുകളില്‍ രാജീവ് ചന്ദ്രശേഖര്‍ സമര്‍ത്ഥമായി ഒളിപ്പിച്ചത് ശതകോടികള്‍

കഴിഞ്ഞ രണ്ട് തവണയും ഫൈസലിനെ ലക്ഷദ്വീപുകാർ ഡൽഹിക്കയച്ചു. ഇത് മൂന്നാം തവണയാണ് ഹംദുള്ളയും ഫൈസലും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ഇത്തവണ ഹംദുള്ള തികഞ്ഞ പ്രതീക്ഷയിലാണ്. ചിഹ്നത്തിലെ അനൂകൂല ഘടകവും നിലവിലെ എം പിയുടെ പ്രവർത്തനത്തിൽ ദ്വീപുകാർ അസംത്യപ്തരായതും തങ്ങൾക്ക് അനുകൂലമെന്നാണ് കോണ്‍ഗ്രസ് പക്ഷം പറയുന്നത്. കൂടാതെ നിലവിലെ എം പിക്കെതിരായ ക്രമിനൽ കേസുകളും കോൺഗ്രസ് വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. 2009 ലെ തിരഞ്ഞെടുപ്പ് കാലത്തുണ്ടായ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതും ദ്വീപിലിപ്പോൾ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധമാണ്. പക്ഷേ ഇതിലൊന്നും തളരാൻ മുഹമ്മദ് ഫൈസൽ തയാറല്ല.

സി ബി ഐ, ഇ ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് ഫൈസൽ വിധേയനായതും കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നു

ദ്വീപിന്റെ തനത് സംസ്കാരത്തെ ഇല്ലായ്മ ചെയ്യാനെത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഘോഡ പട്ടേലിനെതിരെ ശക്തമായ നിലപാടാണ് താൻ സ്വീകരിച്ചതെന്ന് തെളിവുസഹിതം ഫൈസൽ ദ്വീപുകാർക്ക് മുന്നിൽവെക്കുന്നു. പാർലമെന്റിലടക്കം നിരവധി തവണ വിഷയം ഉന്നയിച്ചു. യാത്രാക്ലേശം പരിഹരിക്കാൻ ആവും വിധം പരിശ്രമിച്ചു. ഇത്തവണ ദ്വീപിന്റെ നിലനില്പിന്റെ തിരഞ്ഞെടുപ്പാണെന്നാണ് ഫൈസൽ പറയുന്നത്.

''ദ്വീപുകാരുടെ അസ്ഥിത്വം നഷ്ടപെടുത്തുന്ന രീതിയിൽ നിയമനിർമാണം നടത്തുന്നവർക്കതിരെ ശബ്ദിക്കുന്നവരെ വേണം പാർലമെന്റിലേക്കയക്കാൻ. എൻസിപിയും താനും നിരവധി തവണ ഭരണകൂടത്തിന്റെ പരിഷ്കാരങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നും അതിനാൽ ഇത്തവണയും ദ്വീപുകാർ ഒപ്പം നില്‍ക്കും. ചിഹ്നമല്ല ദ്വീപിലെ ജനങ്ങളുടെ മനസിലുള്ളത് താനും തന്ർറ പാർട്ടിയുമാണ്,'' മുഹമ്മദ് ഫൈസൽ പറയുന്നു.

2009 ഏപ്രിലിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഹംദുള്ള സഈദിന്റെ ബന്ധു മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർക്ക് കവരത്തി സെഷൻസ് കോടതി 10 വർഷം തടവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. ഇതോടെ ഫൈസലിനെ ലോക്‌സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കി. പിന്നീട് നടന്ന നിയമയുദ്ധത്തിലൂടെ അയോഗ്യത നീങ്ങുകയായിരുന്നു. കൂടാതെ സിബിഐ, ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് ഫൈസൽ വിധേയനായതും കോണ്‍ഗ്രസ് എടുത്തുപറഞ്ഞ് വോട്ട് തേടുന്നു.

ബിജെപി വളരാത്ത മണ്ണ്

കേന്ദ്രഭരണ പ്രദേശമായതിനാൽ ലക്ഷദ്വീപിൽ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പ് നടക്കുന്നത് ലോക്‌സഭയിലേക്കാണ്. രാജ്യത്ത് വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും കുറവുള്ള മണ്ഡലമാണ് ലക്ഷദ്വീപ്, 49,922 പേർ മാത്രം.

1967-ലാണ് ലക്ഷദ്വീപ് പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു മുൻപ് രാഷ്ട്രപതി നേരിട്ട് നിയമിച്ച ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിലെ കെ കോയ തങ്ങളായിരുന്നു ജനപ്രതിനിധി. 67 മുതൽ 2004-ലെ തിരഞ്ഞെടുപ്പ് വരെ എതിരാളിയില്ലാതെ കോണ്‍ഗ്രസിലെ പി എം സെയ്ത് ഡൽഹിയിലെത്തി. എന്നാൽ 2004-ൽ 71 വോട്ടിന് സെയ്ദിനെ പൂക്കിഞ്ഞിക്കോയ പരാജയപ്പെടുത്തി.

2009-ൽ സഈദിന്റെ മകനും നിലവിലെ സ്ഥാനാർഥിയുമായ ഹംദുള്ള സീറ്റ് തിരിച്ചുപിടിച്ചു. 2014, 2019 തിരഞ്ഞെടുപ്പിൽ പക്ഷേ മുഹമ്മദ് ഫൈസൽ സീറ്റ് വിട്ടുകൊടുത്തില്ല. 2014 ൽ ഹംദുള്ള പരാജയപ്പെട്ടത് 1535 വോട്ടിനാണ്. 2019 അത് 823 വോട്ടായി ചുരുങ്ങി.

ബിജെപി എല്ലാ പരിശ്രമങ്ങളും നടത്തിയിട്ടും ദ്വീപിന്റെ മണ്ണിൽ വേരുറപ്പിക്കാൻ സാധിക്കുന്നില്ല. 2009-ലാണ് ബിജെപി ആദ്യമായി ദ്വീപിൽ മത്സരിക്കുന്നത്. 245 വോട്ടാണ് അന്ന് നേടിയത്. 2014ൽ 187 ആയി കുറഞ്ഞു. 2019 ആയപ്പോഴേക്കും 125 ലേക്കെത്തി. ഇത്തവണ സ്വന്തമായി സ്ഥാനാർത്ഥിയെ നിർത്താതെ ബി ജെ പി പിന്തുണയോടെ എൻസിപി സ്ഥാനാർഥിയെ ഇറക്കിയാണ് മത്സരരംഗത്തെ പരീക്ഷണം.

'ഘടികാരം താമരയിലലിഞ്ഞോ...'; ലക്ഷദ്വീപില്‍ ആര്‍ക്ക് സമയം തെളിയും?
പ്രേമചന്ദ്രനെ തളയ്ക്കാനാകുമോ? കച്ചമുറുക്കി മുകേഷ്, ശക്തികാട്ടാന്‍ കൃഷ്ണകുമാറും; കൊല്ലത്ത് വല്ലാത്ത പോരാട്ടച്ചൂട്

പ്രചാരണം വെള്ളത്തിൽ

കവരത്തി, അഗത്തി, ചെത്തിലത്ത്, കടമം, ബിന്ത്ര, ആന്തോന്ത്, അമിനി, മിനിക്കോയി, കിൽത്താൻ, കൽപേനി, തുടങ്ങി പത്ത് ദ്വീപുകളിലാണ് ലക്ഷദ്വീപിലെ 49,922 വോട്ടർമാർ താമസിക്കുന്നത്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. പക്ഷേ പ്രശ്നം മണിക്കൂറുകൾ കടലിലൂടെ യാത്ര ചെയ്താലേ ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് എത്തൂയെന്നതാണ്.

കവരത്തിയിൽനിന്ന് അഗത്തിയിലെത്താൻ മൂന്ന് മണിക്കൂറോളം ബോട്ടിലോ കപ്പലിലോ സഞ്ചരിക്കണം. ദ്വീപുകളിൽ ഏറ്റവും വലുപ്പമുള്ളത് ആന്ത്രോത്ത് ദ്വീപിനാണ്. പ്രധാന സ്ഥാനാർത്ഥികളായ ഹംദുള്ളയും ഫൈസലും ഈ ദ്വീപുകാരാണെന്ന പ്രത്യേകത കൂടിയുണ്ട്. മറ്റ് ദ്വീപുകളിലേക്ക് പ്രചാരണത്തിന് സ്ഥാനാര്‍ഥികളെത്തുന്നത് കടൽ മാർഗമായതിനാൽ ദ്വീപിലെ കൂടുതൽ പ്രചാരണവും വെള്ളത്തില്‍ തന്നെയാണ്. മീൻപിടിത്തമാണ് ദ്വീപിലെ പ്രധാന തൊഴിൽ. അതിനാൽ കടലിലെത്തിയാലും വോട്ട് പെട്ടിയിലാകുമെന്നതിനാൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. ഒദ്യോഗിക അറിയിപ്പുകൾ ഉൾപ്പെടെ കടലിലൂടെ സഞ്ചരിച്ചാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. ഏപ്രിൽ 19-നാണ് ദ്വീപിൽ വിധിയെഴുത്ത്.

logo
The Fourth
www.thefourthnews.in