ബംഗാളിൽ മുസ്ലിം വോട്ട് ഭിന്നിക്കപ്പെട്ടാൽ എന്ത് സംഭവിക്കും? സിപിഎം സെക്രട്ടറി മത്സരിക്കുന്ന മുര്‍ഷിദാബാദ് നല്‍കുന്ന സൂചന

ബംഗാളിൽ മുസ്ലിം വോട്ട് ഭിന്നിക്കപ്പെട്ടാൽ എന്ത് സംഭവിക്കും? സിപിഎം സെക്രട്ടറി മത്സരിക്കുന്ന മുര്‍ഷിദാബാദ് നല്‍കുന്ന സൂചന

മുർഷിദാബാദിലെ വോട്ടർമാർ സ്ഥിരം പിന്തുടരുന്ന പാതയിൽനിന്ന് മാറുമെന്നാണ് വിവാദങ്ങൾക്കിടയിൽ കോൺഗ്രസും സിപിഎമ്മും കരുതുന്നത്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ. നിരവധി രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിലാണ് ഇത്തവണ ബംഗാൾ പോളിങ് ബൂത്തിലേക്ക് പോകുന്നത്. സന്ദേശ് ഖാലിയും സ്‌കൂൾ അധ്യാപക നിയമന വിവാദവും പൗരത്വ ഭേദഗതി നിയമവുമുൾപ്പെടെ നിരവധി വിഷയങ്ങൾ. ബംഗാൾ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരസ്പരം മത്സരിക്കുന്ന തൃണമൂലും, കോൺഗ്രസും സിപിഎമ്മും ഉള്‍പ്പെട്ട ഇന്ത്യ മുന്നണി എത്ര സീറ്റുകൾ നേടുമെന്നതും.

ഇത്തവണ തൃണമൂൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന നിരവധി വിഷയങ്ങളുണ്ട്. അങ്ങനെയെങ്കില്‍ മുന്‍ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതി തുടരുമോ എന്നതാണ് ചോദ്യം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും തൃണമൂലിന് അനുകൂലമായിരുന്നു സാഹചര്യങ്ങള്‍. എന്നാൽ ഇത്തവണ തൃണമൂൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന നിരവധി വിഷയങ്ങളുണ്ട്. അങ്ങനെയെങ്കില്‍ മുന്‍ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതി തുടരുമോ എന്നതാണ് ചോദ്യം.

മുസ്ലിങ്ങൾക്ക് വലിയ സ്വാധീനമുള്ള മുർഷിദാബാദ് ജില്ല ഒരുദാഹരണമായി എടുക്കുകയാണെങ്കിൽ, അവിടെയുള്ള 71 ലക്ഷം വോട്ടർമാരിൽ 60 ശതമാനവും മുസ്ലിങ്ങളാണ്. അവർ സ്ഥിരം പിന്തുടർന്ന പാതയിൽനിന്ന് വിവാദങ്ങൾക്കിടയിൽ മാറുമെന്നാണ് കോൺഗ്രസും സി പിഎമ്മും കരുതുന്നത്.

മൂന്നു മണ്ഡലങ്ങളാണ് ഈ ജില്ലയിലുള്ളത്. മുർഷിദാബാദ്, ബെർഹാംപുർ, ജംഗിപ്പുർ. പിന്നെ ദക്ഷിണ മാൽഡയുടെ ഒരു ഭാഗവും. ബെർഹാംപുരും ദക്ഷിണ മാൽഡയും 2019ൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ്. ജംഗിപ്പുരും മുർഷിദാബാദും രണ്ടു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൃണമൂൽ കോൺഗ്രസും വിജയിച്ചു. ബെർഹാപുരിലും ദക്ഷിണ മാൽഡയിലും ജംഗിപ്പുരിലും രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുർഷിദാബാദിലെ 20 നിയോജക മണ്ഡലങ്ങളിൽ 18ഉം തൃണമൂലിന് അനുകൂലമായി വിധിയെഴുതി. ജില്ലയിലെ മുസ്ലിം വോട്ടുകളിൽ 75 ശതമാനവും തൃണമൂലിനനുകൂലമായാണ് അന്ന് പോൾ ചെയ്യപ്പെട്ടതെന്നാണ് വിലയിരുത്തപ്പെട്ടത്. അതിൽ നിർണായകമായത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളാണ്.

ബംഗാളിൽ മുസ്ലിം വോട്ട് ഭിന്നിക്കപ്പെട്ടാൽ എന്ത് സംഭവിക്കും? സിപിഎം സെക്രട്ടറി മത്സരിക്കുന്ന മുര്‍ഷിദാബാദ് നല്‍കുന്ന സൂചന
'ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള തീരുമാനം ഉത്തർപ്രദേശ് ഇത്തവണ എടുക്കും'|അഖിലേഷ് യാദവ് അഭിമുഖം

പൗരത്വഭേദഗതി നിയമം എന്ത് സ്വാധീനമുണ്ടാക്കും?

ബിജെപിയെ വിജയിപ്പിച്ചാൽ അവർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന പ്രചാരണമാണ് മുർഷിദാബാദിലെ ജനങ്ങൾ മുഴുവൻ മമതയോടപ്പം നിൽക്കാൻ തയ്യാറായത്. ഇത്തവണയും അതുതന്നെയാണ് മമതയുടെ പ്രചാരണ വിഷയം. സിഎഎ മാർഗനിർദേശങ്ങൾ പുറത്തുവന്നപ്പോൾ തന്നെ മമത ബാനർജി ശക്തമായ നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. പൗരത്വ നിയമപ്രകാരം ആർക്കെങ്കിലും പൗരത്വം നഷ്ടപ്പെട്ടാൽ അവർക്ക് ബദൽ സംവിധാനമൊരുക്കുമെന്നുപോലും മമത പ്രഖ്യാപിച്ചു.

നിയമത്തിനെതിരെ കോൺഗ്രസോ രാഹുൽ ഗാന്ധിയോ നിലപാടൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഇത്തവണ തൃണമൂലിന് അഗ്നിപരീക്ഷയാണ്. നിരവധി ആരോപണങ്ങളെ അതിജീവിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വോട്ട് വിഘടിച്ച് പോകുന്നത് തടയണമെന്നുതന്നെ മമത ജനങ്ങളോട് ആവശ്യപ്പെട്ടു. "നിങ്ങളുടെ വോട്ടുകൾ വിഘടിച്ചുപോയാൽ അധികാരത്തിലെത്തുന്നത് ബിജെപിയാകും. അങ്ങനെ സംഭവിച്ചാൽ അവർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും. അത് സംഭവിക്കാൻ ഞാൻ അനുവദിക്കുകയില്ല," എന്നായിരുന്നു മമത പ്രസംഗിച്ചത്. എന്നാൽ പൗരത്വനിയമം ബിജെപിയും തൃണമൂലും ഒരുപോലെയാണ് ഉപയോഗിക്കുന്നതെന്നും. പുറത്ത് കാണിക്കുന്നില്ലെങ്കിലും ഇവർ രണ്ടുകൂട്ടരും പരസ്പരം കൈപിടിച്ചാണ് നടക്കുന്നതെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി.

എന്നാൽ ഇത്തവണ മുർഷിദാബാദിൽ പൗരത്വ നിയമം മാത്രമല്ല ചർച്ച. ആ ഒരു കാര്യത്തെ ചുറ്റിപ്പറ്റി മാത്രം നിർണയിക്കപ്പെടുന്ന ഒന്നല്ല അവിടുത്തെ ജനവിധി. മുമ്പെങ്ങുമില്ലാത്ത തരത്തിൽ തൊഴിലില്ലായ്മ ആളുകൾക്കിടയിൽ ചർച്ചയാണ്.

തൊഴിലില്ലായ്മ

രാജ്യത്തെമ്പാടും തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ചർച്ചകളുണ്ട്, എന്നാൽ ബംഗാളിലെ ചർച്ചയ്ക്ക് വ്യത്യാസമുണ്ട്. മറ്റിടങ്ങളിൽ അത് കേന്ദ്ര സർക്കാരിനെതിരായ ചർച്ചയാണെങ്കിൽ ബംഗാളിൽ അങ്ങനെയല്ല. ഇപ്പോഴും 250 രൂപ ദിവസവേതനത്തിന് ജോലിയെടുക്കുന്നവർ ബംഗാളിലുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് അവർ മെച്ചപ്പെട്ട വേതനമുള്ള ജോലിക്കുവേണ്ടി വരുന്നത്. ഇത് അതിദരിദ്രരായ ജനങ്ങളുടെ അവസ്ഥയാണ്. മധ്യവർഗ്ഗത്തെ ഇത് കാര്യമായി ബാധിച്ചില്ലായിരുന്നു, എന്നാൽ ഇപ്പോൾ ഉയരുന്ന സ്‌കൂൾ അധ്യാപക നിയമന വിവാദമുൾപ്പെടെയുള്ള കാര്യങ്ങളിൽ തൃണമൂൽ പ്രതിസ്ഥാനത്ത് തന്നെയാണ്.

സർക്കാർ സ്‌കൂളുകളിൽ അധ്യാപകരും അനധ്യാപകരുമായി നിയമിക്കപ്പെട്ട 25000 പേരുടെ നിയമനം ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായി നടത്തിയതാണെന്ന സിബിഐയുടെ കണ്ടെത്തലിനെ തുടർന്ന് കൽക്കട്ട ഹൈക്കോടതി ഇവരുടെ നിയമനം റദ്ദാക്കിയിരുന്നു. സ്‌കൂൾ സർവിസ് കമ്മിഷനാണ് നിയമനം നടത്തുന്നത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇതിന്റെ ഭാഗമായിരിക്കുന്നതെന്ന ചർച്ച സജീവമാണ്.

തൃണമൂൽ നേതാക്കളായ പാർത്ഥ ചാറ്റർജിയും മണിക് ഭട്ടാചാര്യയുമാണ് ഈ അഴിമതിക്ക് പിന്നിലെന്നാണ് ആരോപണങ്ങൾ. എന്നാൽ ഇതിനു പിന്നിൽ ബിജെപിയാണെന്നാണ് മമതയുടെ പക്ഷം. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് ഇതിനു പിന്നിലെന്നാണ് തൃണമൂലിന്റെ ആരോപണം.

ബംഗാളിലെ സ്ത്രീകൾ ഇത്തവണയും മമതയ്‌ക്കൊപ്പം നിൽക്കുമോ?

തൃണമൂലിന്റെ ബംഗാളിലെ വിജയരഹസ്യങ്ങളിലൊന്നാണ് അവർക്ക് സ്ത്രീ വോട്ടർമാരിലുണ്ടാക്കാൻ സാധിച്ച സ്വാധീനം. 25 മുതൽ 60 വയസ്സുവരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ലക്ഷ്മിർ ബന്ധർ എന്ന പദ്ധതി സ്ത്രീകളെ മുഴുവനായും തൃണമൂലിനൊപ്പം നിർത്താൻ സഹായിക്കുന്നതാണെന്ന് അവർ കരുതുന്നു. 250 രൂപ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ഭർത്താക്കന്മാരിൽനിന്ന് 100 രൂപ പോലും ബംഗാളിലെ സ്ത്രീകൾക്കു ലഭിക്കില്ല. ആ സാഹചര്യത്തിലാണ് സർക്കാർ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപവച്ച് നൽകുന്നത്.

"ദീദി നമ്മളെ സംരക്ഷിക്കും" എന്ന പ്രതീക്ഷയും അവർക്കുണ്ട്. ബംഗാളിലെ വോട്ടർമാരിൽ 50 ശതമാനവും സ്ത്രീകളാണ്. ആകെ വോട്ടർമാരിൽ 3.73കോടി സ്ത്രീകളും, 3.85കോടി പുരുഷന്മാരുമാണ്.

സ്ത്രീ വോട്ടർമാരെ വലിയ സാമ്പത്തായി കണക്കാക്കുന്ന തൃണമൂൽ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത് സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ ആരോപണങ്ങൾക്കിടയിലാണ്. ഭൂമി തട്ടിപ്പും ലൈംഗികാതിക്രമവും നടത്തിയെന്ന ആരോപണം നേരിടുന്ന ഷെയ്ഖ് ഷാജഹാൻ തൃണമൂൽ നേതാവാണ്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞതിനുശേഷം വലിയ പ്രതിഷേധങ്ങളും കോടതി ഇടപെടലുമുണ്ടായതിനു ശേഷമാണ് ഷാജഹാൻ പിടിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ബംഗാളിലെയും വിശിഷ്യാ മുർഷിദാബാദിലെയും സ്ത്രീകൾ ആർക്ക് വോട്ട് ചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്.

ബംഗാളിൽ മുസ്ലിം വോട്ട് ഭിന്നിക്കപ്പെട്ടാൽ എന്ത് സംഭവിക്കും? സിപിഎം സെക്രട്ടറി മത്സരിക്കുന്ന മുര്‍ഷിദാബാദ് നല്‍കുന്ന സൂചന
ജാതി സെൻസസുമായി പ്രതിപക്ഷം; 'വിദ്വേഷത്തെ' ബിജെപി കൂട്ടുപിടിക്കുന്നത് ഒബിസി വോട്ടുറപ്പിക്കാനോ?

മുസ്ലിങ്ങൾ മമതയിൽ വിശ്വാസമർപ്പിച്ചില്ലെങ്കിൽ, സ്ത്രീകൾക്കിടയിൽ സന്ദേശ്ഖാലി വലിയതോതിൽ ചർച്ചയാവുകയും തൊഴിലില്ലായ്മ തൃണമൂലിനെതിരെ തിരിയുകയുമാണെങ്കിൽ ബംഗാളിൽ, വിശിഷ്യാ മുർഷിദാബാദിൽ ഗുണം കോൺഗ്രസ്- സിപിഎം സഖ്യത്തിനാകാനാണ് സാധ്യത. മതനിരപേക്ഷവോട്ടുകൾ ഈ രണ്ടു ചേരികളിലൊന്നിൽ കേന്ദ്രീകരിക്കാനാണ് സാധ്യത. എന്നാൽ ഈ വിഷയങ്ങളെല്ലാം ഒരുപോലെ പ്രവർത്തിക്കാതിരിക്കുകയും ഭാഗികമായി മാത്രം വോട്ട് വിഘടിക്കപ്പെടുകയുമാണെങ്കിൽ ബിജെപി മുർഷിദാബാദിൽ നേട്ടമുണ്ടാക്കാനാണ് സാധ്യത. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമാനാണ് മുർഷിദാബാദിലെ കോൺഗ്രസ്- സിപിഎം സഖ്യത്തിന്റെ സ്ഥാനാർഥി.

logo
The Fourth
www.thefourthnews.in