പെരുവഴിയിലായി സുമലത; മണ്ടിയയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് കുമാരസ്വാമി

പെരുവഴിയിലായി സുമലത; മണ്ടിയയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് കുമാരസ്വാമി

എച്ച് ഡി കുമാരസ്വാമിയോ മകന്‍ നിഖില്‍ കുമാരസ്വാമിയോ മണ്ടിയയില്‍ സ്ഥാനാര്‍ഥിയാകും

കര്‍ണാടകയിലെ മണ്ടിയ ലോക്‌സഭാസീറ്റിനെ ചൊല്ലിയുള്ള എന്‍ഡിഎ മുന്നണിയിലെ തര്‍ക്കം ക്ലൈമാക്സിലേക്ക് അടുത്തതോടെ ബിജെപി ടിക്കറ്റ് കാത്തിരുന്ന സിറ്റിങ് എംപി സുമലത പരുങ്ങലില്‍. ടിക്കറ്റ് വിട്ടുനല്‍കില്ലെന്ന പിടിവാശിയില്‍ ജെഡിഎസ് ഉറച്ചുനിന്നതോടെ ബിജെപി ഹൈക്കമാന്‍ഡ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെല്ലാം അലസിപ്പിരിഞ്ഞു.

മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. 2019ല്‍ സുമലത അംബരീഷിനോട് പരാജയപ്പെട്ട കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിതന്നെയാകും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് അഭ്യൂഹം. ജയപരാജയ സാധ്യതകള്‍ വിലയിരുത്തി ചിലപ്പോള്‍ എച്ച് ഡി കുമാരസ്വാമി തന്നെ അങ്കത്തിനിറങ്ങാനും സാധ്യത തെളിയുന്നുണ്ട്.

എച്ച് ഡി കുമാരസ്വാമിയും മകൻ നിഖിൽ കുമാരസ്വാമിയും ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചപ്പോൾ
എച്ച് ഡി കുമാരസ്വാമിയും മകൻ നിഖിൽ കുമാരസ്വാമിയും ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചപ്പോൾ

ഈ സാഹചര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പെരുവഴിയിലായിരിക്കുകയാണ് സുമലത. ഭര്‍ത്താവ് എം എച്ച് അംബരീഷിന്റെ മരണത്തെത്തുടര്‍ന്ന് 2019ല്‍ മണ്ടിയയില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുമലത ജനവിധി തേടുകയായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റ് അന്ന് സുമലത പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസുമായി തിരഞ്ഞെടുപ്പ്‌ സഖ്യം നിലവിലുണ്ടായിരുന്നതിനാല്‍ ടിക്കറ്റ് നല്‍കാന്‍ നേതൃത്വത്തിന് സാധിച്ചില്ല.

പെരുവഴിയിലായി സുമലത; മണ്ടിയയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് കുമാരസ്വാമി
കർണാടകയിൽ ബിജെപിക്ക് തിരിച്ചടി; ഇടഞ്ഞ് കെ എസ് ഈശ്വരപ്പ, ശിവമോഗയിൽ യെദ്യൂരപ്പയുടെ മകനെതിരെ വിമത സ്ഥാനാര്‍ഥിയാകും

കോണ്‍ഗ്രസിലെ സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളുടെ മാനസിക പിന്തുണയും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പിന്തുണയുമായിരുന്നു സുമലതക്ക് മിന്നുംവിജയം സമ്മാനിച്ചത്. ലോക്‌സഭയില്‍ സ്വതന്ത്ര എംപിയായി തുടര്‍ന്ന സുമലത 2023ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്‌സമയത്ത് ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുകയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ടിയയില്‍ ബിജെപി ടിക്കറ്റ് ഉറപ്പാക്കലായിരുന്നു സുമലതയുടെ ലക്ഷ്യം. എന്നാല്‍ നിയമസഭാതിരഞ്ഞെടുപ്പ് തോല്‍വിയോടെ കര്‍ണാടകയില്‍ ബിജെപിയും ജെഡിഎസും ഒന്നാകുകയും സുമലതയുടെ സ്വപനങ്ങളില്‍ കരിനിഴല്‍ വീഴുകയും ചെയ്തു .

സുമലതയും ഭർത്താവ് അംബരീഷും
സുമലതയും ഭർത്താവ് അംബരീഷും

മണ്ടിയയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് 2019 ആവര്‍ത്തിക്കാന്‍ മാത്രമുള്ള ജനസമ്മിതി സുമലതക്കില്ല. ഭര്‍ത്താവും കന്നഡിഗരുടെ ഇഷ്ടനടനുമായ അംബരീഷിന്റെ ജന്മനാട് നല്‍കിയ ആദരമായിരുന്നു 2019ലെ തിരഞ്ഞെടുപ്പ് വിജയം. സഹതാപതരംഗം വോട്ടായി മാറുന്ന ലക്ഷണം ഇപ്പോള്‍ മണ്ടിയയില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു സുമലത ബിജെപി പക്ഷത്തേക്ക് ചാഞ്ഞത്. എന്നാല്‍ ബിജെപിക്ക് ഘടകകക്ഷിയായ ജെഡിഎസിനെ പിണക്കി സുമലതയെ ഒരു തരത്തിലും സഹായിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍.

നിഖില്‍ കുമാരസ്വാമി
നിഖില്‍ കുമാരസ്വാമി

കോണ്‍ഗ്രസിനോട് സഹായമഭ്യര്‍ഥിക്കാനുളള വഴിയും അടഞ്ഞു കഴിഞ്ഞു. മണ്ഡലത്തില്‍ നേരത്തെതന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. സുമലതയ്ക്കുവേണ്ടി പിന്‍വലിക്കാന്‍ പറ്റാത്തവിധം ശക്തനായ സ്ഥാനാര്‍ഥിയെയാണ് ഡി കെ ശിവകുമാര്‍ ഇവിടെ ഇറക്കിയിരിക്കുന്നത്. ജെഡിഎസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിപ്രഖ്യാപനം വരുന്നവരെ ബിജെപി ടിക്കറ്റില്‍ പ്രതീക്ഷവെച്ച് പുലര്‍ത്തുകയാണ് സുമലത അംബരീഷ്.

logo
The Fourth
www.thefourthnews.in