'ആരാണ് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്?' കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകരുടെ 11 ചോദ്യങ്ങള്‍, ബിജെപി വിറയ്ക്കുമോ?

'ആരാണ് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്?' കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകരുടെ 11 ചോദ്യങ്ങള്‍, ബിജെപി വിറയ്ക്കുമോ?

രണ്ടാം കര്‍ഷക സമരത്തെ സര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനൊരുങ്ങി പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍. വോട്ട് ചോദിച്ച് എത്തുന്ന ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ പതിനൊന്ന് ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് കര്‍ഷകര്‍. ''എന്തിനാണ് ഞങ്ങളുടെ വഴികള്‍ ഇരുമ്പ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചത്? ആരാണ് സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തത്? ഇതിനെല്ലാം ഞങ്ങള്‍ക്ക് ഉത്തരം കിട്ടണം'' എന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്.

രണ്ടാം കര്‍ഷക സമരത്തെ സര്‍ക്കാര്‍ അതിക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക രോഷം ബിജെപിയെ പ്രതികൂലമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍. കര്‍ഷക രോഷം മറികടക്കാനായി ജാതി സമവായ നീക്കങ്ങളിലൂടെ സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ നടത്തി ബിജെപി മുന്നോട്ടു പോകുന്നതിനിടെയാണ്, സര്‍ക്കാരിനെ കുഴയ്ക്കുന്ന പതിനൊന്നു ചോദ്യങ്ങളുമായി കര്‍ഷകര്‍ രംഗത്തുവന്നിരിക്കുന്നത്.

ചണ്ഡീഗഡിലെ കിസാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ ബല്‍ബീര്‍ സിഭ് രജേവാള്‍, പ്രേം സിങ് ഭംഗു, രണ്‍വീത് സിങ് ബ്രാര്‍, അംഗ്രേജ് സിങ്, ബല്‍ദേവ് സിങ് നിഹല്‍ഘര്‍ എന്നിവര്‍ ചേര്‍ന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്.

ബിജെപി കര്‍ഷക വിരുദ്ധ, ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷ നേതാക്കള്‍ പറഞ്ഞു. മാത്രവുമല്ല, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എതിരെ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് ഈ ചോദ്യങ്ങള്‍ അയച്ചുനല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പഞ്ചാബില്‍ ഇതിനോടകം തന്നെ, ഗ്രാമങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ''കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനെ തടഞ്ഞു. ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതില്‍ ബിജെപിയെ നിരോധിച്ചിരിക്കുന്നു'' എന്നെഴുതിയ പോസ്റ്ററുകള്‍ പഞ്ചാബ് ഗ്രാമങ്ങളില്‍ വ്യാപകമാണ്.

'ആരാണ് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്?' കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകരുടെ 11 ചോദ്യങ്ങള്‍, ബിജെപി വിറയ്ക്കുമോ?
'ഒരു പാവം കോടീശ്വരൻ'; നിയമപ്പഴുതുകളില്‍ രാജീവ് ചന്ദ്രശേഖര്‍ സമര്‍ത്ഥമായി ഒളിപ്പിച്ചത് ശതകോടികള്‍

കര്‍ഷകരുടെ 11 ചോദ്യങ്ങള്‍

1) എന്തിനാണ് ഇരുമ്പ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ അടച്ച് കര്‍ഷകരെ തടഞ്ഞത്. ആരാണ് കണ്ണീര്‍ വാതക ഷെല്ലുകളും വെടിയുണ്ടകളും പ്രയോഗിച്ചത്? ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഞങ്ങള്‍ വിദേശികളാണോ?

2) യുവകര്‍ഷകനായ ശുഭ്കരനെ വെടിവെച്ച് കൊന്ന് രക്തസാക്ഷിയാക്കിയത് എന്തിനാണ്? 400 കര്‍ഷകര്‍ക്ക് പരുക്കേല്‍ക്കുകയും അവരുടെ ട്രാക്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തത് എന്തുകൊണ്ട്?

3) എന്തുകൊണ്ടാണ് നിങ്ങള്‍ ഡോ. എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തത്? താങ്ങുവിലയ്ക്ക് നിയമപരമായ പദവി നല്‍കാത്തതിന് പിന്നിലെ കാരണം എന്താണ്? എന്തുകൊണ്ടാണ് താങ്ങുവില കൂട്ടി നിശ്ചയിക്കാത്തത്?

4) എന്തുകൊണ്ടാണ് ലഖിംപൂര്‍ ഖേരി കര്‍ഷകര്‍ക്ക് നീതി ലഭിക്കാത്തത്? അജയ് മിശ്ര തേനിയെ കേന്ദ്രമന്ത്രിസഭയില്‍ നിലനിര്‍ത്തുന്നത് എന്തുകൊണ്ടാണ്?

5) സമരകാലത്ത് കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്തുകൊണ്ട് പിന്‍വലിച്ചില്ല?

6) കോര്‍പ്പറേറ്റുകളുടെ ഭീമമായ കടം എഴുതിത്തള്ളാന്‍ ബുദ്ധിമുട്ടില്ലാത്തപ്പോള്‍ എന്തുകൊണ്ടാണ് കര്‍ഷകരുടെ കടം എഴുതിത്തള്ളാത്തത്?

7) നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും എന്തിനാണ് വൈദ്യുതി ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്?

8) എന്തുകൊണ്ടാണ് കൃഷിയെ മലിനീകരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാത്തത്?

9) എന്തുകൊണ്ടാണ് നിങ്ങള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി അഴിമതി നടത്തി രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റത്?

10) അണക്കെട്ട് സുരക്ഷാ നിയമം കൊണ്ടുവന്ന് പഞ്ചാബില്‍ നിന്ന് ഭക്ര, പോങ് ഡാമുകള്‍ തട്ടിയെടുത്തത് എന്തുകൊണ്ട്?

11) പുതിയ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സ്ഥാപിച്ച് പഞ്ചാബിന്റെ വിപണന സംവിധാനത്തെ നശിപ്പിക്കുന്നത് എന്തിനാണ്?

ബിജെപി കര്‍ഷക രോഷത്തെ അതിജീവിക്കുമോ?

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ കര്‍ഷക പ്രക്ഷോഭം പ്രതിരോധത്തിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ശ്രദ്ധയോടെയാണ് തിരഞ്ഞെടുപ്പില്‍ ബിജെപി വിഷയം കൈകാര്യം ചെയ്യുന്നത്. ആദ്യ കര്‍ഷക സമരത്തെ ഖലിസ്ഥാന്‍ ഭീകരരുമായി ബന്ധിപ്പിച്ചു രംഗത്തുവന്ന ബിജെപി നേതാക്കള്‍, പക്ഷേ ഇത്തവണ മിതത്വം പാലിക്കുന്നുണ്ട്.

പഞ്ചാബില്‍ കര്‍ഷക രോഷം ഭയന്ന് അകാലിദള്‍ ബിജെപിയുമായുള്ള സഖ്യനീക്കത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. എഎപിയാണെങ്കില്‍ കര്‍ഷക സമരത്തെ പൂര്‍ണമായി പിന്തുണച്ച് രംഗത്തുണ്ടുതാനും. ഡല്‍ഹി ചലോ മാര്‍ച്ചിന് പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ക്ക് സുരക്ഷ ഉറപ്പിക്കാന്‍ എഎപി സര്‍ക്കാര്‍ പോലീസ് സേനയെ വരെ വിന്യസിച്ചിരുന്നു. ആംബുലന്‍സുകള്‍ ഉള്‍പ്പടെ സജ്ജീകരണങ്ങളുമായാണ് പോലീസ് അതിര്‍ത്തിയില്‍ തമ്പടിച്ചത്. ഇതെല്ലാം എഎപിക്ക് ഗുണമാകും എന്നാണ് പാര്‍ട്ടി കരുതുന്നത്. മറുവശത്ത് ഹരിയാനയില്‍, കര്‍ഷക സമരം ജാട്ട് വോട്ടുബാങ്കിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്രാഹ്‌മണ, മുന്നോക്ക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് ഇത്തവണ ബിജെപി പ്രവര്‍ത്തനം നടത്തുന്നത്.

'ആരാണ് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്?' കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകരുടെ 11 ചോദ്യങ്ങള്‍, ബിജെപി വിറയ്ക്കുമോ?
വെറുപ്പിന്റെ വിത്ത് വിതക്കുന്നവരുടെ കെണി; 'കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നവർ കൂപമണ്ഡൂകങ്ങൾ|ഫാ.പോൾ തേലക്കാട്ട് അഭിമുഖം

ഉത്തര്‍പ്രദേശില്‍, ലഖിംപുര്‍ ഖേരി വിഷയം ഇപ്പോഴും കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. 2022-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ഷക സമരം പ്രതികൂലമായി ബാധിക്കാതിരുന്നത് യോഗി തരംഗവും പ്രാദേശിക ബിജെപി നേതൃത്വത്തോടുള്ള എതിര്‍പ്പില്ലായ്മയും ആണെന്ന് ബിജെപിയിലെ ഒരുവിഭാഗം നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍, ഇത്തവണ നരേന്ദ്ര മോദിയോടുള്ള കര്‍ഷകരുടെ സമീപനം മാറിയിട്ടുണ്ട്. തങ്ങളെ അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും രണ്ടുവര്‍ഷത്തോളം മഞ്ഞും വെയിലും കൊള്ളിക്കുകയും ചെയ്തതിന്റെ അമര്‍ഷം കര്‍ഷകര്‍ക്കിടയിലുണ്ട്. ഇത് ഇത്തവണ പ്രതികൂലമായി ബാധിച്ചേക്കാം എന്നും ബിജെപി കണക്കുകൂട്ടുന്നു. അതിനാല്‍ത്തന്നെ, സ്ത്രീകളേയും യുവാക്കളേയും കയ്യിലെടുക്കാനുള്ള പ്രചാരണത്തിനാണ് ബിജെപി ഇത്തവണ പ്രാധാന്യം നല്‍കുന്നത്. സ്ത്രീ വോട്ടുകള്‍ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തിയാല്‍ കര്‍ഷക രോഷം എന്ന കടമ്പ കടക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

വീടുകളില്‍ ഗ്യാസ് കണക്ഷനും കുടിവെള്ളവും എത്തിച്ചതും ഭവന നിര്‍മ്മാണ പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി പ്രചാരണം നടത്തുന്നത്. മറുവശത്ത്, കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സമരം വലിയ പ്രചാരണായുധമാക്കി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. അവസാനനിമിഷം എന്തു മാജിക്ക് കാട്ടി ബിജെപി ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറും എന്നാണ് കാത്തിരുന്നു കാണേണ്ടത്.

logo
The Fourth
www.thefourthnews.in