കാസർഗോഡ് ഉണ്ണിത്താന്‍ ഗോള്‍ഡ്; ഇടതുകോട്ട ഇടിഞ്ഞു

കാസർഗോഡ് ഉണ്ണിത്താന്‍ ഗോള്‍ഡ്; ഇടതുകോട്ട ഇടിഞ്ഞു

രാജ്മോഹന്‍ ഉണ്ണിത്താനെ ഇത്തവണ പാർലമെന്റിലേക്ക് അയക്കുന്നത് ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍

കാസർഗോഡ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ് കച്ചമുറുക്കിയിറങ്ങി. തിരിച്ചെടുക്കാന്‍ തുനിഞ്ഞിറങ്ങിയവർക്ക് കാസർഗോഡന്‍ ജനത കാത്തുവെച്ചത് തിരിച്ചടി. രാജ്മോഹന്‍ ഉണ്ണിത്താനെ ഇത്തവണ പാർലമെന്റിലേക്ക് അയക്കുന്നത് ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍. കാസർഗോഡ് ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കിയപ്പോള്‍ സിപിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ പോലും ഇടിവ് സംഭവിച്ചു. 2019ല്‍ 39 ശതമാനമുണ്ടായിരുന്നത് ഇത്തവണ 35 ആയി ചുരുങ്ങി.

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്ന് നിലയുറപ്പിച്ചിരുന്ന മണ്ഡലത്തെ, 2019-ലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ യുഡിഎഫിന്റെ കയ്യിലെത്തിച്ചത്. അടുപ്പിച്ച് എട്ട് തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ച മണ്ഡലത്തില്‍, അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചരിത്രം കുറിച്ചു. സര്‍പ്രൈസ് സ്ഥാനാര്‍ഥിയായാണ് രാജ്‌മോഹന്‍ 2019-ല്‍ കാസര്‍കോട് എത്തിയത്. ഈ വരവ് സിപിഎം അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയുമായിരുന്ന കെ പി സതീഷ് കുമാറിനെയാണ് സിപിഎം മത്സര രംഗത്തിറക്കിയത്. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചു.

കാസർഗോഡ് ഉണ്ണിത്താന്‍ ഗോള്‍ഡ്; ഇടതുകോട്ട ഇടിഞ്ഞു
കൊടിക്കൂറ മാറ്റാതെ മാവേലിക്കര; നാലാമതും സുരേഷ്

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കരിനിഴലലില്‍ നിന്ന സിപിഎമ്മിനെ വോട്ടര്‍മാര്‍ കൈവിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. ഫെബ്രുവരി-17ന് നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പ്രതിസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകരായിരുന്നു. സിപിഎമ്മിന് തിരഞ്ഞെടുപ്പില്‍ ഇതില്‍പ്പരം ക്ഷീണം ഏറ്റുവാങ്ങാനുണ്ടായിരുന്നില്ല. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി സര്‍പ്രൈസ് ഇല്ലാതെ തന്നെ വിജയിച്ചു. 4,74,961 വോട്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയത്. സതീഷ് ചന്ദ്രന് നേടാന്‍ സാധിച്ചത് ആകെ 4,34,523 വോട്ടുകളാണ്. രവീശതന്ത്രി കുണ്ടാര്‍ 1,76,049 വോട്ടുകള്‍ നേടി ബിജെപിയുടെ വോട്ട് വിഹിതം നേരിയ രീതിയില്‍ വര്‍ധിപ്പിച്ചു.

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് കാസര്‍കോട് ലോക്സഭ മണ്ഡലം. കാസര്‍കോടും മഞ്ചേശ്വരവും ലീഗിന്റെ എംഎല്‍എമാരും ബാക്കിയുള്ളവ സിപിഎമ്മുമാണ് ഭരിക്കുന്നത്.

മണ്ഡലം രൂപീകരിക്കപ്പെട്ട 1957-ല്‍ ആദ്യമായി മണ്ഡലത്തെ പ്രതിനിധീകരിച്ചത് സിപിഎമ്മിന്റെ സമുന്നത നേതാവ് എകെ ഗോപാലനായിരുന്നു. സ്വതന്ത്രനായി മത്സരിച്ച ബി. അച്യുത ഷേണോയിയെ 51.0 ശതമാനം വോട്ട് നേടിയാണ് ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച എകെജി തോല്‍പ്പിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും (1962, 1967) എകെജി തന്നെയായിരുന്നു കാസര്‍കോടിന്റെ നായകന്‍. റെക്കോഡ് ഭൂരിപക്ഷമായിരുന്നു 1967-ൽ എകെജി സൃഷ്ടിച്ചത്. 1967ലെ തിരഞ്ഞെടുപ്പില്‍ എകെജി നേടിയത് 2,06,480 വോട്ടുകളാണ്, ഭൂരിപക്ഷം 1,18,510. ഇതാണ് കാസര്‍കോടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

കാസർഗോഡ് ഉണ്ണിത്താന്‍ ഗോള്‍ഡ്; ഇടതുകോട്ട ഇടിഞ്ഞു
കണ്ണൂരിന്റെ കെ എസ് ആയി കസറി സുധാകരന്‍

1964-ല്‍ പാര്‍ട്ടി പിളര്‍ന്നെങ്കിലും ഇടതുപക്ഷത്തെ കാസര്‍കോട് കൈവിട്ടിരുന്നില്ല. എന്നാല്‍ ഈ കോട്ട പൊളിക്കാന്‍ 1971-ല്‍ കോണ്‍ഗ്രസ് ഒരു ചെറുപ്പക്കാരനെ രംഗത്തിറക്കി. കെഎസ്‌യുവിന്റെ അന്നത്തെ പ്രസിഡന്റ്, ഇന്നദ്ദേഹം ഇടതുപക്ഷ മന്ത്രിസഭയില്‍ മന്ത്രിയാണ്, കേരള കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട് കൈവിട്ട് പോകില്ലെന്ന ആത്മവിശ്വാസത്തിലൂന്നി സിപിഎം പ്രയോഗിച്ച തന്ത്രം അത്തവണ പാളിപ്പോയി. അതുവരെ കണ്ണൂരിന്റെ കപ്പിത്താനായ എകെജിയെ അത്തവണ പാലക്കാട് മത്സരിപ്പിച്ചു. കാസര്‍കോടാകട്ടെ ഇകെ നായനാരും. വടക്കന്‍ മലബാറിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവ് നായനാര്‍ക്ക് കാസര്‍േേകാട് അടിപതറി. ഇടതുകോട്ട തകര്‍ന്നു. കടന്നപ്പള്ളി 28,404 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എംപിയായി. തൊട്ടടുത്ത വര്‍ഷവും കടന്നപ്പള്ളിയെ കാസര്‍കോട്ടുകാര്‍ വിജയിപ്പിച്ചു.

അടുപ്പിച്ച് രണ്ട് തവണ കടന്നപ്പള്ളിയെ വിജയിപ്പിച്ചവര്‍ 1980-ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം രാമണ്ണ റായിയെ ലോക്സഭയിലെത്തിച്ചു. 73,587 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എം രാമണ്ണ ജനതാ പാര്‍ട്ടിയുടെ ഒ രാജഗോപാലിനെയായിരുന്നു തോല്‍പ്പിച്ചത്. പക്ഷേ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഐ റാമ റായ് 11,369 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ ബാലനന്ദനെ തോല്‍പ്പിച്ചു. പിന്നീട് 1989 മുതല്‍ 2014 വരെ നടന്ന എട്ട് തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ചെങ്കൊടി തന്നെ കാസര്‍കോട് പാറി.

logo
The Fourth
www.thefourthnews.in