പ്രേമചന്ദ്രൻ: കൊല്ലത്ത് തുടരുന്ന ചന്ദ്രോദയം

പ്രേമചന്ദ്രൻ: കൊല്ലത്ത് തുടരുന്ന ചന്ദ്രോദയം

2019നെക്കാള്‍ 1433 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ പ്രേമചന്ദ്രൻ ഉയർത്തി

മുന്നണി മാറ്റത്തിനു ശേഷം സിപിഎമ്മിന്റെ കണ്ണിലെ കരടാണ് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. എന്നാല്‍, 2014 മുതല്‍ കൊല്ലം മണ്ഡലത്തിലെ ശക്തനായ ജനപ്രതിനിധിയായി മാറുകയായിരുന്നു പ്രേമചന്ദ്രന്‍. കൊല്ലം എംഎല്‍എ കൂടിയായ സിപിഎം നേതാവ് മുകേഷിനെ 1,50,302 വോട്ടുകള്‍ക്കാണ് പ്രേമചന്ദ്രന്‍ ഇത്തവണ തറപറ്റിച്ചത്. 2019ല്‍ 1,48,869 വോട്ടുകള്‍ക്ക് കെ എന്‍ ബാലഗോപാലിനെയാണ് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്.

ഇത്തവണ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മാത്രമാണ് മുകേഷ് നേരിയ മുന്‍തൂക്കം നേടിയത്. ശേഷം എല്ലാ റൗണ്ടുകളിലും പ്രേമചന്ദ്രന്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മുന്നേറിയത്. 2019നെക്കാള്‍ 1433 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ പ്രേമചന്ദ്രൻ ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതിനെ അടക്കം നിശിതമായി വിമര്‍ശിച്ചാണ് സിപിഎം പ്രചാരണം സംഘടിപ്പിച്ചിരുന്നത്.

4,43,628 വോട്ടുകള്‍ പ്രേമചന്ദ്രന്‍ നേടിയപ്പോള്‍ മുകേഷ് 2,93,326 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ 1,63,210 വോട്ടുകളാണ് നേടിയത്. 48.45 ശതമാനം വോട്ടുകളും പ്രേമചന്ദ്രന് അനുകൂലമായിരുന്നു

പ്രേമചന്ദ്രൻ: കൊല്ലത്ത് തുടരുന്ന ചന്ദ്രോദയം
കേരളത്തില്‍ യുഡിഎഫ് തരംഗം; മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മിക്കപ്പോഴും മണ്ഡലത്തിന്റെ നിറം ചുവപ്പാണ്. മണ്ഡലം രൂപീകൃതമായതിനുശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷമാണ് വിജയിച്ചത്. മുന്നണിയിലെ ധാരണപ്രകാരം ആര്‍എസ്പിയാണ് എല്‍ഡിഎഫിനായി മത്സരിച്ചത്. മണ്ഡലം രൂപീകരിക്കുന്നതിന് മുമ്പ്, 1952ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ നായരില്‍ തുടങ്ങിയതാണ് ആ വിജയഗാഥ. 1957ല്‍ ഇടത് ഐക്യമുന്നണിയുടെ വി പരമേശ്വരന്‍ നായരും പിന്നീട് സിപിഐയുടെ പി കെ കൊടിയനും വിജയിച്ചു. 1962 മുതല്‍ 1977 വരെ നടന്ന നാല് തിരഞ്ഞെടുപ്പുകളില്‍ ആരാലും തോല്‍പ്പിക്കപ്പെടാനാവാത്ത, പ്രേമചന്ദ്രന് സമാനനായ, പാര്‍ട്ടിക്കും അതീതനായി വളര്‍ന്ന ശ്രീകണ്ഠന്‍ നായരാണ് കൊല്ലത്തിന്റെ എംപിയായത്. എന്നാല്‍ 1980ല്‍ ശ്രീകണ്ഠന്‍ നായരെ തോല്‍പ്പിച്ച് ബി കെ നായരിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ ശക്തി തെളിയിച്ചു.

എന്‍കെ പ്രമേചന്ദ്രന്‍
എന്‍കെ പ്രമേചന്ദ്രന്‍

പിന്നീട് 1984 മുതല്‍ 1989 വരെയുള്ള മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കെ കരുണാകരന്റെ പരീക്ഷണത്തിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയം തുടര്‍ന്നു. മൂന്ന് തവണയും വിജയിച്ച എസ് കൃഷ്ണകുമാര്‍ കരുണാകരന്റെ നോമിനിയായിരുന്നു. കൃഷ്ണകുമാറിനെ തളയ്ക്കാന്‍ ആര്‍എസ്പി ഇറക്കിയ തുറുപ്പുചീട്ടായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി വന്ന എന്‍ കെ പ്രേമചന്ദ്രന്‍ 1996-ലും 1998-ലും വിജയിച്ചു. 1999-ല്‍ സിപിഎം സീറ്റ് ആര്‍എസ്പിയില്‍നിന്ന് ഏറ്റെടുത്തു. അത്തവണയും പിന്നീടും നടന്ന തിരഞ്ഞെടുപ്പില്‍ പി രാജേന്ദ്രനായിരുന്നു കൊല്ലത്തുനിന്നുള്ള എം പി. 2009ല്‍ കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന എന്‍ പീതാംബരക്കുറുപ്പിന് കൊല്ലം സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ആ പരീക്ഷണവും ഏറ്റു. എല്‍ഡിഎഫില്‍നിന്ന് കോണ്‍ഗ്രസിലേക്ക് മണ്ഡലം പോയി. എല്‍ഡിഎഫില്‍നിന്ന് മാറി ആര്‍എസ്പി യുഡിഎഫിലേക്ക് പോയതിന് ശേഷമുള്ള രണ്ട് തിരഞ്ഞെടുപ്പുകളില്‍ പ്രേമചന്ദ്രനൊപ്പമാണ് മണ്ഡലം നിന്നത്.

മുകേഷ്

1,48,856 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു 2019ല്‍ പ്രേമചന്ദ്രന്റെ വിജയം. ചവറ, ഇരവിപുരം, കുണ്ടറ, കൊല്ലം തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഇരുപതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം പ്രേമചന്ദ്രന്‍ നേടി. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചിത്രം മറ്റൊന്നാണ്. 2016ല്‍ എല്ലാ മണ്ഡലങ്ങളും ചുവന്നു. 2021ല്‍ കുണ്ടറ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

കൃഷ്ണകുമാര്‍
കൃഷ്ണകുമാര്‍

'പരനാറി' പ്രയോഗവും സിപിഎമ്മിന്റെ വന്‍ വീഴ്ചകളും

2014ല്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് കളം മാറ്റിയ ആര്‍ എസ് പി പ്രേമചന്ദ്രനെ തന്നെ തിരഞ്ഞെടുപ്പ് മത്സരത്തിനിറക്കി നേട്ടം കൊയ്യാനാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. അന്ന് പ്രേമചന്ദ്രനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി എല്‍ഡിഎഫ്. കൊല്ലംകാരന്‍, കൊല്ലത്ത് വളരെയധികം സ്വാധീനമുള്ള മന്ത്രിയും പിബി അംഗവുമെല്ലാമായിരുന്ന എം എ ബേബി. മത്സരം മുറുകി വരുമ്പോഴാണ് പിണറായി വിജയന്റെ 'പരനാറി' പ്രയോഗം.

പിണറായിയുടെ പ്രസംഗം അന്ന് വിവാദമായി. എന്നാല്‍ രണ്ട് തവണ കൂടി ആ പരാമര്‍ശം പിണറായി ആവര്‍ത്തിച്ചു. അത് സിപിഎമ്മിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തു എന്ന വിലയിരുത്തലുകളുണ്ടായി. ബേബി 37,649 വോട്ടിന് പരാജയപ്പെട്ടു. അത് എംഎ ബേബിയെന്ന രാഷ്ട്രീയക്കാരന്റെ രാഷ്ട്രീയജീവിതത്തിലേറ്റ തിരിച്ചടികൂടിയായിരുന്നു. തോല്‍വിയുടെ പ്രഹരത്തില്‍ എംഎല്‍എ സ്ഥാനം പോലും ഉപേക്ഷിക്കുകയാണെന്ന് അന്ന് എം എ ബേബി പ്രഖ്യാപിച്ചു. പിന്നീട് പിബി ഇടപെട്ടായിരുന്നു തീരുമാനം മാറ്റിച്ചത്.

2019ല്‍ കെ എന്‍ ബാലഗോപാലിനേക്കാള്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ കൊല്ലത്തിനായി തിരഞ്ഞെടുക്കാന്‍ സിപിഎമ്മിനില്ലായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറിയും രാജ്യസഭാംഗവും എല്ലാമായിരുന്ന ബാലഗോപാല്‍ കൊല്ലത്തിന് പൊതുസമ്മതനുമായിരുന്നു. എന്നാല്‍ 2019ല്‍ പൊതുവെ കേരളത്തിലുണ്ടായിരുന്ന യുഡിഎഫ് തരംഗത്തില്‍ ബാലഗോപാലിന്റെ പരാജയവും തീരുമാനിക്കപ്പെട്ടു. ഒന്നരലക്ഷത്തിനടുത്ത വോട്ടുകള്‍ക്ക് പരാജയം ബാലഗോപാലറിഞ്ഞു. ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രേമചന്ദ്രന്‍ എന്നതുള്‍പ്പെടെയുള്ള പ്രചരണങ്ങളെല്ലാം പ്രേമചന്ദ്രന്റെ പ്രതിച്ഛായക്ക് മുന്നില്‍ ഒന്നുമല്ലാതായി.

logo
The Fourth
www.thefourthnews.in